ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്റെ യുഗം അവസാനിച്ചുവെന്ന കാര്യത്തിൽ തർക്കങ്ങളില്ല. ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്തി യുഎസ് പകപോക്കുമ്പോൾ, നയതന്ത്ര ആവശ്യങ്ങൾക്കായി ഇന്ത്യ മറ്റു രാജ്യങ്ങളെ ആശ്രയിച്ച് തുടങ്ങി. അതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി 2025ലെ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ടിയാൻജിൻ നഗരം സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർത്തുന്നതിനായി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്തും.
2020 ജൂണിൽ ഗൽവാൻ താഴ്വരയിലുണ്ടായ അതിർത്തി സംഘർഷത്തോടെ രണ്ടു വഴിയ്ക്കായ ഇരു രാജ്യങ്ങളും ഇതോടെ ഒന്നാവും. അക്കാലത്ത്, പല ഇന്ത്യക്കാരും ചൈനയുമായുള്ള വ്യാപാരം അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതിനുശേഷം, ഇന്ത്യൻ സർക്കാർ നിരവധി ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ചൈനയിൽ നിന്ന് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ഇന്ത്യക്ക് ചൈനയുമായുള്ള വ്യാപാരത്തോടുള്ള എതിർപ്പ് ഏറ്റവും കൂടുതൽ പ്രകടമായത് 2019ൻ്റെ അവസാനത്തിൽ റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് നിന്ന് അവസാന നിമിഷം പിന്മാറിയപ്പോഴാണ്. ഏഷ്യ-പസഫിക് മേഖലയിലെ 15 രാജ്യങ്ങൾ തമ്മിലുള്ള ഒരു സ്വതന്ത്ര വ്യാപാര കരാറാണ് ആർസിഇപി. ചൈന ഈ കൂട്ടായ്മയിലെ ഒരു പ്രധാന അംഗമായതായിരുന്നു ഇന്ത്യയുടെ പ്രധാന പ്രശ്നം. ചൈനയുമായുണ്ടായ വൈര്യം വർഷങ്ങൾക്കിടയിൽ ശക്തിപ്പെടുകയാണുണ്ടായത്. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ പ്രയോഗിച്ച ആയുധങ്ങൾ ചൈനയുടേതാണ് കണ്ടെത്താൻ പോലും വ്യഗ്രത കാണിച്ചിരുന്ന ശത്രുതയാണ് ഇരു രാജ്യങ്ങൾക്കിടയിലും ഉണ്ടായിരുന്നത്. ട്രംപിന്റെ തീരുവ യുദ്ധമാണ് ഇരു രാജ്യങ്ങളെയും ഒന്നിപ്പിച്ചതെന്ന് നിസംശയം പറയാം.
ചൈനയ്ക്ക് മേൽ യുഎസ് ചുമത്തിയത് 145 ശതമാനം തീരുവയായിരുന്നു. ചർച്ചകൾക്ക് പിന്നാലെ ഇതിൽ 30 ശതമാനം ഇളവ് നൽകാമെന്ന നിലപാടും യുഎസ് സ്വീകരിച്ചു. ഇതേ പ്രയോഗം തന്നെയാണ് ഇന്ത്യയ്ക്ക് മേലും യുഎസ് നടത്തിയത്.
ചൈന മാർച്ച് മാസത്തിൽ തന്നെ ഇന്ത്യയുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇന്ത്യ ജൂണിലാണ് അതിനോട് പ്രതികരിച്ചത്. അമേരിക്ക ഇന്ത്യക്ക് 50 ശതമാനം വരെ തീരുവ ഏർപ്പെടുത്തി, ഇനിയും തീരുവ കൂട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൈന ഇതിനെ ശക്തമായി എതിർക്കുന്നു. ഏഷ്യയുടെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകൾ എന്നാണ് ഇന്ത്യയിലെ ചൈനീസ് അംബാസഡറായ ഷു ഫെയ്ഹോംഗ് ഇരു രാജ്യങ്ങളെയും വിശേഷിപ്പിച്ചത്.
പുതിയ സാമ്പത്തിക നയങ്ങളിലൂടെ അമേരിക്ക, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായ ഇന്ത്യയുടെ വിപണികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കായി തുറന്നുനൽകാൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ, ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യൻ നയരൂപകർത്താക്കൾക്ക് ഒരു അനുഗ്രഹമായി തോന്നാം. എന്നാൽ അമേരിക്കയുമായുള്ളതിനേക്കാൾ കൂടുതൽ വെല്ലുവിളികൾ ചൈനയുമായുള്ള അടുത്ത വ്യാപാര പങ്കാളിത്തത്തിന് ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം തീർത്തും വ്യത്യസ്തമാണ്. അമേരിക്കയുമായുള്ള വ്യാപാരത്തിൽ നിന്ന് ഇന്ത്യയ്ക്ക് 40 ബില്യണിലധികം വ്യാപാര മിച്ചമുണ്ട്. അതായത് ഇന്ത്യയുടെ കയറ്റുമതി ഇറക്കുമതിയെക്കാൾ കൂടുതലാണ്. നേരെമറിച്ച്, ചൈനയുമായുള്ള വ്യാപാരത്തിൽ ഇന്ത്യക്ക് ഏകദേശം 100 ബില്യൺ വ്യാപാരക്കമ്മിയുണ്ട്. അതായത്, ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഉൽപ്പന്നങ്ങളാണ് ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോകുന്ന ഉൽപ്പന്നങ്ങളെക്കാൾ വളരെ കൂടുതലെന്ന് വ്യക്തം.
ഉൽപ്പാദന മേഖലയിലെ അസാമാന്യമായ ശക്തി കൊണ്ട് വെറും ഇരുപത്തിയഞ്ച് വർഷത്തിനുള്ളിൽ ആഗോള കയറ്റുമതിയിൽ ചൈന ആധിപത്യം സ്ഥാപിച്ചു. അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പ്രൊഫസറായ റിച്ചാർഡ് ബാൾഡ്വിൻ പറയുന്നതനുസരിച്ച്, സൈനിക ശക്തിയിൽ അമേരിക്ക ലോകത്തിലെ ഏക മഹാശക്തിയായിരിക്കുന്നത് പോലെ, ഉൽപ്പാദന മേഖലയിലെ ഏക മഹാശക്തി ഇപ്പോൾ ചൈനയാണ്.
ഇന്ത്യയിലെ കാർഷിക മേഖലയുടെ മൊത്തം മൂല്യവർദ്ധിത ഉൽപ്പാദനം 2019-20 മുതൽ 4.7 ശതമാനം വർദ്ധിച്ചപ്പോൾ നിർമ്മാണ മേഖലയുടെ വളർച്ച 4 ശതമാനം മാത്രമാണ്. ചൈന ഉൽപ്പാദന ശക്തിയിലും ശേഷിയിലും കുതിച്ചുയരുന്ന ഈ സമയത്ത്, ഇന്ത്യയുടെ നിർമ്മാണ മേഖലക്ക് കാർഷിക ഉൽപ്പാദനത്തെ പോലും മറികടക്കാൻ കഴിയാത്തത് ഒരു വലിയ പ്രത്യാഘാതമാണ്.
content summary: Green Signal to China on Trade Relations: Will Chinese Policies Pose a Challenge for India?