ജനാധിപത്യ സമരങ്ങളെ ഭയക്കുന്ന ഹിന്ദുത്വ രാഷ്ട്രീയം

സമരങ്ങളെ അടിച്ചർമർത്തുക എന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണ് ഡൽഹിയിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്

“പോലീസുകാരെ… നിങ്ങൾ വീട്ടിൽ പോയി നിങ്ങളുടെ കുട്ടികളോട് പറയുക ‘ഞങ്ങൾ നിങ്ങളെ പോലുള്ള വിദ്യാർത്ഥികളെ തല്ലിച്ചതച്ചിട്ടാണ് വന്നിരിക്കുന്നത്’ എന്ന്”….. തലസ്ഥാനത്ത് കൊക്രോച്ച് ജനതാ പാർട്ടി(സി.ജെ.പി) യുടെ നേതൃത്വത്തിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭത്തിന്റെ ഭാഗമായി തലങ്ങും വിലങ്ങും ലാത്തി ചാർജ് നടത്തിയ പോലീസുകാരോട് സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾ നടത്തിയ പ്രസ്താവനയാണിത്. കേവലമൊരു സാമൂഹിക മാധ്യമ കൂട്ടായ്മയായി രൂപപ്പെട്ട സി.ജെ.പി, ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിൻബലമില്ലാതെ ഡൽഹിയിലെ  ജന്തർ മന്ദറിൽ തുടങ്ങിയ പ്രക്ഷോഭം രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. സമാധാനപരമായി നടത്തിവരുന്ന സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുക്കുന്നത്. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെയ്ക്കും വരെ സമരം തുടരും എന്നാണ് സി.ജെ.പി നേതൃത്വം വ്യക്തമാക്കിയത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ തുടങ്ങിയ സമരം എങ്ങനെയാണ് കേന്ദ്രസർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിധം ഒരു യുവജന പ്രക്ഷോഭമായി വളർന്നത്? സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ സന്ധിയില്ലാതെ അവസാനിപ്പിക്കാൻ ശ്രമിക്കുന്നു? കവിയും രാഷ്ട്രീയ ചിന്തകനുമായ പി എൻ ഗോപീകൃഷ്ണൻ സംസാരിക്കുന്നു.

പി എൻ ഗോപീകൃഷ്ണൻ

CJP യുടെ നേതൃത്വത്തിൽ ശക്തമായ സമരം ഡൽഹിയിൽ നടക്കുകയാണല്ലോ. സമരം ഒതുക്കാനായി സർക്കാർ പോലീസ് സംവിധാനം ഉപയോഗിച്ച് നടത്തുന്ന അക്രമവും കാണാം. എങ്ങനെയാണ് ചരിത്രത്തിൽ ഹിന്ദുത്വ ബിജെപി സർക്കാരുകൾ ജനകീയ സമരങ്ങളെയും പ്രതിപക്ഷ സമരങ്ങളെയും സമീപിച്ചിട്ടുള്ളത്?

