July 21, 2026 |
Share on

സി.ജെ.പി ‘സംസദ് ചലോ’ പാര്‍ലമെന്റ് മാര്‍ച്ച്; ഡല്‍ഹിയില്‍ കനത്ത ജാഗ്രത

പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ല, വിലക്ക് ലംഘിച്ചാല്‍ നിയമവിരുദ്ധ ഒത്തുചേരലായി കണക്കാക്കി കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) ജന്തര്‍മന്തറില്‍ നടത്തുന്ന സമരം ഇരുപത്തിമൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സി.ജെ.പി പ്രഖ്യാപിച്ച ‘സംസദ് ചലോ’ പാര്‍ലമെന്റ് മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലും അതിര്‍ത്തികളിലും ഡല്‍ഹി പോലീസ് കടുത്ത നിയന്ത്രണങ്ങളും സുരക്ഷാ വലയവും തീര്‍ത്തിരിക്കുകയാണ്. പാര്‍ലമെന്റിലേക്കുള്ള പ്രധാന റോഡുകളെല്ലാം പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് അടയ്ക്കുകയും ജന്തര്‍മന്തര്‍ പ്രദേശം പൂര്‍ണ്ണമായി വളയുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ചിന് പോലീസ് അനുമതി നല്‍കിയിട്ടില്ലെന്നും വിലക്ക് ലംഘിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ചാല്‍ നിയമവിരുദ്ധമായ ഒത്തുചേരലായി കണക്കാക്കി കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, സമരക്കാരുടെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ താന്‍ നിരാഹാരം അവസാനിപ്പിക്കൂ എന്ന കടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സോനം വാങ്ചുക്. ആശുപത്രിയില്‍ തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും തന്റെ സഞ്ചാര സ്വാതന്ത്ര്യത്തിനും ആശയവിനിമയത്തിനും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വാങ്ചുക് ആരോപിച്ചു. ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ, അല്ലെങ്കില്‍ തനിക്കും സി.ജെ.പി നേതാക്കള്‍ക്കും പാര്‍ലമെന്റിലെത്തി എം.പിമാരില്‍ നിന്ന് ഈ വിഷയം സഭയില്‍ ഉന്നയിക്കുമെന്ന ഉറപ്പ് ലഭിക്കുകയോ ചെയ്താല്‍ മാത്രമേ പാര്‍ലമെന്റ് മാര്‍ച്ചിന് ശേഷം നിരാഹാരം അവസാനിപ്പിക്കൂ എന്ന കടുത്ത നിബന്ധനയാണ് അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളത്. വാങ്ചുകിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ഡല്‍ഹി പോലീസ് നിര്‍ബന്ധപൂര്‍വ്വം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയത്. ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദ്ദേശവും ചൂണ്ടിക്കാണിച്ചായിരുന്നു പോലീസിന്റെ ഈ നടപടി.

വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ പ്രതിഷേധത്തിന്റെ നേതൃത്വം സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്കെ ഏറ്റെടുക്കുകയും അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. വാങ്ചുകിനെ മാറ്റിയ സമയത്ത് ഡല്‍ഹി പോലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് ദിപ്കെ ആരോപിച്ചു. സമരം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും എന്നാല്‍ ഇതുകൊണ്ട് പ്രതിഷേധം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാങ്ചുകിന്റെ ആരോഗ്യനില അതീവ ഗുരുതരമായിട്ടും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്തതിനെ അഭിജീത് ദിപ്കെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ മഹാത്മാഗാന്ധി നിരാഹാര സമരം നടത്തിയപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പോലും ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ ജനാധിപത്യ സര്‍ക്കാര്‍ പൂര്‍ണ്ണ മൗനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരീക്ഷാ ക്രമക്കേടുകള്‍ മൂലം ജീവനൊടുക്കേണ്ടി വന്ന വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍. ആശുപത്രിയില്‍ കഴിയുന്ന വാങ്ചുകിന് കുടുംബത്തിന്റെയോ മെഡിക്കല്‍ സംഘത്തിന്റെയോ അനുമതിയില്ലാതെ യാതൊരുവിധ ചികിത്സയും നല്‍കരുതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ സ്വതന്ത്രമായ പരിശോധനകള്‍ക്കായി വാങ്ചുകിന്റെ രക്തസാമ്പിളുകള്‍ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചെങ്കിലും ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയില്ല.

പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ജന്തര്‍മന്തറിലെ സമരവേദിയില്‍ വെച്ച് അഭിജീത് ദിപ്കെയ്ക്ക് നേരെ ഒരു സ്ത്രീ മഷിപോലെയുള്ള ദ്രാവകം ഒഴിച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. പോലീസ് ഉടന്‍ തന്നെ ഇവരെ കസ്റ്റഡിയിലെടുത്തു. നിലവില്‍ ജന്തര്‍മന്തറില്‍ വാങ്ചുകിന്റെ ചിത്രം വേദിയില്‍ സ്ഥാപിച്ചാണ് സമരം തുടരുന്നത്. ഡല്‍ഹിക്ക് പുറത്തുനിന്നും നിരവധി വിദ്യാര്‍ത്ഥികളും യുവാക്കളും സമരത്തിന് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമരവേദിയിലെത്തി സി.ജെ.പിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയങ്ങളുമായി മുന്നോട്ട് പോയാലും പാര്‍ലമെന്റ് മാര്‍ച്ചുമായി മുന്നോട്ട് പോകുമെന്ന ഉറച്ച തീരുമാനത്തിലാണ് സി.ജെ.പിയും സമരക്കാരും.

Content Summary; Delhi on high alert as CJP remains firm on its Parliament march over NEET-UG row. Meanwhile, Sonam Wangchuk sets conditions on his hunger strike from hospital. Read details.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×