ജയില്‍ കമ്പികള്‍ മാത്രമല്ല; മൊത്തത്തില്‍ വളഞ്ഞ് ആഭ്യന്തര വകുപ്പ്

ഫെന്‍സിങ്ങില്‍ വൈദ്യുതി ഇല്ലാത്തത് ഗോവിന്ദ സ്വാമി എങ്ങനെ അറിഞ്ഞു

അതീവ സുരക്ഷയുള്ള പത്താം നമ്പര്‍ സെല്‍… 24 മണിക്കൂറും നിരീക്ഷണത്തിനായി ജോലിക്കാര്‍… സിസിടിവി… ഫെന്‍സിങ് സംവിധാനമുള്ള മതില്‍… പുറമെ നിന്ന് നോക്കുമ്പോള്‍ കനത്ത സുരക്ഷാ സന്നാഹമുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ യഥാര്‍ത്ഥത്തില്‍ സുരക്ഷ ഒരുക്കിയിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ ഏവരുടെയും സംശയം.

സെല്ലിന്റെ ദൃഢമായ കമ്പികള്‍ മുറിച്ചുമാറ്റുന്നു… അതും ശബ്ദം പോലും ആരും കേള്‍ക്കുന്നില്ല… ഒരു ഹെഡ് വാര്‍ഡന്റെയും രണ്ട് വാര്‍ഡന്മാരുടെയും മുഴുവന്‍ സമയ നിരീക്ഷണവും പത്താം ബ്ലോക്കിനുണ്ട്. എന്നിട്ടും ഗോവിന്ദച്ചാമി എങ്ങനെ ജയില്‍ ചാടിയെന്നതില്‍ കൃത്യമായ വ്യക്തത വരേണ്ടതുണ്ട്.

ഒരു സിസ്റ്റം മൊത്തം വളയാതെ ഒരു കമ്പി മാത്രം വളച്ച് കൊടും കുറ്റവാളിയായ ഒരാള്‍ രക്ഷപ്പെട്ടു എന്നത് അവിശ്വസനീയമാണ്. ഗോവിന്ദ സ്വാമിയുടെ രക്ഷപ്പെടലിന് പിന്നില്‍ മറ്റൊരു തിരക്കഥയുണ്ടെന്നത് ഉറപ്പാണ്. അതെന്തെന്നതിന്റെ ചുരുളാണ് ഇനി അഴിയേണ്ടത്.

വധശിക്ഷയ്ക്ക് വിധിച്ച ഒരു കുറ്റവാളിയെ സംരക്ഷിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്റെതാണ്. കുറ്റവാളിയെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന ഉറപ്പിലാണ് കോടതി ശിക്ഷയില്‍ ഇളവ് വരുത്തി പ്രതികള്‍ക്ക് ജീവപര്യന്തം പോലും നല്‍കുന്നത്. എന്നാല്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാത്ത ജയിലില്‍ എന്ത് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രതികളെ പാര്‍പ്പിക്കുന്നത് എന്നതില്‍ ഉത്തരം പറയേണ്ടത് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ്.

വധശിക്ഷയ്ക്ക് കോടതി വിധിച്ച ഒരു കുറ്റവാളിയെ സംരക്ഷിക്കാനുള്ള കഴിവില്ല എന്നത് സംസ്ഥാനത്തിന്റെ ആഭ്യന്തര വകുപ്പിലുള്ള വിശ്വാസ്യതയ്ക്ക് മേലുള്ള കളങ്കം കൂടിയാണ്. കനത്ത സുരക്ഷാ വീഴ്ച ഉണ്ടായതായി ജയില്‍ വിഭാഗവും ഇതിനോടകം സമ്മതിച്ചിട്ടുണ്ട്.

ഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഗോവിന്ദ സ്വാമിയുടെ ജയില്‍ ചാട്ടം. ഡിജിപിയുടെ സന്ദര്‍ശനത്തിന് ഏര്‍പ്പെടുത്തുന്ന സുരക്ഷ പോലും ജയിലില്‍ നടപ്പിലാക്കിയില്ല എന്നതും ഇവിടെ വ്യക്തമാണ്. ജയിലുകളില്‍ കനത്ത സുരക്ഷ ഉണ്ടെന്ന് പറയുമ്പോഴും ഒരു കയ്യില്ലാത്ത ആള്‍ക്ക് പോലും ജയില്‍ ചാടാന്‍ കഴിയുമെങ്കില്‍ എന്തുതരം സുരക്ഷയാണ് അവിടെ ഒരുക്കിയിരിക്കുന്നതെന്ന ചോദ്യവും പ്രസക്തമാണ്. ഗോവിന്ദ സ്വാമി കിടന്ന പത്താം ബ്ലോക്കിലെ സെല്ലില്‍ വെളിച്ചമുണ്ടായിരുന്നില്ല. രാത്രിയില്‍ വാര്‍ഡന്‍ ടോര്‍ച്ച് അടിച്ച് നോക്കി എങ്കിലും ആളുണ്ടായിരുന്നോ എന്നതിലും വ്യക്തതയുണ്ടായില്ല. നിരവധി കുറ്റവാളികള്‍ പാര്‍ക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിസിടിവി പോലും കാര്യക്ഷമമല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി ഫെന്‍സിങില്‍ വൈദ്യുതിയില്ലെന്നതും ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയാണ് തുറന്നുകാട്ടുന്നത്.

