തനിക്ക് പങ്കെടുക്കേണ്ട മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കാനായി ലൈബ്രറിയില്‍ സമയം ചെലവിട്ടിരിക്കുന്നൊരു ചെറുപ്പക്കാരന്‍. ജീവിത വിജയം സ്വപ്‌നം കണ്ടിരുന്ന ആ ചെറുപ്പക്കാരനെയാണ്, ആഘോഷത്തിന്റെ ലഹരിയില്‍ മൂന്നുപേര്‍ ചേര്‍ന്ന് ഇല്ലാതാക്കിയത്. രാജസ്ഥാനിലാണ് ഹോളി ആഘോഷത്തിന്റെ പേരില്‍ 25 കാരന് ജീവന്‍ നഷ്ടമായത്. ദൗസ ജില്ലയില്‍ നിന്നാണ് ഈ കൊലപാതക വാര്‍ത്ത. തന്റെ ശരീരത്തില്‍ നിറം പുരട്ടുന്നത് എതിര്‍ത്തിന്റെ പേരിലാണ് മൂന്നു പേര്‍ ചേര്‍ന്ന് ഹന്‍സ്‌രാജ് മീണ എന്ന ചെറുപ്പക്കാരനെ ശ്വാസം മുട്ടിച്ചു കൊന്നത് എന്നാണ് പൊലീസ് പറയുന്നത്.
റല്‍വാസ് ഗ്രാമത്തിലെ ഒരു പ്രാദേശിക ലൈബ്രറിയിലായിരുന്നു ഹന്‍സ്‌രാജ്. ബുധനാഴ്ച്ച വൈകുന്നേരത്തോടെ, അശോക്, ബബ്‌ലു, കലുറാം എന്നിവര്‍ ലൈബ്രറിക്കുള്ളിലേക്ക് കയറി ചെന്നു. വളരെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്നൊരു പരീക്ഷയ്ക്കായിരിക്കണം ഹന്‍സ്‌രാജ് തയ്യാറെടുത്തു കൊണ്ടിരുന്നത്. ഹോളി നിറങ്ങള്‍ ശരീരത്ത് പുരട്ടാനുള്ള മൂന്നു പേരുടെയും ശ്രമങ്ങളെയും അതുകൊണ്ടായിരിക്കണം ആ ചെറുപ്പക്കാരന്‍ എതിര്‍ത്തത്. ഇതോടെ ആഘോഷമായി വന്നവര്‍ അക്രമികളായി മാറി. അവര്‍ ഹന്‍സ്‌രാജിനെ ചവിട്ടി വീഴ്ത്തി. ബെല്‍റ്റ് ഊരി തല്ലിച്ചതച്ചു. പിന്നീട് അവരിലൊരാള്‍ ഹന്‍സ്‌രാജിനെ ശ്വാസം മുട്ടിച്ചു കൊന്നു. സംഭവത്തെക്കുറിച്ച് അഡീഷണല്‍ സൂപ്രണ്ട് ദിനേഷ് അഗര്‍വാള്‍ സംഭവത്തെക്കുറിച്ച് പറയുന്നു.
ഹന്‍സ് രാജിന്റെ കൊലപാതകം ഗ്രാമത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. അയാളുടെ കുടുംബത്തിന്റെ നേതൃത്വത്തില്‍ ഹന്‍സ് രാജിന്റെ മൃതദേഹവുമായി ഗ്രാമവാസികള്‍ ദേശീയ പാത ഉപരോധിച്ചു. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക എന്നിവയാണ് പ്രതിഷേധത്തിലെ ആവശ്യം. പൊലീസ് നല്‍കിയ ഉറപ്പിലാണ് പ്രതിഷേധക്കാര്‍ ദേശീയ പാതയില്‍ നിന്നും പിരിഞ്ഞു പോകാന്‍ തയ്യാറായത്.
ഹോളിയുടെ പേരില്‍ മറ്റൊരു കൊലപാതകം ഉത്തര്‍പ്രദേശില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹോളിക ദഹന് ഉള്ള സംഭാവന നല്‍കിയെന്നാരോപിച്ചാണ് ലക്‌നൗവിലെ വികാസ് നഗറില്‍ ബുധനാഴ്ച്ച രാത്രിയാണ് സംഭവം. രോഹിത് എന്നു വിളിക്കുന്ന 35 കാരന്‍ ഹരീഷ് ചന്ദ്രയാണ് കൊല്ലപ്പെട്ടത്. ബന്ധുവും കൂട്ടാളികളുമാണ് രോഹിതിന്റെ കൊലപാതകികള്‍.
ഗറൗണ്ട കോംപ്ലക്‌സില്‍ പഴക്കച്ചവടം നടത്തി ഉപജീവനം കഴിച്ചിരുന്നയാളായിരുന്നു രോഹിത്. ഇയാളുടെ അടുത്ത് വന്ന് ബന്ധു പുനീത് കശ്യപ് ഹോളിക് ദഹനു വേണ്ടി പണം ചോദിക്കുകയും അതു പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേക്കു മാറി. വാക്കുകള്‍ കൊണ്ടുള്ള തര്‍ക്കം വൈകാതെ മര്‍ദ്ദനത്തിലേക്ക് തിരിഞ്ഞു. പുനീതിന്റെ കൂടെ സുഹൃത്തായ ഛന്ദ് ബാബുവും രോഹിതിന്റെ മര്‍ദ്ദിക്കാന്‍ കൂടി. ഇതിനിടയില്‍ താഴെ വീണ രോഹിതിന് ബോധം പോയി. ഇതോടെ അക്രമികള്‍ സ്ഥലം വിട്ടു. രോഹിതിനെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ച് തന്നെ ജീവന്‍ നഷ്ടമായി. പ്രതികളെ പിടികൂടാന്‍ ഊര്‍ജ്ജിതമായ ശ്രമം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. Holi celebrations, two youngsters were killed in Rajasthan and Uttar Pradesh
Content Summary; Holi celebrations, two youngsters were killed in Rajasthan and Uttar Pradesh