സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൂടുതല്‍ കൃത്യമായ നിരീക്ഷണം സാധ്യമാക്കാന്‍ വേണ്ടി, രാജ്യത്തെ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ലൊക്കേഷന്‍ ട്രാക്കിംഗ് (ജിപിഎസ്) നിര്‍ബന്ധിതമായി ഓണ്‍ ആയിരിക്കണം എന്ന ടെലികോം കമ്പനികളുടെ നിര്‍ദ്ദേശം പുനപരിശോധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യതാ പ്രശ്‌നങ്ങള്‍ കാരണം ഈ നിര്‍ദേശത്തെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പിന്റെ സാഹചര്യത്തില്‍ തന്നെയാണ് തീരുമാനം പുനപരിശോധിക്കുന്നത്.
റോയിട്ടേഴ്‌സ് അവരുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, സ്വകാര്യതാ ആശങ്കകള്‍ ഉയര്‍ത്തി ആപ്പിള്‍, ഗൂഗിള്‍, സാംസങ് എന്നീ ഫോണ്‍ നിര്‍മാതാക്കള്‍ ഈ നീക്കത്തിനെതിരേ ഇന്ത്യ സര്‍ക്കാരിനെ സമീപിച്ചിരുന്നുവെന്നാണ്. രേഖകള്‍, ഇമെയിലുകള്‍, മറ്റ് വാര്‍ത്ത സ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ഒരു സൈബര്‍ സുരക്ഷാ ആപ്പ്(സഞ്ചാര്‍ സാഥി ആപ്പ്) എല്ലാ സ്മാര്‍ട്ട് ഫോണുകളിലും മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. പൗരന്റെ സ്വകാര്യതയെ പറ്റിയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു. രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്താനുള്ള പദ്ധതിയായി ആക്ടിവിസ്റ്റികളും പ്രതിപക്ഷ പാര്‍ട്ടികളും ആശങ്കകള്‍ ഉയര്‍ത്തിയതോടെ ഉത്തരവ് പിന്‍വലിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണ ഘട്ടങ്ങളില്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ലൊക്കേഷന്‍ വിവരങ്ങള്‍ തേടിയാല്‍ ടെലികോം കമ്പനികള്‍ കൃത്യമായ സ്ഥലം കണ്ടെത്തി നല്‍കുന്നില്ലെന്ന പരാതി മോദി ഭരണകൂടത്തിനുണ്ട്. നിലവിലെ സാഹചര്യത്തില്‍, സെല്ലുലാര്‍ ടവര്‍ ഡാറ്റ ഉപയോഗിച്ച് കൃത്യമായ ലൊക്കേന്‍ കണ്ടെത്താന്‍ പരിമിതിയുണ്ടെന്നാണ് കമ്പനികളുടെ മറുപടി. സെല്ലുലാര്‍ ടവര്‍ ഡാറ്റ ഒരു ഏകദേശ സ്ഥാനമാണ് അടയാളപ്പെടുത്തുന്നത്. യഥാര്‍ത്ഥ സ്ഥലം അവിടെ നിന്നും അകലെയായിരിക്കാം.
റിലയന്‍സിന്റെ ജിയോയെയും ഭാരതി എയര്‍ടെലിനെയും പ്രതിനിധീകരിക്കുന്ന സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളോട് എ-ജിപിഎസ് സാങ്കേതികവിദ്യ(ഉപഗ്രഹ സിഗ്‌നലുകളും സെല്ലുലാര്‍ ഡാറ്റയും ഉപയോഗിക്കുന്നത്) പ്രവര്‍ത്തനക്ഷമമാക്കാന്‍ ഉത്തരവിട്ടാല്‍ മാത്രമേ കൃത്യമായ ഉപയോക്തൃ ലൊക്കേഷന്‍ നല്‍കാനാവൂ എന്നാണ്. അതായത്, ഉപയോക്താക്കള്‍ക്ക് ലൊക്കേഷന്‍ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കാനുള്ള ഓപ്ഷന്‍ ഇല്ലാതെ, അവ സ്മാര്‍ട്ട്‌ഫോണുകളില്‍ എപ്പോഴും പ്രവര്‍ത്തനക്ഷമമായിരിക്കണം എന്ന്്. ജൂണില്‍ കേന്ദ്ര ആഭ്യന്തര ഐടി മന്ത്രാലയത്തിന്റെ ഒരു ഇമെയിലില്‍ ആണ് ഈ കാര്യം പറയുന്നത്.
എന്നാല്‍ ഇങ്ങനെയൊരു ആവശ്യം നിര്‍ബന്ധമാക്കരുതെന്നാണ് ആപ്പിള്‍, സാംസങ്, ഗൂഗിള്‍ എന്നിവര്‍ ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചതെന്നാണ്, ഈ വിഷയം നേരിട്ട് അറിവുള്ള മൂന്ന് സ്രോതസ്സുകള്‍ റോയിട്ടേഴ്‌സിനോട് വ്യക്തമാക്കിയത്.
ഉപകരണ തലത്തിലുള്ള സ്ഥാനം ട്രാക്ക് ചെയ്യുന്നതിനുള്ള ഒരു നടപടി ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്നാണ് ആപ്പിളിനെയും ഗൂഗിളിനെയും പ്രതിനിധീകരിക്കുന്ന ലോബിയിംഗ് ഗ്രൂപ്പായ ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് ജൂലൈയില്‍ രഹസ്യമായി എഴുതിയ കത്തില്‍ പറയുന്നതെന്നു റോയിട്ടേഴ്സിന് കണ്ടെത്താനായി.
എ-ജിപിഎസ് നെറ്റ്വര്‍ക്ക് സേവനം ലൊക്കേഷന്‍ നിരീക്ഷണത്തിന് പൂര്‍ണമായി ഉപകാരപ്പെടില്ലെന്നും അതേസമയം സ്വകാര്യതയുടെ ലംഘനമാകും എന്നും കമ്പനികള്‍ കത്തില്‍ പറയുന്നു.
ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ എക്‌സിക്യൂട്ടീവുകളുടെ ഒരു യോഗം വെള്ളിയാഴ്ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റിവച്ചുവെന്നാണ് ഒരു വാര്‍ത്ത സ്രോതസ്സ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
ഈ കാര്യത്തില്‍ വിശദീകരണം ചോദിച്ച് റോയിട്ടേഴ്‌സ് ഇമെയ്ല്‍ അയച്ചെങ്കിലും ഇന്ത്യന്‍ ഐടി, ആഭ്യന്തര മന്ത്രാലയങ്ങള്‍ പ്രതികരിച്ചില്ല. ആപ്പിള്‍, സാംസങ്, ഗൂഗിള്‍, റിലയന്‍സ്, എയര്‍ടെല്‍ എന്നിവരും ലോബി ഗ്രൂപ്പുകളായ ഐസിഇഎ-യും സിഎഒഐ-യും റോയിട്ടേഴ്‌സിനോട് പ്രതികരിച്ചില്ല.
നിലവില്‍, ഐടി, ആഭ്യന്തര മന്ത്രാലയങ്ങള്‍ ഈ വിഷയത്തില്‍ ഒരു നയപരമായ തീരുമാനവും എടുത്തിട്ടില്ല എന്നാണ് വിവരം.
സാങ്കേതിക വിദഗ്ദ്ധര്‍ പറയുന്നത്്, സാധാരണയായി ചില ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്പോഴോ അല്ലെങ്കില്‍ അടിയന്തര കോളുകള്‍ ചെയ്യുമ്പോഴോ മാത്രം ഓണാക്കുന്ന എ-ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിരീക്ഷകര്‍ക്ക് ഫോണ്‍ ഉപയോഗിക്കുന്നയാളെ ഏകദേശം അയാള്‍ ഉള്ള സ്ഥലത്തെ ഒരു മീറ്ററിനുള്ളില്‍ ട്രാക്ക് ചെയ്യാന്‍ കഴിയുന്നത്ര കൃത്യമായ ലൊക്കേഷന്‍ ഡാറ്റ നല്‍കാന്‍ സാധ്യതയുണ്ട് എന്നാണ്.
ഈ നിര്‍ദ്ദേശം ഫോണുകളെ ഒരു നിര്‍ബന്ധിത നിരീക്ഷണ ഉപകരണമാക്കി മാറ്റുമെന്നാണ് ബ്രിട്ടനിലെ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ഫോറന്‍സിക്‌സ് വിദഗ്ദ്ധന്‍ ജുനൈഡ് അലി റോയിട്ടേഴ്‌സിനോടു പറഞ്ഞത്.
യു.എസ് ആസ്ഥാനമായുള്ള ഇലക്ട്രോണിക് ഫ്രോണ്ടിയര്‍ ഫൗണ്ടേഷനിലെ സുരക്ഷാ ഗവേഷകന്‍ കൂപ്പര്‍ ക്വിന്റിന്‍ പറഞ്ഞത്, ഇങ്ങനെയൊരു നിര്‍ദ്ദേശത്തെക്കുറിച്ച് മറ്റൊരിടത്തും കേട്ടിട്ടില്ലെന്നാണ്. ‘വളരെ ഭയാനകമായ’ ഒന്ന് എന്നായിരുന്നു കൂപ്പര്‍ പ്രതികരിച്ചത്.
