2021 മുതല്‍ 2025 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ ഏകദേശം 15.15 ലക്ഷം കോടി രൂപയുടെ വരുമാനം വ്യാജമായി കാണിച്ചെന്ന ആരോപണത്തില്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അന്വേഷണം നേരിടുന്ന രാജേഷ് എക്‌സ്‌പോര്‍ട്‌സിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇതില്‍ പ്രധാനം ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ നിക്ഷേപത്തിന്റെ മേലുള്ള സംശയം ബലപ്പെട്ടിരിക്കുന്നു എന്നതാണ്. 15.15 ലക്ഷം കോടിയുടെ ക്രമക്കേട്; രാജേഷ് എക്സ്പോര്‍ട്സിനെതിരെ സെബിയുടെ നടപടി
മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് 1995-ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനിയാണെങ്കിലും, കഴിഞ്ഞ 10 വര്‍ഷമായി ഒരൊറ്റ ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ പോലും ഈ കമ്പനിയുടെ ഓഹരികളില്‍ താല്പര്യം കാണിച്ചിരുന്നില്ല എന്ന വിവരമാണ് കമ്പനിയുടെ വെബ്സൈറ്റില്‍ നിന്നുള്ള ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ വ്യക്തമാക്കുന്നത്.
രാജേഷ് മേത്ത പ്രൊമോട്ട് ചെയ്യുന്ന ഈ സ്വര്‍ണ്ണ-ആഭരണ കയറ്റുമതി കമ്പനിയിലെ ആഭ്യന്തര സ്ഥാപനങ്ങളുടെ നിക്ഷേപം പരിശോധിച്ചാല്‍, മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഈ കമ്പനിയിലുണ്ടായിരുന്ന പരമാവധി വിഹിതം 2016 മാര്‍ച്ചിലെ 0.5 ശതമാനം മാത്രമായിരുന്നു എന്ന് കാണാം. അവിടെനിന്നും തുടര്‍ച്ചയായി ഇടിഞ്ഞ മ്യൂച്വല്‍ ഫണ്ട് വിഹിതം നിലവില്‍ പൂജ്യമാണ്. സ്വകാര്യ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ സ്ഥാപനത്തില്‍ യാതൊരു നിക്ഷേപവുമില്ല. എന്നാല്‍ ഈ വര്‍ഷങ്ങളിലെല്ലാം കമ്പനിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയ ഒരേയൊരു പ്രമുഖ ആഭ്യന്തര സ്ഥാപനം പൊതുമേഖലാ സ്ഥാപനമായ എല്‍.ഐ.സി മാത്രമാണ്. 2016 മാര്‍ച്ചില്‍ രാജേഷ് എക്‌സ്‌പോര്‍ട്‌സില്‍ എല്‍.ഐ.സിക്കുണ്ടായിരുന്ന വിഹിതം 1.99 ശതമാനമായിരുന്നു. എന്നാല്‍ 2022 മാര്‍ച്ചായപ്പോഴേക്കും ഇത് അഞ്ചിരട്ടിയോളം വര്‍ദ്ധിച്ച് 11.22 ശതമാനമായി ഉയര്‍ന്നു. അതിനുശേഷം നേരിയ തോതില്‍ കുറഞ്ഞ്, 2026 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് നിലവില്‍ 10.8 ശതമാനമാണ് എല്‍.ഐ.സിയുടെ വിഹിതം.
രാജേഷ് എക്‌സ്‌പോര്‍ട്‌സിനെതിരായ സെബി നടപടി വന്നതിനു പിന്നാലെ കോണ്‍ഗ്രസ് ഉയര്‍ത്തിയ ചോദ്യവും ഈ വിവാദ കമ്പനിയിലെ എല്‍ഐസി നിക്ഷേപത്തെ പ്രതിയായിരുന്നു. ഇത്രയും വലിയ തട്ടിപ്പ് നടന്നിട്ടും എല്‍.ഐ.സി ഇത് എങ്ങനെ മുന്‍കൂട്ടി അറിഞ്ഞില്ലെന്നും, കേന്ദ്ര ഭരണകൂടത്തിന്റെ സമ്മര്‍ദ്ദമാണോ ഈ നിക്ഷേപത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് ചോദ്യമുയര്‍ത്തിയിരുന്നു. ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണോ എല്‍ഐസി ഇവിടെ നിക്ഷേപം തുടര്‍ന്നതെന്ന കാര്യം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടിരുന്നു. 15 ലക്ഷം കോടിയുടെ ക്രമക്കേട്; രാജേഷ് എക്സ്പോര്‍ട്സിലെ എല്‍ഐസി നിക്ഷേപം വിവാദത്തില്‍
അതേസമയം വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ് പി ഐ) വിഹിതം 2016 മാര്‍ച്ചിലെ 15.87 ശതമാനത്തില്‍ നിന്നും 2023 മാര്‍ച്ചില്‍ 17.7 ശതമാനമായി ഉയര്‍ന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഇതില്‍ ഇടിവുണ്ടാവുകയും 2026 മാര്‍ച്ചില്‍ ഇത് 14.2 ശതമാനമായി കുറയുകയും ചെയ്തു. ഈ വിദേശ നിക്ഷേപത്തിന്റെ ഭൂരിഭാഗവും ബ്രിഡ്ജ് ഇന്ത്യ ഫണ്ട് (8.46%), ഷ്വാബ് ഫണ്ടമെന്റല്‍ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇക്വിറ്റി ഇടിഎഫ് (2.7%) എന്നീ രണ്ട് എഫ്.പി.ഐകളുടെ പക്കലാണ് ഉള്ളത്.