ഇപ്പോഴത്തെ കേന്ദ്രസർക്കാർ ജനാധിപത്യത്തെ സമീപിക്കുന്നത് ഫാസിസ്റ്റ് രീതിയിലാണെന്ന് നമുക്കറിയാം. ഒരു ഫാസിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാർ ഒരിക്കലും ജനാധിപത്യ മൂല്യങ്ങളെ ആത്മാവായി കണ്ട് മുന്നോട്ട് പോകില്ല. അവരെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പ് എന്ന് പറയുന്നത് അധികാരത്തിലെത്താനുള്ള വഴി മാത്രമാണ്. അതായത്, കൂടുതൽ വോട്ട് വാങ്ങി സാങ്കേതികപരമായി അധികാരത്തിലെത്താനുള്ള മാർഗമായിട്ട് മാത്രമാണ് അവർ ജനാധിപത്യത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ജനകീയ സമരം ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാൻ അവർക്കൊരിക്കലും സാധിക്കില്ല. എല്ലാ തരം സമരങ്ങളെയും അടിച്ചമർത്താനുള്ള നീക്കം ആയിരിക്കും അവർ സ്വീകരിക്കുക. ഇത് നമ്മൾ കുറെ കാലമായിട്ട് കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണല്ലോ. ഉദാഹരണത്തിന്, ഷഹീൻബാഗ് സമരത്തെ അവർ അടിച്ചമർത്തിയത് ഓർക്കുക. കർഷകസമരത്തിന് മുന്നിൽ മുട്ടുമടക്കിയെങ്കിലും ആദ്യഘട്ടങ്ങളിൽ അതിനെയും അടിച്ചമർത്താൻ ശ്രമിച്ചു. അതിന്റെയൊക്കെ തുടർച്ചയായിട്ട് തന്നെയാണ് സി.ജെ.പി യുടെ നേതൃത്വത്തിലുള്ള യുവാക്കളുടെ സമരത്തിനെതിരെയുള്ള എൻ.ഡി.എ സർക്കാരിന്റെ നിലപാടിനെയും നമ്മൾ കാണേണ്ടത്. യുവാക്കളുടെ ന്യായമായ ആവശ്യങ്ങൾക്കായി ജനാധിപത്യരീതിയിൽ ഉയർന്ന സമരമായിട്ടല്ല സർക്കാർ ഇതിനെ കാണുന്നത്. മറിച്ച്, ഭരണത്തെ അട്ടിമറിക്കാനായിട്ടുള്ള അരാജകത്വ പ്രക്ഷോഭമായിട്ടാണ് കാണുന്നത്. സമരങ്ങളെ അടിച്ചർമർത്തുക എന്ന ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണ് ഡൽഹിയിലിപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഗവൺമെന്റിന്റെ ഫാസിസ്റ്റ് മുഖം വളരെ വ്യക്തമായി ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാണപ്പെട്ട ഒരു സമയം കൂടിയാണിത്.

സിജെപി നേതാവ് അഭിജിത് ദീപകെ

സോനം വാങ്ചുക്ക് നിരാഹാര സമരം നടത്തുകയാണല്ലോ. ഒരു ഫാസിസ്റ്റ് ഭരണകൂടം സത്യാഗ്രഹ സമരത്തിന് വിലകല്പിക്കുമോ?

