June 14, 2026 |
Avatar
അമർനാഥ്‌
Share on

ഓപ്പറേഷന്‍ സിസേഴ്‌സ്

ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരങ്ങള്‍, ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും രേഖപ്പെടുത്തണം എന്നാണ് ചട്ടം

”ഞാന്‍ എന്റെ കഴിവും വിലയിരുത്തലും ഉപയോഗിച്ച് രോഗികളുടെ ഗുണത്തെ മുന്‍നിര്‍ത്തിയാകും മരുന്നെഴുതുന്നത്, ഒരിക്കലും അവര്‍ക്ക് ഒരു ദോഷവും ചെയ്യില്ല. ഞാന്‍, എന്നോട് ആവശ്യപ്പെട്ടാല്‍ കൂടി ആര്‍ക്കും മാരകമായ മരുന്നു കൊടുക്കുകയോ നിര്‍ദ്ദേശിക്കുകയോ ചെയ്യില്ല. ഞാന്‍ ഒരിക്കലും സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം ഉണ്ടാക്കുന്നതിനുള്ള മാര്‍ഗം നല്കില്ല. ഞാന്‍ എന്റെ തൊഴിലിന്റെ വിശുദ്ധിയും ദിവ്യത്വവും സംരക്ഷിക്കും.”

ഹിപ്പോക്രേറ്റസിന്റെ പ്രതിജ്ഞയില്‍ നിന്ന്.

ശസ്ത്രക്രിയാ മേശയില്‍ സംഭവിച്ച ഡോക്ടറുടെ ഒരു ചെറിയ അശ്രദ്ധ, ഒരു പിഴ, പിന്നീട് രോഗിയുടെ നിത്യ യാതനയിലും മരണത്തിലുമെത്താം. ചികിത്സാ രംഗത്തെ വേദനയുടെ വ്യവഹാരം കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ മാറാ വ്യാധിയായി തുടരുകയാണോ?

ഡോക്ടർമാർ പാലിക്കേണ്ട ഹിപ്പോക്രാറ്റസ് സത്യപ്രതിജ്ഞ

വളരെ പ്രഗല്ഭനും സീനിയറുമായ ഒരു സര്‍ജന്‍ ഒരു ഓപ്പറേഷന്‍ നടത്തുകയാണ്. ഒ.റ്റി. നഴ്സ് എന്തോ കാരണത്താല്‍ അന്ന് അവധിയിലായിരുന്നതിനാല്‍, പുതുമുഖമായ ഒരു പെണ്‍കുട്ടിയാണ് അന്ന് ആ ജോലിക്ക് നിയമിക്കപ്പെട്ടത്. ജോലിയില്‍ തീരെ പരിചയമില്ലാത്ത, നഴ്‌സിങ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ട് മാസങ്ങള്‍ മാത്രം പിന്നിട്ട ഒരു ഇരുപത്തിരണ്ടുകാരി. എങ്കിലും തന്റെ ജോലിയില്‍ അവള്‍ക്ക് സാമര്‍ത്ഥ്യവും കഴിവുമുണ്ടായിരുന്നു.

ഓപ്പറേഷനാരംഭിക്കുന്നതിനു മുമ്പ്, കൈവശമുള്ള ‘കോട്ടന്‍ മോപ്പുകള്‍’ എണ്ണിത്തിട്ടപ്പെടുത്തുന്നത് ഒ.റ്റി. നഴ്സിന്റെ ചുമതലയാണ്. അണുവിമുക്തമാക്കിയ വലമാതിരിയുള്ള കോട്ടന്‍ തുണിക്കഷണമാണ് ‘മോപ്’. ഓപ്പറേഷനവസാനിക്കുമ്പോള്‍, മിച്ചംവന്ന മോപ്പുകളുടെ എണ്ണമെടുത്തശേഷം ഉപയോഗിക്കപ്പെട്ട മോപ്പുകളുടെ എണ്ണവുമായി ഒത്തുനോക്കുന്നു. ഈ മൂന്ന് സംഖ്യകളും യോജിക്കുന്നുണ്ടെങ്കില്‍ മാത്രമേ, തന്റെ കൃത്യനിര്‍വഹണം ഭംഗിയായി പൂര്‍ത്തീകരിച്ചു എന്നവകാശപ്പെടാന്‍ ഒരു ഒ.റ്റി. നഴ്സിന് കഴിയൂ. അബദ്ധവശാല്‍ രോഗിയുടെ ശരീരത്തിനുള്ളില്‍ മോപ് കുടുങ്ങിപ്പോകുന്നത് തടയാന്‍ വേണ്ടി, ഈ എണ്ണിത്തിട്ടപ്പെടുത്തല്‍ പ്രക്രിയ കൃത്യമായി എല്ലാ ആശുപത്രികളിലും നടപ്പിലാക്കാറുണ്ട്.

സര്‍ജന്‍ മുറിവു തുന്നിക്കെട്ടി, ഓപ്പറേഷന്‍ വിജയകരമായി നടന്നു. തുറന്നുവെച്ച ഉദരഭാഗങ്ങള്‍ അടയ്ക്കാനൊരുങ്ങുകയാണ്. പതിവു ചിട്ടയനുസരിച്ച് അദ്ദേഹം ഒ.റ്റി. നഴ്സിനോട് ചോദിച്ചു: ”സിസ്റ്റര്‍, മോപ്കൗണ്ട് ശരിയാണോ? ശരിയാണെങ്കില്‍ സൂചിയും നൂലും തരൂ.

നഴ്‌സ് മോപ്പുകളുടെ എണ്ണമെടുത്തിട്ടു പറഞ്ഞു: ”സോറി ഡോക്ടര്‍, മോപ്കൗണ്ട് ശരിയായിട്ടില്ല. ഒരെണ്ണം കുറവുണ്ട്.”

സര്‍ജന്‍ തുറന്നുവച്ച ശരീരഭാഗത്തിനുള്ളില്‍ പരതിനോക്കി ഇല്ല, അവിടെയെങ്ങും മോപ് കുടുങ്ങിപ്പോയിട്ടില്ല. ഇല്ലാ സിസ്റ്റര്‍ രോഗിയുടെ ശരീത്തിനുള്ളില്‍ പെട്ടുപോയിട്ടില്ല. ഓപ്പറേഷന്‍ തിയേറ്ററില്‍ തിരഞ്ഞു എന്നിട്ടും മോപ്പ് കണ്ടുകിട്ടിയില്ലായിരുന്നു. മോപ്കൗണ്ട് ശരിയാവുന്നില്ലെങ്കില്‍ മുറിവ് തുന്നിക്കെട്ടാന്‍ പാടില്ലെന്ന് ആ നഴ്‌സ് ഉറച്ചു വിശ്വസിച്ചു.

ഓപ്പറേഷൻ തിയേറ്റർ

സര്‍ജനും തന്റെ ജോലിയില്‍ അതീവ ശ്രദ്ധാലുവായിരുന്നു. മോപ്പ് കൗണ്ട് ശരിയാകുന്നില്ലെങ്കില്‍ ആദ്യത്തെ എണ്ണല്‍ പിശകിയതാവാമെന്നും ആയിരുന്നു അദ്ദേഹത്തിന്റെ വാദം. നഴ്സാകട്ടെ തനിക്ക് എണ്ണം പിഴച്ചിട്ടില്ലെന്നും വിശ്വസിച്ചു.

ഡോക്ടര്‍ക്ക് ക്ഷമ നശിച്ചുതുടങ്ങിയിരുന്നു: ”ഇനി നമുക്ക് സമയം കളയാനില്ല. നൂലും സൂചിയും കൊണ്ടുവരൂ.”

സിസ്റ്റര്‍ സമ്മതിച്ചില്ല. വിനയപൂര്‍വമാണെങ്കിലും ഉറച്ചസ്വരത്തില്‍ അവള്‍ പറഞ്ഞു: ”ഇല്ല സര്‍, മോപ്കൗണ്ട് ശരിയാകുന്നതുവരെ നൂലും സൂചിയുമെടുത്തു തരാന്‍ ഞാന്‍ തയ്യാറല്ല. കാണാതായ ആ മോപ് കണ്ടെത്തിയതിനുശേഷമേ മുറിവ് തുന്നിക്കെട്ടാന്‍ പാടുള്ളൂ.’

സര്‍ജന് വല്ലാതെ ദേഷ്യം വന്നെങ്കിലും അതു പുറത്തുകാണിക്കാതിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അദ്ദേഹം രോഗിയുടെ ഉദരഭാഗങ്ങള്‍ മുഴുവന്‍
പരിശോധിച്ചു. ഒടുവില്‍ കര്‍ക്കശസ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ”ഞാനിവിടത്തെ ഒരു സീനിയര്‍ സര്‍ജനാണ്. ഈ ഓപ്പറേഷന്റെ ഉത്തരവാദിത്തം എനിക്കാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോടാജ്ഞാപിക്കുന്നു, സൂചിയും നൂലുമെടുക്കൂ.”

നഴ്സ് ധര്‍മസങ്കടത്തിലായി. എങ്കിലും തന്റെ നിലപാടിനു മാറ്റം വരുത്താന്‍ അവള്‍ തയ്യാറായിരുന്നില്ല. അവളുടെ പിടിവാശി സര്‍ജനെ കോപാകുലനാക്കി. അദ്ദേഹത്തിന് സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല ആ ധാര്‍ഷ്ട്യം ഒരു താക്കീതിന്റെ സ്വരത്തിലാണ് അദ്ദേഹം സംസാരിച്ചത്: ”എന്റെ നിര്‍ദ്ദേശമനുസരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഈ ഓപ്പറേഷന്‍ കഴിഞ്ഞാലുടനെ എനിക്കു നിങ്ങളെ പുറത്താക്കേണ്ടിവരും.”

എന്തു ചെയ്യണമെന്നറിയാതെ ആ പെണ്‍കുട്ടി കുഴങ്ങി. വീട്ടിലെ ഏറ്റവും മൂത്തയാളാണ് അവള്‍. സ്വന്തമായി വരുമാനമുള്ള ഒരേയൊരു അംഗവും, ജോലി നഷ്ടപ്പെടുകയെന്നത് അവളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നം തന്നെയാണ്. അത്തരമൊരവസ്ഥയെക്കുറിച്ച് ആലോചിക്കാന്‍പോലും വയ്യ. പക്ഷേ കര്‍ത്തവൃത്തില്‍ വീഴ്ച വരുത്താനും അവള്‍ തയ്യാറായിരുന്നില്ല. സ്വന്തം സുരക്ഷിതത്വത്തിനുവേണ്ടി രോഗിയുടെ സുരക്ഷിതത്വം പണയപ്പെടുത്തുന്നത് പാപമാണെന്ന് അവള്‍ വിശ്വസിച്ചു

തന്റെ നിസ്സഹായാവസ്ഥ പൂര്‍ണമായി ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ധര്‍മബോധത്തില്‍ നിന്നും വ്യതിചലിക്കാന്‍ തയ്യാറാകാത്ത നഴ്‌സ് പറഞ്ഞു.”സര്‍, ക്ഷമിക്കണം. അങ്ങേക്ക് നൂലും സൂചിയുമെടുത്തു തരാന്‍ നിവൃത്തിയില്ല.”

