January 21, 2025 |

പ്രതീക്ഷയില്‍ നിന്നും നിരാശയിലേക്ക്; ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ യാത്ര

അധികാരത്തിലേറുമ്പോള്‍ കണ്ട ട്രൂഡോയെയല്ല, എല്ലാം അവസാനിപ്പിക്കുമ്പോള്‍ കാനഡ കാണുന്നത്‌

ലിബറല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് 2015 ല്‍ ആയിരുന്നു ജസ്റ്റിന്‍ ട്രൂഡോ എത്തുന്നത്. നാടകീയമായൊരു രാഷ്ട്രീയ പ്രവേശനം എന്നതിനെ വിളിക്കാം. കാരണം, ലേബര്‍ പാര്‍ട്ടി, ചരിത്രത്തിലെ തന്നെ അവരുടെ ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു. അവിടെ നിന്നാണ് ട്രൂഡോ പാര്‍ട്ടിയെ അധികാരത്തിലേക്ക് നയിച്ചത്. പ്രത്യാശ, മാറ്റം, പുരോഗമന മൂല്യങ്ങളുടെ സ്ഥാപനം എന്നീ വാഗ്ദാനങ്ങളിലൂന്നിയായിരുന്നു ട്രൂഡോ തന്റെ വളര്‍ച്ച കെട്ടിപടുത്തത്. ഫെമിനിസത്തോടുള്ള പ്രതിബദ്ധത, അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യല്‍, തദ്ദേശീയ ജനങ്ങളുമായുള്ള കാനഡയുടെ ബന്ധം പുനര്‍രൂപകല്‍പ്പന ചെയ്യുക എന്നീ വഴികളിലൂടെയും ട്രൂഡോ തന്റെ ജനപ്രിയത കൂട്ടി. കാനഡയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ട്രൂഡോയുടെ പ്രശസ്തി. യുവത്വത്തിന്റെ ആകര്‍ഷണീതയും, പുരോഗമന ആശയങ്ങളും, എല്ലാത്തിനെയും സ്വീകരിക്കാനുള്ള മനോനിലയുമക്കെ അദ്ദേഹത്തെ ഒരു ആഗോളതാരമാക്കി മാറ്റി.

ഒരു പതിറ്റാണ്ടോളം കാനഡയുടെ അധികാരം നിയന്ത്രിച്ചിരുന്ന ട്രൂഡോ ഒടുവില്‍, പിന്‍വാങ്ങുകയാണ്. തിങ്കളാഴ്ച്ചയാണ് ലേബര്‍ നേതൃത്വസ്ഥാനത്ത് നിന്ന് പിന്മാറുകയാണെന്ന് 53 കാരനായ ട്രൂഡോ പ്രഖ്യാപിച്ചത്. സ്വന്തം പാര്‍ട്ടിയില്‍ നടക്കുന്ന ആഭ്യന്തര ലഹളകളും, അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ തനിക്ക് വിജയസാധ്യതയുണ്ടാകില്ലെന്ന തിരിച്ചറിവുമാണ് ട്രൂഡോയുടെ തീരുമാനത്തിന് പിന്നില്‍. സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ മാസങ്ങളായി ട്രൂഡോ വലിയ സമ്മര്‍ദ്ദം നേരിടുകയായിരുന്നു. അതിനേക്കാള്‍ ഗൗരവമായിരുന്നു, രാജ്യത്തെ സാമ്പത്തി പ്രതിസന്ധി ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കിയ കാനഡേയിന്‍ പൗരന്മാരുടെ പ്രതിഷേധം.

തന്റെ ഭാവിയെ സംബന്ധിച്ച തീരുമാനം പൊതുജനസമക്ഷം പ്രഖ്യാപിക്കുന്നതിനു മുമ്പായി, ട്രൂഡോ തന്റെ കുട്ടികളോട് സംസാരിച്ചിരുന്നു. ‘ എനിക്ക് ഈ തീരുമാനം എടുക്കേണ്ടി വന്നൂ’ എന്നായിരുന്നു കുട്ടികളോട് അദ്ദേഹം പറഞ്ഞത്. ” വരുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ കരുത്തനും പൊതുസമ്മതനുമായൊരു നേതാവിനെ കനേഡിയന്‍ ജനത അര്‍ഹിക്കുന്നുണ്ട്. എന്റെ പാര്‍ട്ടിക്കുള്ളില്‍ തന്നെ എനിക്ക് പൊരുതേണ്ട അവസ്ഥയാണെങ്കില്‍, ഞാന്‍ ഒരിക്കലും അവര്‍ക്കു മുന്നില്‍ മികച്ചൊരു സാധ്യത ആയിരിക്കില്ല’ എന്നാണ് ട്രൂഡോ നിലപാട് എടുത്തത്.