സത്യാഗ്രഹം എന്ന സമരമാർഗത്തിന് വലിയ ചരിത്രമുള്ള ഒരു രാജ്യമാണ് ഇന്ത്യ. സ്വന്തം ശരീരത്തെ ഒരു സമരവേദിയാക്കുകയാണ് നിരാഹാരസത്യാഗ്രഹത്തിലൂടെ ചെയ്യുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ഒരു സമരരീതിയാണിത്. ഗാന്ധി സത്യാഗ്രഹത്തെ വളരെ നന്നായി ഒരു സമരമാർഗമെന്ന നിലയിൽ ഉപയോഗിച്ച ആളാണ്. ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തിൽ നിരവധി സത്യാഗ്രഹങ്ങൾ ഗാന്ധിജി നടത്തിയിട്ടുണ്ട്.  വിജയിച്ചാലും പരാജയപ്പെട്ടാലും ഒരു സമരരീതി എന്ന നിലയിൽ സത്യാഗ്രഹം കൊളോണിയൽ കാലത്ത് നന്നായി വികസിച്ചുവന്നിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ഗാന്ധി രണ്ട് വട്ടം നിരാഹാരം അനുഷ്ഠിക്കുകയുണ്ടായി. 1947 ഓഗസ്റ്റ്-സ്പ്റ്റംബർ മാസങ്ങളിലായിട്ട്  കൊൽക്കത്തയിലും 1948 ജനുവരിയിൽ 5 ദിവസം ഡൽഹിയിലും നിരാഹാരമിരിന്നിട്ടുണ്ട്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഈ രണ്ട് നിരാഹാരങ്ങളും ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന് എതിരായിട്ടുള്ള സമരമായിരുന്നു എന്ന് കാണാം. അതിലൂടെ ഇന്ത്യയെ ഹിന്ദുത്വ ഫാസിസം പിടിച്ചടക്കുന്നതിൽ നിന്ന് വിമുക്തമാക്കുക കൂടിയാണ് ഗാന്ധി ചെയ്തത്. ആ അർത്ഥത്തിൽ ഈ രണ്ട് സത്യാഗ്രഹങ്ങളും വലിയ വിജയങ്ങൾ ആയിരുന്നു. സ്വതന്ത്ര്യ ഇന്ത്യയിൽ ജനാധിപത്യമൂല്യങ്ങളുടെ വേരുറപ്പിക്കാൻ അതിലൂടെ സാധിച്ചു. അതോടൊപ്പം സമരമാണ് ജനാധിപത്യത്തെ മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ആ സത്യാഗ്രഹങ്ങൾ കാണിച്ചു തന്നു. മാത്രമല്ല സമൂഹത്തിന്റെ ചിന്താഗതിയിൽ സാഹോദര്യം വളർത്താനും ഏത് മതത്തിൽ വിശ്വസിച്ചാലും മനുഷ്യർക്ക് ഇന്ത്യയിൽ ഒരേ അവകാശങ്ങൾ ഉണ്ട് എന്ന കാര്യം അടിവരയിട്ട് പറയുന്നതിൽ വിജയിക്കാനും കഴിഞ്ഞു.

സോനം വാങ്ചുക്കിനെ പോലീസ് നിർബന്ധിതമായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു

ഇപ്പോൾ നടക്കുന്ന സോനം വാങ്ചുക്കിന്റെ നിരാഹാരത്തെ ഗാന്ധിയുടെ സത്യാഗ്രഹവുമായി സമീകരിച്ച് കാണേണ്ടത് തന്നെയാണ്. രാജ്യത്തിൽ അനീതി നടക്കുമ്പോൾ അതിനകത്തെ ഒരു പൗരന് പ്രതിഷേധിക്കാൻ പൂർണ്ണമായ അവകാശമുണ്ട്. ആ അനീതിയുടെ അളവ് വർധിക്കുന്തോറും പ്രതിഷേധവും കൂടും. ഇപ്പോഴത്തെ സാഹചര്യത്തിൽ പരീക്ഷകളുമായി സംബന്ധിച്ച്‌ കൊടിയ അനീതി നടക്കുമ്പോൾ അതിനെ ഏറ്റവും ഉയർന്ന തലത്തിലുള്ള നിരാഹാരസമരവുമായാണ് സോനം വാങ്ചുക്ക് നേരിട്ടത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു സർക്കാരാണെങ്കിൽ സമരത്തിന്റെ ഗൗരവം മനസ്സിലാക്കി സോനം വാങ്ചുക്കുമായി ഒരു ചർച്ചക്ക് മുതിരുകയാണ് ചെയ്യേണ്ടത്. പക്ഷേ സർക്കാർ തിരിച്ച് സോനം വാങ്ചുക്കിനെ ആശുപത്രിയിലാക്കി സമരത്തെ അടിച്ചമർത്താനാണ് ശ്രമിച്ചത്. അത് തനി ഫാസിസ്റ്റ് സമീപനമാണ്. എന്നാൽ  ആത്യന്തികമായി ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഈ നിരാഹാര സമരം വിജയിക്കുകയാണ് ചെയ്തിരിക്കുന്നത്. സോനം വാങ്ചുക്കിനെ ബലമായി പിടിച്ച കൊണ്ട് പോയി ആശുപത്രിയിലാക്കിയിട്ടും ഇപ്പോൾ നമ്മൾ സംസാരിക്കുന്ന സമയം വരെ വാങ്ചുക്കുമായി ഒരു ചർച്ചയ്ക്കും മുതിർന്നിട്ടില്ല. ആത്യന്തികമായി ആ ഭരണകൂടത്തിന്റെ വിശ്വാസ്യതക്ക് രാജ്യത്തിലുടനീളം പരിക്ക് പറ്റിയിട്ടുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ നീതിബോധത്തെ ഉജ്ജ്വലിപ്പിക്കാൻ ആ നിരാഹാരസമരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ആ സമരത്തെ ഒരു വലിയ വിജയമായിട്ടാണ് ഞാൻ കാണുന്നത്. ഒരുപാട് യുവാക്കളുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട വഴിത്തിരിവാകുന്ന പല പരീക്ഷകളിലും തുടരെ ക്രമക്കേടുകൾ വന്ന സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി രാജി വെക്കുക എന്നത് ജനാധിപത്യപരമായിട്ട് വളരെയധികം ന്യായമായ ഒരാവശ്യമാണ്. ഈ കാര്യം ജനങ്ങൾക്ക് നന്നായി ബോധ്യപ്പെട്ടിട്ടുമുണ്ട്. ഈ പ്രക്ഷോഭത്തിന് പല മുഖങ്ങളുണ്ടെങ്കിലും അതിൽ വളരെ പ്രധാനപ്പെട്ട ഒന്നായി സോനം വാങ്ചുക്കിന്റെ നിരാഹാരത്തെ കാണേണ്ടിയിരിക്കുന്നു.

