വ്യാജവാര്‍ത്തകള്‍ വ്യാപകമായ ഇന്ന്, ഈ മുഖപ്രസംഗത്തിന് കൂടുതല്‍ പ്രധാന്യമുണ്ടെന്ന് വിശ്വസിക്കുന്നു
സാമൂഹ്യപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് ഏഴ് വര്‍ഷം തികയുന്നു. 2017 സെപ്റ്റംബര്‍ 5 ന് ബംഗ്ലൂരുവില്‍ വീടിനു മുന്നിലാണ് ഗൗരി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ 16 പേജുളള ടാബ്ലോയിഡ് പത്രം ‘ഗൗരി ലങ്കേഷ് പത്രിക’ അതിന്റെ മൂന്നാം പേജില്‍ ‘കന്നഡ ഹേഗ്’ (ഞാന്‍ കണ്ടപ്പോലെ) എന്ന ശീര്‍ഷകത്തില്‍ മുഖപ്രസംഗം പ്രസിദ്ധപ്പെടുത്താറുണ്ട്. ഒടുവിലുത്തെ ലക്കം മുഖപ്രസംഗം വ്യാജവാര്‍ത്തകളെ കുറിച്ചായിരുന്നു. ‘വ്യാജവാര്‍ത്തകളുടെ കാലത്ത്’ എന്നായിരുന്ന അതിന്റെ ശീര്‍ഷകം. കന്നഡ ഭാഷയില്‍ പ്രസിദ്ധീകരിച്ച ആ മുഖപ്രസംഗം ദി വയര്‍. കോം ഗൗരിയുടെ മരണത്തിനു പിന്നാലെ ഇംഗ്ലീഷിലേക്ക് പരിഭാഷപെടുത്തിയിരുന്നു. അതിന്റെ സ്വതന്ത്ര മലയാള പരിഭാഷ അഴിമുഖവും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഗൗരിയുടെ ചരമദിനമായ ഇന്ന്, ആ മുഖപ്രസംഗത്തിന്റെ മലയാള പരിഭാഷ ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ വ്യാപകമായ ഇന്ന്, ഈ മുഖപ്രസംഗത്തിന് കൂടുതല്‍ പ്രധാന്യമുണ്ടെന്ന് വിശ്വസിക്കുന്നു. Gauri lankesh
ഗീബല്‍സിയന്‍ രീതിയില്‍ ഇന്ത്യയില്‍ നുണകളുടെ ഫാക്ടറി പ്രവര്‍ത്തിക്കുന്നതായി എന്റെ സുഹൃത്ത് ഡോ. വാസുവിന്റെ എഴുത്ത് ഈ ആഴ്ച പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോദി ഭക്തരാണ് നുണകള്‍ ഉത്പ്പാദിപ്പിക്കുന്നത്. ഇത്തരം ഫാക്ടറികളില്‍ നിന്നും വരുന്ന നുണകള്‍ എന്തൊക്കെ നഷ്ടങ്ങളാണ് വരുത്തിത്തീര്‍ക്കുകയെന്നത് വിശദീകരിക്കാനാണ് ഈ മുഖപ്രസംഗത്തില്‍ ഞാന്‍ ശ്രമിക്കുന്നത്.
കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് വിനായക ചതുര്‍ത്ഥി ദിവസം സമൂഹമാധ്യമങ്ങള്‍ വഴി സംഘപരിവാര്‍ ഒരു കിംവദന്തി പരത്തി. അതിങ്ങനെ: ഗണേഷ വിഗ്രഹം സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്ഥലത്തു മാത്രമേ സ്ഥാപിക്കാനാവൂ; അങ്ങനെ വിഗ്രഹം സ്ഥാപിക്കാന്‍ ഒരാള്‍ 10 ലക്ഷം രൂപ സര്‍ക്കാരിലേക്ക് അടയ്ക്കണം; വിഗ്രഹത്തിന്റെ വലിപ്പമനുസരിച്ചാണ് അനുമതി ലഭിക്കുക; മറ്റു മതക്കാര്‍ പാര്‍ക്കുന്ന മേഖലയിയിലൂടെ വിഗ്രഹ നിമഞ്ജനത്തിനായുളള ഘോഷയാത്ര നടത്താന്‍ പാടില്ല; ആഘോഷത്തില്‍ പടക്കം പൊട്ടിക്കാനും സര്‍ക്കാര്‍ അനുമതിയില്ല.
