ഉന്നതവിദ്യാഭ്യാസത്തിൽ സംസ്ഥാന സർക്കാരുകളുടെ പങ്ക് പരിമിതപ്പെടുത്തുന്ന യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി) 2025 ലെ കരട് ചട്ടങ്ങളെ വിമർശിച്ച് ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു. രാജ്യത്തെ സർവകലാശാല വൈസ് ചാൻസലർമാരുടെ നിയനമത്തിനുള്ള പൂർണ അധികാരം ചാൻസലറായ ഗവർണർക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം. JDU criticizes UGC draft rules
യുജിസി ചട്ടഭേതഗതി വിശദമായി പരിശോധിച്ച ശേഷം കേന്ദ്ര സർക്കാരുമായി വിഷയം ചർച്ച ചെയ്യുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ഒരു റോഡ്‌മാപ്പ് ഉണ്ട്. ഉന്നത വിദ്യാഭ്യാസം അതിൻ്റെ ഒരു പ്രധാന ഭാഗമാണ്. വൈസ് ചാൻസലർ നിയമനത്തിൽ സർക്കാരുകളുടെ പങ്ക് പരിമിതപ്പെടുത്തുന്നത് വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാരിൻ്റെ ശ്രമങ്ങളെ നിരുത്സാഹപ്പെടുത്താൻ സാധ്യതയുണ്ട്. യുജിസി ചട്ടങ്ങളുടെ കരട് ഞങ്ങൾ വായിച്ചിട്ടില്ല. എന്നാൽ അതിൽ ചില ഭേദഗതികൾ ആവശ്യമായി വന്നേക്കാം എന്നാണ് മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നത്. ജെഡിയു ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് പറഞ്ഞു.
എൻഡിഎ സഖ്യകക്ഷിയായ ടിഡിപിയും യുജിസിയുടെ കരട് ചട്ടങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകൻ നാരാ ലോകേഷും ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ ലോക സാമ്പത്തിക ഫോറത്തിനായി ദാവോസിലായതിനാൽ, പാർട്ടി ഇതുവരെ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് ടിഡിപി വക്താവ് ദീപക് റെഡ്ഡി പറഞ്ഞു. ആശങ്കകൾ സ്വകാര്യമായി പരിഹരിക്കുമെന്നും വിഷയം രാഷ്ട്രീയവത്കരിക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎയുടെ മറ്റൊരു സഖ്യകക്ഷിയായ എൽജെപിയും യുജിസി തർക്കത്തിൽ ജാഗ്രതാപരമായ നിലപാടാണ് സ്വീകരിച്ചത്. വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്നും എൽജെപി പറഞ്ഞു. ഭരണഘടനാപരമായ ചുമതലയാണ് ചാൻസലർക്കുള്ളതെന്നും വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്യണമെന്നും എൽജെപി നേതാവ് എകെ ബാജ്‌പേയ് പറഞ്ഞു.
പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും യുജിസി ചട്ടങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിന് ഗവർണർക്ക് അധികാരം നൽകുന്നത് ഫെഡറലിസത്തെ ദുർബലപ്പെടുത്തുമെന്നും സംസ്ഥാനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രതിപക്ഷം വാദിച്ചു.
കരട് യുജിസി മാനദണ്ഡങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണു പ്രമേയം അവതരിപ്പിച്ചത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം പുതിയ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിൻ്റെ വാണിജ്യവൽക്കരണവും വർഗീയവൽക്കരണവും പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമാണ് കരട് യുജിസി മാനദണ്ഡങ്ങളെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഉന്നതവിദ്യാഭ്യാസത്തെ നിയന്ത്രിക്കാനുള്ള സംഘപരിവാർ അജണ്ടയാണെന്ന് ആരോപിച്ച് കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും പ്രതിപക്ഷമായ കോൺഗ്രസും കരട് രേഖയെ എതിർത്തു.
തമിഴ്‌നാട് നിയമസഭയും കരട് രേഖയ്‌ക്കെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. ഫെഡറലിസത്തിൻ്റെയും സംസ്ഥാന താൽപ്പര്യങ്ങളുടെയും ലംഘനമാണിതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. കരട് യുജിസി മാനദണ്ഡങ്ങള്‍ പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധങ്ങളുണ്ടാകുമെന്നും ഡിഎംകെ സർക്കാർ മുന്നറിയിപ്പ് നൽകി.JDU criticizes UGC draft rules
Content summary: Government intervention in the education sector will decrease; JDU criticizes UGC draft rules
niteesh kumar JDU