രാജ്യത്തെ ഇളക്കി മറിച്ച ‘വോട്ടര്‍ അധികാര്‍ യാത്ര’യ്ക്ക് ഇന്നു പരിസമാപ്തി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആര്‍ജെഡിയുടെ തേജസ്വി യാദവ്, മറ്റ് മഹാഗത്ബന്ധന്‍ നേതാക്കള്‍ എന്നിവര്‍ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് തിങ്കളാഴ്ച പട്നയില്‍ കാല്‍നടയാത്ര നടത്തും. ഏകദേശം 1300 കിലോമീറ്റര്‍ സഞ്ചരിച്ച് 110 ലധികം നിയമസഭാ മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച വോട്ടര്‍ അധികാര്‍ യാത്ര ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ പ്രതിപക്ഷത്തിന്റെ ഏറ്റവും ശക്തമായ പ്രചാരണമായിരുന്നു. ബിഹാറില്‍ മാത്രമല്ല, ഇന്ത്യയിലാകെ പ്രതിപക്ഷത്തിന്റെ പിന്തുണയേറാന്‍ ഇതിലൂടെയായി.
ദശലക്ഷക്കണക്കിന് ആളുകളെ സ്പര്‍ശിച്ച ഒരു യാത്രയ്ക്ക് ഉചിതമായ പര്യവസാനം നല്‍കിക്കൊണ്ട്, പട്‌നയിലെ ഗാന്ധി മൈതാനം മുതല്‍ ഡോ. ഭീം റാവു അംബേദ്കര്‍ പ്രതിമ, അംബേദ്കര്‍ പാര്‍ക്ക് വരെ നടക്കുന്ന വമ്പിച്ച കാല്‍നട ജാഥയോടെ വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കും എന്നാണ് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എക്സില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, സിപിഐ-എംഎല്ലിലെ ദീപങ്കര്‍ ഭട്ടാചാര്യ, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ മുകേഷ് സഹാനി എന്നിവര്‍ വോട്ടര്‍ അധികാര്‍ യാത്രയിലുടനീളം തുറന്ന ജീപ്പില്‍ ഒരുമിച്ചായിരുന്നു സഞ്ചരിച്ചത്. പ്രതിപക്ഷം ഐക്യം പ്രകടിപ്പിക്കുന്നതിലുപരി, സംസ്ഥാനത്തിന്റെ വിവിധ കോണുകളില്‍ ‘വോട്ട് ചോറി’ സന്ദേശം എത്തിക്കാനും ഈ സംഘത്തിന് കഴിഞ്ഞു. ബിഹാറില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് ചോറിയുടെ പ്രകമ്പനം ഉണ്ടായിട്ടുണ്ട്.
ബിഹാറിലെ 25 ജില്ലകളിലും രാഹുല്‍ ഗാന്ധിയും സംഘവും യാത്ര ചെയ്ത് എത്തിയിരുന്നു. ‘വോട്ട് ചോര്‍, ഗഡ്ഡി ചോര്‍’ എന്ന മുദ്രാവാക്യങ്ങള്‍ യാത്രയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. നേതാക്കള്‍ ദിവസേന വിവിധ സ്ഥലങ്ങളില്‍ അവര്‍ നടത്തിയ പ്രസംഗങ്ങളിലൂടെ തങ്ങളുടെ യാത്രയുടെ ഉദ്ദേശം ജനങ്ങളെ ബോധിപ്പിച്ചു കൊണ്ടിരുന്നു. ‘ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണം (SIR) വഴി തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തുചേരുന്നു വോട്ടുകള്‍ മോഷ്ടിക്കുകയാണ്’ എന്നായിരുന്നു നേതാക്കള്‍ ആരോപിച്ചു കൊണ്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധി, തേജസ്വി യാദവ്, മറ്റ് മഹാഗത്ബന്ധന്‍ നേതാക്കള്‍ എന്നിവര്‍ നയിച്ച വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് ബിഹാറിലെ ജനങ്ങള്‍ അഭൂതപൂര്‍വ്വമായ പിന്തുണയാണ് നല്‍കിയതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ സംസ്ഥാനത്തെ ജനങ്ങള്‍, അവരുടെ ഏകപ്രതീക്ഷയായി കണ്ടിരുന്ന വോട്ട് അവകാശം പോലും മോഷ്ടിക്കപ്പെടുകയാണോ എന്നു ഭയപ്പെട്ടിരുന്നു. അവരുടെ ഉള്ളിലെ ഭയത്തിന് ആശ്വാസം ആവശ്യമായിരുന്നു, എസ്ഐആറിന്റെ പേരില്‍ ജനാധിപത്യത്തിന്റെ നഗ്‌നമായ തകര്‍ച്ചയ്ക്കെതിരായ പ്രതീക്ഷയുടെ ഒരു കിരണമായിട്ടാണ് വോട്ടര്‍ അധികാര്‍ യാത്ര കടന്നുവന്നത് എന്നായിരുന്നു കെസി വേണുഗോപാല്‍ എംപി പറഞ്ഞത്.
25 ജില്ലകളിലായി, 110-ലധികം നിയമസഭാ മണ്ഡലങ്ങള്‍ സന്ദര്‍ശിച്ച്, 1300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച ഈ യാത്ര, ബിഹാറിന്റെ സമ്പന്നമായ ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പ്രതിപക്ഷം, പ്രത്യേകിച്ച കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഏറ്റവും ശക്തവും സ്വാധീനം ചെലുത്തുന്നതുമായ പ്രചാരണവും പ്രതിഷേധവുമാണ് വോട്ടര്‍ അധികാര്‍ യാത്ര. കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും വിറളി പിടിപ്പിക്കാന്‍ രാഹുലിന്റെയും സംഘത്തിന്റെയും യാത്രയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മറുഭാഗത്തുള്ളവരില്‍ നിന്നുണ്ടായ പ്രതികരണങ്ങള്‍ അതിന് തെളിവാണ്. പല വിവാദങ്ങളും യാത്രയ്ക്കിടയില്‍ ഉണ്ടാവുകയും ചെയ്തു. യാത്ര ദര്‍ഭംഗയില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക വാദ്രയും ആര്‍ജെഡി നേതാവ് തേജസ്വി യാദവും മുസാഫര്‍പൂരിലേക്ക് മോട്ടോര്‍ സൈക്കിളുകളില്‍ പോയത് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദര്‍ഭംഗ പട്ടണത്തിലെ യാത്രയ്ക്കിടെ ഒരു വേദിയില്‍ പ്രതിപക്ഷ നേതാക്കള്‍ മോദിക്കെതിരെ ഹിന്ദിയില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതായി പറഞ്ഞ് ബിജെപി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പാട്‌നയില്‍ ഇതിന്റെ ഭാഗമായി പ്രതിഷേധ റാലി നടത്തുകയും ഒടുവില്‍ ബിജെപി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
പട്‌നയിലെ പരിസമാപ്തിക്ക് മുന്നോടിയായി യാത്രയുടെ മൂന്നാം ഘട്ടത്തിന്റെ അവസാന ദിവസം, രാഹുല്‍ ഗാന്ധി വോട്ടര്‍ അധികാര്‍ യാത്രയെ വിശേഷിപ്പിച്ചത്, ബിഹാറില്‍ ആരംഭിച്ച ഒരു ‘വിപ്ലവം’ ആണെന്നാണ്. തിരഞ്ഞെടുപ്പുകളില്‍ ‘ഒരു വോട്ട് പോലും മോഷ്ടിക്കപ്പെടുന്നില്ല’ എന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യമാണ് യാത്രയ്ക്കുള്ളതെന്നും, ഈ സന്ദേശം രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ് ലക്ഷ്യമെന്നും ലോക്‌സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു.
വിപ്ലവങ്ങള്‍ നടന്ന നാടാണ് ബിഹാര്‍. വോട്ടര്‍ അധികാര്‍ യാത്രയ്ക്കുള്ള പ്രതികരണം ബിഹാറില്‍ നിന്ന് മറ്റൊരു വിപ്ലവം ആരംഭിച്ചുവെന്ന് തെളിയിച്ചു. വരും ദിവസങ്ങളില്‍, ഇത് മുഴുവന്‍ രാജ്യത്തെയും വലയം ചെയ്യും എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.
‘ഓര്‍ക്കുക, നിങ്ങളുടെ വോട്ട് മോഷ്ടിക്കപ്പെട്ടാല്‍, നിങ്ങളുടെ ഭാവി തന്നെ അപഹരിക്കപ്പെടും. നിങ്ങളുടെ വോട്ടവകാശം ഭരണഘടന നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്, മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറുടെയും ആദര്‍ശങ്ങളുടെ മൂര്‍ത്തീഭാവമാണിത്. നമ്മള്‍ അത് സംരക്ഷിക്കണം,’; യാത്രയിലുടനീളം രാഹുല്‍ ഉയര്‍ത്തിയ ആഹ്വാനമാണിത്.
ഓഗസ്റ്റ് 17 ന് സസാരത്തില്‍ നിന്ന് ആരംഭിച്ച് വോട്ടര്‍ അധികാര്‍ യാത്ര, ഔറംഗബാദ്, ഗയാ ജി, നവാഡ, നളന്ദ, ലഖിസരായി, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, അരാരിയ, സുപൗള്‍, മധുബനി, ദര്‍ഭംഗ, സിതാമര്‍ഹി, ഈസ്റ്റ് ചമ്പാരന്‍, വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, അവാന്‍, ഛപ്ര എന്നീ മേഖലകള്‍ കടന്നാണ് പാട്‌നയില്‍ അവസാനിക്കുന്നത്. Rahul Gandhi lead Voter Adhikar Yatra to conclude today in Patna, Bihar
Content Summary; Rahul Gandhi lead Voter Adhikar Yatra to conclude today in Patna, Bihar
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.