എൻ.ഡി.എ സർക്കാരിനെതിരെ ഇതാദ്യമായിട്ടായിരിക്കും യുവജനങ്ങളിൽ നിന്ന് ഇത്രയും ശക്തമായ തരത്തിൽ ഒരു പ്രക്ഷോഭം ഉയർന്നു വരുന്നത്.

രാഷ്ട്രീയം പലപ്പോഴും മുന്നോട്ട് പോവുക വളരെ അൺകണ്ടിഷണൽ ആയിട്ടുള്ള മാർഗരീതികളിൽ കൂടിയായിരിക്കും. അതുകൊണ്ട് ചിലകാര്യങ്ങൾ നമുക്ക് പഴയ രാഷ്ട്രീയ രീതികൾ വച്ച് വിശകലനം ചെയ്യാൻ സാധിക്കില്ല. സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വളരെ കൃത്യമായി, പാർട്ടി കേന്ദ്രീകൃതമായി നടക്കുന്ന ജനാധിപത്യ സമരങ്ങളാണ് കൂടുതലും കണ്ടിട്ടുള്ളത്. അതേസമയം ചില നിർണ്ണായക ഘട്ടങ്ങളിൽ, ഉദാഹരണത്തിന് അടിയന്തിരാവസ്ഥക്കാലത്തൊക്കെ രാഷ്ട്രീയപ്പാർട്ടികൾക്കുപരി ചില പ്രസ്ഥാനങ്ങളായിരുന്നു സമരത്തെ പലപ്പോഴും നയിച്ചിരുന്നത്. പാർട്ടികൾക്കപ്പുറത്തുള്ള ഒരു ജനകീയ പങ്കാളിത്തം അവയ്ക്ക് കൈവരികയും, അത്തരം പ്രക്ഷോഭങ്ങളിലൂടെ ജനരോഷം പുറത്തുവന്നതുമൊക്കെ നമ്മൾ ചരിത്രത്തിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ ഡൽഹിയിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭത്തെ അത്തരത്തിലുള്ള ഒരു ജനകീയ പ്രക്ഷോഭമായിട്ട് തന്നെയാണ് കാണേണ്ടത്. ഇന്ത്യയിലുടനീളം ഈ ഫാസിസ്റ്റ് സർക്കാരിനെതിരെ ഒരു പ്രതിഷേധമനോഭാവം ഉണ്ടായിരുന്നു. പക്ഷെ  പ്രതിഷേധ സ്വരങ്ങളൊക്കെ സാമ്പ്രദായികമായ രീതികളിൽ പുറത്ത് വരാൻ എന്തോ തടസ്സം ഉണ്ടായിരുന്നു. പുതിയ ലേബർ കോഡ് വന്നപ്പോഴും എസ്.ഐ.ആർ -നെതിരെയുമൊക്കെയായി നിരവധി സമരങ്ങൾ പ്രതിപക്ഷ പാർട്ടികളും മറ്റും നടത്തിയിട്ടുണ്ടെങ്കിലും അത്തരം പ്രതിഷേധങ്ങൾക്കൊക്കെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ എന്തോ ഒരു പരിമിതി ഉണ്ടായിരുന്നു. ആ പരിമിതിയാണ്  ഇപ്പോൾ ജെൻ സി മുന്നോട്ട് വന്നു പ്രതിഷേധിച്ചതിനെ തുടർന്ന് മറികടന്നിരിക്കുന്നത്.