മതിലിന് മുകളിലെ ഫെന്‍സിങ്ങില്‍ വൈദ്യുതി ഇല്ലാത്തത് എങ്ങനെ ഗോവിന്ദ സ്വാമിഅറിഞ്ഞു, സിസിടിവി പരിശോധന എന്തുകൊണ്ട് നടന്നില്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം ജയില്‍ വകുപ്പ് മറുപടി പറയേണ്ടിവരും.

ഇതിനെല്ലാം പുറമെയാണ് ജയിലിലെ തടവുപുള്ളികള്‍ക്ക് താടി വയ്ക്കാന്‍ ചട്ടം അനുവദിക്കുന്നില്ല എന്നത്. എന്നാല്‍ ഗോവിന്ദ സ്വാമിയെ പിടികൂടുമ്പോള്‍ അയാള്‍ താടി വളര്‍ത്തിയ നിലയിലായിരുന്നു. ചട്ടങ്ങളും നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരെ പാര്‍പ്പിക്കുന്നതും മുമ്പും വാര്‍ത്തയായതാണ്. എന്നാല്‍ ഇപ്പോഴും സമാനമായ വീഴ്ചകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ തെളിവാണ് ഗോവിന്ദ സ്വാമിയുടെ ജയില്‍ ചാട്ടം. വീഴ്ചയെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കി. ജയിലിലെ ഹെഡ് വാര്‍ഡനും ഇന്നലെ രാത്രിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മൂന്ന് വാര്‍ഡന്മാര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.

സെല്ലിനകത്ത് അതും അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെ ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാന്‍ കഴിഞ്ഞെന്ന ചോദ്യവും ജയില്‍ അധികൃതരുടെ ഭാഗത്തെ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വളരെ കട്ടികൂടിയ സെല്ലിലെ കമ്പി മുറിക്കാന്‍ ഒരു മണിക്കൂര്‍ എങ്കിലും സമയം എടുക്കും. ഇതിന്റെ ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല എന്നതും ഗുരുതര വീഴ്ചയാണ്. ദിവസങ്ങള്‍ എടുത്താണോ കമ്പി മുറിച്ചതെന്നും വ്യക്തമല്ല. കമ്പി മുറിക്കാന്‍ എവിടെ നിന്ന് ആയുധം ലഭിച്ചുവെന്നോ ആര് ആയുധമെത്തിച്ചെന്നതിലും വ്യക്തത വരേണ്ടതുണ്ട്.

രാവിലെ ആറുമണിയോടെയാണ് പ്രതി ജയില്‍ ചാടിയ വിവരം പോലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഏഴ് മണിയോടെ പോലീസ് സംസ്ഥാനത്താകമാനം വിവരങ്ങള്‍ കൈമാറി തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ജയില്‍ ചാടി ആറ് മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയത്തിലും പ്രതി മൂന്നര കിലോമീറ്റര്‍ ദൂരം മാത്രമേ എത്തിയുള്ളൂവെന്നതും ദുരൂഹതയിലേക്കാണ് എത്തിക്കുന്നത്.

ഏഴരമീറ്റര്‍ ഉയരമുള്ള ഇലക്രിക് ഫെന്‍സിങ്ങ് ഘടിപ്പിച്ച ചുറ്റുമതില്‍ ചാടുകയെന്നത് അത്ര എളുപ്പവുമല്ല. ജയിലധികൃതരുടെ ഒത്താശയോടെ ആണോ എന്നതും ചോദ്യചിഹ്നമാണ്. ദിവസങ്ങള്‍ എടുക്കാതെ ജയിലിലെ കമ്പികള്‍ അടുത്ത് മാറ്റാന്‍ കഴിയില്ലെന്നിരിക്കെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടില്ലെന്നതും അവിശ്വസനീയമാണ്. ഗോവിന്ദ സ്വാമിക്ക് ജയിലില്‍ നിന്നും പുറത്ത് നിന്നും സഹായം ലഭിച്ചിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. Govindachamy escaped from jail; a failure of the Home Department

Content Summary: Govindachamy escaped from jail; a failure of the Home Department

This post was last modified on July 25, 2025 3:25 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment