ഇറാന്‍ വെടിവച്ചിട്ട അമേരിക്കന്‍ എഫ്-15 ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലെ കാണാതായ രണ്ടാമത്തെ പൈലറ്റിനെ അതിസാഹസികമായ ദൗത്യത്തിലൂടെ അമേരിക്കന്‍ സൈന്യം രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. രണ്ട് ദിവസമായി ഇറാനിയന്‍ മണ്ണില്‍ കാണാതായ ഉദ്യോഗസ്ഥനെ യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും ധീരമായ തിരച്ചില്‍-രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് കണ്ടെത്തിയതെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ ലഭിച്ചു! എന്റെ സഹ അമേരിക്കക്കാരേ, കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് മിലിട്ടറി ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഒന്ന് നടത്തിയിരിക്കുന്നു. അവിശ്വസനീയമായ ധൈര്യം പ്രകടിപ്പിച്ച ഞങ്ങളുടെ ക്രൂ അംഗം, ഇപ്പോള്‍ സുരക്ഷിതനാണ്.’ എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.
വെള്ളിയാഴ്ച ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ വെച്ച് അമേരിക്കയുടെ എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനം ഇറാനിയന്‍ പ്രതിരോധ സംവിധാനങ്ങള്‍ വെടിവച്ച് വീഴ്ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരില്‍ ഒരാളെ ഉടന്‍ തന്നെ രക്ഷപ്പെടുത്തിയെങ്കിലുംരണ്ടാമത്തെ ഉദ്യോഗസ്ഥനായ കേണലിനെ കണ്ടെത്താന്‍ രണ്ട് ദിവസമെടുത്തു.
അമേരിക്കന്‍ സൈന്യവും ഇറാനിയന്‍ സൈന്യവും ഒരുപോലെ പൈലറ്റിനായി തിരച്ചില്‍ നടത്തിയിരുന്നു. പൈലറ്റിനെ തടവിലാക്കി സമ്മര്‍ദ്ദ തന്ത്രമായി ഉപയോഗിക്കാനായിരുന്നു ഇറാന്റെ നീക്കമെന്നായിരുന്നു സൂചന.
പതിറ്റാണ്ടുകള്‍ക്കിടയില്‍ ശത്രുരാജ്യത്തിന്റെ മണ്ണില്‍ അമേരിക്ക നടത്തുന്ന ഏറ്റവും സങ്കീര്‍ണ്ണമായ ദൗത്യമാണ് ഇപ്പോള്‍ ഇറാനില്‍ നടക്കുന്നത്. കഴിഞ്ഞദിവസം രാത്രിയോടെയാണ് കാണാതായ കേണലിനെ സൈന്യം കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് കടുത്ത വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പൈലറ്റിനെ നിലവില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അല്‍ ജസീറയോട് വ്യക്തമാക്കി.
അഞ്ച് ആഴ്ച മുമ്പ് മേഖലയില്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഒരു അമേരിക്കന്‍ യുദ്ധവിമാനം ഇറാന്‍ വെടിവച്ചു വീഴ്ത്തുന്നത്. രക്ഷപ്പെടുത്തിയ പൈലറ്റിന്റെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ വെളിപ്പെടുത്തിയിട്ടില്ല.
Content Summary: Trump confirms rescue of second US pilot after dramatic search in Iranian territory