പല കോണുകളിൽ നിന്നുള്ള പ്രതിഷേധങ്ങൾക്ക് സംഗമിക്കാനുള്ള ഒരു സ്ഥാനം ഈ സമരത്തിൽ കൈവന്നിട്ടുണ്ട്. ഇതൊരു ബഹുകേന്ദ്രീകൃത സമരമായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഭാവിയിലും പ്രതിഷേധങ്ങൾ ഒരു ബഹുകേന്ദ്രീകൃത സമരമായി വളരാനായുള്ള വലിയ സാധ്യതയാണ് ജെൻ സി മുന്നേറ്റം ഇപ്പോൾ തുറന്നിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘പ്രതിഷേധങ്ങളില്ലാതെ മൗനത്തിൽ കഴിയുന്ന ജനങ്ങൾ’ എന്ന മുൻധാരണയെ തിരുത്തി ‘ആ നിശ്ശബ്ദതയിലും അവർ ഉള്ളിൽ വലിയ പ്രതിഷേധം അടക്കിവെച്ചിരുന്നു’  എന്ന സത്യം നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. എത്രയോ മനുഷ്യർ ഇപ്പോൾ സമരത്തിൽ പങ്കെടുക്കാനായി ഡൽഹിയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ഇത്തരത്തിലുള്ള ബഹുജനപ്രക്ഷോഭങ്ങൾ ഇന്ത്യയുടെ ചരിത്രത്തിൽ പല കാലങ്ങളിലായിട്ട് നടന്നിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്തൊക്കെ വിദ്യാർത്ഥികളാണ് ആദ്യം പ്രക്ഷോഭം ഉണ്ടാക്കിയിട്ടുള്ളത്. അതുപോലെ   എല്ലാ കോണിൽ നിന്നുമുള്ള പ്രതിഷേധ സ്വരങ്ങളെ ആവാഹിച്ച് ഒരുമിപ്പിക്കാൻ ഡൽഹിയിൽ ഇപ്പോൾ നടക്കുന്ന യുവാക്കളുടെ സമരത്തിനായിട്ടുണ്ട്. ജനാധിപത്യത്തെ കൂടുതൽ തുറസ്സിലേക്ക് കൊണ്ടുപോകാൻ ഈ സമരമുന്നേറ്റം ഒരുപാട് സഹായിക്കും.

എതിർശബ്ദങ്ങളുയർത്തുന്നവരെ ദേശദ്രോഹികളും പാക്കിസ്ഥാനികളുമായി ചിത്രീകരിക്കുക എന്ന മാർഗമാണല്ലോ എൻ.ഡി.എ ചെയ്തുവരുന്നത്. പക്ഷേ ഈ യുവജന പ്രക്ഷോഭത്തിൽ അവർ അതിന് മുതിർന്നിട്ടില്ല. എന്തായിരിക്കും കാരണം?