നഴ്സിന്റെ നിര്‍ബന്ധബുദ്ധിയും ദുഃശാഠ്യവും സര്‍ജനെ കണക്കറ്റ് ദേഷ്യം പിടിപ്പിച്ചു. തന്റെ പരിചയസമ്പത്തിനെയും പ്രാഗല്ഭ്യത്തെയും ചോദ്യം
ചെയ്യുന്ന ആ പെണ്‍കുട്ടിയോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ അദ്ദേഹം കുഴങ്ങി. കോപവും നിരാശയും അക്ഷമയുമൊക്കെ അദ്ദേഹത്തിന്റെ മനസ്സിനെ സംഘര്‍ഷഭരിതമാക്കി. അദ്ദേഹം തലകുനിച്ചു നിന്നു.

അത്ഭുതം! അതാ കിടക്കുന്നു രക്തത്തില്‍ കുതിര്‍ന്ന ഒരു മോപ്. മുറിവേറ്റ ഒരു പടയാളി യുദ്ധക്കളത്തില്‍ വീണുകിടക്കുന്നതുപോലെ ഓപ്പറേഷന്‍ തിയേറ്ററിന്റെ തറയില്‍ വീണുകിടക്കുകയാണ് വിവാദം സൃഷ്ടിച്ച ആ കോട്ടന്‍ മോപ്.

ഡോക്ടര്‍ക്കു സമാധാനമായി. പ്രശ്നം പരിഹരിക്കപ്പെട്ട സമാധാനത്തില്‍ അദ്ദേഹം വിളിച്ചുകൂവി: ”ഓ, മോപ് ഇവിടെ കിടപ്പുണ്ട്. ഇപ്പോള്‍ കൗണ്ട് ശരിയായല്ലോ. വേഗം സൂചിയും നൂലും…” മുഴുവന്‍ പറഞ്ഞുതീരുംമുമ്പേ സൂചിയും നൂലും അദ്ദേഹത്തിന്റെ കൈയിലെത്തിയിരുന്നു.

അങ്ങനെ പ്രശ്‌നം അവസാനിച്ച്, അന്തരീക്ഷം ശാന്തമായി. കുറച്ചു സമയത്തിനുശേഷം സര്‍ജന്‍ നഴ്സിനെ തന്റെ മുറിയിലേക്ക് വിളിപ്പിച്ചു. അവളുടെ കൃത്യനിഷ്ഠയില്‍ അഭിനന്ദിക്കുകയും ചെയ്തു: ”സിസ്റ്റര്‍, ഞാന്‍ നിങ്ങളെ ഒരുപാടു ബുദ്ധിമുട്ടിച്ചു. അതിലെനിക്കു വളരെ ഖേദമുണ്ട്. എങ്കിലും, ഒരു കാര്യം അറിയാന്‍ ഞാനാഗ്രഹിക്കുന്നു. ജോലിയില്‍നിന്നു പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ നിങ്ങള്‍ ഭയപ്പെട്ടിരുന്നോ? ഈ ഓപ്പറേഷന്‍ എന്റെ ഉത്തരവാദിത്തത്തില്‍പെട്ട കാര്യമാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയാതിരുന്നത്? അത്രമേല്‍ സമ്മര്‍ദ്ദമുണ്ടായിട്ടും എങ്ങനെയാണ് നിലപാടിലുറച്ചു നില്ക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞത്?”

നഴ്‌സ് മടിച്ചുമടിച്ചാണ് മറുപടി പറഞ്ഞത്: ”സര്‍, എന്റെ അദ്ധ്യാപിക എനിക്കു പറഞ്ഞുതന്ന കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. മോപ്കൗണ്ട് ശരിയാവുന്നില്ലെങ്കില്‍, സര്‍ജന് നൂലും സൂചിയുമെടുത്തു കൊടുക്കാന്‍ പാടില്ലെന്നാണ് അവര്‍ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. പരിചയസമ്പന്നരായ അദ്ധ്യാപകര്‍ എന്തെങ്കിലും പറയുമ്പോള്‍ തീര്‍ച്ചയായും അതിന് വ്യക്തമായ കാരണമുണ്ടാകും. അതുകൊണ്ടുതന്നെ അവരുടെ നിര്‍ദ്ദേശങ്ങള്‍ കടുകിട തെറ്റാതെ പാലിക്കപ്പെടേണ്ടതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതു മാത്രമാണ് ഞാന്‍ ചെയ്തതും.” സര്‍ജന്‍ അത്ഭുതപരതന്ത്രനായി. ഒപ്പം അങ്ങേയറ്റം ആഹ്ലാദവാനും.

സുധാമൂർത്തിയും അവരുടെ പുസ്തകവും

ഇംഗ്ലണ്ടില്‍ നടന്ന ഈ കഥ സുധാമൂര്‍ത്തിയുടെ Wise and Otherwise എന്ന പുസ്തകത്തിലേതാണ്. സുധാമൂര്‍ത്തിയെന്നാല്‍ ‘എഴുത്തുകാരിയും, കോളമിസ്റ്റും സാമൂഹിക പ്രവര്‍ത്തകയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പത്‌നിയും ഇപ്പോള്‍ രാജ്യസഭാ എം.പി യും. അവര്‍ മേലധികാരിയായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഏറെ ശ്രദ്ധേയമാണ്.

സുധാമൂര്‍ത്തിയുടെ പിതാവ് ഒരു ഡോക്ടര്‍ ആയിരുന്നു. പിതാവ് തന്നോട് ഒരിക്കല്‍ പറഞ്ഞ, മെഡിക്കല്‍ ക്ലാസുകളില്‍ പറയാറുള്ള പരശതം അനുഭവകഥകളിലൊന്നായ ഈ സംഭവം എഴുതിയ ശേഷം സുധാമൂര്‍ത്തി എഴുതി:
എന്റെ അച്ഛന്‍ പറയും: ”ഓരോ രോഗിയുടെയും ജീവന്‍ വിലപ്പെട്ടതാണ്. വളരെ ശ്രദ്ധയോടെ വേണം രോഗികളെ പരിചരിക്കാന്‍. ഒരു രോഗി മരിച്ചാല്‍ ഡോക്ടറെ സംബന്ധിച്ചിടത്തോളം കേവലമൊരു ആശുപത്രി മരണം മാത്രമായിരിക്കാം അത്. എന്നാല്‍ രോഗിയുടെ കുടുംബത്തിന് ഒരു തീരാനഷ്ടമാണത്. കാരണം, കുടുംബത്തിലെ ഓരോ അംഗവും ഒരു പ്രധാനപ്പെട്ട വ്യക്തിയാണ്!” അച്ഛന്റെ അഭിപ്രായം എത്ര ശരിയാണ്! അവര്‍ എഴുതി.

ഒ.റ്റി. എന്നാണ് ഓപ്പറേഷന്‍ തിയേറ്റര്‍ എന്നതിന്റെ മെഡിക്കല്‍രംഗത്തെ ചുരുക്കപ്പേര്. വളരെ ഉത്തരവാദിത്തമുള്ള, പ്രാപ്തിയും പരിചയസമ്പന്നതയും കഴിവുമുള്ള ആളായിരിക്കും, സാധാരണയായി ഒ.റ്റി. നഴ്സായി നിയമിക്കപ്പെടുന്നത്. ഡോക്ടര്‍മാരും, സര്‍ജന്‍മാരുമൊക്കെ അവരുടെ വാക്കുകള്‍ക്കു വില കല്പിക്കാറുണ്ട്.

വയറ്റില്‍ കണ്ടെത്തിയ കത്രികയ്ക്ക് 12.5 സെന്റിമീറ്റര്‍ നീളം

അമ്പലപ്പുഴ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ചുവര്‍ഷം മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയയായ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫുകുട്ടിയുടെ വയറ്റില്‍ നിന്നു പുറത്തെടുത്ത കത്രികയ്ക്ക് 12.5 സെന്റിമീറ്റര്‍ നീളം. കൊച്ചി അമൃത ആശുപത്രിയില്‍ മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.
(മാതൃഭൂമി വാര്‍ത്ത: 23 ഫെബ്രുവരി, 2026) ഒരു പുതിയ വിവാദം ആരംഭിക്കുകയാണ്.

ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ എന്ന അവകാശമുന്നയിക്കുന്ന കേരളത്തില്‍ ഇത് പുതിയ കാര്യമൊന്നുമല്ല. ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വളരെ സജീവമായ കാലമായതിനാല്‍ സംഭവം ചൂടായി. ‘ഒറ്റപ്പെട്ട സംഭവം’ എന്ന് മന്ത്രിയും ഭരണകക്ഷികളും ആദ്യം ഇതിനെ ലാഘവത്തോടെ എടുത്തു. ചികിത്സാ പിഴവ് ഏറ്റെടുത്ത് ആരോഗ്യ മന്ത്രി രാജി വെയ്ക്കണമെന്ന് പ്രതിപക്ഷവും, ചാനലുകാരും സോഷ്യല്‍ മീഡിയക്കാരും.

ചികിത്സിച്ച ഡോക്ടറും ശസ്ത്രക്രിയ നടത്തിയ ഡോക്ടറും രണ്ടാളുകളാണ്. ആദ്യത്തെ ഡോക്ടര്‍ സംഭവം നടന്ന വകുപ്പിന്റെ മേലധികാരിയാണ്. സംഗതി വിവാദമായപ്പോള്‍ തന്നെ മാധ്യമങ്ങളോട് പ്രതികരിച്ച അവര്‍ ആദ്യം ബാലിശമായാണ് മറുപടി പറഞത്.
”അഞ്ചല്ല, 50 കൊല്ലം ജീവിച്ചാലും ഒന്നും സംഭവിക്കില്ല – ഇത് സിസ്റ്റത്തിന്റെ തകരാറാണ് എന്നാണ് അവര്‍ പറഞ്ഞത്. (ഈ കത്രിക വയറ്റില്‍ കിടന്നാല്‍ ഒന്നും പറ്റില്ല എന്നാണ് അവര്‍ ഉദ്ദേശിച്ചത്) ഇത്തരം കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ മതിയായ സ്റ്റാഫ് ഇല്ല. ഇനിയെങ്കിലും സര്‍ക്കാര്‍ ഇതിന് പരിഹാരം ഉണ്ടാക്കണം എന്നാണ് അവര്‍ ചാനലുകളോട് പറഞ്ഞത്.”