സെല്‍ഫോണ്‍ ഉപയോക്താക്കളുടെ സഞ്ചാരങ്ങളോ ഡാറ്റയോ മികച്ച രീതിയില്‍ ട്രാക്ക് ചെയ്യുന്നതിന് ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ പുതിയ വഴികള്‍ തേടാറുണ്ട്. റഷ്യയില്‍ എല്ലാ മൊബൈല്‍ ഫോണുകളിലും സര്‍ക്കാര്‍ പിന്തുണയുള്ള ഒരു കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈല്‍ വിപണിയാണ് ഇന്ത്യ. 2025-വരെയുള്ള കണക്കു പ്രകാരം 735ലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് രാജ്യത്തുള്ളത്, അതില്‍ 95% ല്‍ അധികവും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകളാണ്. ബാക്കിയുള്ളവ ആപ്പിളിന്റെ ഐഒഎസ് ആണെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് വ്യക്തമാക്കുന്നു.
ആപ്പിളിന്റെയും ഗൂഗിളിന്റെയും ലോബി ഗ്രൂപ്പായ ഐസിഇഎ, ജൂലൈ മാസത്തില്‍ എഴുതിയ കത്തില്‍, ടെലികോം ഗ്രൂപ്പിന്റെ നിര്‍ദ്ദേശത്തില്‍ നിയമപരവും, സ്വകാര്യതപരവും, ദേശീയ സുരക്ഷാപരവുമായ ആശങ്കകള്‍’ ഉണ്ടെന്ന കാര്യം എടുത്തു പറയുന്നുണ്ട്.
സൈനികര്‍, ജഡ്ജിമാര്‍, കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവുകള്‍, പത്രപ്രവര്‍ത്തകര്‍ എന്നിവരൊക്കെ അവരുടെ നിരീക്ഷണത്തിന്റെ കീഴില്‍ വരുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൊക്കേഷന്‍ ട്രാക്കിംഗ് അവരുടെ സുരക്ഷയ്ക്ക് അപകടമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്. കാരണം ഇത്തരം വ്യക്തികള്‍ നിര്‍ണായകമായ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണെന്നാണ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
പഴയ ലൊക്കേഷന്‍ ട്രാക്കിംഗ് രീതി മാറ്റണമെന്നായിരുന്നു ടെലികോം കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കാരണം, ആ രീതിയില്‍ ട്രാക്കിംഗിന് ശ്രമിച്ചാല്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ അവരുടെ ഉപയോക്താക്കള്‍ക്ക് ‘ലൊക്കേഷന്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്’ എന്ന് മുന്നറിയിപ്പ് സന്ദേശം നല്‍കുന്നുണ്ട്. അതുവഴി ഒരു ടാര്‍ഗെറ്റിന് സുരക്ഷാ ഏജന്‍സികള്‍ തന്നെ ട്രാക്ക് ചെയ്യുന്നുണ്ടെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുമെന്നായിരുന്നു ടെലികോം കമ്പനികള്‍ പറഞ്ഞത്. ഇത്തരത്തില്‍ സന്ദേശം അയക്കുന്ന പോപ്പ്-അപ്പ് ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഫോണ്‍ നിര്‍മ്മാതാക്കളോട് ഉത്തരവിടണമെന്നും കമ്പനികള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
എന്നാല്‍ ഇത്തരം അഭ്യര്‍ത്ഥനകള്‍ അംഗീകരിക്കരുതെന്നും സ്വകാര്യതയ്ക്ക് പരിഗണന നല്‍കി കൊണ്ട് പോപ്പ്-അപ്പുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ തയ്യാറാകരുതെന്നാണ് ആപ്പിളിന്റെയും ഗൂഗിളിന്റെയും ഗ്രൂപ്പ് ജൂലൈയില്‍ അയച്ച കത്തില്‍ സര്‍ക്കാരിനോട് വാദിച്ചത്.
കടപ്പാട്; റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടിന്റെ സ്വതന്ത്ര വിവര്‍ത്തനമാണ് അഴിമുഖം നല്‍കിയിരിക്കുന്നത്. റോയിട്ടേഴ്‌സിന്റെ ഒറിജനില്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം;
Content Summary: Apple, Google, Samsung oppose India’s phone surveillance proposal due to privacy, security concern