കാനഡയിലെ ഖലിസ്ഥാൻ പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. കാനഡയിലെ എട്ട് ലക്ഷത്തോളം വരുന്ന ഹിന്ദുക്കളെ ഇന്ത്യയിലേക്ക് നാടു കടത്തണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പരേഡിൽ കൂട്ടിലടച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെയും പ്രതിമകൾ പ്രദർശിപ്പിച്ചിരുന്നു. കാനഡയിലെ ടൊറാന്റോയിൽ നടന്ന പരേഡിലാണ് ഇന്ത്യൻ നേതാക്കളുടെ രൂപങ്ങൾ പ്രദർശിച്ച് വിദ്വേഷ പ്രചരണത്തിനുള്ള ശ്രമങ്ങൾ നടത്തിയത്.
പരേഡുമായി ബന്ധപ്പെട്ട് ഇന്ത്യ ന്യൂഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷനെ പ്രതിഷേധമറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വിദ്വേഷം പ്രചരിപ്പിക്കുകയും തീവ്രവാദവും വിഘടനവാദ അജണ്ടയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യാ വിരുദ്ധ ഘടകങ്ങൾക്കെതിരെ നടപടിയെടുക്കാൻ കാനഡയോട് ആവശ്യപ്പെട്ടതായും വൃത്തങ്ങൾ അറിയിച്ചു. ഇത് ഇന്ത്യൻ സർക്കാരിനെതിരായ പ്രതിഷേധമല്ല മറിച്ച് ഹിന്ദുത്വവയ്ക്കെതിരെയുള്ള ഖലിസ്ഥാന്റെ പ്രതിഷേധമാണെന്ന അടിക്കുറിപ്പോടെയുള്ള പരേഡിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രചാരം നേടി. ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകളുള്ള ഒരു സിഖ് ഗുരുദ്വാരയും ഒരു ഹിന്ദു ക്ഷേത്രവും തകർത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ സംഭവം. ഖലിസ്ഥാൻ നടപടിയ്ക്കെതിരെ പ്രസിഡന്റ് കാർണിയുടെ നിലപാട് എന്താണെന്ന ചോദ്യങ്ങളുമുയരുന്നുണ്ട്. കാനഡയിലെ പൊതു തിരഞ്ഞെടുപ്പിൽ മൈക്ക് കാർണിയുടെ ലിബറൽ പാർട്ടി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കാനഡയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു നടപടിയുണ്ടാവുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടിച്ചമർത്തലുകൾക്കിടയിലും ശക്തമായ തിരിച്ചുവരവാണ് മൈക്ക് കാർണിയുടെ ലിബറൽ പാർട്ടി ഈ തിരഞ്ഞെടുപ്പിൽ നടത്തിയത്. കാർണിയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി രംഗത്തു വന്നിരുന്നു. ഇന്ത്യയുടെയും കാനഡയുടെയും പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് വേണ്ടി കാർണിക്കൊപ്പം ചേർന്ന പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നതായി മോദി കുറിച്ചു. സമാന രാഷ്ട്രീയ മൂല്യങ്ങൾ കൊണ്ടും, നിയമവാഴ്ചയോടുള്ള ഉറച്ച പ്രതിബദ്ധ കൊണ്ടും, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്നതിലും നമുക്ക് സമാനമായ കാഴ്ച്ചപ്പാടാണ്. ഇന്ത്യയും കാനഡയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലൂടെ നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും നിങ്ങളുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് മോദി വ്യക്തമാക്കി.
2023ൽ ഖലിസ്ഥാൻ വികടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇത് ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളാക്കിയിരുന്നു. ട്രൂഡോയുടെ ആരോപണത്തെ ശക്തമായി നിഷേധിച്ച് ന്യൂ ഡൽഹി രംഗത്തു വന്നിരുന്നു. ട്രൂഡോ അധികാരത്തിലിരിക്കെ അസ്വാരസ്യങ്ങളുണ്ടായിരുന്ന അരു രാജ്യങ്ങൾക്കും ഇടയിലുള്ള മഞ്ഞുരുകി തുടങ്ങിയേക്കാമെന്ന കാർണിയുടെ വിജയത്തിന് ശേഷം വിലയിരുത്തലുകളുണ്ടായിരുന്നു. ഇതിലൂടെ വ്യാപാര ബന്ധം ശക്തിപ്പെടാൻ സാധ്യതയുള്ളതായും ഊഹങ്ങളുണ്ടായിരുന്നു. എന്നാൽ ആ സാധ്യതയ്ക്ക് വിള്ളൽ വീഴ്ത്തിയിരിക്കയാണ് ഖലിസ്ഥാൻ പരേഡും ഇന്ത്യാ വിമർശനവും
content summary: India strongly protested to Canada over offensive imagery depicting Indian leaders during a parade held in Toronto