വളര്‍ച്ചയും പരിഷ്‌കരണങ്ങളും
അധികാരത്തിലേക്കുള്ള ട്രൂഡോയുടെ യാത്ര അസാധാരണമായ ഒന്നായിരുന്നില്ല. 2015-ല്‍, പാര്‍ട്ടി നേതൃത്വത്തിലെത്തിയ ട്രൂഡോ, ലിംഗസമത്വം, സാമൂഹിക നീതി, പരിസ്ഥിതിവാദം എന്നീ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടൊരു ജനകീയാടിത്തറ ഉണ്ടാക്കിയെടുക്കുകയും, അതുപയോഗിച്ച് മൂന്നാം സ്ഥാനത്തായിരുന്ന ലിബറല്‍ പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. പ്രധാനമന്ത്രി എന്ന നിലയില്‍ കൈയടിയ നേടിയ ആദ്യ പരിഷ്‌കരണം കാനഡയിലെ ആദ്യത്തെ ലിംഗ-സന്തുലിത മന്ത്രിസഭയുടെ രൂപീകരണമായിരുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളാനും വൈവിദ്ധ്യങ്ങള്‍ അംഗീകരിക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ആഗോള സ്വാകാര്യത നേടി. കാനഡയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെ പ്രിയങ്കരനായി ട്രൂഡോ മാറി. 2016ല്‍ ജപ്പാനില്‍ നടന്ന ജി-7 പോലുള്ള അന്താരാഷ്ട്ര ഉച്ചകോടികളില്‍ ഒരു ആഗോള നേതാവെന്ന പ്രതിച്ഛായ ട്രൂഡോയ്ക്ക് കിട്ടി. സുഹൃത്തക്കളായ രാജ്യത്തലവന്മാരുമായുള്ള സെല്‍ഫിയെടുക്കലും, വിനയത്തോടെയുള്ള പെരുമാറ്റവും ലാളിത്യമാര്‍ന്ന ശീലങ്ങളുമെല്ലാം അദ്ദേഹത്തെ പൊതുജനങ്ങള്‍ക്ക് പ്രിയങ്കരനാക്കി.

Post Thumbnail
ലഹരി കേസിൽ കുടുങ്ങി ബൈഡന്റെ മകൻവായിക്കുക

Justin Trudeau

മരിജുവാന നിയമവിധേയമാക്കല്‍, ശിശുസംരക്ഷണ പദ്ധതികളുടെ വിപുലീകരണം, ലിംഗസമത്വവും എല്‍ജിബിടിക്യൂ അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സുപ്രധാന പരിഷ്‌കാരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ട്രൂഡോയുടെ നയങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍, കാനഡയെ ഒരു പുരോഗമന ശക്തിയാക്കി മാറ്റി. അഭയാര്‍ത്ഥി കാര്യങ്ങളില്‍ ഉള്‍പ്പെടെ ആദ്യ ടേമിലെ ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ നിലപാടുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ട്രൂഡോയുടെ കാനഡയുടെ തീരുമാനങ്ങള്‍. 25,000 സിറിയന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന്റെ തീരുമാനവും കാലാവസ്ഥാ പ്രവര്‍ത്തനത്തിനും വൈവിധ്യത്തിനും വേണ്ടിയുള്ള ശബ്ദമുയര്‍ത്തലും കാനഡയുടെ ലിബറല്‍ സ്വത്വത്തെ ശക്തിപ്പെടുത്താന്‍ സഹായിച്ചു.

