June 26, 2026 |
Share on

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് കേസ്; ആരാണ് രാജേഷ് മേത്ത?

ചെറിയ നിലയില്‍ നിന്നും വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത കഥയാണ് രാജേഷ് മേത്തയ്ക്ക് ഇതുവരെയുണ്ടായിരുന്നത്‌

ചെറിയൊരു കുടുംബ ബിസിനസിനെ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ സംസ്‌കരണ-കയറ്റുമതി കമ്പനികളിലൊന്നാക്കി മാറ്റിയ വ്യവസായി; അതായിരുന്നു പതിറ്റാണ്ടുകളായി രാജേഷ് മേത്തയുടെ വിലാസം. എന്നാല്‍, രാജേഷ് എക്‌സ്‌പോര്‍ട്‌സ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയര്‍മാനുമായ മേത്ത ഇപ്പോള്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക അന്വേഷണങ്ങളിലൊന്നിന്റെ നിഴലിലാണ്. കോടിക്കണക്കിന് രൂപയുടെ വരുമാനം വ്യാജമായി കാണിച്ചെന്ന സെബിയുടെ ഗുരുതരമായ കണ്ടെത്തലുകള്‍ മേത്തയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അടിത്തറയിളക്കുകയാണ്.

ഒരു ജൈന വ്യവസായ കുടുംബാംഗമായ രാജേഷ്, ബെംഗളൂരുവിലായിരുന്നു ജനിച്ചത്. അവിടുത്തെ നാഷണല്‍ കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജേഷിന്റെ വളര്‍ച്ച ഇന്ത്യന്‍ ബിസിനസ് ലോകത്തെ അപൂര്‍വ്വ വിജയഗാഥകളിലൊന്നായിരുന്നു. 1988-ല്‍ സഹോദരന്‍ പ്രശാന്ത് മേത്തയ്‌ക്കൊപ്പം കുടുംബത്തിന്റെ റീട്ടെയ്ല്‍ ബിസിനസിലേക്ക് കടന്നുവന്ന രാജേഷ്, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ സംഘടിത സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല സ്ഥാപിച്ചു. 1991-ല്‍ ഇതിനായി ഒരു ഗവേഷണ വികസന കേന്ദ്രം ആരംഭിക്കുകയും, 1994 ഓടെ രാജേഷ് എക്‌സ്‌പോര്‍ട്‌സിനെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണാഭരണ കയറ്റുമതിക്കാരായും മൊത്തക്കച്ചവടക്കാരായും വളര്‍ത്തുകയും ചെയ്തു. തുടര്‍ന്നുള്ള പതിറ്റാണ്ടുകളില്‍ ആഗോളതലത്തില്‍ കമ്പനി അതിവേഗം വികസിച്ചു.

രാജേഷ് എക്‌സ്‌പോര്‍ട്‌സ്; മറ്റാരും തൊട്ടില്ല, എല്‍ഐസി മാത്രം എങ്ങനെ വീണു?

രാജേഷ് മേത്തയുടെ ആഗോള സ്വപ്‌നങ്ങളുടെ വിജയമായിരുന്നു 2015-ല്‍ 400 മില്യണ്‍ ഡോളറിന് സ്വിസ് റിഫൈനറിയായ ‘വാല്‍കാംബി’ സ്വന്തമാക്കിയ നടപടി. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ശുദ്ധീകരണ ശാലകളിലൊന്നിന്റെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു. ലോകത്തിലെ മൊത്തം സ്വര്‍ണ്ണ ഉല്‍പ്പാദനത്തിന്റെ 35 ശതമാനവും തങ്ങളാണ് കൈകാര്യം ചെയ്യുന്നതെന്നാണ് കമ്പനിയുടെ വെബ്സൈറ്റ് അവകാശപ്പെടുന്നത്. സ്വര്‍ണ്ണ വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രമുഖ വ്യാപാര സംഘടനകളും സര്‍ക്കാര്‍ സമിതികളും നിരന്തരം കൂടിയാലോചനകള്‍ നടത്തിയിരുന്ന വിശ്വസ്തനായ ഒരു വ്യവസായിയായിരുന്നു രാജേഷ് മേത്ത. എന്നാല്‍ ഭൂതകാലത്തെ ഈ നേട്ടങ്ങള്‍ക്കൊന്നും ഇപ്പോള്‍ സെബിയുടെ കടുത്ത നടപടികളില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ കഴിയുന്നില്ല.

കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലൂടെയാണ് സെബി രാജേഷ് മേത്തയുടെ സ്വര്‍ണ്ണ സാമ്രാജ്യത്തിന്മേല്‍ കരിനിഴല്‍ വീഴ്ത്തിയ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 2021 മുതല്‍ 2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ രാജേഷ് എക്‌സ്‌പോര്‍ട്‌സ് തങ്ങളുടെ വരുമാനം ഏകദേശം 15.15 ലക്ഷം കോടി രൂപയോളം പെരുപ്പിച്ചു കാണിച്ചുവെന്നാണ് സെബിയുടെ കണ്ടെത്തല്‍. കമ്പനിയുടെ ചില അനുബന്ധ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വരുമാനത്തിന്റെ 99.8 ശതമാനവും വ്യാജമായി ഉണ്ടാക്കിയതാകാമെന്ന് റെഗുലേറ്റര്‍ സംശയിക്കുന്നു. കൂടാതെ, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വരുമാനത്തിന്റെ 97 മുതല്‍ 99 ശതമാനം വരെയുള്ള തുക വിദേശ സ്ഥാപനങ്ങളുമായി നടത്തിയ ഇടപാടുകളാണെന്നും അവ സ്വതന്ത്രമായി പരിശോധിച്ചു ബോധ്യപ്പെടാന്‍ സാധിക്കുന്നില്ലെന്നും സെബി വ്യക്തമാക്കി. ഈ ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടായി ഇത് മാറും.

15 ലക്ഷം കോടിയുടെ ക്രമക്കേട്; രാജേഷ് എക്സ്പോര്‍ട്സിലെ എല്‍ഐസി നിക്ഷേപം വിവാദത്തില്‍

സെബിയുടെ ഉത്തരവിനെ തുടര്‍ന്ന് രാജേഷ് എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരികള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മറ്റ് ഇടപാടുകള്‍ നടത്തുന്നതിനോ മേത്തയ്ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം കമ്പനിയുടെ അക്കൗണ്ടുകള്‍ വീണ്ടും വിശദമായ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഈ നടപടികള്‍ പുറത്തുവന്നതോടെ വ്യാഴാഴ്ച കമ്പനിയുടെ ഓഹരി വിലയില്‍ അഞ്ചു ശതമാനത്തിന്റെ ഇടിവുണ്ടായി. എന്നാല്‍ സെബിയുടെ കണ്ടെത്തലുകള്‍ രാജേഷ് എക്‌സ്‌പോര്‍ട്‌സ് പൂര്‍ണ്ണമായി നിഷേധിച്ചു. തങ്ങളുടെ വരുമാന കണക്കുകള്‍ കൃത്യമാണെന്നും സെബിക്ക് സംഭവിച്ച ആശയക്കുഴപ്പമാണ് ഈ ഉത്തരവിന് പിന്നിലെന്നുമാണ് കമ്പനിയുടെ വാദം. സ്വിസ് റിഫൈനറിയായ വാല്‍കാംബിയുടെ യഥാര്‍ത്ഥ വരുമാനത്തിന് പകരം അതിന്റെ ഇബിഐടിഡിഎ(പലിശയും നികുതിയും ഒഴിവാക്കിയുള്ള പ്രവര്‍ത്തന ലാഭം) ആണ് സെബി കണക്കിലെടുത്തതെന്നും, ഇതാണ് 97 ശതമാനത്തോളം വരുമാന വ്യത്യാസം കാണിക്കാന്‍ കാരണമെന്നും വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി.