ഫാസിസത്തിൽ ചെയ്തുവരുന്ന ഒരു രീതിയാണത്. സമരത്തിനെ ഏതെങ്കിലും വ്യക്തിയിലേക്കോ അല്ലെങ്കിൽ സാമ്പ്രദായിക സംഘടനാ നേതൃത്വത്തിലേക്കോ ഒതുക്കി ആ പേരിൽ വേട്ടയാടുകയാണ് അവർ ചെയ്തുവരുന്നത്. ദളിത് അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരെ അർബൻ നെക്സൽസ് എന്ന് പറഞ്ഞ് അറസ്റ്റ് ചെയ്യുന്നതൊക്കെ അതിന്റെ ഭാഗമാണ്. അത്തരത്തിൽ ഭീതിയുടെ ഒരന്തരീക്ഷം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഇപ്പോൾ ദില്ലിയിൽ നടക്കുന്ന സമരത്തിൽ നേതാക്കളേക്കാൾ സാധാരണ ജനങ്ങളാണ് സ്വമേധയാ പങ്കുകൊള്ളുന്നതെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സാധാരണ രാഷ്ട്രീയ പാർട്ടികളെയെന്ന പോലെ തീയതിയും സമയവും ആൾക്കാരെയുമൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്ത ഒരു സമരമല്ലിത്. അവിടെ എത്തിച്ചേരുന്ന മനുഷ്യർ സർക്കാറിനും പോലീസിനും എതിരെ പാട്ടുപാടിയും മുദ്രാവാക്യങ്ങൾ വിളിച്ചും സമരം ചെയ്യുകയാണ്. തടുക്കുന്ന പോലീസുകാരെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണവർ. ഇങ്ങനെ ഒരു ബഹുകേന്ദ്രീകൃത സമരമായി അത് മാറുന്നുണ്ട്. മറ്റൊരു കാര്യം ഒരു പ്രത്യേക സമുദായം നടത്തുന്ന സമരമല്ല. മധ്യവർഗ സമൂഹത്തിലെ മനുഷ്യർ ആണ് പ്രക്ഷോഭത്തിൽ പങ്കുചേരുന്നത്. വാസ്തവത്തിൽ സാധാരണ മധ്യവർഗ സമൂഹം സർക്കാരിനെതിരെ ശബ്ദിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യാത്തവരാണ്. സർക്കാരിന് എതിരാണെങ്കിലും മധ്യവർഗ്ഗം പലപ്പോഴും മൗനം പാലിക്കാറാണ് പതിവ്. പക്ഷേ ഇപ്പോൾ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിലൂടെ അത്തരത്തിലുള്ള മധ്യവർഗ രീതികൾ മാറ്റിമറിക്കപ്പെടുകയാണ്. പൊതുവേ സർക്കാർ ചെയ്യുന്ന വിധത്തിൽ ഭീതി ജനിപ്പിച്ച് സമരക്കാരെ ഒതുക്കാൻ ഇവിടെ സാധിച്ചിട്ടില്ല. യുവാക്കൾ ആ ഭീതിയെ മറികടന്നിട്ടുണ്ട്.

ഹിന്ദുത്വ രാഷ്ട്രീയത്തിന് എന്തെങ്കിലും സമരചരിത്രം ഉണ്ടോ? അതില്ലാത്തത് കൊണ്ടാണോ അവർ സമരവിരോധികളാകുന്നത്?

