June 30, 2026 |
Share on

ജര്‍മ്മനിയുടെ വീഴ്ച്ചയും ലോകകപ്പ് ചരിത്രത്തിലെ അഞ്ച് വന്‍ അട്ടിമറികളും

ഫിഫ റാങ്കിങ്ങില്‍ വലിയ അന്തരത്തില്‍ നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളിലായിരുന്നു ഫുട്‌ബോള്‍ ലോകത്തെ ഞട്ടിച്ച മത്സരഫലങ്ങളുണ്ടായത്

2026 ലോകകപ്പിന്റെ റൗണ്ട് ഓഫ് 32-ല്‍(പ്രിലിമിനറി റൗണ്ട്) മുന്‍ ചാമ്പ്യന്മാരായ ജര്‍മ്മനിയെ പരാജയം ലോകകപ്പ് ഫുട്‌ബോള്‍ നോക്ഔട്ട് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ്. ജര്‍മന്‍ പടയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്ത് പരാഗ്വേ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുകയും ചെയ്തു. ഫിഫ റാങ്കിങ്ങില്‍ വലിയ അന്തരത്തില്‍ നില്‍ക്കുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു നടന്നത്. ജര്‍മനിയുടെ പരാജയം അതുകൊണ്ട് കൂടിയാണ് ഒരു ചരിത്ര സംഭവമായി മാറുന്നതും.

എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ കളിയില്‍ അഞ്ച് മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. എക്‌സ്ട്രാ ടൈമില്‍ കോര്‍ണര്‍ കിക്കിലൂടെ ജര്‍മ്മന്‍ താരം ജോനാഥന്‍ താഹ് നേടിയ ഗോള്‍ റഫറി നിഷേധിച്ചത് വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്. ഷൂട്ടൗട്ടില്‍ പരാഗ്വേയുടെ നാലും അഞ്ചും കിക്ക് പാഴായപ്പോള്‍ ജര്‍മ്മനി തിരിച്ചുവരുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ നിര്‍ണ്ണായക കിക്കെടുത്ത ജോനാഥന്‍ താഹിന് പിഴച്ചപ്പോള്‍, ജോസ് കനാലെയിലൂടെ ലക്ഷ്യം കണ്ട് പരാഗ്വേ ചരിത്രവിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ജര്‍മ്മനി 719 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ വെറും 161 പാസുകള്‍ മാത്രം ചെയ്ത പരാഗ്വേ പ്രതിരോധക്കോട്ട കെട്ടിയാണ് ജര്‍മ്മനിയെ തളച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ മത്സരത്തില്‍ അമേരിക്കയോട് 4-1 ന് തോറ്റ പരാഗ്വേ, പിന്നീട് തുര്‍ക്കിയെ അട്ടിമറിച്ചും ഓസ്ട്രേലിയയോട് സമനില പിടിച്ചുമാണ് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്.

ലോകകപ്പിന് മുന്‍പുള്ള ഫിഫ റാങ്കിങ്ങിലെ വ്യത്യാസങ്ങള്‍ അടിസ്ഥാനമാക്കി, ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ച് അട്ടിമറികളില്‍ പരാഗ്വേയുടെ ഈ അവിശ്വസനീയ വിജയം നാലാം സ്ഥാനത്തായാണ് ഫോക്‌സ് സ്‌പോര്‍ട്‌സ് വിലയിരുത്തുന്നത്. ഈ പട്ടികയിലെ മറ്റ് മത്സരങ്ങള്‍ ഇവയാണ്;

റഷ്യ- സ്‌പെയ്ന്‍

ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി നടന്നത് 2018-റഷ്യ ലോകകപ്പിലാണ്. ടൂര്‍ണമെന്റ് തുടങ്ങുമ്പോള്‍ ഫിഫ റാങ്കിങ്ങില്‍ 70-ാം സ്ഥാനത്തായിരുന്നു ആതിഥേയരായ റഷ്യ. എന്നാല്‍ പത്താം റാങ്കുകാരായ മുന്‍ ചാമ്പ്യന്‍ സ്‌പെയിനെ അവര്‍ പ്രീക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലൂടെ പുറത്താക്കി. രണ്ട് ടീമുകളും തമ്മില്‍ റാങ്കിങ്ങില്‍ 60 സ്ഥാനങ്ങളുടെ വ്യത്യാസമുണ്ടായിരുന്ന ഈ മത്സരമാണ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിയായി കണക്കാക്കുന്നത്.