ഭീമമായ വിറ്റുവരവ് കാണിക്കുമ്പോഴും കമ്പനിയുടെ ലാഭവിഹിതം എപ്പോഴും വളരെ കുറവായിരുന്നു എന്നത് മുന്‍പും വിപണിയില്‍ പല സംശയങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഏറ്റവും ഒടുവിലെ സാമ്പത്തിക വര്‍ഷത്തില്‍ (2025-26) 9,188.8 കോടി രൂപയുടെ വിറ്റുവരവ് ഉണ്ടായിട്ടും വെറും 32.09 കോടി രൂപ മാത്രമാണ് കമ്പനി അറ്റാദായമായി രേഖപ്പെടുത്തിയത്. നാല് എക്‌സിക്യൂട്ടീവ് ഇതര സ്വതന്ത്ര ഡയറക്ടര്‍മാര്‍ ബോര്‍ഡിലുള്ള ഈ കമ്പനിയില്‍, ഓഡിറ്റര്‍മാരുടെയും ഓഡിറ്റ് കമ്മിറ്റിയുടെയും മേല്‍നോട്ടത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചത് എന്ന ചോദ്യം കോര്‍പ്പറേറ്റ് ഗവേണന്‍സ് രംഗത്തെ വിദഗ്ദ്ധര്‍ ഉയര്‍ത്തുന്നുണ്ട്. കമ്പനിയുടെ 54.55 ശതമാനം ഓഹരികളും പ്രൊമോട്ടര്‍മാരുടെ പക്കലാണുള്ളത്. എന്നാല്‍ കഴിഞ്ഞ 10 വര്‍ഷമായി ഈ ഓഹരിയില്‍ തങ്ങളുടെ വിഹിതം നിരന്തരം വര്‍ദ്ധിപ്പിച്ച് 10.80 ശതമാനത്തിലെത്തിച്ച പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സിയുടെ നിക്ഷേപ തീരുമാനങ്ങളും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. വലിയ സ്ഥാപന നിക്ഷേപകര്‍ എന്തുകൊണ്ട് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായ പരിശോധന നടത്തിയില്ല എന്ന വിമര്‍ശനം ശക്തമാണ്.

15.15 ലക്ഷം കോടിയുടെ ക്രമക്കേട്; രാജേഷ് എക്സ്പോര്‍ട്സിനെതിരെ സെബിയുടെ നടപടി

സെബിയുടെ ഉത്തരവ് ഒരു ഇടക്കാല നടപടി മാത്രമാണെന്നും കമ്പനിക്കെതിരെ അന്തിമ നിഗമനങ്ങളില്‍ എത്തിയിട്ടില്ലെന്നുമാണ് രാജേഷ് എക്‌സ്‌പോര്‍ട്‌സ് വ്യക്തമാക്കുന്നത്. റെഗുലേറ്ററുമായുള്ള ആശയവിനിമയത്തിലെ പോരായ്മയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുന്നുണ്ടെന്നും തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള എല്ലാ രേഖകളും സെബിക്ക് സമര്‍പ്പിക്കുമെന്നും കമ്പനി അറിയിച്ചു. വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത സ്വര്‍ണ്ണ സാമ്രാജ്യത്തിന്റെ വിശ്വാസ്യത തിരിച്ചുപിടിക്കുക എന്നത് രാജേഷ് മേത്തയ്ക്ക് ഇപ്പോള്‍ വലിയൊരു വെല്ലുവിളിയാണ്. വരാനിരിക്കുന്ന അന്വേഷണ ഫലമായിരിക്കും രാജേഷ് മേത്ത ഒരു മാതൃകാ വ്യവസായിയായി ഓര്‍മ്മിക്കപ്പെടുമോ, അതോ ഇന്ത്യ കണ്ട ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പുകളിലൊന്നിന്റെ മുഖമായി മാറുമോ എന്ന് തീരുമാനിക്കുക.

Content Summary: From a small family business to a global gold giant, explore the rise of Rajesh Mehta and the SEBI fraud allegations that threaten to bring down his multi-crore empire.

Leave a Reply

Your email address will not be published. Required fields are marked *

×