ഗ്രീന്‍ലാന്‍ഡിന്റെ പേരില്‍ ഉയത്തിയിരുന്ന താരിഫ് ഭീഷണിയില്‍ നിന്നും പിന്‍വലിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രീന്‍ലാന്‍ഡിന് വേണ്ടി ഒരു ‘ഭാവി കരാറിന്റെ രൂപരേഖ’ അംഗീകരിച്ചുവെന്ന് അവകാശപ്പെട്ടാണ്, എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്താനിരുന്ന വ്യാപാര നികുതി ഭീഷണിയില്‍ നിന്ന് ട്രംപ് പിന്മാറിയത്.
ബുധനാഴ്ച നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗ്രീന്‍ലാന്‍ഡ് കാര്യത്തില്‍ ഒരു കരാറിന്റെ രൂപരേഖ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ‘ഈ ധാരണയുടെ അടിസ്ഥാനത്തില്‍, ഫെബ്രുവരി ഒന്നു മുതല്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്ന താരിഫുകള്‍ ഞാന്‍ ഒഴിവാക്കുകയാണ് എന്ന് പ്രസിഡന്റ് പറഞ്ഞത്.
സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവെ, ഈ കരാര്‍ ‘എന്നെന്നേക്കുമായി’ നിലനില്‍ക്കുമെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ‘ഞങ്ങള്‍ക്ക് ഒരു കരാര്‍ സങ്കല്പമുണ്ട്. ഇത് അമേരിക്കയ്ക്കും അവര്‍ക്കും ഒരുപോലെ ഗുണകരമാകുമെന്ന് ഞാന്‍ കരുതുന്നു. ഇതല്പം സങ്കീര്‍ണ്ണമാണ്, ഞങ്ങള്‍ അത് പിന്നീട് വിശദീകരിക്കും,’ ട്രംപ് പിന്നീട് സിഎന്‍ബിസിയോട് പറഞ്ഞു.
ഗ്രീന്‍ലാന്‍ഡ് ഡെന്മാര്ക്കിന്റെ സ്വയംഭരണ പ്രദേശമായി തുടരുന്നതിനെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍, അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഫെബ്രുവരി ഒന്നു മുതല്‍ ഡെന്മാര്ക്ക്, നോര്‍വേ, സ്വീഡന്, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ 10% നികുതി ചുമത്തില്ലെന്നാണ് ഇപ്പോള്‍ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്. ജൂണ്‍ ഒന്നു മുതല്‍ ഇത് 25% ആയി ഉയര്‍ത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി.
ഈ ഭീഷണി ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ക്ക് വഴിതെളിച്ചിരുന്നു. തങ്ങളെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ അനുവദിക്കില്ല എന്നായിരുന്നു മുതിര്‍ന്ന യൂറോപ്യന്‍ നേതാക്കള്‍ ട്രംപിനു മറുപടി നല്‍കിയത്. സാമ്പത്തിക വിദഗ്ധരും ട്രംപിന്റെ ഭഷണി കാര്യമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാറ്റോ വക്താവ് ആലിസണ് ഹാര്‍ട്ട് പറഞ്ഞത്, ആര്‍ട്ടിക് സുരക്ഷ ഉറപ്പാക്കുന്നതില്‍ നാറ്റോ സഖ്യകക്ഷികള്‍, പ്രത്യേകിച്ച് ഏഴ് ആര്‍ട്ടിക് രാജ്യങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും എന്നാണ്. ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും സാമ്പത്തികമായോ സൈനികമായോ സ്വാധീനം ഉറപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡെന്മാര്ക്കും ഗ്രീന്‍ലാന്‍ഡും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രീന്‍ലാന്‍ഡ് കേന്ദ്രീകരിച്ച് ഭാഗികമായി പ്രവര്‍ത്തിക്കുന്ന യുഎസ് മിസൈല്‍ പ്രതിരോധ കവചത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാല്‍ മാര്‍ക്ക് റുട്ടെ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. ‘കൂടിക്കാഴ്ച മികച്ചതായിരുന്നു, പക്ഷേ ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്,’ അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയെ ഡെന്മാര്ക്ക് വിദേശകാര്യ മന്ത്രി ലാര്‍സ് ലോക്കെ റാസ്മുസെന്‍ സ്വാഗതം ചെയ്തു.
