ജര്‍മന്‍ ചാന്‍സലര്‍ തിരഞ്ഞെടുപ്പ് അപ്രതീക്ഷിത വഴിത്തിരിവില്‍

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യം

ജർമനിയിൽ ചാൻസലർ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് യാഥാസ്ഥിതിക ക്രിസ്ത്യൻ ഡെമോക്രാറ്റിക് സ്ഥാനാർഥി ഫ്രെഡ്രിക്‌ മെർസ്. ഇന്ന് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ, ഭൂരിപക്ഷം നേടാൻ വേണ്ടത്ര വോട്ടുകൾ ലഭിക്കാതെ വന്നതോടെ ഫ്രെഡ്രിക്‌ മെർസിന് ചാൻസലർ പദവി ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ജർമൻ ചാൻസലർ സ്ഥാനാർത്ഥിക്ക് ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പരാജയപ്പെടേണ്ടി വരുന്നത്. സിഡിയു(ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ) – സിഎസ്യു(ക്രിസ്ത്യൻ സോഷ്യൽ യൂണിയൻ) സഖ്യത്തിന് ആവശ്യത്തിന് സീറ്റുകൾ ഉണ്ടെങ്കിലും, മെർസിന് 310 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 630 സീറ്റുകളുള്ള ബുണ്ടെസ്റ്റാഗിൽ(ജർമൻ ഫെഡറൽ പാർലമെൻ്റ്) 316 വോട്ടുകളാണ് ആവശ്യമായിരുന്നത്. മെർസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 18 എംപിമാർ വോട്ട് ചെയ്യാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മെർസിനെയോ മറ്റൊരു സ്ഥാനാർത്ഥിയെയോ ചാൻസലറായി തിരഞ്ഞെടുക്കാൻ പാർലമെന്റിന് നിലവിൽ 14 ദിവസത്തെ സമയമുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ നടന്ന പാർലമെന്ററി തിരഞ്ഞെടുപ്പിൽ ഫ്രെഡ്രിക്‌ മെർസിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റിവ് സഖ്യം വിജയിച്ചിരുന്നു. നവംബറിൽ ജർമൻ ചാൻസലർ ഒലാഫ്‌ ഷൊൾസ് അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലായിരുന്നു ജർമനിയിൽ പൊതുതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

ജർമനിയുടെ ഭരണഘടന പ്രകാരം, എത്ര വോട്ടെടുപ്പുകൾ വേണമെങ്കിലും നടത്താം, എന്നാൽ കേവലഭൂരിപക്ഷം നേടാനാകാതെ വന്നാൽ വോട്ടെടുപ്പില്ലാതെ ഒരാളെ ചാൻസലറായി തിരഞ്ഞെടുക്കാൻ കഴിയും. മുൻ സർക്കാരിന്റെ പതനത്തിനുശേഷം ശക്തനായ ഒരു നേതാവായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചിരുന്ന മെർസിന് ഈ തോൽവി വലിയ തിരിച്ചടിയാണ്.

ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഎഫ്ഡി) ചാൻസലർ വോട്ടെടുപ്പിലുണ്ടായ മെർസിന്റെ പരാജയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചു. സഖ്യം ദുർബലമാണെന്നും പൊതുജനപിന്തുണ ലഭിക്കില്ല എന്നതുമാണ് പരാജയത്തിലൂടെ വ്യക്തമാകുന്നതെന്നും പാർട്ടി നേതാവ് ആലീസ് വീഡൽ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർലമെന്ററി തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഫ്രെഡ്രിക്‌ മെർസ് ദീർഘകാല ചാൻസലർ ആകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. മുൻ ചാൻസലർ ആഞ്ചല മെർക്കലും വോട്ടെടുപ്പ് കാണാൻ പാർലമെന്റിൽ എത്തിയിരുന്നു. അപ്രതീക്ഷിത തോൽവിക്ക് ശേഷം രണ്ടാമതൊരു ചാൻസലർ തിരഞ്ഞെടുപ്പ് നടത്തണോ എന്ന ആശങ്കയിലാണ് ഫ്രെഡറിക് മെർസും സഖ്യകക്ഷികളും. മെർസ് വീണ്ടും പരാജയപ്പെട്ടാൽ, അത് സഖ്യത്തെ കൂടുതൽ ദുർബലപ്പെടുത്തിയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മെർസിന്റെ പരാജയം സഖ്യത്തിന്റെ ഐക്യത്തെക്കുറിച്ച് ഇതിനകം തന്നെ സംശയങ്ങൾ ഉയർത്തിയിട്ടുണ്ട്. കുടിയേറ്റം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതിസന്ധികളെ തുടർന്നാണ് ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടി തകർന്നത്.

ജർമ്മനിയുടെ ആഗോള സ്വാധീനം പുനസ്ഥാപിക്കുമെന്നും സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും പാർലമെന്റ് തിരഞ്ഞെടുപ്പ് വിജയത്തിന്റെ അവസരത്തിൽ മെർസ് പറഞ്ഞിരുന്നു. രണ്ട് വർഷത്തെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം 2025 ന്റെ തുടക്കത്തിലാണ് ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ നേരിയ വളർച്ച കൈവരിച്ചത്.

Content Summary: germany chancellor election; Friedrich Merz fails to be elected chancellor by German parliament

This post was last modified on May 6, 2025 4:56 pm

അഴിമുഖം ഡെസ്‌ക്:
Leave a Comment