ഇടിഞ്ഞ ജനപ്രീതിയും സാമ്പത്തിക പ്രതിസന്ധികളും
തുടക്കം കാലത്തെ നേട്ടങ്ങള്‍ തുടര്‍ന്നു കൊണ്ടു പോകാന്‍ കഴിഞ്ഞില്ലെന്നതാണ് ട്രൂഡോയുടെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം. സമീപ വര്‍ഷങ്ങളില്‍ ട്രൂഡോയുടെ ജനപ്രീതി വലിയ തോതില്‍ ഇടിഞ്ഞു. 2025 ല്‍ എത്തിയപ്പോഴേക്കും സര്‍ക്കാര്‍ പല വിധ ആരോപണങ്ങളില്‍ കുടുങ്ങി. ‘ബ്ലാക്ക്‌ഫേസ്’ വിവാദവും ഡബ്ല്യുഇ ചാരിറ്റി അഴിമതിയും ഉള്‍പ്പെടെ നിരവധി അഴിമതികള്‍ ഉയര്‍ന്നു വന്നു. ഇത് അദ്ദേഹത്തിന്റെ നേതൃത്വത്തിന്മേലുണ്ടായിരുന്ന പൊതുജന വിശ്വാസത്തെ കൂടുതല്‍ ഇല്ലാതാക്കി. കൂടാതെ, ട്രൂഡോ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍-പ്രത്യേകിച്ച് തദ്ദേശീയ അനുരഞ്ജനം, കാലാവസ്ഥാ വ്യതിയാനം, തിരഞ്ഞെടുപ്പ് പരിഷ്‌കരണം- എന്നിവയില്‍ ജനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണങ്ങള്‍ മാത്രമാണ് ലഭിച്ചത്.

കാനഡക്കാര്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളാണ് വര്‍ദ്ധിച്ചുവരുന്ന അസംതൃപ്തിക്ക് പ്രധാന കാരണമായത്. പാര്‍പ്പിട നികുതികള്‍ കുതിച്ചുയര്‍ന്നു, പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം താങ്ങാനാകാത്ത അവസ്ഥയിലായി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍, അമേരിക്കയില്‍ നിന്നുള്ള ചുങ്കം ചുമത്തലുകള്‍ പോലുള്ള ഭീഷണികളോടെ കൂടുതല്‍ വഷളായി. ഈ സുപ്രധാന പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതില്‍ ഉണ്ടായ വീഴ്ച്ച ട്രൂഡോയുടെ ജനപ്രീതിയില്‍ ഗണ്യമായ ഇടിവുണ്ടാക്കി. ചില സര്‍വേകള്‍ സൂചിപ്പിക്കുന്നത്, ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ പിയറി പൊയിലേവറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണ്.

ലിബറല്‍ പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍
മാസങ്ങളോളം നീണ്ട പാര്‍ട്ടിയിലെ ആഭ്യന്തര കലഹങ്ങള്‍ക്കൊടുവിലാണ് സ്ഥാനമൊഴിയാനുള്ള ട്രൂഡോയുടെ തീരുമാനം. ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പ്രതിഷേധ സൂചകമായി നേരത്തെ രാജിവച്ചിരുന്നു. ഈ നീക്കങ്ങള്‍ ട്രൂഡോയുടെ സ്ഥാനം കൂടുതല്‍ ദുര്‍ബലമാക്കി. ഇതിനിടയിലാണ്, പ്രതിപക്ഷത്തുള്ള ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) നേതാവ് ജഗ്മീത് സിംഗ് പാര്‍ലമെന്റില്‍ ട്രൂഡോയ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തിയത്. ഇത് ട്രൂഡോയ്ക്കു മേലുള്ള ഭീഷണിക്ക് ആക്കം കൂട്ടി.

Justin Trudeau-liberal party

തനിക്കെതിരേയുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴും രാജി എന്ന ആവശ്യത്തോട് ഇടഞ്ഞു നില്‍ക്കുകയായിരുന്നു ട്രൂഡോ തുടക്കത്തില്‍ ചെയ്തത്. കാനഡയെക്കുറിച്ച് തനിക്ക് ഇപ്പോഴും ഒരു കാഴ്ചപ്പാടുണ്ടെന്ന വാദവുമായി നില്‍ക്കുകയായിരുന്നു. പക്ഷേ, രാഷ്ട്രീയ മണ്ഡലം ട്രൂഡോയ്‌ക്കെതിരായി തിരിഞ്ഞിരുന്നു. പൊതു തിരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി കനത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന തിരിച്ചറിവും, വരുന്ന പോരാട്ടത്തില്‍ തനിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന ബോധ്യവും ട്രൂഡോയെ ദുര്‍ബലനാക്കി.

