June 13, 2026 |
Share on

ഗാസയിൽ ആക്രമണം രൂക്ഷമാകും; ജനങ്ങളോട് തെക്കൻ ഭാ​ഗത്തേക്ക് പലായനം ചെയ്യാൻ നി‍‍ർദേശിച്ച് സൈന്യം

താൽക്കാലിക പലായന പാത അടച്ചതായും സൈന്യം അറിയിച്ചു

ഗാസ സിറ്റിയിൽ തങ്ങൾക്ക് ലഭ്യമാകുന്ന എല്ലാ സംവിധാനങ്ങളും ഉപയോ​ഗിച്ച് സൈനിക നടപടി പൂർത്തിയാക്കാൻ ഒരുങ്ങുന്നതായി ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന്, ആളുകൾ ഉടൻതന്നെ തെക്കൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്യണമെന്ന് സൈന്യം ആവശ്യപ്പെട്ടു. രണ്ട് ദിവസം മുൻപ് തുറന്ന താൽക്കാലിക പലായന പാത അടച്ചതായും സൈന്യം അറിയിച്ചു.

ഈ നിമിഷം മുതൽ സലാഹ് അൽ-ദിൻ റോഡ് അടച്ചിരിക്കുന്നു. ഹമാസിനും മറ്റ് ഭീകര സംഘടനകൾക്കുമെതിരെ ഇസ്രായേൽ പ്രതിരോധ സേനയുടെ സൈനിക നടപടികൾ തുടരുമെന്നും സൈനിക വക്താവ് അവിച്ചയ് അദ്രായി ഗാസ സിറ്റിയിലെ താമസക്കാരെ അഭിസംബോധന ചെയ്ത് എക്സിൽ കുറിച്ചു. ഈ പ്രസ്താവനയിലൂടെ, ഗാസയിലെ പ്രധാന റോഡുകളിലൊന്ന് അടച്ചതായും, ഇസ്രായേൽ സൈന്യം ഗാസ സിറ്റിയിൽ ശക്തമായ ആക്രമണങ്ങൾ നടത്താൻ ഒരുങ്ങുകയാണെന്നും സൈന്യം വ്യക്തമാക്കുന്നു. ഇത് സാധാരണക്കാരായ ആളുകളുടെ പലായന പാതകളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

ഗസ്സ സിറ്റിയിലെ താമസക്കാർക്ക് തെക്കൻ ഗാസയിലേക്ക് പോകാൻ ഇപ്പോൾ തുറന്നുകിടക്കുന്ന ഒരേയൊരു വഴി അൽ-റഷീദ് സ്ട്രീറ്റ് മാത്രമാണ്.
സുരക്ഷയ്ക്കായി നേരത്തെതന്നെ ലക്ഷക്കണക്കിന് ആളുകൾ തെക്കൻ ഭാ​ഗത്തേക്ക് മാറിയിട്ടുണ്ട്, അവരോടൊപ്പം ചേരാനുള്ള അവസരം ഉപയോഗിക്കണം. ഈ നിർദേശം, വരും ദിവസങ്ങളിൽ ഗാസ സിറ്റിയിൽ സൈനിക നടപടികൾ കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് നൽകുന്നത്.

അതേ സമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ജെറുസലേമിലുള്ള വസതിക്ക് പുറത്ത്, സൈനികരുടെയും ബന്ദികളുടെയും അമ്മമാർ ഗാസയിലെ സൈനിക നടപടികൾക്കെതിരെ പ്രതിഷേധിച്ചു. അവർ പരസ്പരം ചങ്ങലകൊണ്ട് ബന്ധിച്ചാണ് പ്രതിഷേധിച്ചത്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് ഇവർക്കൊപ്പം ചേർന്നത്. യുദ്ധം അവസാനിപ്പിക്കണമെന്നും, ബന്ദികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെട്ടു.

യുഎൻ കണക്കുകൾ പ്രകാരം, ഇസ്രായേലിൻ്റെ പ്രധാന കര ആക്രമണത്തിൽ ഗാസ സിറ്റിയിൽ നിന്ന് ഏകദേശം 2,50,000 പലസ്തീനികളാണ് പലായനം ചെയ്തത്. നേരത്തെയുള്ള ആക്രമണങ്ങളിൽ നഗരത്തിൻ്റെ വിവിധ ഭാഗങ്ങൾ നശിച്ചു, ഇപ്പോഴും ലക്ഷക്കണക്കിന് ആളുകളാണ് അവിടെ കുടുങ്ങിക്കിടക്കുന്നത്. റഫായിൽ നടന്ന ഓപ്പറേഷനിടെ ഒരു സ്ഫോടക വസ്തുവിൽപ്പെട്ട് നാല് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. പുതിയ സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ആദ്യമയാണ് സൈനികരുടെ മരണം റിപ്പോ‍‍‍‍ർട്ട് ചെയ്തുന്നത്.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, 2023 ഒക്ടോബറിൽ കര ആക്രമണം ആരംഭിച്ചതിന് ശേഷം ഇതുവരെ 65,141 പലസ്തീനികളും 460 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടു. 2023 ഒക്ടോബർ 7ന് ഹമാസ് ഭീകരർ ഏകദേശം 1,200 ആളുകളെ കൊല്ലുകയും 251 പേരെ തട്ടിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ശേഷിക്കുന്ന 48 ബന്ദികളിൽ 20 പേരെങ്കിലും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇസ്രായേൽ കരുതുന്നത്.

content summary: The Israeli military warned of using unprecedented force in Gaza City and urged residents to evacuate to the south

 

Leave a Reply

Your email address will not be published. Required fields are marked *

×