ആര്‍എസ്എസ് ആണ് ഈ നുണ പ്രചരിപ്പിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഇങ്ങനെയൊരു ചട്ടം പുറപ്പെടുവിച്ചിട്ടില്ലെന്ന് വിശദമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ആര്‍.കെ ദത്ത് വാര്‍ത്താസമ്മേളനം വിളിച്ചു. ആ നുണയുടെ ഉറവിടം തേടിയപ്പോള്‍ പോസറ്റ്കാര്‍ഡ്.ന്യൂസ് എന്ന വെബ്സൈറ്റാണ് അത് പ്രചരിപ്പിച്ചതെന്നറിയാന്‍ കഴിഞ്ഞു. പോസറ്റ്കാര്‍ഡ്.ന്യൂസ് എന്ന വെബ്സൈറ്റ് നടത്തുന്നത് തീവ്രഹിന്ദുത്വവാദികളാണ്. ഈ വെബ്സൈറ്റ് ദിനംപ്രതി സമൂഹമാധ്യമങ്ങള്‍ വഴി നുണകള്‍ നിര്‍മിച്ചുവിടുന്നു.
ആഗസറ്റ് 11ന്, പോസറ്റ്കാര്‍ഡ്.ന്യൂസ് അതിന്റെ തലക്കെട്ട് വാര്‍ത്ത കൊടുത്തത് ‘കര്‍ണ്ണാടക ഭരിക്കുന്നത് താലിബാന്‍’ എന്നായിരുന്നു. ആ വാര്‍ത്തയിലാണ് വിനായക ചതുര്‍ത്ഥി ആഘോഷത്തില്‍ സര്‍ക്കാര്‍ തലയിടുന്നുവെന്ന നുണകള്‍ പ്രചരിപ്പിച്ചത്. സംസ്ഥാനത്തുടനീളം ഈ നുണകള്‍ പ്രചരിപ്പിച്ചതില്‍ സംഘികള്‍ വിജയിച്ചു. വ്യത്യസ്ത കാരണങ്ങളാല്‍ സിദ്ധരാമയ്യ സര്‍ക്കാറിനോട് ശത്രുത പുലര്‍ത്തന്നവര്‍ ഈ നുണപ്രചാരണം ആയുധമാക്കി.
ജനങ്ങള്‍ ഒന്നു ചിന്തിക്കുകപോലും ചെയ്യാതെ ആ കെട്ടുകഥകള്‍ വിശ്വസിച്ചുവെന്നതാണ് ഏറെ ഞെട്ടിക്കുന്നതും ദു:ഖകരവും. കണ്ണും കാതും അടച്ച്, മസ്തിഷ്‌കം പ്രവര്‍ത്തിപ്പിക്കാതെ ജനം ആ കെട്ടുകഥകള്‍ വിശ്വസിച്ചു.
കഴിഞ്ഞ ആഴ്ച, ബലാത്സംഗകേസില്‍ കോടതി ശിക്ഷ വിധിച്ച ഗുര്‍മീത് സിങ് രാം റഹീമിന്റെ ഒപ്പം നില്‍ക്കുന്ന ബിജെപി നേതാക്കളുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ഹരിയാനയിലെ അനവധി ബിജെപി നേതാക്കളുടേയും വീഡിയോകളും ഫോട്ടോകളായിരുന്നു പ്രചരിച്ചത്.
ആള്‍ദൈവം രാം റഹീമിനോടൊപ്പമുളള ബിജെപി നേതാക്കളുടെ ഫോട്ടോകള്‍ പ്രചരിക്കുന്നതിനെ പ്രതിരോധിക്കാനായി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ റാം റഹീമിന്റെ അടുത്തിരിക്കുന്ന പടം ഫോട്ടോഷോപ്പില്‍ സൃഷ്ടിക്കുകയായിരുന്നു. ആ ഫോട്ടോയില്‍ ശരിക്കുമുണ്ടായിരുന്നത് കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പടത്തിനുപകരം പിണറായിയുടെ പടം വെച്ച് മോര്‍ഫ് ചെയ്തു സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുറച്ചുപേര്‍ യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടതുകൊണ്ട് സംഘികളുടെ ഈ പ്രചാരണ തന്ത്രം പരാജയപ്പെട്ടിരുന്നു, അവരോട് നന്ദി പറയുന്നു. കഴിഞ്ഞ വര്‍ഷം വരെ വലതുപക്ഷത്തിന്റെ ഇത്തരം പ്രചാരണങ്ങളെ വെളിച്ചത്തുകൊണ്ടുവരാന്‍ ആര്‍ക്കുമായില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇപ്പോള്‍ ധാരാളം പേര്‍ ഈ ദൗത്യം ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണ്. നേരത്തെ, വ്യാജവാര്‍ത്തകള്‍ മാത്രമെ മുമ്പില്‍ വരാറുളളൂ; ഇന്ന് അങ്ങനെയല്ല; സത്യസന്ധമായ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സത്യത്തിന് പ്രചാരണവും ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് ദ്രുവ രതി ആഗസറ്റ് 17-ന് ഒരു വീഡിയോ അപ്ലോഡ് ചെയ്തു. ആഗസറ്റ് 15ന് പ്രധാനമന്ത്രി നടത്തിയ സ്വതന്ത്ര്യദിന പ്രസംഗം വിശകലനം ചെയ്ത് അതിലെ നുണകള്‍ ചൂണ്ടിക്കാട്ടുന്നതായിരുന്നു അത്. കഴിഞ്ഞ കുറെ മാസങ്ങളായി സമൂഹമാധ്യങ്ങളില്‍ മോദിയുടെ നുണകള്‍ തുറന്ന് കാട്ടികൊണ്ടിരിക്കുകയാണ് രതി. മുമ്പ്, രതിയുടെ വീഡിയോകള്‍ക്ക് വളരെ കുറഞ്ഞ പ്രേക്ഷകര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ അവ വൈറാലവുകയാണ്. യുടൂബില്‍ രതിയുടെ വീഡിയോകള്‍ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു.
രതിയുടെ അഭിപ്രായത്തില്‍, ഒരു മാസം മുമ്പ്, ബുസി ബുസിയ (മോദി നുണ പറയുന്ന ആള്‍ എന്നര്‍ത്ഥമാക്കുന്ന ലങ്കേഷിന്റെ പ്രയോഗം) 33 ലക്ഷം പേര്‍ നോട്ട് നിരോധനത്തിനു ശേഷം പുതുതായി നികുതി അടച്ചുതുടങ്ങിയെന്ന് സര്‍ക്കാര്‍ രാജസഭയില്‍ അറിയിച്ചു. അതിനുമുമ്പ്, ധനമന്ത്രി അവകാശപ്പെട്ടത് 91 ലക്ഷം പേര്‍ നികുതിയടച്ചുവെന്നായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിനു ശേഷം 5.4 ലക്ഷം പേര്‍ പുതുതായി നികുതിയടച്ചുവെന്നായിരുന്നു സാമ്പത്തിക സര്‍വ്വെ വെളിപ്പെടുത്തിയത്. ഇതില്‍ ഏതു കണക്കാണ് ശരിയെന്ന് രതി തന്റെ വീഡിയോവില്‍ ചോദിക്കുന്നു.
ബിജെപിയും സര്‍ക്കാറും നല്‍കുന്ന ഈ കണക്കുകള്‍ ചോദ്യം ചെയ്യപ്പെടാനാവില്ലെന്ന രീതിയില്‍ അവ വേദാന്തസത്യമായി മുഖ്യധാരാമാധ്യമങ്ങള്‍ അംഗീകരിക്കുകയാണിന്ന്. ഇക്കാര്യത്തില്‍ ടെലിവിഷന്‍ ചാനലുകള്‍ 10 അടി മുന്നിലാണ്. ഉദാഹരണത്തിന്, രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അദ്ദേഹം ചുമതലയേറ്റയുടനെ ട്വിറ്ററില്‍ 30 ലക്ഷത്തിലധികം പേര്‍ പുതിയ രാഷ്ട്രപതിയ പിന്തുടര്‍ന്നുവെന്നാണ്. അദ്ദേഹത്തിന് എങ്ങനെയാണ് ട്വിറ്ററില്‍ ഇത്രയും സ്വീകാര്യത വര്‍ദ്ധിക്കുന്നതെന്ന് ആ ദിവസം മുഴുവന്‍ ചാനലുകള്‍ പറഞ്ഞുകൊണ്ടേയിരുന്നു.
ഈയിടയായി, നിരവധി ചാനലുകള്‍ ആര്‍എസ്എസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സ്ഥാനം ഒഴിയുമ്പോള്‍ ഉണ്ടായിരുന്ന ട്വിറ്റര്‍ പുതിയ രാഷ്ട്രപതിക്ക് അതുപോലെ തന്നെ കൈമാറുകയായിരുന്നുവെന്നതാണ് വാസ്തവം. മുന്‍ പ്രസിഡണ്ട് പ്രണാബ് മുഖര്‍ജിക്ക് മുപ്പതു ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സുണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കേണ്ടതാണ്.
ആര്‍എസ്എസ് നടത്തുന്ന പ്രചാരണങ്ങളുടെ വസ്തുത പരിശോധിക്കുന്നതിനും നുണകള്‍ പൊളിക്കുന്നതിനും നിരവധി പേര്‍ ഇപ്പോള്‍ രംഗത്തുണ്ട്. അവര്‍ വാസ്തവങ്ങള്‍ കൊണ്ട് നുണകളെ എതിര്‍ക്കുന്നുണ്ട്. ദ്രുവ രതി ഇതല്ലൊം വിഡിയോ ആക്കുമ്പോള്‍, പ്രതീക് സിന്‍ഹ, ആള്‍ട്ട്ന്യൂസ്. ഇന്‍ എന്ന സമാനമായ ഒരു വെബ്സൈറ്റ് നടത്തുന്നു.
എസ്എം ഹോക്സ് സ്ലയര്‍, ബുംഫാക്ട് ചെക്ക് തുടങ്ങിയ മറ്റ് വെബ്സൈറ്റുകളും, ദി വയര്‍, സ്‌ക്രോള്‍, ന്യൂസ് ലോണ്‍ട്രി, ക്വിന്റ് എന്നി വാര്‍ത്താ പോര്‍ട്ടലുകളും സജീവമായി വ്യാജവാര്‍ത്തകള്‍ പൊളിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ആര്‍എസ്എസ് പ്രചരിപ്പിക്കുന്ന ധാരാളം വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി ഇത്തരം ആളുകളും സംഘടനകളും പുറത്തുകാണിക്കുന്നത് കാവിസേനയെ നിരാശരാക്കിയിരിക്കുകയാണ്. ഏറ്റവും പ്രധാനമായ കാര്യം അവരൊന്നും തന്നെ പണത്തിനുവേണ്ടിയല്ല ഇക്കാര്യങ്ങളൊന്നും ചെയ്യുന്നതെന്നാണ്. ഫാസിസത്തേയും വ്യാജവാര്‍ത്തകളേയും തുറന്നുകാണിക്കുന്നതിന്റെ വാദ്യമേളം നയിക്കുകയെന്നതാണ് അവരുടെ ലക്ഷ്യം.
ആഴ്ചകള്‍ക്കു മുമ്പ്, ബംഗ്‌ളുരു നഗരത്തില്‍ നില്‍ക്കാതെ മഴ പെയ്തു. കര്‍ണ്ണാടക ബിജെപിയുടെ ഐടി സെല്‍ പരിഹാസരൂപേണ ഒരു ഫോട്ടോ പ്രചരിപ്പിച്ചു. ‘ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തി; ഒടുവില്‍ ബംഗ്‌ളുരു കോര്‍പ്പറേഷന്‍ അത് ബംഗ്‌ളുരു റോഡാണെന്നു കണ്ടെത്തി’ എന്നായിരുന്നു ആ പടത്തിന്റെ അടിക്കുറിപ്പ്. റോഡില്‍ വലിയ ഗര്‍ത്തങ്ങളുണ്ടെന്നും അവ ശരിയാക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അനാസ്ഥ കാണിക്കുന്നുവെന്ന പ്രചരിപ്പിക്കാനായിരുന്നു ലക്ഷ്യം.
എന്നാല്‍, ആ വ്യാജവാര്‍ത്തയും പൊളിയുകയായിരുന്നു. ചിത്രത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡ് ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാനത്തേതായിരുന്നുവെന്ന് കണ്ടെത്തി. സമാനമായി, പശ്ചിമ ബംഗാളില്‍ സമീപകാലത്ത് സംഘര്‍ഷമുണ്ടായപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ രണ്ട് പോസ്റ്ററുകള്‍ പ്രചരിപ്പിച്ചു. ഒന്ന് ‘ബംഗാള്‍ കത്തുന്നു’ എന്ന തലക്കെട്ടില്‍, കുറെ വീടുകള്‍ കത്തുന്ന ദൃശ്യങ്ങള്‍. രണ്ടാമത്തേത്: നിരവധി കാഴ്ചക്കാര്‍ നോക്കി നില്‍ക്കെ ഒരു സ്ത്രീയുടെ സാരി ഒരാള്‍ വലിച്ചഴിക്കുന്നതിന്റെ ദൃശ്യം. ‘ബദൂരിയയില്‍ ഹിന്ദു സ്ത്രീ ആക്രമിക്കപെട്ടു’വെന്നായിരുന്നു അതിന്റെ അടിക്കുറിപ്പ്. വളരെ പെട്ടെന്നു തന്നെ അതിന്റെ പിന്നിലെ നിജസ്ഥിതി പുറത്തുവന്നു.
ആദ്യ ചിത്രം 2002ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ നടന്ന കലാപത്തില്‍ നിന്നെടുത്തതായിരുന്നു. രണ്ടാമത്തെ ചിത്രം ഭോജ്പുരി സിനിമയില്‍ നിന്നുളള നിശ്ചല ചിത്രമാണ്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് വിജേത് മാലിക്കാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.
ആര്‍എസ്എസ് മാത്രമല്ല, ബിജെപി കേന്ദ്രമന്ത്രിമാര്‍ പോലും വ്യാജവാര്‍ത്തകളുടെ പ്രചാരം നടത്തുന്നതിന്റെ ഭാഗമാവുന്നുണ്ട്. ഒരു മുസ്ലീം, ദേശീയ പതാക കത്തിക്കുന്നതായി കേന്ദ്രമന്ത്രി നിതിന് ഗഡ്കരി ഷെയര്‍ ചെയ്തു. ”റിപ്പബ്ലിക്ക് ദിനത്തില്‍ ഹൈദരാബാദില്‍ ദേശീയ പതാക കത്തിച്ചു”വെന്ന് അദ്ദേഹം കമന്റ് ചെയ്തു. ഗൂഗിള്‍ ഒരു പുതിയ ഇമേജ് ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതില്‍ സെര്‍ച്ച് ചെയ്താല്‍ ചിത്രം എവിടെ നിന്നാണ് വന്നതെന്ന് തിരിച്ചറിയാന്‍ ഇപ്പോള്‍ ആവും. ഈ ആപ്പ് ഉപയോഗിച്ച് പ്രതിക് സിന്‍ഹ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയത് പടം പാകിസ്ഥാനില്‍ നിന്നുളളതാണെന്ന് തിരിച്ചറിഞ്ഞു. പാകിസ്ഥാനിലെ ഒരു നിരോധിത സംഘടനയുടെ പ്രതിഷേധസമരത്തിനിടെയാണ് ആ പടമെടുത്തത്.
പ്രൈം ടൈം ചര്‍ച്ചയില്‍ ബിജെപി വക്താവ് സാംപിത് പത്രെ ഒരു ചോദ്യം ഉയര്‍ത്തി. ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയടക്കമുളള സ്ഥലങ്ങളില്‍ ആറ് പട്ടാളക്കാര്‍ ദേശീയ പതാക ഉയര്‍ത്തുന്ന ദൃശ്യം തന്റെ ടാബ്ലെറ്റില്‍ കാണിച്ചുകൊണ്ടാണ് അദ്ദേഹം ചോദ്യം ഉയര്‍ത്തിയത്. പിന്നീട്, ആ ചിത്രം രണ്ടാം ലോകയുദ്ധത്തില്‍ ജപ്പാനിലെ ജിമാ ദ്വീപ് കീഴടക്കിയതിനു ശേഷം അവിടെ യുഎസിന്റെ പതാക ഉയര്‍ത്തിയതിന്റെ ദൃശ്യമായിരുന്നു എന്നു കണ്ടെത്തി. ജനങ്ങളെ വഞ്ചിക്കാനായി പാത്രെ ആ ദൃശ്യം ഉപയോഗിക്കുകയായിരുന്നു. നിജസ്ഥിതി പുറത്തുവന്നപ്പോള്‍ അദ്ദേഹത്തിന് വലിയ വില നല്‍കേണ്ടി വന്നു. സമൂഹ മാധ്യമത്തില്‍ അദേഹത്തെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോളുകള്‍ പ്രചരിച്ചു.
സമീപകാലത്ത്, കേന്ദ്ര ഊര്‍ജ്ജ് വകുപ്പ് മന്ത്രി പീയുഷ് ഗോയല്‍ ഒരു ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് ഒരു അവകാശവാദം നടത്തി, ”ഇന്ത്യയില്‍ 50,000 കിലോമീറ്റര്‍ ദൂരത്ത് 30,00,000 എല്‍ഇഡി ലൈറ്റ് പ്രകാശിപ്പിച്ചു” എന്നായിരുന്നു അത്. എന്നാല്‍ ആ പടവും വ്യാജമായിരുന്നു. 2009 ല്‍ ജപ്പാന്‍ തെരുവില്‍ നിന്നെടുത്ത ചിത്രമായിരുന്നു അത്.
ചത്തിസ്ഗഡില്‍, ബിജെപിയുടെ പൊതുമരാമത്ത് മന്ത്രി രാജേഷ് മുന്നാട് ഒരു ചിത്രം പോസറ്റ് ചെയ്തു. സംസ്ഥാന സര്‍ക്കാറിന്റെ നേട്ടമാണെന്ന് അവകാശവാദം ഉന്നയിച്ചുകൊണ്ട് ഒരു പാലത്തിന്റെ ചിത്രമായിരുന്നു അത്. എന്നാല്‍ ആ പടത്തില്‍ കാണിച്ച പാലം വിയറ്റ്നാമിലേതായിരുന്നു. ആ പോസറ്റിന് 2000 ലൈക് ലഭിച്ചു, പക്ഷെ അത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.
നമ്മുടെ കര്‍ണ്ണാടകത്തില്‍, ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പ്രചാരണത്തില്‍ ഒട്ടും പിറകിലല്ല. ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തതാണെന്ന് അവകാശപ്പെട്ടുകൊണ്ട് കര്‍ണ്ണാടക എംപി പ്രതാപ് സിംഹ ഒരു റിപ്പോര്‍ട്ട് പോസ്റ്റ് ചെയ്തു. ‘ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്ലിം കുത്തി കൊലപ്പെടുത്തി’ യെന്നായിരുന്നു ആ റിപ്പോര്‍ട്ട്. ലോകത്തോട് ധാര്‍മ്മിക ഉപദേശം നല്‍കുന്ന പ്രതാപ് സിംഹ അതിനു മുമ്പ് ആ റിപ്പോര്‍ട്ടിന്റെ ആധികാരികത പരിശോധിച്ചില്ല. ഒരു ദിനപത്രവും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാസ്തവത്തില്‍ വര്‍ഗ്ഗീയ താത്പര്യങ്ങള്‍ കലര്‍ത്തി ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയതായിരുന്നു ആ വാര്‍ത്താശീര്‍ഷകം. ഒച്ചപ്പാടുകളെ തുടര്‍ന്ന് അദ്ദേഹം ആ പോസറ്റ് പിന്‍വലിച്ചു. എന്നാല്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു വരെ പ്രേരണയാകാവുന്ന ആ നുണപ്രചാരത്തെ പറ്റി അദ്ദേഹം ക്ഷമാപണം നടത്തിയില്ല.
എന്റെ സുഹൃത്ത് വാസു ഒരു കോളത്തില്‍ എഴുതിയതുപോലെ ഞാനും തെറ്റിദ്ധരിച്ച് ചില പോസറ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പാറ്റ്നയില്‍ ലാലു പ്രസാദ് നടത്തിയ റാലിയുടെ പടമായിരുന്നു അത്. എന്നാല്‍ പെട്ടെന്ന് തന്നെ ആ ഫോട്ടോ വ്യാജമായിരുന്നുവെന്ന് എന്റെ സൂഹൃത്ത് ശശീന്ദര്‍ എന്റെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ ആ തെറ്റ് അംഗീകരിച്ചുകൊണ്ട് വ്യാജമായ ഫോട്ടോ ഏത്, യഥാര്‍ത്ഥമായ ഫോട്ടോ ഏത് എന്നു വിശദമാക്കി പോസറ്റ് ചെയ്യുകയായിരുന്നു.
വര്‍ഗ്ഗീയമായ പ്രതികരണമോ പ്രചാരണമോ ഉയര്‍ത്തിവിടുകയായിരുന്നില്ല എന്റെ ലക്ഷ്യം. ജനങ്ങള്‍ ഫാസിസത്തിനെതിരായി സംഘടിച്ചു വരുന്നുണ്ടെന്ന സന്ദേശം നല്‍കാനാണ് എന്റെ ശ്രമം. അവസാനമായി, വ്യാജവാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടു വരുന്നവരെ ഞാന്‍ സല്യൂട്ട് ചെയ്യുന്നു. അവര്‍ കൂടുതലാളുകളുണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആശിക്കുന്നു. Gauri lankesh seventh death anniversary, her last editorial at gauri lankesh patrike
Content Summary; Gauri lankesh seventh death anniversary, her last editorial at gauri lankesh patrike