രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളിൽ 86,934 ക്ലാസ് മുറികൾ പൂർണ്ണമായും അപകടാവസ്ഥയിലാണെന്ന് റിപ്പോർട്ട്. ഏകദേശം 63,000 സ്‌കൂളുകളിൽ നടത്തിയ സർക്കാർ സർവേയിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അപകടാവസ്ഥയിലുള്ള ഈ കെട്ടിടങ്ങളോ മുറികളോ ഉപയോഗിക്കുന്നതിൽ നിന്ന് സർക്കാരിനെ വിലക്കി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തതായി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
രാജസ്ഥാനിലെ ഝലവാറിൽ ഒരു സ്‌കൂളിൻ്റെ മേൽക്കൂര തകർന്ന് വീണതിനെ തുടർന്നാണ് ഈ സർവേ നടത്തിയത്. സംസ്ഥാനത്തെ 63,018 സർക്കാർ സ്‌കൂളുകളിൽ 5,667 എണ്ണം പൂർണ്ണമായും അപകടാവസ്ഥയിലാണെന്ന് സർവേയിൽ കണ്ടെത്തി. 2,91713 മുറികൾ സുരക്ഷിതമായി കണ്ടെത്തിയപ്പോൾ ഏകദേശം 87,000 മുറികൾ പൂർണ്ണമായും തകർന്ന നിലയിലും കണ്ടെത്തി. ഇതിനുപുറമെ വലിയ അറ്റകുറ്റപ്പണികൾ ആവശ്യമുള്ള മുറികളുമുണ്ട്. 1,58,467 ഓടുമേഞ്ഞ മുറികളും 51,026 ആർസിസി മേൽക്കൂരയുള്ള മുറികളും ഇതിൽ ഉൾപ്പെടുന്നു. ടോയ്‌ലറ്റുകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 36,154 എണ്ണം ഉപയോഗയോഗ്യമാണ്.
അതേസമയം, ഇത് ഒരു പ്രാഥമിക സർവേയുടെ ഭാഗമായ കണ്ടെത്തലുകളാണെന്നും സാങ്കേതിക ഉദ്യോഗസ്ഥർ കൂടുതൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഝലവാർ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അഭിഭാഷകരായ മഹേന്ദ്ര ശാണ്ഡില്യ, സ്വദീപ് സിംഗ് ഹോറ, തന്മയ് ധണ്ഡ് എന്നിവരെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തിരുന്നു. ജസ്റ്റിസുമാരായ മഹേന്ദ്ര കുമാർ ഗോയൽ, അശോക് കുമാർ ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് അപകടാവസ്ഥയിലുള്ള സ്‌കൂൾ കെട്ടിടങ്ങളും മുറികളും തുടർ ഉത്തരവുണ്ടാകുന്നതുവരെ ഉപയോഗിക്കരുതെന്ന് സർക്കാരിന് നിർദേശം നൽകി.
അപകടാവസ്ഥയിലുള്ള മുറികൾ ഉടൻ അടച്ചുപൂട്ടാനും വിദ്യാർത്ഥികളുടെ പഠനം മുടങ്ങാതെ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ഹൈക്കോടതി നിർദ്ദേശിച്ചു. സാങ്കേതിക റിപ്പോർട്ട് സമർപ്പിക്കാനും സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് സെപ്റ്റംബർ 4 ലേക്ക് മാറ്റി.
2024-25 സാമ്പത്തിക അവലോകന റിപ്പോർട്ട് അനുസരിച്ച്, രാജസ്ഥാനിൽ 45,531 സർക്കാർ പ്രൈമറി/അപ്പർ പ്രൈമറി സ്‌കൂളുകളും 19,739 സർക്കാർ സീനിയർ സെക്കൻഡറി സ്‌കൂളുകളുമുണ്ട്. സംസ്ഥാനത്ത് 5.14 ലക്ഷത്തിലധികം ക്ലാസ് മുറികളുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഝലവാറിലെ ദുരന്തത്തിന് ശേഷം ഭയവും പരിഭ്രാന്തിയും കാരണം അധ്യാപകർ റിപ്പോർട്ട് ചെയ്ത പ്രശ്‌നങ്ങൾ കാരണമാണ് ഈ കണക്കുകൾ ഉയർന്നതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. അതിനാൽ, മറ്റ് വകുപ്പുകളിൽ നിന്നുള്ള എഞ്ചിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക പരിശോധന നടത്താൻ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ 25ന് ഝലവാർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിൻ്റെ മേൽക്കൂര തകർന്ന് ഏഴ് വിദ്യാർത്ഥികൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും അഞ്ച് അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഇതിനുപിന്നാലെ ജയ്‌സൽമീറിലെ ഒരു സ്‌കൂളിൻ്റെ പ്രധാന ഗേറ്റ് തകർന്ന് ഒരു വിദ്യാർത്ഥി മരിക്കുകയും മറ്റ് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഝലവാർ സംഭവത്തിന് പിന്നാലെ, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കാൻ അടയാളപ്പെടുത്തണമെന്നും ക്ലാസുകൾക്ക് മറ്റ് ക്രമീകരണങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ ജില്ലാ കളക്ടർ വഴി സ്‌കൂളുകളുടെ സർവേ നടത്താൻ ഉത്തരവിടുകയായിരുന്നു.
കൂടാതെ, അപകടാവസ്ഥയിലുള്ളതും അറ്റകുറ്റപ്പണി നടത്തേണ്ടതുമായ എല്ലാ കെട്ടിടങ്ങളെയും ഒരു ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം അധിഷ്ഠിത ആപ്പുമായി ബന്ധിപ്പിക്കാൻ ഒരു പദ്ധതിയും തയ്യാറാക്കി. നിർമ്മാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഒരു സെൽ സ്ഥാപിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് മുംബൈയിൽ നടന്ന പ്രവാസി രാജസ്ഥാനികൾക്കായുള്ള പരിപാടിയിൽ, രാജസ്ഥാനിലെ 2,000 സർക്കാർ സ്‌കൂളുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 175 കോടി രൂപ അനുവദിച്ചതായി ദിലാവർ പ്രഖ്യാപിക്കുകയും സംഭാവനകൾ നൽകാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
Content Summary: Government schools in Rajasthan are in a dilapidated state; a survey has found that 87,000 classrooms are in a dangerous condition
Leave a Comment