വകുപ്പ് അദ്ധ്യക്ഷയുടെ പ്രതികരണം -വാർത്ത

ഇതില്‍ ആദ്യ വാചകം ശുദ്ധ അസംബന്ധമാണ്. വകുപ്പ് മേധാവിയായ അവര്‍ക്കിത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്. പിഴവ് പറ്റിയതാകാം എന്ന് പറഞ്ഞാല്‍ കുറെക്കൂടി മാന്യതയും അന്തസ്സും ഉണ്ടാകുമായിരുന്നു. തന്റെ വകുപ്പിലെ താന്‍ ചികിത്സിച്ച ഒരു രോഗിക്ക് വന്ന ധാര്‍മ്മികമായ അവസ്ഥയില്‍ ക്ഷമാപണം നടത്തേണ്ട അവര്‍ പറഞ്ഞത് ഒട്ടും ധാര്‍മ്മികമല്ലാത്ത കാര്യവും. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായി. താന്‍ ജോലിയില്‍ നിന്ന് വിരമിച്ചതിനാല്‍ കാര്യങ്ങള്‍ രേഖകള്‍ ഇല്ലാതെ പറയാനാവില്ലെന്നും അവര്‍ പറഞ്ഞു. സംഭവം നടന്നത് കോവിഡ് കാലത്താണ്. അന്ന് ശസ്ത്രക്രിയകള്‍ വളരെ വിരളമായേ നടന്നിട്ടുള്ളൂ എന്നും അവര്‍ പറയുന്നു.

സിസ്റ്റത്തിനു തകരാര്‍ സംഭവിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങളുടെ വിവരം ആദ്യം ബോര്‍ഡില്‍ എഴുതണം. ശസ്ത്രക്രിയ കഴിയുമ്പോള്‍ അതെല്ലാം ഉണ്ടോയെന്നു പരിശോധിക്കണം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ അതിനു തക്ക ജീവനക്കാരില്ല. ഉഷയ്ക്ക് 20 കൊല്ലം മുന്‍പ് ഒരു ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. കത്രിക അപ്പോള്‍ വയറ്റില്‍ വെച്ചതാകാമെന്നും അവര്‍ പറഞ്ഞതായി ഒരു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

അതിനിടയില്‍ ശസ്ത്രക്രിയാ സമയത്ത് പാലിക്കേണ്ട മാനദണ്ഡങ്ങളും സര്‍ജിക്കല്‍ ചെക്ക് ലിസ്റ്റ് മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി പാലിക്കാത്തതാണ് കത്രിക മറന്നുവച്ച സംഭവത്തിനു കാരണമായതെന്ന ആരോപണവുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ രംഗത്തെത്തി.

വിവാദപ്രസ്താവന നടത്തിയ വകുപ്പ് മേധാവി

ഒടുവില്‍ ആരോഗ്യ മന്ത്രി നേരിട്ടിറങ്ങി. ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പ്രതികരണം. ”ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്കും നഴ്‌സിനും ഒരുപോലെ ഉത്തരവാദിത്തമുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം ഉപകരണങ്ങള്‍ എല്ലാമുണ്ടോ എന്നു ഡോക്ടറും പരിശോധിക്കണം. പ്രോട്ടോക്കാള്‍ അനുസരിച്ചുള്ള ആളുകളില്ലാതെ സര്‍ജറി നടത്താന്‍ പാടില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കില്‍ അതു ഗുരുതരമായിട്ടുള്ള വിഷയമാണ്”- മന്ത്രി പറഞ്ഞു.

ആശുപ്രതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയും ആരോഗ്യമന്ത്രി നിയോഗിച്ച വിദഗ്ധസമിതിയും സംഭവവമായി ബന്ധപ്പെട്ട ഇവരില്‍
നിന്നു നേരിട്ടും ഫോണിലൂടെയും വിവരങ്ങള്‍ ശേഖരിച്ചു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഉപകരണങ്ങളുടെ വിവരങ്ങള്‍, ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാല്‍, ഉഷാ ജോസഫിന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട രേഖകളില്‍ ഉപകരണങ്ങളുടെ എണ്ണം കുറഞ്ഞതായി രേഖപ്പെടുത്തിയിട്ടില്ല. ഇതു ഗുരുതരമായ വീഴ്ചയാണെന്ന് അന്വേഷണ സംഘം വിലയിരുത്തി.

ആരാണ് ഈ ഗുരുതരമായ വീഴ്ചക്ക് ഉത്തരവാദി?

ഇനിയും അത് വ്യക്തമായി ആരും പറഞ്ഞിട്ടില്ല. മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെപ്പെടുത്തത് മാത്രമാണ് കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ്. ഇത്തരമൊരു സംഭവത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന് അവിടെ ദീര്‍ഘകാലം പൊഫസറായിരുന്ന ഗൈനക്കോളജസ്റ്റ് ഡോ. ഖദീജ മുംതാസ് എഴുതിയിട്ടുണ്ട്.

”പാവപ്പെട്ട ഒരു അര്‍ബുദരോഗിയുടെ വയറ്റില്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ‘കത്രിക’ അകത്തുതന്നെയിട്ട് അടച്ചു പോരുക! രോഗികളെ തികഞ്ഞ പുച്ഛത്തിലും അശ്രദ്ധമായും കൈകാര്യം ചെയ്യുന്ന, ‘സ്വന്തം കാര്യം സിന്ദാബാദ്’ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പൊതുജനമനസ്സിലുള്ള വികൃത പ്രതിച്ഛായയ്ക്ക് ഇതിനപ്പുറമെങ്ങനെ മിഴിവുകൂട്ടാന്‍! ഡോക്ടര്‍മാരുടെ വിമര്‍ശകരുടെ വാളിന് ഇരുതലമൂര്‍ച്ച. അവരുടെ മനസ്സുകളില്‍ ഗൂഢമായ സംതൃപ്തി” കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ് ഡോ. ഖദീജ മുംതാസ് പരാമര്‍ശിച്ചത്.

ഡോ. ഖദീജ മുംതാസ്

”ഓപ്പറേഷന്‍ ടേബിളില്‍ അനാരോഗ്യവാനായ പാവം അര്‍ബുദരോഗി, വീര്‍ത്ത വയറുമായി, യൂണിറ്റിലെ കഴിവുറ്റ ഡോക്ടര്‍മാരില്‍ രണ്ടുപേര്‍ വാഷ് ചെയ്തു കയറിയിരിക്കുന്നു. യൂണിറ്റ് ഹെഡായ പ്രൊഫസര്‍ അപ്പുറത്തെ ടേബിളില്‍ വേറൊരു കേസ് ചെയ്തുകൊണ്ടിരിക്കയാണ്. ടേബിള്‍ ഒഴിഞ്ഞാലുടനെ മറ്റൊരു രോഗിയെ കിടത്തി ചെയ്തുതുടങ്ങിയില്ലെങ്കില്‍, ഉച്ചയ്ക്കു മുമ്പ് ഓപ്പറേഷനുവേണ്ടി എല്ലാ മുന്നൊരുക്കങ്ങളുമായി കാത്തിരിക്കുന്ന ലിസ്റ്റിലെ രോഗികളില്‍ ചിലരുടെ പ്രതീക്ഷകള്‍ വെറുതേയാകും.

തിരക്കുപിടിച്ച് ഉപകരണമേശ സെറ്റ് ചെയ്യുന്നു. തിയേറ്ററില്‍ എന്നത്തെയും പോലെ സ്റ്റാഫ് നഴ്സിന്റെ കുറവ്, ആര്‍ട്ടറി ഫോര്‍സെപ്‌സ്, ആലിസ് ഫോര്‍ സെപ്റ്റസ്, സിസേഴ്‌സ്, നൈഫ്, റിട്രാക്റ്റര്‍, തുന്നല്‍ ഉപകരണങ്ങള്‍, സക്ഷന്‍ ട്യൂബ് എടുത്ത ഉപകരണങ്ങളുടെ നമ്പറുകള്‍ ഓര്‍മിച്ചു വയ്ക്കാനും ആവശ്യാനുസരണം ഡോക്ടര്‍മാര്‍ക്ക് എടുത്തുകൊടുക്കാനും ഓപ്പറേഷന്‍ കഴിയാറായാല്‍ കൗണ്ട് ശരിയാണോ എന്നു പെട്ടെന്നു നോക്കി മനസ്സിലാക്കാനുമുള്ള എളുപ്പവഴികള്‍. തിയേറ്റര്‍ ട്രെയിനിങ്ങിന്റെ ഭാഗമായി ലഭിച്ചവള്‍ തന്നെയായിരുന്നു ആ സിസ്റ്റര്‍. ആര്‍ട്ടറി ഫോര്‍സെപ്സ്, ആലിസ് ഫോര്‍ സെപ്സ് മുതലായവ വളരെയേറെയെണ്ണം വേണ്ടിവരുന്നവയാകയാല്‍, ആറെണ്ണം വീതമുള്ള സെറ്റുകളാക്കി, റബര്‍ബാന്റിട്ടാണ് അവ ടേബിളില്‍ ഒരുക്കിവയ്ക്കുക. കൂടുതല്‍ ഉപകരണങ്ങള്‍ സര്‍ജറിക്കിടയില്‍ വേണ്ടിവന്നാല്‍, പുതിയൊരു സെറ്റ് തന്നെയാണെടുക്കുക- എണ്ണം തെറ്റിപ്പോകാതിരിക്കാന്‍ വളരെ ചടുലവും ശ്രദ്ധാപൂര്‍വവുമായ ചലനങ്ങളിലൂടെ തിയേറ്റര്‍ സിസ്റ്റര്‍മാര്‍ എത്രയോ കാലങ്ങളായി, എത്രയോ ആയിരം കേസുകള്‍, എത്രയോ ഡോക്ടര്‍മാരെ അസിസ്റ്റ് ചെയ്തു കഴിഞ്ഞിരിക്കുന്നു!

നമ്മുടെ രോഗിയിലേക്കുതന്നെ തിരിച്ചുവരാം. വയര്‍ തുറന്നുകഴിഞ്ഞപ്പോഴാണ് അതൊരു ‘റെട്രോ പെരിറ്റോണിയല്‍ ട്യൂമര്‍ ആണെന്ന സംശയം സ്ഥിരീകരിക്കപ്പെട്ടത്. ‘ഒപ്പറേഷന്‍ നിശ്ചയിച്ചത് എന്തിനാണോ അതിനേക്കാള്‍ സങ്കീര്‍ണമാണ് ഇപ്പോഴത്തെ രോഗാവസ്ഥ. അതായത് മേജര്‍ ഓപ്പറേഷന്‍ വേണ്ടി വരും.

അസിസ്റ്റ് ചെയ്യുന്ന ഡോക്ടര്‍മാര്‍ വകഞ്ഞു മാറ്റി പിടിച്ചു തരുന്നതിനനുസരിച്ച് ഓരോ ഭാഗങ്ങളായി ഓപ്പറേറ്റ് ചെയ്ത ട്യൂമര്‍ മാറ്റിക്കൊണ്ടുവരണം.

ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച്, സിസ്റ്റര്‍ കൈവേഗത്തോടെ ഉപകരണങ്ങള്‍ എടുത്തുകൊടുത്തുകൊണ്ടിരുന്നു. ആര്‍ട്ടറി ഫോര്‍സെപ്സിന്റെ സെറ്റുകള്‍ ഓരോന്നോരോന്നായി തീരുന്നു. കൂടുതല്‍ സെറ്റുകള്‍ എടുത്തുകിട്ടുന്നതിനായി അടുത്തിരിക്കുന്ന ചൂടുവെള്ള ട്രേയില്‍ കൈയിലിരുന്ന ഉപകരണം കൊണ്ടു കൊട്ടി ബെല്ലുമുഴക്കി സിസ്റ്റര്‍ സിഗ്‌നല്‍ കാണിക്കുന്നു.

വാസ്തവത്തില്‍, ഒരു നഴ്‌സ് അസിസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരാള്‍ ഇത്തരം സഹായങ്ങള്‍ക്കായി തിയേറ്റര്‍ ടേബിളിനെ ചുറ്റിപ്പറ്റി ഉണ്ടായിരിക്കണമെന്നാണ് അംഗികൃത നിയമം. മെഡിക്കല്‍ കോളജില്‍ പക്ഷേ, നഴ്സുമാര്‍ക്ക് ‘ഷോര്‍ട്ടേജി’ല്ലാത്ത സമയമെപ്പോഴാണ്? തിയേറ്ററില്‍ ആകെയുള്ള കുറച്ചുപേര്‍ ചക്രശ്വാസം വലിച്ച് എല്ലാ ടേബിളുകളിലും അസിസ്റ്റ് ചെയ്യുകയും അതിനിടയില്‍ത്തന്നെ ഉപകരണമേശകള്‍ സെറ്റു ചെയ്യുകയുമൊക്കെ ചെയ്യും. പിന്നെ സഹായത്തിനുള്ളത് നഴ്‌സിങ് അസിസ്റ്റന്റ്‌സ് എന്ന മറ്റൊരു കഷ്ടകാലം പിടിച്ച കൂട്ടരാണ്. തിയേറ്ററില്‍ ഇവര്‍ ചെയ്യാത്ത ജോലികളില്ല. എത്രയോ ആയിരം തൊഴിലില്ലാപ്പട പുറത്തുണ്ടെങ്കിലും സര്‍ക്കാരാശുപത്രികളില്‍ ആവശ്യത്തിന് ഇത്തരം ജോലിക്കാരെ ഒരിക്കലും പോസ്റ്റ് ചെയ്യാറില്ല. അതിന്റെ രാഷ്ട്രീയമൊന്നു വേറേയാണ്. ഓപ്പറേഷന്‍ മണിക്കൂറുകള്‍ നീണ്ടു പോകുകയും, നഴ്‌സുമാരുടെ ഡ്യൂട്ടി സമയം കഴിയുകയും, ഷിഫ്റ്റില്‍ പുതിയ നഴ്‌സ് വരികയും ചെയ്യുന്നു. ഡോക്ടര്‍മാര്‍ക്കും തിരക്ക് ഉണ്ടാകും.

ഉഷാ ജോസഫ് എക്സറെയുമായി

”അവസാനം ഉപയോഗം കഴിഞ്ഞ ഉപകരണങ്ങളും ടൗവലുകളും ഡോക്ടര്‍മാര്‍ ഓരോന്നായി പുറത്തെടുത്തു പുതിയ സിസ്റ്ററെ ഏല്‍പ്പിക്കുന്നു. സിസ്റ്റര്‍ തിരക്കിട്ട് അവയൊക്കെ എണ്ണുന്നു. ഓപ്പറേഷന്‍ ചെയ്ത ഭാഗത്തിന്റെ ബുദ്ധിമുട്ടേറിയ ഒരവസാന അവലോകനത്തിനിടെ ടീം ലീഡറായ പ്രൊഫസര്‍ ചോദിക്കുന്നു: ”സിസ്റ്റര്‍, കൗണ്ട് ശരിയല്ലേ?” അതൊരു നിത്യചോദ്യമാണ്. നഴ്‌സസിന്റെ ഉത്തരത്തിന്റെ ബലത്തിലാണ് രോഗിയുടെ വയര്‍ തുന്നിക്കൂട്ടുന്ന പ്രക്രിയ ആരംഭിക്കുന്നത്. എത്ര ഉപകരണങ്ങള്‍, എത്ര സെറ്റ്? സര്‍ജറിയില്‍ മുഴുകുമ്പോള്‍ അതിന്റെ കടിഞ്ഞാണ്‍ സര്‍ജന്മാരില്‍ നിന്നു സ്വാഭാവികമായി വഴുതിപ്പോകുന്നു.”

‘യെസ് ഡോക്ടര്‍, കൗണ്ട് കറക്ട്ട്!’ അത്യന്തം സങ്കീര്‍ണവും നീണ്ടതുമായ ആ സര്‍ജറി തൃപ്തികരമായി പൂര്‍ത്തിയാക്കിയ ആശ്വാസനിശ്വാസം ഡോക്ടര്‍മാര്‍ക്ക്!”

”മെഡിക്കല്‍ കോളജില്‍ ഈയിടെ നടന്ന സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രണമൊന്നുമല്ല മേല്‍ കൊടുത്തത്. ഇങ്ങനെയൊക്കെയാണ് മെഡിക്കല്‍ കോളജ് തിയേറ്ററുകളില്‍ നിത്യേന നടക്കുന്നതെന്നു പറഞ്ഞുവെന്നു മാത്രം. അസിസ്റ്റ് ചെയ്ത ആദ്യത്തെ നഴ്സിന്റെ തിരക്കുകള്‍ക്കും കൈസഹായത്തിന് ആളില്ലാത്തതിന്റെ പരിഭ്രമങ്ങള്‍ക്കുമിടയില്‍, സ്റ്റെറിലൈസറില്‍ നിന്നെടുത്ത ആര്‍ട്ടറി ഫോര്‍സെപ്സിന്റെ എണ്ണം മൂന്നിനു പകരം രണ്ടായി റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയില്ലേ? അതീവസങ്കീര്‍ണമായ സര്‍ജറിക്കിടയില്‍, ഓപ്പറേഷന്‍ സൈറ്റില്‍നിന്നു വഴുതിയകന്ന ഒരു ആര്‍ട്ടറി ഫോര്‍സെപ്‌സ്, കുടല്‍മാലകള്‍ക്കു പിറകില്‍ മറഞ്ഞുകിടന്ന് ഡോക്ടര്‍മാരുടെ കാഴ്ചയെ വഞ്ചിച്ചുകൂടേ? വിധിവിശേഷത്താല്‍ രണ്ടുംകൂടി ഒന്നിക്കുമ്പോള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി ‘രോഗിയുടെ വയറ്റില്‍ ഓപ്പറേഷന്‍ ഉപകരണം’ എന്ന അത്യന്തം ദൗര്‍ഭാഗ്യകരമായ അവസ്ഥ സംജാതമാകുകയായി”

സര്‍ജിക്കല്‍ ഫീല്‍ഡുമായി ബന്ധപ്പെട്ട് ഏതൊരു ഡോക്ടര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതുതന്നെ എന്നും ഞങ്ങള്‍ക്കറിയാം. ജോലിക്കാരുടെയും ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതകള്‍ക്കിടയില്‍ ശ്വാസംമുട്ടുമ്പോഴും ഇത്തരം സംഭവങ്ങള്‍, മൂവായിരത്തോളം സര്‍ജറി നടക്കുമ്പോള്‍ ഒന്ന് എന്ന ആഗോള സ്ഥിതിവിവരക്കണക്കുകളെ കവച്ചുവെക്കുന്നില്ലെന്ന സത്യത്തിനു നേരെയും ആരും കണ്ണടയ്ക്കാതിരിക്കട്ടെ.” ഡോ. ഖദീജ മുംതാസ് എഴുതുന്നു. (ഡോക്ടര്‍ ദൈവമല്ല, ഡോ. ഖദീജ മുംതാസ്, 2009)

ഇത്തരത്തിലുള്ള പിഴവുകള്‍ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാം എന്നതിന്റെ നേര്‍സാക്ഷ്യമാണ് ഡോ. ഖദീജ മുംതാസിന്റെ അനുഭവം. മണിക്കുറുകള്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയ നിന്നുകൊണ്ടാണ് ഡോക്ടറും സംഘവും ചെയ്യുന്നത്. ദീര്‍ഘമായ ഈ പ്രക്രിയയില്‍ അവര്‍ക്കുണ്ടാവുന്ന ക്ഷീണം, തളര്‍ച്ച
ഇവയൊന്നും ചെറുതല്ല. ഈ പിരിമുറുക്കത്തിനിടയില്‍ തെറ്റ് വരാന്‍ സാധ്യത കൂടുതലാണ്. എങ്കില്‍ പോലും ഓപ്പറേഷന്‍ തിയേറ്ററിലെ ചെക്ക് ലിസ്റ്റ് – നിരീക്ഷണ സ്വഭാവം നിര്‍ബന്ധമാക്കിയാല്‍ സംഭവിക്കാവുന്ന ഇത്തരം പിഴവുകള്‍ ഒഴിവാക്കാം.

ദുരന്തങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

മതിയായ സ്റ്റാഫില്ല എന്നത് ഒരു പരിഹരിക്കാനാവാത്ത പ്രശ്‌നമല്ലല്ലോ. മറ്റേത് തൊഴില്‍ മേഖല പോലെയല്ല ചികിത്സാ ലോകം. ഇവിടെ കൈകാര്യം ചെയ്യുന്നത് മനുഷ്യജീവനാണ്. അതിനാല്‍ വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്.

ശസ്ത്രക്രിയ തുടങ്ങുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഓപ്പറേഷന്‍ തിയേറ്ററില്‍ ഉപകരണങ്ങളുടെയും മറ്റു കാര്യങ്ങളുടെയും ഒരു ചെക്ക് ലിസ്റ്റ് നിര്‍ബന്ധമായും സൂക്ഷിക്കുന്നുണ്ടെന്ന് പ്രോട്ടോക്കോള്‍ ഉണ്ട്. അത് പലപ്പോഴും പാലിക്കുന്നില്ല എന്ന് മാത്രം. ആധുനിക കാലത്ത്, എല്ലാ സ്ഥലങ്ങളിലും സ്ഥാപിക്കപ്പെടുന്ന CCTV ഇത്തരം കാര്യങ്ങള്‍ക്ക് ഒരു പരിഹാരമാണ്. അത് സ്ഥാപിച്ചാല്‍ ഓപ്പറേഷന്‍ തിയേറ്ററിനുള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ വ്യക്തമായി അറിയാന്‍ പറ്റും. പക്ഷേ, വ്യക്തികളുടെ സ്വകാര്യത മാനിച്ച് ഓപ്പറേഷന്‍ തിയേറ്ററില്‍ CCTV പറ്റില്ല. പിന്നെ എന്താണ് പരിഹാരം ?

