July 03, 2026 |
Share on

സ്ത്രീധനമായി ആവശ്യപ്പെട്ട 36 ലക്ഷം നല്‍കിയില്ല; ഭാര്യയെ തീകൊളുത്തി കൊന്നു

രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിന് നേരെ വെടിവെച്ച് പോലീസ്

ഗ്രേറ്റര്‍ നോയിഡയിലെ സിര്‍സ ഗ്രാമത്തില്‍ 36 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭര്‍ത്താവും കുടുംബവും തീകൊളുത്തി കൊന്ന ഭര്‍ത്താവിന് പോലീസിന്റെ വെടിയേറ്റു. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് വിപിന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റത്. ഗുരുതരമായി പൊള്ളലേറ്റ നിക്കി ഭാട്ടി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ ശനിയാഴ്ചയാണ് വിപിന്‍ അറസ്റ്റിലായത്.

ഭാര്യയെ കൊന്നിട്ടില്ലെന്നും നിക്കി ആത്മഹത്യ ചെയ്തതാണെന്നും വിപിന്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കം ഉണ്ടാകുക സ്വാഭാവികമെന്നും വിപിന്‍ പറഞ്ഞു.

നിക്കി ഭാട്ടിയുടെ മരണത്തില്‍ പ്രതികളായ വിപിന്‍, സഹോദരന്‍ രോഹിത്, അമ്മ ദയ, അച്ഛന്‍ സത്വീര്‍, സഹോദരി എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 103(1) (കൊലപാതകം), 115(2) (സ്വമേധയാ മുറിവേല്‍പ്പിക്കല്‍), 61(2) (ക്രിമിനല്‍ ഗൂഢാലോചന) എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. മക്കളുടെ മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. ഗുരുതരമായി പരുക്കേറ്റ നിക്കിയെ ആദ്യം നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിക്കിയുടെ സഹോദരി കാഞ്ചന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു വീഡിയോയില്‍, ഒരു പുരുഷനും സ്ത്രീയും നിക്കിയെ മര്‍ദ്ദിക്കുന്നതും മുടിയില്‍ പിടിച്ച് വീടിന് പുറത്തേക്ക് വലിച്ചിഴയ്ക്കുന്നതും കാണാം. മറ്റൊന്നില്‍, തീകൊളുത്തിയതിന് ശേഷം അവള്‍ പടികള്‍ ഇറങ്ങുന്നതും ദൃശ്യമാണ്.

”എന്റെ അമ്മയുടെ ദേഹത്ത് എന്തോ ഒഴിച്ചു, പിന്നെ അടിച്ചു, അതിനുശേഷം ലൈറ്റര്‍ കൊണ്ട് തീകൊളുത്തി” നിക്കിയുടെ ആറ് വയസ്സുള്ള മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. 36 ലക്ഷം രൂപ സ്ത്രീധനം നല്‍കാത്തതിനാണ് നിക്കിയെ കൊലപ്പെടുത്തിയതെന്ന് സഹോദരി ആരോപിച്ചു.

”സഹോദരിയെ അവളുടെ ഭര്‍ത്താവ് വിപിനും വീട്ടുകാരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും തീകൊളുത്തുകയും ചെയ്തു. ഞങ്ങളെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിച്ചു. വിപിനും കുടുംബവും നിക്കിയുടെ തലയിലും കഴുത്തിലും അടിക്കുകയും, ആസിഡ് ഒഴിക്കുകയും ചെയ്തു. എന്നെയും മര്‍ദ്ദിച്ചു, ഞാന്‍ അബോധാവസ്ഥയിലായി” നിക്കിയുടെ സഹോദരി കാഞ്ചന്‍ വ്യക്തമാക്കി. നിക്കിയുടെ ഭര്‍ത്താവ് വിപിന്റെ സഹോദരനെയാണ് കാഞ്ചന്‍ വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ആറ് മാസം മുതല്‍ തന്നെ താനും നിക്കിയും സ്ത്രീധന പീഡനം അനുഭവിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കാഞ്ചനും മൊഴി നല്‍കി.

വിപിന് രണ്ടാമതൊരു വിവാഹം കഴിക്കാന്‍ വേണ്ടി വീട്ടുകാര്‍ നിക്കിയെ ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നതായും നിക്കിയുടെ കുടുംബം ആരോപിക്കുന്നു. Noida dowry case; accused husband was shot at by the police while trying to escape from custody

Content Summary: Noida dowry case; accused husband was shot at by the police while trying to escape from custody

Leave a Reply

Your email address will not be published. Required fields are marked *

×