ദക്ഷിണ കൊറിയ-ഇറ്റലി

ഏഷ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ സുവര്‍ണ്ണ അധ്യായമായിരുന്നു 2002-ലെ ലോകകപ്പ്. അന്ന് 40-ാം റാങ്കിലായിരുന്ന ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍ ശക്തരായ ഇറ്റലിയെ (റാങ്ക് 6) എക്‌സ്ട്രാ ടൈമിലെ ഗോള്‍ഡന്‍ ഗോളിലൂടെ (2-1) അട്ടിമറിച്ചതാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. റാങ്കിങ്ങില്‍ 34 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഇരുടീമുകളും തമ്മിലുണ്ടായിരുന്നത്.

ദക്ഷിണ കൊറിയ- സ്‌പെയ്ന്‍

2002 ലെ ലോകകപ്പില്‍ തന്നെ, ഇറ്റലിയെ വീഴ്ത്തിയതിന് തൊട്ടുപിന്നാലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എട്ടാം റാങ്കുകാരായ സ്‌പെയിനെയും ദക്ഷിണ കൊറിയ അട്ടിമറിച്ചു. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഗോളില്ലാതെ പിരിഞ്ഞ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് (5-3) കൊറിയ വിജയം പിടിച്ചെടുത്തത്. റാങ്കിങ്ങില്‍ 32 സ്ഥാനങ്ങളുടെ വ്യത്യാസമാണ് അന്നുണ്ടായിരുന്നത്.

പരാഗ്വേ-ജര്‍മ്മനി

2026 ലോകകപ്പില്‍ സംഭവിച്ച ഈ അട്ടിമറിയാണ് പട്ടികയില്‍ നാലാമത്. ടൂര്‍ണമെന്റിന് മുന്‍പ് പത്താം റാങ്കിലായിരുന്ന ജര്‍മ്മനിയെ, 41-ാം റാങ്കുകാരായ പരാഗ്വേ ഷൂട്ടൗട്ടില്‍ വീഴ്ത്തുകയായിരുന്നു. റാങ്കിങ്ങില്‍ 31 സ്ഥാനങ്ങളുടെ വ്യത്യാസമാണ് ഇരുടീമുകളും തമ്മില്‍. ഫ്രാന്‍സ്-സ്വീഡന്‍ മത്സരത്തിലെ വിജയികളുമായാണ് പരാഗ്വേയുടെ അടുത്ത പ്രീക്വാര്‍ട്ടര്‍ പോരാട്ടം.

ബള്‍ഗേറിയ-ജര്‍മ്മനി

1994-ല്‍ അമേരിക്കയില്‍ നടന്ന ലോകകപ്പില്‍ അന്നത്തെ നിലവിലെ ചാമ്പ്യന്മാരും ഒന്നാം റാങ്കുകാരുമായ ജര്‍മ്മനിയെ 29-ാം റാങ്കുകാരായ ബള്‍ഗേറിയ ക്വാര്‍ട്ടര്‍ ഫൈനലില്‍ തകര്‍ത്തതാണ് അഞ്ചാം സ്ഥാനത്ത്. ഹ്രിസ്റ്റോ സ്റ്റോയിക്കോവ് നയിച്ച ബള്‍ഗേറിയക്കെതിരെ ഇതിഹാസ താരം ലതര്‍ മത്തേവൂസിലൂടെ ജര്‍മ്മനി ആദ്യം ലീഡെടുത്തിരുന്നു. എന്നാല്‍ 75, 78 മിനിറ്റുകളില്‍ സ്റ്റോയിക്കോവും ലെറ്റ്ചകോവും നേടിയ ഗോളുകളില്‍ ബള്‍ഗേറിയ ജര്‍മ്മനിയെ (2-1) ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Content Summary; Paraguay stuns Germany in a historic 2026 World Cup knockout upset. Discover where this penalty shootout thriller ranks among the biggest upsets in World Cup history

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×