നാല്‍പ്പത് ദിവസം മുമ്പ് രാഹുല്‍ ഗാന്ധി നടത്തിയതുപോലെ, രാജ്യത്തെയും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെയും പിടിച്ചുലച്ച ഒരു പത്രസമ്മേളനം സമീപകാലത്ത് ഉണ്ടായിട്ടില്ല. അത് പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി, ഒരു നേതാവ് പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിച്ച്, സൂക്ഷ്മമായി തയ്യാറാക്കിയ ഒരു വീഡിയോ പ്രസന്റേഷനിലൂടെയാണ് പത്രസമ്മേളനത്തില്‍ തന്റെ വാദം അവതരിപ്പിച്ചത്.
ആ ചരിത്ര നിമിഷം ”വോട്ട് മോഷണ” വെളിപ്പെടുത്തലായി രാജ്യമെങ്ങും തരംഗം സൃഷ്ടിച്ചപ്പോള്‍, ഇന്ന് 2025 സെപ്റ്റംബര്‍ 18ന് അതിന്റെ തുടര്‍ച്ചയായി തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നതിന്റെ സ്‌ഫോടനാത്മകമായ പുതിയ തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടിരിക്കുകയാണ്.
രാഹുല്‍ ഗാന്ധി വെറുതെ സംസാരിക്കുകയായിരുന്നില്ല. വ്യക്തമായ തെളിവുകളോടെ സത്യം വെളിപ്പെടുത്തി, നീതികേടുകള്‍ തുറന്നുകാട്ടി, തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ട് വെല്ലുവിളിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കിലും തെളിവുകളുടെ സൂക്ഷ്മതയും സത്യത്തിന്റെ മൂര്‍ച്ചയും വ്യക്തമായി പ്രകടമായിരുന്നു.
നമ്മുടെ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമങ്ങളെ ചോദ്യം ചെയ്യാന്‍ ധാര്‍മ്മികവും രാഷ്ട്രീയവുമായ ഉണര്‍വ് പകരുന്ന നീക്കമായിരുന്നു രാഹുല്‍ ഗാന്ധിയുടേത്.
Also Read: ബിജെപിയുടെ വോട്ട് മോഷണം : രാഹുല്‍ ഗാന്ധിയുടെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’
ഇത്തവണ വ്യാജ വോട്ടുകള്‍ ചേര്‍ത്തതിന്റെ മാത്രമല്ല, രാജ്യത്തുടനീളം വ്യാപകമായി വ്യവസ്ഥാപിതമായി വോട്ടര്‍മാരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതിന്റെ തെളിവുകളാണ് അദ്ദേഹം രാജ്യത്തിന് മുന്നില്‍ വെച്ചത്.
കേന്ദ്രീകൃതവും സോഫ്റ്റ്വെയര്‍ നിയന്ത്രിതവുമായ രീതിയിലാണ് വോട്ടര്‍മാരെ ഇല്ലാതാക്കല്‍ നടന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക സംസ്ഥാനത്തിന് പുറത്തുനിന്നുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് വ്യാജ അപേക്ഷകള്‍ സമര്‍പ്പിച്ചും, കര്‍ണാടകയിലെ അലന്‍ഡ് നിയമസഭാ മണ്ഡലത്തിലെ 6,018 വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതും വ്യക്തമായ തെളിവുകളോടെ അദ്ദേഹം പ്രസ് മീറ്റില്‍ അവതരിപ്പിച്ചു. രാജ്യത്തുടനീളം ഇത്തരത്തില്‍ ദശലക്ഷക്കണക്കിന് വോട്ടര്‍മാരെയാണ് നീക്കം ചെയ്തിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ മൗനത്തിനെതിരെയുള്ള വെല്ലുവിളി
ഇന്ത്യയുടെ ജനാധിപത്യ ഘടനയുടെ നട്ടെല്ലായ ദളിതര്‍, ഗോത്രവര്‍ഗക്കാര്‍, ന്യൂനപക്ഷങ്ങള്‍, ഒബിസികള്‍ എന്നിവരാണ് ഇതിലൂടെ ലക്ഷ്യമാക്കപ്പെട്ടത്. അധികാരത്തെ വെല്ലുവിളിക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ഗൂഢശ്രമങ്ങളാണിതിലൂടെ പുറത്തുവന്നിരിക്കുന്നത്.