ഒരു സര്‍ക്കാര്‍ ഡോക്ടറോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ലളിതമായ പരിഹാരം ഇതാണ്: ”സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയക്ക് വിധേയമായവരെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്യുമ്പോള്‍ ശരീരം സ്‌കാന്‍ ചെയ്യുക. അകത്ത് സൂചിയോ, കത്രികയോ, ചവണയോ ഉണ്ടെങ്കില്‍ അറിയാമല്ലോ. എല്ലാം ഒ.കെ. യാണെങ്കില്‍ രോഗിയില്‍ നിന്ന് അത് എഴുതി വാങ്ങുകയും ചെയ്യുക” സ്വകാര്യ ആശുപത്രിയിലെ കാര്യമോ? ”അത് എനിക്ക് പറയാന്‍ കഴിയില്ല” അദ്ദേഹം കൈമലര്‍ത്തി.

പരിഹാരം നല്ലതു തന്നെ പക്ഷേ, പ്രായോഗികമായി ബുദ്ധിമുട്ടുണ്ട്. സ്‌കാനിന്റെ ചിലവ്, കൂടാതെ ലോഹമല്ലാത്ത, പഞ്ഞി, വസ്തുക്കള്‍, സ്‌കാനില്‍ വ്യക്തത കുറയും. ചിലവേറിയ സി.ടി. സ്‌കാന്‍ തന്നെ വേണ്ടി വരും. പിന്നെ ഒരു മാര്‍ഗമുള്ളത് എക്‌സറേ എടുക്കലാണ്. ചിലവ് കുറഞ്ഞ മാര്‍ഗം. അര്‍ബുദ രോഗക്കാര്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നതിനാല്‍ എക്‌സറെയും പരിപൂര്‍ണ്ണ പരിഹാരമല്ല. ഒരു ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്ക് അസ്വസ്ഥത അനുഭവപ്പെട്ടാല്‍, അയാള്‍ ആവശ്യപ്പെട്ടാല്‍ സ്‌കാനോ എക്‌സറെയോ ചെയ്യുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തുക എന്നതും പരിഹാരങ്ങളില്‍ പെടും. നേരത്തെ പറഞ്ഞ വീഴ്ചകള്‍ ഇല്ലാതാക്കാന്‍ ഇതെല്ലാം കണക്കിലെടുക്കേണ്ട പോംവഴികളാണ് എന്ന് മാത്രം. ശസ്ത്രക്രിയ ചെയ്ത ഡോക്ടറുടെ വിശ്വാസ്വതയാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നതാണ് ഇതെന്ന് ഓര്‍ക്കേണ്ടതുണ്ട്.

ചികിത്സാ രംഗവുമായി ബന്ധപ്പെട്ട ഇത്തരം പ്രധാനപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക ആരാണ്? എന്ന ചോദ്യമുയരുന്നു. കാല്‍മുട്ട് മാറി ശസ്ത്രക്രിയ ചെയ്യുന്ന പിഴവ് തൊട്ട് രോഗിയെ മാറി ശസ്ത്രക്രിയ ചെയ്യുന്ന സംഭവങ്ങള്‍ നടക്കുന്ന നാടാണ് നമ്മുടേത്. എന്നാല്‍ സമാന്തരമായി അസാധാരണ വിജയങ്ങളും ചികിത്സാ രംഗത്ത് നടക്കാറുണ്ട്. ഇത്രയും മോശപ്പെട്ട സംഭവങ്ങള്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് നടക്കുമ്പോഴും വിജയകരമായ ഹൃദയമാറ്റ ശസ്ത്രക്രിയ പോലെ അഭിമാനിക്കാവുന്ന മെഡിക്കല്‍ നേട്ടങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്നോര്‍ക്കുക.

മെഡിക്കല്‍ രംഗത്ത് അനേകം പ്രഗല്‍ഭര്‍ നമുക്കുണ്ട്. ആദ്യമായി അവരില്‍ മുതിര്‍ന്ന, വളരെ പരിചയസമ്പന്നരായ ഡോ.കെ. രാജശേഖരന്‍ നായര്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. എം.കെ.സി. നായര്‍, ഡോ. ഇക്ബാല്‍ തുടങ്ങി ഈ മേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു കമ്മറ്റി രൂപീകരിച്ച് ഈ പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴി ആരായാം. വളരെ നാളത്തെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന ഇവരെപ്പോലുള്ളവര്‍ വേണം ഇതിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍. അല്ലാതെ ഏത് വിഷയത്തിലും, എന്തും വിളിച്ച് പറയുന്ന ചാനല്‍ നിരീക്ഷകരോ, മാധ്യമപ്രവര്‍ത്തകരോ, രാഷ്ട്രീയക്കാരോ അല്ല ചികിത്സാ രംഗത്തെ സങ്കീര്‍ണമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കല്‍ അല്ലെങ്കില്‍ അഭിപ്രായം രൂപീകരിക്കേണ്ടത്. കാക്ക പറന്നാല്‍ അന്വേഷിക്കാന്‍ കമ്മറ്റിയുണ്ടാക്കുന്ന നമ്മുടെ നാട്ടില്‍ ഒരു കമ്മിറ്റി കൂടി രൂപീകരിച്ചാല്‍ തെറ്റൊന്നുമില്ല. ജനങ്ങളുടെ ആരോഗ്യപ്രശ്‌നം പരിഹരിക്കാനല്ലേ, അല്‍പ്പം പാഴ്ചിലവ് വന്നാലും സാരമില്ല.

ലോക ചികിത്സാചരിത്രത്തില്‍ എല്ലാ കാലത്തും ഇത്തരം സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അതിന് പരിഹാരം നിര്‍ദേശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആധുനികയുഗത്തില്‍ മരുന്നുഗവേഷണത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രൂപപ്പെട്ടു വരുന്നതില്‍ പ്രശസ്തമായ ‘ന്യൂറംബെര്‍ഗ് വിചാരണ’ വലിയ തോതില്‍ പങ്കു വഹിച്ചു. 80 വര്‍ഷം മുന്‍പ് നടന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പാതകങ്ങളുടെ രക്തക്കറ പുരണ്ടവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നീതി നടപ്പിലാക്കലായിരുന്നു രണ്ടാം ലോക മഹായുദ്ധാനന്തരം ജര്‍മനിയില്‍ നടന്ന ന്യൂറംബര്‍ഗ് വിചാരണ.

രണ്ടാം ലോകമഹായുദ്ധം അവസാനിച്ച ശേഷം ഹിറ്റ്ലറുടെ കൂട്ടാളികളായിരുന്ന കീഴടങ്ങിയ 22 നാസി തലവന്മാരുടെ കുറ്റവിചാരണ. 1945 നവംബര്‍ 20 ന് ആരംഭിച്ച് 1946 ഒക്ടോബര്‍ ഒന്നിന് അവസാനിച്ചു. ന്യൂറംബര്‍ഗില്‍ നടന്ന ഈ യുദ്ധക്കുറ്റവിചാരണ മനുഷ്യരാശിക്കെതിരെ നടന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ, ചരിത്രത്തിലെ ഏറ്റവും വലിയ വിചാരണയായിരുന്നു.

ഹിറ്റ്‌ലറിന്റെ കുപ്രസിദ്ധമായ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ യുദ്ധത്തടവുകാരില്‍ മനുഷ്യത്വരഹിതമായ നിരവധി വൈദ്യപരീക്ഷണങ്ങള്‍ നാസി ഡോക്ടര്‍മാര്‍ നടത്തുകയുണ്ടായി (1930/1945). യുദ്ധത്തടവുകാരെ കൊടുംതണുപ്പിനു വിധേയരാക്കുക, മലേറിയബാധ വരുത്തുക, വിഷവായുവിനു വിധേയമാക്കുക, കൊന്ന് നരവംശപഠനങ്ങള്‍ നടത്തുക… എന്നിങ്ങനെയായിരുന്നു നാസി ഡോക്ടര്‍മാരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍. ഇത്തരം ഹീനമായ ഗവേഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട നാസി ഡോക്ടര്‍മാരെ രണ്ടാം കുറ്റവാളികളായി പ്രഖ്യാപിച്ച് ന്യൂറന്‍ബര്‍ഗ് കോടതിയില്‍ വിചാരണ ചെയ്യുകയുണ്ടായി. വൈദ്യഗവേഷണത്തില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട അടിസ്ഥാനതത്ത്വങ്ങള്‍ എന്തൊക്കെയായിരിക്കണമെന്ന ചര്‍ച്ച ഉരുത്തിരിയാന്‍ ഇതു കാരണമായി. ഇങ്ങനെയുണ്ടായ സംഹിതയാണ് ന്യൂറംബെര്‍ഗ് കോഡ് (1947) എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ന്യൂറംബെര്‍ഗ് നിയമ സംഹിതയില്‍ വൈദ്യ സമൂഹത്തിന്റെ നൈതിക, സദാചാര, നിയമങ്ങള്‍ സംബന്ധിച്ച പത്ത് നിര്‍ദ്ദേശങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇവ ഇന്നും പ്രസക്തമായി നിലകൊള്ളുന്നു.

കേരളത്തിലെയും, ഇന്ത്യയിലെയും ചികിത്സാമേഖലയിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിച്ച് എന്തുകൊണ്ട് ഈ വിഷയത്തില്‍ പരിഹാരം തേടിക്കൂടാ. നല്ല ആരോഗ്യമുള്ള ജനത ഒരു സമൂഹത്തിലെ ഏറ്റവും വിലപിടിച്ചതാണ്. അത് പരിപാലിക്കേണ്ടത് ഭരണകൂടത്തിന്റെ ഏറ്റവും വലിയ കര്‍ത്തവ്യമാണ്.
വൈദ്യ മേഖലയില്‍ സൗകര്യങ്ങള്‍ വളരെ പരിമിതമായിരുന്ന കാലത്ത് ഒരു സര്‍ജന്‍ നടത്തിയ ശസ്ത്രക്രിയയെ കുറിച്ച് അറിയുക. 37 വര്‍ഷം സര്‍ക്കാര്‍ ആശുപത്രിയില്‍ സര്‍ജനായി സേവനമനുഷ്ഠിച്ച ഉത്തമ കമ്യൂണിസ്റ്റും ജനകീയ ഡോക്ടറുമായ പി.കെ.ആര്‍ വാര്യര്‍ നടത്തിയ ഒരു ശസ്ത്രക്രിയയെ കുറിച്ച് – ‘അനുഭവങ്ങള്‍ അനുഭാവങ്ങള്‍’ എന്ന തന്റെ ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ഇ.എം.എസ്., എം.എസ്. ദേവദാസ് എന്നീ സമുന്നതരായ കേരളത്തിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പി.കെ. രാഘവവാര്യര്‍ എന്ന ഇദ്ദേഹത്തിന്റെ മകളെയാണ് പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായിരുന്ന യശഃശരീരനായ ഷാജി എന്‍. കരുണ്‍ വിവാഹം ചെയ്തിരിക്കുന്നത്. അരനൂറ്റാണ്ട് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വയലാര്‍ രാമവര്‍മയെ രക്ഷിക്കാന്‍ ഓപ്പറേഷന്‍ ടേബിളില്‍ അവസാന ശ്രമം നടത്തിയ സര്‍ജനായിരുന്നു വാര്യര്‍ സാര്‍ എന്ന് എല്ലാവരും വിളിച്ചാദരിക്കുന്ന ഡോ.പി.കെ.ആര്‍ വാര്യര്‍.