Post Thumbnail
കുടിയേറ്റ തൊഴിലാളി ചൂഷണം; കാനഡയില്‍ നടക്കുന്നത് ആധുനിക അടിമത്തംവായിക്കുക

എനിക്കിത് നേരത്തെ ചെയ്യാമായിരുന്നു, പക്ഷേ അതല്ല എന്റെ രീതി. എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ടായിരുന്നു, ഇപ്പോള്‍ ഒരു മാറ്റം ആവശ്യമായി വന്നിരിക്കുന്നുവെന്നാണ് ട്രൂഡോ നിലപാട് പറയുന്നത്.

ദുര്‍ബലമാകുന്ന ലിബറലുകള്‍
ട്രൂഡോ പിന്മാറുമ്പോള്‍ കുഴപ്പത്തിലാകുന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയാണ്. നേതൃത്വ പ്രതിസന്ധിയെ പാര്‍ട്ടിയെ ദുര്‍ബലമാക്കും. ലിബറല്‍ പാര്‍ട്ടിയിലെ ഒരു യുഗത്തിന്റെ അവസാനമാണ് ട്രൂഡോയുടെ രാജി. പാര്‍ട്ടിയില്‍ എന്താണ് അവശേഷിക്കുന്നതെന്നും പഴയ ശക്തി വീണ്ടെടുക്കാന്‍ കഴിയുമോയെന്നുമാണ് ലിബറലുകളോട് കാനഡക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ‘ട്രൂഡോ സ്വന്തം പ്രതിച്ഛായയില്‍ പാര്‍ട്ടി കെട്ടിപ്പടുത്തു, എന്നാല്‍ ഇപ്പോള്‍ അതില്‍ എന്താണ് അവശേഷിക്കുന്നതെന്ന് വ്യക്തമല്ല,’ ഡല്‍ഹൗസി സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റായ ലോറി ടേണ്‍ബുള്‍ പറയുന്നു. പിയറി പൊയിലേവര്‍ നയിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ വിജയിക്കുമെന്നാണ് സര്‍വേകള്‍ സ്ഥിരമായി സൂചിപ്പിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പവും അമേരിക്കയുമായുണ്ടായേക്കാവുന്ന വ്യാപാര തര്‍ക്കവും കാനഡയെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കിയത് രാഷ്ട്രീയ പ്രക്ഷുബ്ധതയും രൂക്ഷമാക്കി. സാമ്പത്തിക വെല്ലുവിളികളും നികുതി ഭാരങ്ങളും ജീവിതച്ചെലവുകളും ഉണ്ടാക്കുന്ന ആശങ്കകള്‍ കൂടിച്ചേര്‍ന്ന് പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിനെതിരേ അസ്വാസ്ഥ്യകള്‍ സൃഷ്ടിച്ചു.

ഒരു ധ്രുവീകരണ ചിത്രം
അധികാരത്തില്‍ നിന്നൊഴിഞ്ഞാലും, കനേഡിയന്‍ രാഷ്ട്രീയത്തില്‍ ആഴത്തില്‍ ധ്രുവീകരണം സൃഷ്ടിച്ച ഒരു നേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രസക്തി മായുന്നില്ല. അദ്ദേഹത്തിന്റെ പുരോഗമന നയങ്ങളെയും, ഉള്‍ക്കൊള്ളലിന്റെതായ കാഴ്ചപ്പാടുകളെയും അഭിനന്ദനങ്ങള്‍ നേടിയെങ്കിലും, പ്രധാന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടത് ജനത്തെ നിരാശരാക്കി. പ്രത്യേകിച്ചും സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനും തദ്ദേശിയ ജനതയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉണ്ടായ പരാജയം. നാനോസ് റിസര്‍ച്ചിലെ നിക്ക് നാനോസ്, ട്രൂഡോയുടെ രാഷ്ട്രീയ തകര്‍ച്ച, ഫ്രാന്‍സിന്റെ ഇമ്മാനുവല്‍ മാക്രോണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവരോട് ബന്ധപ്പെടുത്തിയാണ് വിശകലനം ചെയ്യുന്നത്. ‘ആളുകള്‍ ആരെയെങ്കിലും ശിക്ഷിക്കാന്‍ നോക്കുന്നു, ട്രൂഡോ, നിലവിലെ പ്രധാനമന്ത്രി എന്ന നിലയില്‍, ജനസംഖ്യയിലെ ഒരു പ്രധാന ഭാഗത്തിന്റെ ലക്ഷ്യമായി മാറിയിരിക്കുന്നു’ എന്നാണ് നാനോസ് പറയുന്നത്.