വ്യാജ ലോഗിന്‍, കൃത്രിമമായി ഇല്ലാതാക്കല്‍, മിനിറ്റുകള്‍ക്കുള്ളില്‍ ഒരേ ഐഡന്റിറ്റി ഉപയോഗിച്ച് പന്ത്രണ്ടോളം ഇല്ലാതാക്കല്‍ ഫോമുകള്‍ സമര്‍പ്പിക്കല്‍ ഇത്തരത്തിലുള്ള എല്ലാ സംഭവങ്ങള്‍ക്കും തെളിവുകള്‍ രാഹുല്‍ ഗാന്ധി ഹാജരാക്കി. പ്രതിപക്ഷ വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് മായ്ച്ചുകളയാനുള്ള കേന്ദ്രീകൃത ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഈ വിഷയത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യം രാഹുല്‍ ഗാന്ധി ഉന്നയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്തുകൊണ്ട് ഇത്രയും ഗുരുതരമായ വിഷയത്തില്‍ നിശ്ശബ്ദത പാലിക്കുന്നു?
കര്‍ണാടക സിഐഡി 18 മാസങ്ങളിലായി 18 തവണ ഔദ്യോഗികമായി വിശദീകരണം ആവശ്യപ്പെട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കാന്‍ വിസമ്മതിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ”ജനാധിപത്യത്തിന്റെ കൊലയാളികളെ സംരക്ഷിക്കുകയാണ്”.
ഇത് ഒരു രാഷ്ട്രീയ ആരോപണത്തിന് അതീതമാണ്. അദ്ദേഹം പുറത്തുകൊണ്ടുവന്ന സത്യങ്ങള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയ്ക്കുതന്നെ വെല്ലുവിളിയാണ്. തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പാണെങ്കില്‍, വോട്ടര്‍ പട്ടികയില്‍ കൃത്രിമം വരുത്തുന്നത് ജനാധിപത്യത്തിന് ഹൃദയാഘാതം വരുത്താനുള്ള ശ്രമമാണ്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ രാഹുല്‍ ഗാന്ധി ഒരു ആഴ്ചക്കാലം സമയം നല്‍കിയിരിക്കുകയാണ്. അതിനുശേഷവും നടപടിയൊന്നും ഉണ്ടായില്ലെങ്കില്‍, നിയമ നടപടികള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
ഈ വെളിപ്പെടുത്തലിന്റെ രാഷ്ട്രീയ പ്രത്യാഘാതം വളരെ വ്യാപകമായിരിക്കുമെന്നാണ് സൂചന. ചില സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ അന്വേഷണ ആവശ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും മാധ്യമങ്ങളും വിദഗ്ധരും തെളിവുകള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
രാഹുല്‍ ഗാന്ധിയുടെ പുതിയ നീക്കങ്ങള്‍ വെറും പാര്‍ട്ടി രാഷ്ട്രീയത്തിന്റെ ഭാഗമല്ല. അദ്ദേഹം മുന്നോട്ടുവച്ച തെളിവുകളും, അത് അവതരിപ്പിച്ച രീതിയും, ”രാഷ്ട്രീയം പഴയ വഴികളില്‍ കുടുങ്ങി നില്‍ക്കേണ്ടതില്ല; സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനാധിപത്യത്തെ സംരക്ഷിക്കണം” എന്ന ശക്തമായ സന്ദേശമാണ് നല്‍കുന്നത്.
ദൃഢമായ തെളിവുകള്‍ സഹിതം രാഷ്ട്രത്തെ അഭിമുഖീകരിച്ചപ്പോള്‍, ജനങ്ങള്‍ അദ്ദേഹത്തില്‍ കണ്ടത് ഒരു ജനാധിപത്യ സംരക്ഷകനെയും ധീരനായ ദേശീയ നേതാവിനെയുമാണ്. ഇനി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കായി രാജ്യം കാത്തിരിക്കുകയാണ്.