ഡോ. പി.കെ. ആർ. വാര്യർ

1950 കളില്‍ ഡോക്ടര്‍ വാര്യര്‍ ലക്ഷദീപ് സമൂഹമായ മിനിക്കോയ് ദ്വീപില്‍ കുറെനാള്‍ ജോലി ചെയ്തു. അവിടെയുള്ള ഏക ഡോക്ടറായിരുന്നു അദ്ദേഹം. ഓലമേഞ്ഞ, രണ്ടു വലിയ മുറി മാത്രമുള്ള ആശുപത്രിയില്‍ ഡോക്ടര്‍ വാര്യര്‍ അടക്കം അഞ്ചുപേരായിരുന്നു ജീവനക്കാര്‍. ഡോക്ടര്‍-, കമ്പോണ്ടര്‍- അച്യുതന്‍നായര്‍, വാര്‍ഡ് ബോയ്- ശങ്കരമേനോന്‍, മിഡ്വൈഫ് – ത്രേസ്യാമ്മ. പിന്നെ അവിടത്തുകാരനായ ഒരു തൂപ്പുകാരന്‍. ഉപകരണങ്ങള്‍: 1. മൂന്നു കത്തി. പരു കീറുവാനും മറ്റും (സാധാരണ ഓപ്പറേഷന്‍ കത്തി മാറ്റിവെക്കാവുന്ന വിവിധ തരത്തിലുള്ള ബ്ലേഡുകളോടു കൂടിയവയാണ്, Bard Parker കത്തി. അത് മിനിക്കോയ് ആശുപത്രിയിലുണ്ടായിരുന്നില്ല.) 2. മൂന്ന് Hemostats, മുറിഞ്ഞ രക്തക്കുഴലുകളില്‍ നിന്ന് രക്തസ്രാവം നിര്‍ത്തുവാനുള്ള forceps.

വേറെ ഉപകരണങ്ങളൊന്നും അവിടെയുണ്ടായിരുന്നില്ല. ഈതര്‍ ഒഴിച്ച് ബോധം കെടുത്തുവാനുള്ള Schimmel Bush മാസ്‌ക്കും, ഇഞ്ചക്ഷനുള്ള സിറിഞ്ചുകളും സൂചികളും ഉണ്ടായിരുന്നു. പിന്നെ കുറെ പഞ്ഞിയും കെട്ടുവാനുള്ള തുണിത്തരങ്ങളും. അണുനാശിനിയായി രണ്ടു കുപ്പി അയഡിനും. (Tincture Iodine).
ഒരു ദിവസം കുടലിറക്കം (ആന്ത്രവായു) വുമായി വേദന കൊണ്ട് പിടയുന്ന ഒരു രോഗിയെ ആശുപത്രിയില്‍ രണ്ട് പേര്‍ ചേര്‍ന്ന് എത്തിച്ചു. കുടലിറക്കം ഉള്ള രോഗികളോട് കോഴിക്കോട്ടുപോയി വേഗം ഓപ്പറേഷന്‍ ചെയ്യിക്കുവാനാണ് ഉപദേശിക്കുക. ഏത് സമയത്തു വേണമെങ്കിലും അത് ഉദരത്തിലേക്ക് തിരിച്ചുപോകാതെ കുടുങ്ങി എന്നുവരാം. അപ്പോള്‍ വലിയ വേദന അനുഭവപ്പെടും. മാത്രമല്ല, ഏതാനും മണിക്കൂറുകളില്‍ ഓപ്പറേഷന്‍ നടത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം. strangulation എന്നാണ് ഈ അവസ്ഥയ്ക്ക് പറയുക.

എന്ത് ചെയ്യും? മിനിക്കോയിലെ ചുരുങ്ങിയ സൗകര്യം വെച്ച് കോഴിക്കോട്ടെത്തിക്കുവാന്‍, ഏറ്റവും ചുരുങ്ങിയത് മൂന്നുദിവസം വേണം! ഇംഗ്ലീഷില്‍ ഒരു ചൊല്ലുണ്ട്: When life, sweet life, is on the opposite shore, a leap is worth taking, however wide and deep the chasm. (ജീവിതം, മധുരജീവിതം മറുകരയിലാണെങ്കില്‍, അത് ചാടിപ്പിടിക്കുവാന്‍ ശ്രമിക്കുക തന്നെ വേണം). ഞങ്ങളെല്ലാവരും കൂടിയാലോചിച്ചു. ലഭ്യമായ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയയ്ക്ക് അവിടെ സാധ്യത കുറവാണ്. പക്ഷേ ഒന്നും ചെയ്തില്ലെങ്കില്‍ രോഗിയുടെ മരണം നൂറുശതമാനം സുനിശ്ചിതം… ഓലമേഞ്ഞ മേല്‍ക്കൂരയ്ക്ക് താഴെ വൃത്തിയുള്ള വിരിപ്പുകള്‍ വലിച്ചു കെട്ടി. കത്തികള്‍ മൂര്‍ച്ച വെപ്പിച്ചു,
ഒബ്സെര്‍വേറ്ററിയിലെ ചില ഉപകരണങ്ങള്‍കൊണ്ട് തുണിത്തരങ്ങളും പഞ്ഞിയും വലിയ ചെമ്പിലിട്ട് പുഴുങ്ങി. ആയുധങ്ങള്‍ ലൈസോളില്‍ ഇട്ട് സൂക്ഷിച്ചു. ഒബ്‌സെര്‍വേറ്ററിയിലെ വൈദ്യുതി ജനറേറ്ററിന്റെ നടത്തിപ്പുകാരന്‍, കൗശലക്കാരന്‍, ആലികുഞ്ഞായിരുന്നു സൂത്രധാരന്‍. ഓപ്പറേഷന്‍ ചെയ്യേണ്ട ഭാഗം ക്ഷൗരം ചെയ്ത്, ബ്രഷും സോപ്പും ഉപയോഗിച്ച് മൂന്നു തവണ കഴുകി വൃത്തിയാക്കി.

എല്ലാം ശങ്കരമേനോന്റെ കാര്‍മികത്വത്തില്‍. നെഞ്ച് പടപടാ അടിച്ചുകൊണ്ട് ഓപ്പറേഷന്‍ നടന്നു. ലോക്കല്‍ അനസ്തീഷ്യ കുത്തിവെച്ച്, ഗ്ലൗസില്ലാതെ, നഗ്നഹസ്തങ്ങള്‍കൊണ്ട് ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഗ്‌നിപരീക്ഷ. രോഗിയില്‍ മയക്കുമരുന്നു കുത്തിവെച്ചിരുന്നതിനാല്‍, രോഗി സുഖസുഷുപ്തിലായിരുന്നു. ഞാന്‍ ആകാംക്ഷ കാരണം വിയര്‍ത്തുകുളിച്ച് ക്ഷീണിതനായി. ശങ്കരമേനോന്‍ ഒരു കസേരയില്‍ എന്നെ പിടിച്ചിരുത്തി. ഇല്ലെങ്കില്‍ ഞാന്‍ വീഴുമായിരുന്നു.
ആശുപത്രിയിലെ രണ്ട് മുറിയില്‍, ഒന്നില്‍ ഒരു കട്ടിലും കിടക്കയും തലയിണയും ബെഡ്ഷീറ്റും എല്ലാം ശരിപ്പെടുത്തി, ഒരു പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡ്. ഞങ്ങള്‍ ഊഴമിട്ട് പരിചരിക്കുവാന്‍ നിശ്ചയിച്ചു. എന്നെ അവര്‍ ഒഴിവാക്കുവാന്‍ ശ്രമം നടത്തി. ‘സാര്‍ ഓപ്പറേഷന്‍ കാരണം ക്ഷീണിതനാണ്. വേണ്ട നിര്‍ദേശങ്ങള്‍ തന്നാല്‍ മതി’ ഒരു മണിക്കൂര്‍ നീണ്ടുനിന്ന അഗ്‌നിപരീക്ഷ. രോഗി പിറ്റേദിവസം എണീറ്റിരുന്നു കഞ്ഞി കുടിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ തയ്യലെടുത്ത് വീട്ടില്‍ പോയി. മുന്‍കരുതല്‍ എടുത്തതിനാല്‍ ഡോ. വാര്യരും സംഘവും ഇന്നും അവിശ്വസനീയമായി തോന്നുന്ന ഈ അപകടകരമായ ശസ്ത്രക്രിയയില്‍ വിജയം നേടി.
അമേരിക്ക പോലുള്ള വിദേശരാജ്യങ്ങളില്‍ ആരോഗ്യമേഖലയ്ക്ക് വന്‍ പ്രാധാന്യമാണ് ഭരണകൂടങ്ങള്‍ നല്‍കുന്നത്. ആരായാലും ചികിത്സാ പിഴവുകള്‍ക്ക് ജയിലില്‍ കിടക്കണം. കുറെക്കാലം മുന്‍പ് നമ്മുടെ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള അമേരിക്കയില്‍ പോയപ്പോള്‍ താന്‍ അറിഞ്ഞ അവിടത്തെ മെഡിക്കല്‍ രംഗത്തെ നെല്ലും പതിരിനെയും കുറിച്ച് രസകരമായി എഴുതിയിരുന്നു. ഒരു ഡോക്ടര്‍ കൂടിയായ പുനത്തില്‍ എഴുതിയത് – മെഡിക്കല്‍ കമ്പനികളും, ഡോക്ടര്‍മാരും ഇന്‍ഷ്വറന്‍സ് കമ്പനിക്കാരുമാണ് അമേരിക്കയില്‍ താരങ്ങള്‍ എന്നാണ്. രോഗി ഡോക്ടറെ സമീപിക്കുമ്പോള്‍ ഏതാണ് ഇന്‍ഷുറന്‍സ് എന്നാണ് ആദ്യം ഡോക്ടര്‍ ചോദിക്കുക അല്ലാതെ രോഗമേതാണ് എന്നല്ല – രോഗിയുടെ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വലുപ്പ ചെറുപ്പമനുസരിച്ചായിരിക്കും ഡോക്ടറുടെ പരിഗണന.