justin trudeau-parliament

വിജയങ്ങളും നഷ്ടങ്ങളും
തിരിഞ്ഞുനോക്കുമ്പോള്‍, പുരോഗമന നേട്ടങ്ങളുടെയും പൂര്‍ത്തീകരിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെയും ഒരു മിശ്രിതമാണ് ട്രൂഡോയുടെ പാരമ്പര്യം. ഒരു വശത്ത്, കനേഡിയന്‍ രാഷ്ട്രീയത്തെ നവീകരിക്കാനും ലിംഗസമത്വം, അഭയാര്‍ത്ഥി അവകാശങ്ങള്‍, പരിസ്ഥിതി നയങ്ങള്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകാനും അദ്ദേഹം നേതൃത്വം നല്‍കി. മറുവശത്ത്, തന്റെ ഏറ്റവും അഭിലഷണീയമായ ചില ലക്ഷ്യങ്ങള്‍ക്കനുസൃതമായി മുന്നോട്ടു പോകുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു, പ്രത്യേകിച്ച് തദ്ദേശീയ അനുരഞ്ജനത്തിനും കാലാവസ്ഥാ പ്രവര്‍ത്തനത്തിനും ആവശ്യമായിരുന്ന ലക്ഷ്യങ്ങളില്‍. ഇക്കാര്യങ്ങള്‍ ട്രൂഡോയുടെ പാരമ്പര്യത്തില്‍ നിഴല്‍ വീഴ്ത്തിയേക്കാം.

‘ലിംഗ സമത്വം, കുടിയേറ്റം, സാമൂഹിക അവകാശങ്ങള്‍ എന്നിവയില്‍ കാനഡയെ കൂടുതല്‍ പുരോഗമനപരമാക്കാന്‍ അദ്ദേഹം സഹായിച്ചു,’ ടൊറന്റോ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്റിസ്റ്റ് സെമ്ര സേവി പറയുന്നു. ‘എന്നാല്‍ അദ്ദേഹത്തിന്റെ പാരമ്പര്യം വിജയങ്ങളുടെയും നഷ്ടമായ അവസരങ്ങളുടെയും സന്തുലിതമായിരിക്കും’ സേവിയുടെ വാക്കുകള്‍. യുവാക്കളുടെ ശുഭാപ്തിവിശ്വാസം, ധീരമായ വാഗ്ദാനങ്ങള്‍, രാഷ്ട്രീയ തെറ്റിദ്ധാരണകള്‍ എന്നിവയാല്‍ അടയാളപ്പെടുത്തുന്നതാണ് ജസ്റ്റിന്‍ ട്രൂഡോയുടെ രാഷ്ട്രീയ ജീവിതം. അത് അവസാനിക്കുന്നതാകട്ടെ നിരാശയുടെ ഒരു കുറിപ്പിലും. കാനഡ അതിന്റെ ഭാവി നേതൃത്വത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍, തന്റെ എല്ലാ പുരോഗമന ആശയങ്ങള്‍ക്കും, തന്റെ അധികാരത്തിലെ അവസാന വര്‍ഷങ്ങളെ നിര്‍വചിച്ച സാമ്പത്തിക വെല്ലുവിളികളെയും ആഭ്യന്തര വിഭജനങ്ങളെയും മറികടക്കാന്‍ കഴിയാത്ത ഒരു നേതാവായാണ് ട്രൂഡോയെ ഇപ്പോള്‍ രാജ്യം കണക്കാക്കുന്നത്.

×