രാജേഷ് എക്‌സ്‌പോര്‍ട്‌സില്‍ നിക്ഷേപം നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് പ്രമുഖ മ്യൂച്വല്‍ ഫണ്ട് കമ്പനികളും ബ്രോക്കര്‍മാരും വ്യക്തമാക്കുന്നത്. കമ്പനി പുറത്തുവിട്ട സാമ്പത്തിക കണക്കുകളില്‍ തങ്ങള്‍ക്ക് ഒരിക്കലും വിശ്വാസമുണ്ടായിരുന്നില്ലെന്നും, അതുകൊണ്ടാണ് നിക്ഷേപ പട്ടികയില്‍ നിന്ന് ഈ കമ്പനിയെ ഒഴിവാക്കിയതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പ്രമുഖ മ്യൂച്വല്‍ ഫണ്ട് സി.ഇ.ഓ പറഞ്ഞതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സെബിയുടെ ഈ ഇടക്കാല ഉത്തരവ് തങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് ഒരു പ്രമുഖ ബ്രോക്കിംഗ് സ്ഥാപനത്തിന്റെ സി.ഇ.ഓ പ്രതികരിച്ചത്. കമ്പനിയുടെ ഭീമമായ വിറ്റുവരവും എന്നാല്‍ അതിനനുസരിച്ചുള്ള ലാഭവിഹിതത്തിലെ കടുത്ത കുറവും ഒരിക്കലും യുക്തിക്ക് നിരക്കുന്നതായിരുന്നില്ലെന്നും, അതുകൊണ്ട് തന്നെ വളരെ കുറച്ച് ആഭ്യന്തര നിക്ഷേപകര്‍ മാത്രമാണ് ഇവരുടെ കണക്കുകളെ വിശ്വസിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജേഷ് മേത്ത പൊതുരംഗത്ത് അധികം ശ്രദ്ധിക്കപ്പെടാത്ത വ്യക്തിയാണെങ്കിലും വലിയ ലക്ഷ്യങ്ങളുള്ള ആളായിരുന്നുവെന്ന് മറ്റൊരു സ്വര്‍ണ്ണ കയറ്റുമതിക്കാരന്‍ ഓര്‍ക്കുന്നു. തുടക്കകാലത്ത് പ്രമുഖ ആഭരണ ബ്രാന്‍ഡായ ടൈറ്റനെ മറികടക്കുന്ന കമ്പനിയായി രാജേഷ് എക്‌സ്‌പോര്‍ട്‌സിനെ മാറ്റുമെന്നായിരുന്നു മേത്തയുടെ അവകാശവാദമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് രാജേഷ് എക്‌സ്‌പോര്‍ട്‌സ് തങ്ങളുടെ വരുമാനം പെരുപ്പിച്ചു കാണിച്ചതായി സെബി കണ്ടെത്തിയത്. തുടര്‍നടപടികള്‍ ഉണ്ടാകുന്നത് വരെ രാജേഷ് എക്‌സ്‌പോര്‍ട്‌സിന്റെ ഓഹരികള്‍ വാങ്ങുന്നതിനോ വില്ക്കുന്നതിനോ മറ്റ് ഇടപാടുകള്‍ നടത്തുന്നതിനോ രാജേഷ് മേത്തയ്ക്ക് സെബി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കമ്പനിയുടെ അക്കൗണ്ട് പുസ്തകങ്ങള്‍ വീണ്ടും വിശദമായ ഫോറന്‍സിക് ഓഡിറ്റിന് വിധേയമാക്കാനും സെബി ഉത്തരവിട്ടു.
എന്നാല്‍ സെബിയുടെ ഈ കണ്ടെത്തലുകള്‍ രാജേഷ് എക്‌സ്‌പോര്‍ട്‌സ് പൂര്‍ണ്ണമായി നിഷേധിച്ചു. കമ്പനി അതിന്റെ സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ കാണിച്ചിരിക്കുന്ന വരുമാന കണക്കുകള്‍ പൂര്‍ണ്ണമായും കൃത്യമാണെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. വരുമാനം തെറ്റായി രേഖപ്പെടുത്തി എന്ന സെബിയുടെ നിരീക്ഷണത്തിന് പിന്നില്‍ ഒരു ആശയക്കുഴപ്പമുണ്ട്. 2015-ല്‍ 400 മില്യണ്‍ ഡോളറിന് രാജേഷ് എക്‌സ്‌പോര്‍ട്‌സ് സ്വന്തമാക്കിയ സ്വിസ് ഗോള്‍ഡ് റിഫൈനറിയായ ‘വാല്‍കാംബി’യുടെ യഥാര്‍ത്ഥ വരുമാനത്തിന് പകരം അതിന്റെ ഇബിഐടിഡിഎ (പലിശയും നികുതിയും ഒഴിവാക്കിയുള്ള ലാഭം) ആണ് സെബി കണക്കിലെടുത്തത്. ഇതാണ് വരുമാനത്തില്‍ 97 ശതമാനത്തോളം വ്യത്യാസം വരാന്‍ കാരണമായതെന്നാണ് കമ്പനിയുടെ വാദം.
Content Summary:As SEBI probes Rajesh Exports for an alleged Rs 15.15 lakh crore revenue scam, questions arise over LIC being the only domestic institution heavily invested in the stock
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.