കാട് കാണാനും കാട്ടിലൂടെ ട്രെക്ക് ചെയ്യാനും ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ പലരും. ട്രെക്ക് ചെയ്യുമ്പോൾ നമ്മൾ സ്വാഭാവികമായും ശ്രദ്ധിക്കുക മരങ്ങളെയും പൂമ്പാറ്റകളെയും പക്ഷികളെയും ഒക്കെയാണ്. എന്നാൽ നമ്മൾ ചവിട്ടി നടക്കുന്ന മണ്ണിനുതാഴെ ജീവന്റെ ഒരദൃശ്യ നെറ്റ്‌വർക്കുണ്ടെന്ന കാര്യം എത്ര പേർക്കറിയാം? പറഞ്ഞു വരുന്നത് മണ്ണിനടിയിൽ വ്യാപിച്ചുകിടക്കുന്ന ആർബസ്ക്കുലാർ മൈക്കോറൈസ എന്ന ഒരു വിഭാഗം ഫങ്കസ്സുകളെക്കുറിച്ചാണ്. ലോകത്താദ്യമായി ഈ ഫങ്കസ്സ് നെറ്റ്‌വർക്കുകളുടെ ഒരു മാപ് തയ്യാറാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. മണ്ണിനടിയിലെ ഫങ്കസ്സ് നെറ്റ്‌വർക്കിനെ കുറിച്ചുള്ള അത്ഭുതപ്പെടുത്തുന്ന വിവരങ്ങളാണ് സംഘം പുറത്ത് വിട്ടിരിക്കുന്നത്.

എന്താണ് മൈക്കോറൈസൽ ഫങ്കസ്സുകൾ?
സസ്യങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നവരാണവർ. അതായത്, മൈക്കോറൈസൽ ഫങ്കസ്സുകൾ മണ്ണിൽ നിന്ന് ധാതുലവണങ്ങൾ ശേഖരിച്ച് സസ്യങ്ങൾക്ക് നൽകും. സസ്യങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം മണ്ണിനടിയിലെ ഫങ്കൽ നാരുകളിൽ ശേഖരിച്ചുവെക്കാൻ കൊടുക്കും. അതിനൊപ്പം ആ ഭക്ഷണത്തിന്റെ ഒരു പങ്കും ഫങ്കസിന് നൽകുന്നുണ്ട്. ഇത്തരത്തിൽ അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചും സഹകരിച്ചും ജീവിക്കുന്നവരാണവർ. പ്രധാനമായും രണ്ട് തരത്തിലുള്ള മൈക്കോറൈസൽ ഫങ്കസ്സുകളാണ് മണ്ണിലുള്ളത്. ആർബസ്ക്കുലാർ മൈക്കോറൈസയും(എൻഡോമൈക്കോറൈസയുടെ ഉപവിഭാഗം) എക്ടോമൈക്കോറൈസയും. ആർബസ്ക്കുലാർ മൈക്കോറൈസയുടെ പ്രത്യേകതയെന്തെന്നാൽ, അവയുടെ ഫങ്കൽ നാരുകൾക്ക് ചെടിയുടെ വേരിലെ കോശങ്ങൾക്കകത്തേക്ക് കടക്കാനുള്ള കഴിവുണ്ട്. ഭൂമിയിയിലെ 70 ശതമാനത്തോളം വരുന്ന സസ്യങ്ങളും ആർബസ്ക്കുലാർ മൈക്കോറൈസൽ ഫങ്കസ്സുകളുമായി പാരസ്പര്യത്തിൽ ജീവിക്കുന്നവരാണ്.