”ഓക്സിജനില്ലാതെ ഒരുപക്ഷേ അമേരിക്കയില്‍ ജീവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെ ഒരു നിമിഷവും പറ്റില്ല. പുറത്തേക്കിറങ്ങുമ്പോള്‍ രോഗാണുക്കള്‍ മാത്രമല്ല, വാഹനാപകടം തൊട്ട് സുനാമി, ടൊര്‍ണാഡോവരെ മനുഷ്യരെ കാത്തിരിക്കുകയാണ്. ഒരു ശരാശരി ഇന്ത്യന്‍ ഡോക്ടര്‍ ദിവസേന 5000 ഡോളര്‍ വരെ വരുമാനമുണ്ടാക്കും. (2009 ലെ കാര്യമാണിത്) അതായത് രണ്ടുലക്ഷം ഉറുപ്പിക. അതിലധികം സമ്പാദിക്കുന്നവരുമുണ്ട്. ഡോക്ടര്‍മാരുടെ വീടുകള്‍ വിലകൂടിയതും ആഢംബരങ്ങള്‍ നിറഞ്ഞവയുമാണ്. മിക്ക വീടുകളും പ്രാന്തപ്രദേശത്തായിരിക്കും. വിലകൂടിയ മൂന്നും നാലും കാറുകള്‍ കാണും. ഡോക്ടര്‍മാര്‍ ഇത്രയധികം വരുമാനമുണ്ടാക്കാനുള്ള കാരണം അമേരിക്കയിലുടനീളം പരന്നു കിടക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികളാണ്. ഈ ഇന്‍ഷുറന്‍സ് കമ്പനികള്‍ വെറുതെ പണം വാരിക്കോരി ഡോക്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതല്ല. അവര്‍ ജനങ്ങളില്‍ നിന്ന് വസൂലാക്കുകയാണ്.” കുഞ്ഞബ്ദുള്ള പറയുന്നു.

ഫ്രീസറിലെ ഭക്ഷണം അഥവാ ‘ജംഗ്ഫുഡാ’ണ് ലോകത്തിലെ ഏറ്റവും മോശപ്പെട്ട ഭക്ഷണം. അതിനെ ആശ്രയിച്ചാണ് അമേരിക്കയിലെ ജനങ്ങള്‍ മുഖ്യമായും ജീവിക്കുന്നത്. അവയാകട്ടെ പ്രധാനമായും മാംസാഹാരങ്ങളാണ്. മാംസാഹാരം എവിടെ സൂക്ഷിച്ചാലും അത് ജീര്‍ണിച്ചുകൊണ്ടേയിരിക്കും. ഈ ജീര്‍ണവസ്തുക്കള്‍ കഴിച്ച് അമേരിക്കന്‍ ജനത രോഗികളായി മാറുന്നു. ബി.പി.യും പ്രമേഹവും കൊളസ്‌ട്രോളുമില്ലാത്ത അമേരിക്കക്കാരനെ കണ്ടുകിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇവരെ രോഗികളാക്കുക എന്നത് സ്റ്റേറ്റിന്റെ ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ ഇവര്‍ രോഗികളായാല്‍ മാത്രമേ ജൂതന്മാര്‍ നടത്തുന്ന മെഡിക്കല്‍ കമ്പനികള്‍ വളരുകയുള്ളൂ. അമേരിക്കന്‍ ഭരണം നിലനില്‍ക്കണമെങ്കില്‍ ജൂതന്റെ പണം വേണം. അവരെ വേദനിപ്പിക്കുന്ന, അസംതൃപ്തരാക്കുന്ന ഒന്നും ചെയ്യാന്‍ അമേരിക്കന്‍ ഭരണകൂടം മുതിരാറില്ല. ആയതിനാല്‍, വെള്ളംപോലെ, ഭക്ഷണം പോലെ, അമേരിക്കക്കാര്‍ക്ക് മരുന്നും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. പൗരന്‍ മരിച്ചു പണിയെടുത്തു കിട്ടുന്ന എല്ലാ പണവും -അവസാനത്തെ ഡോളര്‍വരെ -സ്റ്റേറ്റിനു കിട്ടണം. അതാണ് യു.എസിന്റെ രീതി. ഡോക്ടര്‍മാര്‍ക്ക് നാല്‍പത് ശതമാനമാണ് ടാക്സ് കൊടുക്കേണ്ടത്.

അമേരിക്കയില്‍ നഴ്‌സുമാര്‍ക്കാണ് മുടിഞ്ഞ ശമ്പളം കിട്ടുന്നത്. കാരണം നഴ്സുമാര്‍ക്ക് ആഴ്ചയില്‍ 36 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ ഡോക്ടര്‍മാര്‍ 72 മണിക്കൂര്‍ ജോലി ചെയ്യണം. മിക്ക നഴ്സുമാരും 12 മണിക്കൂര്‍ വച്ച് ഒരാശുപത്രിയില്‍ മൂന്നു ദിവസവും വേറൊരു ആശുപത്രിയില്‍ അടുത്ത 36 മണിക്കൂറും ജോലി ചെയ്യുന്നു. അങ്ങനെ ആഴ്ചയില്‍ രണ്ടു ജോലി ചെയ്യുന്നു. എന്തൊരു സുഖം! അമേരിക്കയില്‍ ഒരുലക്ഷം മലയാളി നഴ്സുമാരും ഒരുലക്ഷം അവരുടെ ഭര്‍ത്താക്കന്മാരുമുണ്ടെന്ന് തമാശയായി പറയാറുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതുന്നു. ഇതൊക്കെ നോക്കുമ്പോള്‍ ജോലിയിലും വേതനത്തിലും നമ്മുടെ ഡോക്ടര്‍ -നഴ്‌സ്മാരുടെ അവസ്ഥ എന്താണ്?

ഇതൊക്കെയാണെങ്കിലും അമേരിക്കയില്‍ ചികിത്സാ പിഴവുകള്‍ക്ക് കമ്പനിയാണെങ്കിലും ഡോക്ടറാണെങ്കിലും കേസ് വന്ന് കോടതി കേറിയാല്‍ കനത്ത നഷ്ടപരിഹാരം രോഗിക്ക് അഥവാ പരാതിക്കാരന് കൊടുക്കേണ്ടി വരും. നമ്മുടെ നാട്ടിലെ പോലെ ”തിരുവനന്തപുരത്തേക്ക് ഒന്ന് വിളിച്ച് പറഞ്ഞ്” കേസ് ഒതുക്കാനൊന്നും സാധ്യമല്ല.

കുറെ വര്‍ഷം മുന്‍പ് നടന്ന അത്തരമൊരു കേസാണ് ‘മുല വലുതാക്കല്‍ കേസ്’ എന്ന് അമേരിക്കന്‍ മാധ്യങ്ങള്‍ വിശേഷിപ്പിച്ച വിവാദ കേസ്. ‘ഈ കേസ് വളരെയധികം ജനശ്രദ്ധപിടിച്ചു പറ്റി. അമേരിക്കന്‍ സ്ത്രീകള്‍ അവരുടെ മുലയുടെ വലിപ്പത്തിലും ആകൃതിയിലും ഭംഗിയിലും വളരെയധികം അസംതൃപ്തരാണത്രെ. എല്ലാ പുരുഷന്മാരെയും ആകര്‍ഷിക്കുന്നതാണല്ലോ ഭംഗിയുള്ള മുലകള്‍. 50% അമേരിക്കന്‍ സ്ത്രീകളും അവരുടെ മാറിടത്തിന്റെ വലുപ്പത്തില്‍ അസംതൃപ്തരാണ്. അതിനു പ്രതിവിധിയായി ഡൗ കോര്‍ണിങ് എന്ന മെഡിക്കല്‍ കമ്പനി തേങ്ങാമുറിയുടെ ആകൃതിയില്‍ മൃദുവായ സിലിക്കോണ്‍ കുഷന്‍ ഉണ്ടാക്കിയശേഷം അതില്‍ ദ്രാവകം നിറച്ച് ഒരു കൃത്രിമ മുലയുണ്ടാക്കി പരീക്ഷിച്ചു. ഈ വിശിഷ്ടോപകരണം മുലയുടെ ഭാഗത്ത് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി നിക്ഷേപിക്കുന്നു. ശേഷം മുറിവ് തുന്നിക്കെട്ടുന്നു. കാലക്രമേണ തുന്നിയ ഭാഗത്ത് കൊഴുപ്പുവന്നു മൂടുമ്പോള്‍ അത് ജന്മനാലുള്ള മുലപോലെ തോന്നിപ്പിക്കും.

ആധുനിക മെഡിക്കല്‍ കണ്ടുപിടിത്തങ്ങളില്‍ ഇതൊരു നാഴികക്കല്ലായി മാറി പെട്ടെന്ന് ഇതൊരു ഫാഷനായി. സ്ത്രീകള്‍ പ്ലാസ്റ്റിക്ക് സര്‍ജന്മാരുടെ ക്ലിനിക്കിലേക്ക് കുതിച്ചു പാഞ്ഞു. പുരുഷന്മാര്‍ക്കിടയില്‍ ഇതൊരു സംസാരവിഷയമായി. ക്ലബ്ബുകളിലൊക്കെ പുരുഷന്മാര്‍ പുതിയൊരു വീക്ഷണകോണിലൂടെ ഇതിനെ ആസ്വദിക്കാന്‍ തുടങ്ങി. (നമ്മുടെ നാട്ടില്‍ ബോളിവുഡിലെ ഒരു നടി ഈ വാര്‍ത്ത കേട്ടപാടെ അമേരിക്കയിലേക്ക് കുതിച്ച് പാഞ്ഞു. ഇത് വെച്ച് തന്റെ മാറിടം സമ്പന്നമാക്കി തിരികെ മുംബെയില്‍ എത്തി. രാജ്യരക്ഷാ പ്രാധാന്യമുള്ള വാര്‍ത്തയായതിനാല്‍ ബോംബെയിലെ ഒരു പ്രമുഖ പത്രം ഇത് വേലി കെട്ടിയ വാര്‍ത്തയായി മുന്‍ പേജില്‍ കൊടുക്കുകയും ചെയ്തു. അതോടെ അവര്‍ തിരക്കേറിയ നടിയായിയെന്ന് ബോളിവുഡ് ചരിത്രകാരന്മാര്‍ പറയുന്നു.)

ഒന്നു രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇത് വെച്ച പലര്‍ക്കും റിയാക്ഷന്‍ വരാന്‍ തുടങ്ങി. നീര്‍ക്കെട്ട്, പഴുപ്പ്, തളര്‍ച്ച, സിലിക്കോണ്‍ ലീക്കിങ് മുതലായ പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകള്‍ പരിഭ്രാന്തരായി. എല്ലാവരും അവരവരുടെ പ്ലാസ്റ്റിക് സര്‍ജന്മാരുടെ ക്ലിനിക്കിലേക്കോടി. ഡോക്ടര്‍മാര്‍ ഡൗ കോര്‍ണിങ് കമ്പനിയോട് പരാതി പറഞ്ഞു. കമ്പനിക്കാര്‍ തടിതപ്പാന്‍ ശ്രമം തുടങ്ങി. ‘ഹാന്‍ഡില്‍ വിത്ത് കെയര്‍’ എന്ന് പ്രോഡക്റ്റില്‍ എഴുതിയിട്ടുണ്ടെന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ അവര്‍ ഉന്നയിച്ചു.

