നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമായി. പ്രതിഷേധക്കാര്‍ മുന്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ലളിത്പൂരിലുള്ള വീട് തകര്‍ത്തു. കൂടാതെ, മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേവുബയുടെ വീടിന് മുന്നിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. സംഘര്‍ഷാവസ്ഥ രൂക്ഷമായ സാഹചര്യത്തില്‍, കാഠ്മണ്ഡു ജില്ലാ ഭരണകൂടം നഗരത്തിലെ റിങ് റോഡ് മേഖലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു.
നഗരത്തില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും പ്രതിഷേധക്കാര്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. പിടിഐയുടെ റിപ്പോര്‍ട്ടനുസരിച്ച്, പ്രതിഷേധക്കാര്‍ പാര്‍ട്ടി ഓഫീസിന് പുറത്തുള്ള ഒരു ട്രാഫിക് പോസ്റ്റ് കത്തിച്ചു.
കഴിഞ്ഞ ദിവസങ്ങളിലെ സംഭവം സര്‍ക്കാരിന്റെ പരാജയം തുറന്നുകാട്ടിയെന്നും പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി രാജിവെക്കണമെന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധക്കാര്‍ നേപ്പാള്‍ പാര്‍ലമെന്റിന് സമീപവും കലങ്കിയിലും മറ്റ് പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെടുത്തി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ ന്യൂ ബനേശ്വറിലെ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് തമ്പടിച്ചതോടെ കനത്ത സുരക്ഷയാണ് പാര്‍ലമെന്റിന് പുറത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നേപ്പാള്‍ സര്‍ക്കാര്‍ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെയാണ് ഈ പ്രതിഷേധങ്ങള്‍ നടന്നത്. സാമൂഹ്യമാധ്യമ വിലക്കിനും അഴിമതിക്കുമെതിരെ ജെന്‍ സി തലമുറയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെടുകയും 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
കാഠ്മണ്ഡുവില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍, നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ‘ജാഗ്രത പാലിക്കണമെന്നും നേപ്പാളി അധികാരികളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാഠ്മണ്ഡു ജില്ലാ ഭരണകൂടം രാവിലെ 8:30 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ലളിത്പൂര്‍ ജില്ലയിലെ ഭൈസേപതി, സനേപ, ച്യസല്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ അ?ര്‍ധരാത്രി വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കാഠ്മണ്ഡുവിലെ റിങ് റോഡ് ഏരിയയ്ക്കുള്ളില്‍ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അതിര്‍ത്തി കടന്നും ആശങ്ക വ്യാപിച്ചതോടെ, 1,751 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സേന ജാഗ്രത വര്‍ദ്ധിപ്പിച്ചതായി ‘ദി കാഠ്മണ്ഡു പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.
എന്തുകൊണ്ടാണ് പ്രതിഷേധങ്ങള്‍?
പ്രധാനമായും സാമൂഹ്യമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നത്. ‘വ്യാജ ഐഡികള്‍ വഴി വിദ്വേഷ പ്രസംഗങ്ങളും തട്ടിപ്പുകളും നടക്കുന്നു’ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചത്. ഇതിനെതിരെ ആയിരക്കണക്കിന് യുവാക്കളാണ് രാജ്യവ്യാപകമായി പ്രതിഷേധിച്ചത്.
‘അഴിമതി അവസാനിപ്പിക്കുക, സാമൂഹ്യമാധ്യമങ്ങളല്ല’, ‘സാമൂഹ്യമാധ്യമ വിലക്ക് നീക്കുക’, ‘അഴിമതിക്കെതിരെ യുവാക്കള്‍’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വിദ്യാര്‍ത്ഥികളും യുവാക്കളും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. എന്നാല്‍, പ്രതിഷേധം അക്രമാസക്തമാവുകയും പോലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തതോടെ കാഠ്മണ്ഡുവിലെ ചില ഭാഗങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയായിരുന്നു. Gen-Z protests intensify in Nepal; former prime ministers’ homes attacked.
Content Summary: Gen-Z protests intensify in Nepal; former prime ministers’ homes attacked
This post was last modified on September 9, 2025 1:28 pm
Leave a Comment