ഹിന്ദുത്വ രാഷ്ട്രീയത്തിന് സമരചരിത്രമില്ല എന്ന് പറയാൻ കഴിയില്ല. പക്ഷേ അവരുടെ സമരങ്ങൾ എന്നത് പലപ്പോഴും ഭീകരപ്രവർത്തനം പോലെയായിരുന്നു. അവർ ഇന്ത്യയിലുണ്ടാക്കിയ കലാപങ്ങൾ ചെറുതല്ലല്ലോ. വിഭജനത്തിന്റെ സമയത്തും ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ മുൻപും പിൻപും ഒക്കെയായി അവർ ചോരപ്പുഴ ഒഴുക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ ഭാഗമായി നടത്തിയ അദ്വാനിയുടെ രഥയാത്ര  ഒരുദാഹരണമാണ്. ഗുജറാത് വംശഹത്യ, കാണ്ടമാലിൽ ആദിവാസികളെ മതം മാറ്റം ആരോപിച്ച് കൊന്നൊടുക്കിയത് തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയം നടത്തിയ അക്രമ പ്രക്ഷോഭങ്ങൾ അനവധിയാണ്. സമരമല്ല  മറിച്ച് ഭീകരപ്രവർത്തനം എന്നുവേണം അതിനെയൊക്കെ പറയാൻ. അവർ മനസ്സിലാക്കിയിരിക്കുന്നത് ഭീകരപ്രവർത്തനമാണ് ആണ് സമരരീതിയെന്നാണ്. എതിർശബ്ദങ്ങൾ ഉന്നയിക്കുന്നവരെയും മറ്റുള്ള മത വിശ്വാസങ്ങൾ പിന്തുടരുന്നവരെയും ഹിംസയിലൂടെ ഒതുക്കുക എന്നതാണ് അവരുടെ നയം. എൻ.ഡി.എ സർക്കാർ  അധികാരത്തിലെത്തിയത് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെയാണ്. ജനാധിപത്യരീതിയിലുള്ള സമരങ്ങളിലൂടെയോ പോരാട്ടങ്ങളിലൂടെയോ അല്ല. സ്വാതന്ത്ര്യ സമരകാലം തൊട്ട് ഒരു തരത്തിലുമുള്ള ജനകീയ മുന്നേറ്റത്തിലും അവരെ കാണാൻ സാധിക്കില്ല. പിന്നെയുള്ളത്  അടിയന്തിരാവസ്ഥയ്ക്കെതിരെ പോരാടി എന്നുള്ള അവകാശവാദമാണ്. ആ കാലത്ത് പോലും ബാല സാഹേബ് ദേവരസ് എന്ന അവരുടെ നേതാവ് അറസ്റ്റിലാകുമ്പോൾ ഇന്ദിര ഗാന്ധിക്ക് അയച്ച കത്തിൽ തങ്ങൾ നിങ്ങളുടെ ഭരണകൂടത്തോട് സഹകരിക്കാൻ തയ്യാറാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. 

ഹിന്ദുത്വ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യരീതിയിലുള്ള സമരം അവരുടെ അടിസ്ഥാന തത്വമല്ല. പക്ഷേ അതേസമയം അവർ ജനാധിപത്യമൂല്യത്തിലൂന്നിയ പ്രക്ഷോഭങ്ങളെ ഒരുപാട് ഭയക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് അവരതിനെ അടിച്ചമർത്താൻ ശ്രമിക്കുന്നത്. ഇപ്പോൾ ദില്ലിയിൽ നടക്കുന്ന സമരം ജനാധിപത്യമൂല്യത്തിൽ അടിയുറച്ചിട്ടുള്ളതാണ്. പക്ഷേ സർക്കാർ പോലീസിനെക്കൊണ്ട് അക്രമം അഴിച്ചുവിട്ട് അവിടെ ഒരു സംഘർഷ സാഹചര്യം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

Content Summary: Gen Z protests in Delhi challenge government repression, with Sonam Wangchuk’s hunger strike echoing Gandhi’s satyagraha.

വിനയൻ രാഘവൻ

അഴിമുഖം സബ് എഡിറ്റർ ട്രെയ്‌നി, ജേർണലിസത്തിൽ പിജി ഡിപ്ലോമ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം

More Posts

This post was last modified on July 24, 2026 12:20 am

വിനയൻ രാഘവൻ: അഴിമുഖം സബ് എഡിറ്റർ ട്രെയ്‌നി, ജേർണലിസത്തിൽ പിജി ഡിപ്ലോമ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം
Related Post
Leave a Comment