Rahul Gandhi vote chori
”ഇതുവരെ കണ്ടതിലേറ്റവും വലിയ ‘ഹൈഡ്രജന്‍ ബോംബ്’ ഇപ്പോഴും വരാനിരിക്കുന്നതാണ്” എന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
2018 മുതൽ 2025 വരെ
ഇന്നത്തെ സംഭവങ്ങളെ കുറിച്ച് എഴുതുമ്പോള്‍, എനിക്ക് ഓര്‍മ്മവന്നത് ഏഴ് വര്‍ഷം മുമ്പ് (2018) ബഹ്റൈനില്‍ നടന്ന GOPIO (Global Organization of People of Indian Origin) സമ്മേളനമാണ്.
അന്ന്, ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ (AICC) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള രാഹുല്‍ ഗാന്ധിയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു അത്. ഒരു തുറന്ന സദസ്സില്‍, ഈ ലേഖകന്‍ അദ്ദേഹത്തോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു:
”Indian politics continues to move along the same traditional patterns without getting updated. What can Congress do to innovate Indian politics?’
(ഇന്ത്യന്‍ രാഷ്ട്രീയം പുതുമ കൈവരിക്കാതെ പരമ്പരാഗതമായ രീതികളില്‍ തന്നെ തുടരുന്നു, രാഷ്ട്രീയത്തെ നവീകരിക്കാന്‍ കോണ്‍ഗ്രസിന് എന്ത് ചെയ്യാന്‍ കഴിയും?)
അന്ന് രാഹുല്‍ ഗാന്ധി അതിന് നല്‍കിയ മറുപടി വളരെ ലാളിത്യത്തോടെയും ആത്മവിശ്വാസത്തോടെയും നിറഞ്ഞതായിരുന്നു:
”Give us time . We will update Congress in tune with the change.’
(സമയം തരൂ. മാറ്റത്തിനനുസരിച്ച് ഞങ്ങള്‍ കോണ്‍ഗ്രസിനെ പുതുക്കിക്കൊണ്ടുവരും.)
ആ മറുപടി കേട്ടപ്പോള്‍ മുഴുവന്‍ ഹാളും കൈയ്യടി മുഴക്കി. അത് കേവലം ഒരു വാഗ്ദാനമെന്നോ ഒരു വാചകമെന്നോ തോന്നിയിരുന്നേക്കാം. എന്നാല്‍ ഇന്ന്, 2025-ലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സമീപനവും സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുകളും നോക്കുമ്പോള്‍, ആ വാക്കുകള്‍ ഒരു ദീര്‍ഘകാല പ്രതിബദ്ധതയുടെ തുടക്കമായിരുന്നു എന്ന് വ്യക്തമാണ്.
അന്ന് പറഞ്ഞ ”മാറ്റത്തിനനുസരിച്ച് കോണ്‍ഗ്രസിനെ പുതുക്കും” എന്ന വാക്കുകള്‍ ഇന്ന് ”ജനാധിപത്യത്തെ സാങ്കേതിക വിദ്യയുടെ കരുത്തില്‍ സംരക്ഷിക്കണം” എന്ന അദ്ദേഹത്തിന്റെ സന്ദേശത്തില്‍ വീണ്ടും പ്രതിധ്വനിക്കുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉയര്‍ന്ന കൈയടിയുടെ ശബ്ദം, ഇന്ന് രാജ്യത്താകമാനം ഉയര്‍ന്നുവരുന്ന ജനാധിപത്യ ഉണര്‍വിന്റെ പ്രതിഫലനമായി കേള്‍ക്കാം.
Also Read: രാഹുല്‍ ഗാന്ധിക്കെതിരേ എഫ് ഐ ആര്‍, എന്താണ് പാര്‍ലമെന്റില്‍ സംഭവിച്ചത്?
Content Summary: Rahul Gandhi’s ‘Truth Bomb” to Protect Democracy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.