അതേസമയം, ഗ്രീന്‍ലാന്‍ഡിന്റെ ചെറിയ ഭാഗങ്ങളില്‍ അമേരിക്കയ്ക്ക് പരമാധികാരം നല്കുന്ന ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയെക്കുറിച്ച് നാറ്റോ യോഗത്തില്‍ ചര്‍ച്ച നടന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സൈപ്രസിലെ യുകെയുടെ സൈനിക താവളങ്ങള്‍ക്ക് സമാനമായ പദവിയാണ് ഇതിനായി ഉദ്ദേശിക്കുന്നത്.
എന്നാല്‍ ഈ നീക്കങ്ങള്‍ക്കെതിരെ ഗ്രീന്‍ലാന്‍ഡില്‍ നിന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. തങ്ങളെക്കൂടാതെ തങ്ങളെക്കുറിച്ച് ഒരു തീരുമാനവും എടുക്കരുതെന്ന് ഗ്രീന്‍ലാന്‍ഡ് പാര്‍ലമെന്റ് അംഗം ബിപി ചെമ്നിറ്റ്സ് ലാര്‍സന്‍ പറഞ്ഞു. ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരത്തിലോ ധാതു വിഭവങ്ങളിലോ ഇടപെടാന്‍ നാറ്റോയ്ക്ക് അധികാരമില്ലെന്ന് അവര്‍ വ്യക്തമാക്കി. ‘ഗ്രീന്‍ലാന്‍ഡ് വില്‍ക്കാനുള്ളതല്ല,’ ഡാനിഷ് എംപിയായ സാഷ ഫക്സും പ്രതികരിച്ചു. ട്രംപും റുട്ടയും തമ്മില്‍ നടന്നത് വെറും സംസാരം മാത്രമാണെന്നും അതിനെ കരാര്‍ എന്ന് വിളിക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പിന്മാറ്റത്തിന് തൊട്ടുമുന്‍പ് വരെ, ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാന്‍ സാമ്പത്തികവും നയതന്ത്രപരവുമായ സമ്മര്‍ദ്ദം തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചിരുന്നു. തന്റെ താരിഫ് നയങ്ങളെ അദ്ദേഹം ദാവോസില്‍ ന്യായീകരിക്കുകയും ചെയ്തു. എന്നാല്‍, മുന്‍കാലങ്ങളിലെന്നപോലെ കടുത്ത ഭീഷണികള്‍ മുഴക്കിയ ശേഷം ട്രംപ് വീണ്ടും പിന്നോട്ട് പോകുന്ന കാഴ്ചയാണ് ഇവിടെയും കണ്ടത്.
ട്രംപിന്റെ ഈ വ്യാപാര യുദ്ധം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയിലും ആഘാതമുണ്ടാക്കിയിരുന്നു. താരിഫ് ഭീഷണിയെത്തുടര്‍ന്ന് വാള്‍സ്ട്രീറ്റ് ഓഹരി വിപണിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തി. തന്റെ ഭരണകാലത്ത് ഓഹരി വിപണിയിലുണ്ടായ നേട്ടങ്ങള്‍ സ്വന്തം ക്രെഡിറ്റായി പറയുന്ന ട്രംപ്, ഈ ആഴ്ചയിലെ ഇടിവിന് കാരണം ‘ഐസ്ലന്ഡ്’ (ഗ്രീന്‍ലാന്‍ഡ് എന്ന് ഉദ്ദേശിച്ചത്) ആണെന്ന് സമ്മതിച്ചു.
വെനിസ്വേലയിലെ മഡുറോ ഭരണകൂടത്തെ പുറത്താക്കിയതിന് പിന്നാലെ ഗ്രീന്‍ലാന്‍ഡിന് വേണ്ടിയുള്ള ട്രംപിന്റെ നീക്കങ്ങള്‍ ലോകനേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധസമയത്ത് ഗ്രീന്‍ലാന്‍ഡിനെ സംരക്ഷിച്ചതിനാല്‍ ഡെന്മാര്ക്ക് അത് അമേരിക്കയ്ക്ക് നല്‍കണമെന്നാണ് ട്രംപിന്റെ വാദം, എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ച് യൂറോപ്യന്‍ പാര്‍ലമെന്റ് യുഎസ്-ഇയു വ്യാപാര കരാര്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് തന്റെ താരിഫ് ഭീഷണി പിന്‍വലിച്ചത് എന്നത് ശ്രദ്ധേയമാണ്.
Content Summary; Greenland Crisis; donald trump drops his threat to impose sweeping US tariffs on eight European countries.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.