ഈ ഫങ്കസ്സുകൾക്ക് അവരുടെ ലൈഫ് പാട്ണേർസ് ആയ സസ്യങ്ങളില്ലാതെ ജീവിക്കാനേ പറ്റില്ല! രണ്ടാമത് പറഞ്ഞ എക്ടോമൈക്കോറൈസയുടെ പ്രത്യേകത എന്തെന്നാൽ, അവരുടെ ഫങ്കൽ നാരുകൾക്ക് സസ്യങ്ങളുടെ വേരിന്റെ കോശങ്ങൾക്കകത്ത് നേരിട്ട് കടക്കാൻ കഴിയില്ല. മറിച്ച്, ഫങ്കൽ നാരുകൾ വേരിന്റെ കോശങ്ങൾക്കിടയിലാണ് വ്യാപിക്കുന്നത്. ജൂൺ 11-ന് സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം വൈവിധ്യങ്ങളായ സസ്യങ്ങളുമായി പാരസ്പര്യത്തിൽ കഴിയുന്ന ആർബസ്ക്കുലാർ മൈക്കോറൈസ എന്ന വിഭാഗം ഫങ്കസ്സുകളെകുറിച്ചുള്ളതാണ്. “സൊസൈറ്റി ഫോർ ദ പ്രൊട്ടക്ഷൻ ഓഫ് അണ്ടർഗ്രൗണ്ട് നെറ്റ്‌വർക്ക്സ്” എന്ന ഗവേഷണ സംഘടന, ലോകത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പഠനം നടത്തിയത്.
എന്തൊക്കെയാണ് ഫങ്കൽ മാപ്പിലെ രഹസ്യങ്ങൾ?
ഭൂമിയിലെ ആർബസ്ക്കുലാർ മൈക്കോറൈസൽ ഫങ്കസ്സുകളുടെ 40 ശതമാനവും ഗ്രാസ് ലാൻഡുകളിലാണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ, ശാസ്ത്രജ്ഞർ മുൻപ് വിചാരിച്ചിരുന്നത് ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ ഉഷ്ണമേഖലാ വനങ്ങളിലായിരിക്കും ആർബസ്ക്കുലാർ മൈക്കോറൈസൽ സാന്ദ്രത ഏറ്റവും കൂടുതലുണ്ടാവുക എന്നായിരുന്നു. പഠനത്തിൽ കണ്ടെത്തിയ മറ്റൊരു കാര്യം, കൃഷിയിടങ്ങളിലെ ഈ ഫങ്കസ്സുകളുടെ സാന്ദ്രത, സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കാണുന്നതിനെക്കളും 50 ശതമാനത്തോളം കുറവാണെന്നതാണ്. നമ്മുടെ കൃഷിയിടങ്ങളിലെ മണ്ണിന്റെ സ്വാഭാവികമായ സമ്പുഷ്ടി എത്രത്തോളം അപകടത്തിലാണ് എന്നതിന്റെ ഒരു സൂചകം കൂടിയാണിത്. സസ്യങ്ങൾക്ക് ഗുണമുള്ള ഫങ്കസ്സുകൾ മണ്ണിലില്ലാതായാൽ അത് മണ്ണിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ഭൂമിയിലൊട്ടാകെയുള്ള ഈ ഫങ്കസ്സുകളുടെ നാരുകൾ നിവർത്തിവച്ചാലുള്ള നീളം പഠനത്തിൽ ശാസ്ത്രജ്ഞർ അനുമാനിക്കുകയുണ്ടായി. 110 ക്വാഡ്രില്ല്യനോളം വരുമത്. 110 ക്വാഡ്രില്ല്യൻ എന്ന് പറഞ്ഞാൽ 110 ന് ശേഷം 15 പൂജ്യങ്ങളിട്ട സംഖ്യയാണ്. നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്തത്രയാണത്! ഭൂമിയിൽ നിന്ന് പ്രോക്സിമ സെന്റോറി എന്ന നക്ഷത്രത്തിലേക്കുള്ള ദൂരം ഏകദേശം 4.24 പ്രകാശവർഷങ്ങളാണ്. എന്നാൽ, ഭൂമിയിലെ എല്ലാ ആർബസ്ക്കുലാർ മൈക്കോറൈസൽ ഫങ്കൽ നാരുകളെയും നിവർത്തിവച്ചാലുള്ള ദൂരം പ്രോക്സിമ സെന്റോറിയിലേക്കുള്ളതിനേക്കാളും എത്രയോ മടങ്ങ് വരും. മറ്റൊരു കാര്യം, 300 ദശലക്ഷം ടണ്ണോളം വരും മണ്ണിനടിയിലെ ആർബസ്ക്കുലാർ മൈക്കോറൈസൽ ഫങ്കസ്സുകളുടെ ആകെ ബയോമാസ്സ്. ഭൂമിയിലെ മനുഷ്യരുടെയെല്ലാം ആകെ ഭാരത്തിന്റെ 5 മടങ്ങാണിത്.

ഫങ്കൽ മാപ്പുണ്ടാക്കാൻ ചില്ലറ പണിയൊന്നുമില്ല ശാസ്ത്രജ്ഞർ എടുത്തത്!
ഭൂമിയിലെ 4000- ലധികം സ്ഥലങ്ങളിൽ നിന്നുള്ള 16,000- ത്തോളം സോയിൽ സാമ്പിളുകളുടെ പഠന വിവരങ്ങൾ പ്രോജക്ടിന്റെ ഭാഗമായി ശാസ്ത്രജ്ഞർ ശേഖരിച്ചു. അതുകൂടാതെ മൂന്ന് ലക്ഷത്തിൽ കൂടുതൽ ഫങ്കൽ നാരുകളുടെ വിശദമായ പഠനവും നടത്തി. ഡച്ച് ബയോ ഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ‘അമോൾഫ്’ എന്ന സ്ഥാപനം വികസിപ്പിച്ച ”പ്രിൻസ്’ എന്ന റോബോട്ടാണ് ഫങ്കൽ നാരുകളുടെ മൈക്രോസ്കോപിക് പഠനങ്ങൾ നടത്തിയത്. സാമ്പിളുകൾ പരിശോധിച്ച് ഒരു ഗ്രാം മണ്ണിൽ ആകെ എത്ര നീളത്തിലുള്ള ഫങ്കൽ നാരുകളുണ്ട്? എത്രത്തോളം ഫങ്കൽ ബയോമാസ്സുണ്ട്? എന്നൊക്കെ കണക്കാക്കി. അതുകൂടാതെ, സാമ്പിളുകളിലെ ഫങ്കൽ നാരുകളുടെ സാന്ദ്രതയും, സസ്യവും ഫങ്കസും തമ്മിലുള്ള കാർബൺ കൈമാറ്റത്തിന്റെ വിവരങ്ങളും വിശകലനം ചെയ്തു.

അതിലൂടെ ഒരു വർഷത്തിൽ ആകെ എത്രത്തോളം കാർബൺ, സസ്യങ്ങളിൽ നിന്ന് ഫങ്കസ് നാരുകൾ വഴി മണ്ണിലെത്തുന്നു എന്ന അനുമാനവും നടത്തി. അതിനു ശേഷം, കണ്ടെത്തിയ വിവരങ്ങൾ ജിപിഎസ് കോർഡിനേറ്റുകളുമായി ചേർത്തു. എന്നിട്ട്, ഓരോ ഭൂപ്രദേശത്തിന്റെയും പാരിസ്ഥികവും കാലാവസ്ഥാപരവും ഭൗമശാസ്ത്രപരവുമായ പ്രത്യേകതകൾ അനുസരിച്ച് ഭൂമിയിലെ ഓരോ സ്‌ക്വയർ കിലോമീറ്റർ പ്രദേശത്തുമുള്ള ആർബസ്ക്കുലാർ മൈക്കോറൈസൽ ഫങ്കസ്സുകളുടെ സാന്ദ്രത കാണിക്കുന്ന മാപ് എ.ഐ സഹായത്തോടെ രൂപീകരിക്കുകയായിരുന്നു. പഠനത്തിനായി വേണ്ടത്ര സാമ്പിളുകൾ ലഭിക്കാത്ത പ്രദേശങ്ങളെ മാപ്പിൽ കൃത്യമായി രേഖപ്പെടുത്തുക കൂടി ശാസ്ത്രജ്ഞർ ചെയ്തിട്ടുണ്ട്.
Content Summary: Scientists have created the first global map of arbuscular mycorrhizal fungi, revealing vast underground networks that help plants exchange nutrients and carbon. The study found that these fungi are most abundant in grasslands and significantly less common in farmland, highlighting their crucial role in soil health.