ഇന്‍ഫെക്ഷനും ലീക്കുമുണ്ടായ ഭാഗം സര്‍ജന്‍മാര്‍ റീ ഓപ്പറേറ്റ് ചെയ്ത് എടുത്തുകളഞ്ഞു. ടെലിവിഷനും പത്രങ്ങളും ന്യൂസ് പരത്തി ഡൗ കോര്‍ണിങ് കമ്പനിയെ കൊന്നു കൊലവിളിച്ചു. വക്കീലന്മാര്‍ കുറുക്കന്മാരെപ്പോലെ ഓടിയെത്തി. 90,500 സ്ത്രീകളാണ് ഈ കമ്പനിക്കെതിരെ കേസ് കൊടുത്തത്. കമ്പനി വക്കീലന്മാരെ വെച്ച് അങ്ങേയറ്റം പൊരുതി നോക്കി. ഫലമുണ്ടായില്ല. അവസാനം കേസ് ഒത്തുതീര്‍പ്പില്‍ എത്തി. 4200 കോടി ഡോളര്‍ അതായത് ഏകദേശം 15,1000 ലക്ഷം കോടി രൂപ കക്ഷികള്‍ക്ക് കൊടുക്കാമെന്ന് കമ്പനി സമ്മതിച്ചു. അനേകം വക്കീലന്മാര്‍ ഈ കേസ് കാരണം ലക്ഷാധിപതികളായി. പ്ലാസ്റ്റിക് സര്‍ജന്മാര്‍ക്ക് രണ്ട് ഓപ്പറേഷന്റെ പണവും കിട്ടി. എന്നാല്‍ ഡൗ കോര്‍ണിങ് കമ്പനി അതോടെ പാപ്പരായി മുടിഞ്ഞ് ഷട്ടറിട്ടു.

ക്രിത്രിമ സ്തനം കച്ചവടം നടത്താൻ നൽകിയ വിവാദ കമ്പനി
ഡൗ ക്രോണിങ്ങ് കമ്പനിക്കെതിരെ കോടതി. ‘ന്യൂയോർക്ക് ടൈംസ് വാർത്ത

ഭരണകൂടമോ രാഷ്ട്രീയക്കാരോ വിചാരിച്ചാല്‍ കേസ് ഒതുക്കാന്‍ അവിടെ പറ്റില്ല. മാത്രമല്ല ഇത്തരം കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും അവിടങ്ങളിലില്ല. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നമ്മുടെ നേതാക്കള്‍ നേരെ അമേരിക്കയിലേക്ക് വിമാനം കയറുന്നത് ഇതുകൊണ്ട് തന്നെയാണ്. നമ്മുടെ ആരോഗ്യ രംഗം നമ്പര്‍ വണ്ണാണ് എന്ന് പൊടിപൊടിച്ച് പ്രചരിക്കുമ്പോള്‍ തന്നെ, കുറച്ച് കാലം മുന്‍പ് ഒരു സമുന്നതനായ നേതാവ് പറഞ്ഞു: ”കേരളത്തിലെ സര്‍ക്കാരാശുപത്രിയില്‍ എന്റെ ജീവിതം പന്താടാന്‍ താല്‍പ്പര്യമില്ലെന്ന്”. വാചകം വിവാദമായപ്പോള്‍ ആദ്യം പറഞ്ഞത് പിന്നീട് നിഷേധിച്ച് നേതാവ് മാറ്റിപറയുകയുണ്ടായി. പറഞ്ഞത് സത്യമാണെങ്കിലും, വാക്കല്ലേ മാറ്റിയത് പാര്‍ട്ടിയല്ലല്ലോ. അതിനാല്‍ വിവാദം കെട്ടടങ്ങി.

അമേരിക്കയിലുള്ള ആശുപത്രികളില്‍ ഉള്ള സോഷ്യല്‍ വര്‍ക്കര്‍മാര്‍ രോഗികളുടെ പ്രശ്‌നങ്ങളില്‍ അവരെ സഹായിക്കുന്നവരാണ്. ആശുപത്രിയോ ഡോക്ടര്‍മാരോ കുഴപ്പം കാണിച്ചാല്‍ അവര്‍ അത് ഏറ്റെടുത്ത് പ്രശ്‌നമാക്കും. അമേരിക്കയില്‍ ഇത്തരമൊരു പ്രശ്‌നം വന്നാല്‍ അത് ജനവികാരമായി മാറും. പത്രക്കാര്‍ ഇത് ഏറ്റെടുത്താല്‍ സംഭവം ആളിപ്പടരും. അതിനാല്‍ ചികിത്സാ രംഗത്ത് അവര്‍ അതീവ ജാഗ്രത പുലര്‍ത്തുന്നു.

1947 ഓഗസ്റ്റില്‍ പാരീസില്‍ ഡോക്ടര്‍മാരുടെ അന്തര്‍ദേശീയ സംഘടന രൂപം കൊണ്ടു. (WMM – World Medical Asosciation) 9 മില്യന്‍ ഡോക്ടര്‍മാരെ പ്രതിനിധീകരിച്ച് ലോകത്തുള്ള 84 ദേശീയ വൈദ്യസംഘടനകള്‍ ഈ സംഘടന, ഡബ്ല്യു.എം.എ.യില്‍ അംഗമാണ്. ശാസ്ത്രം, വൈദ്യവിദ്യാഭ്യാസം, നൈതികത, ജനങ്ങളുടെ ആരോഗ്യസംരക്ഷണം എന്നീ രംഗങ്ങളില്‍ അന്തര്‍ദ്ദേശീയനിലവാരം കാത്തുസൂക്ഷിച്ചുകൊണ്ട് മനുഷ്യരാശിയെ മുഴുവന്‍ സേവിക്കുകയെന്ന ലക്ഷ്യമാണ് ഈ സന്നദ്ധസംഘടനയ്ക്കുള്ളത്.

ഈ സംഘടന രുപീകരിച്ചപ്പോള്‍ അന്തര്‍ദ്ദേശീയ വൈദ്യനൈതിക സംഹിത നിലവില്‍ വന്നു. ഒരു ഡോക്ടറുടെ ചുമതലകള്‍, ഡോക്ടര്‍ രോഗിയോടു പുലര്‍ത്തേണ്ട ചുമതലകള്‍, ഡോക്ടര്‍ സഹപ്രവര്‍ത്തകരോടു പുലര്‍ത്തേണ്ട ചുമതലകള്‍ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുള്ള ഹിപ്പോക്രാറ്റിന്റെ വചനങ്ങളില്‍ നിന്ന് തുടങ്ങി പലപ്പോഴായി പരിഷ്‌കരിച്ച നിയമമനുസരിച്ചാണ് ലോകത്തെ മിക്ക രാജങ്ങളിലും ചികിത്സാ രംഗത്തെ സംവിധാനങ്ങളുടെ നിയമാവലി.

ഇന്ത്യയിലെ ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണലുകളും 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് (CPA) കീഴില്‍ ഉള്‍പ്പെടുന്നു. 1995 ലെ സുപ്രീം കോടതി വിധി പ്രകാരം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അസോസിയേഷന്‍ v/s വി.പി. ശാന്ത എന്ന കേസില്‍ 2024 അവസാനത്തോടെ ഇത് വീണ്ടും സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് പണം നല്‍കിയാല്‍ സേവനത്തിലെ പോരായ്മയ്ക്കോ അശ്രദ്ധയ്ക്കോ രോഗികള്‍ക്ക് പരാതി നല്‍കാം.

2024 ഫെബ്രുവരിയില്‍ മെഡിക്കല്‍ പ്രൊഫഷണലുകളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴില്‍ കൊണ്ടുവന്ന വിധി പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. 1995 ലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ v/s വി.പി ശാന്ത കേസിലെ വിധി പുനഃപരിശോധിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അഭിഭാഷകരുടെ സേവനങ്ങളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച അപ്പീല്‍ തീര്‍പ്പാക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബേല ത്രിവേദി, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാനമായ ഈ പരാമര്‍ശം. അതില്‍ ഇനിയും തീരുമാനം വരാനിരിക്കുന്നു.

ഒരു സന്നദ്ധസംഘടനയായ ഫോറം ഫോര്‍ മെഡിക്കല്‍ എത്തിക്‌സിന്റെ ആഭിമുഖ്യത്തില്‍ മുംബൈയില്‍ നിന്നിറങ്ങുന്ന ഒരു പ്രസിദ്ധീകരണമായ ‘ഇഷ്യൂസ് ഇന്‍ മെഡിക്കല്‍ എത്തിക്‌സ്’ 2001 ഏപ്രില്‍-ജൂണ്‍ ലക്കത്തില്‍ മുംബൈ ജസ്ലോക്ക് ആശുപത്രിയിലെ ന്യൂറോസര്‍ജനും പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമായ ഡോ.സുനില്‍ കെ പാണ്ഡ്യ എഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
‘ഡോക്ടര്‍ രോഗിയെ കൊന്നു’ എന്ന് മുന്‍പേജില്‍ വെണ്ടക്ക അക്ഷരത്തിലും മൂന്നോ നാലോ വര്‍ഷം കഴിഞ്ഞ് കേസ് തള്ളുമ്പോള്‍ ‘ഡോക്ടര്‍ കുറ്റക്കാരനല്ല’ എന്ന് അകത്തെ പേജില്‍ കടുകുമണിയുടെ വലിപ്പത്തിലും വാര്‍ത്ത വരുന്നതാണ് ആധുനികലോകത്തിലെ മാധ്യമ യാഥാര്‍ത്ഥ്യം. അതുകൊണ്ട് മരണത്തിന്റെ നാനാര്‍ത്ഥങ്ങളൊക്കെ ഉപേക്ഷിച്ച് മരണം ന്യൂറോളജിക്കല്‍ സൂചികളുപയോഗിച്ച് വ്യക്തമായും സന്ദേഹലേശമില്ലാതെയും വ്യാഖ്യാനിക്കുന്ന നിയമം നമുക്ക് കൂടിയേ തീരു’ ഡോ. സുനില്‍ പാണ്ഡ്യ എഴുതി. രോഗിയുടെ വയറ്റില്‍ കത്രിക നിക്ഷേപിച്ച പുതിയ സംഭവം വിശകലനം ചെയ്യുമ്പോള്‍ ഈ കാര്യം കൂടി നമ്മള്‍ ഓര്‍മിക്കണം.

Content Summary: Is a medical error just another hospital fatality? ethics and failures in the medical world

Leave a Reply

Your email address will not be published. Required fields are marked *

×