June 26, 2026 |
Share on

പന്നൂന്‍ വധശ്രമം; നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തി, ഇന്ത്യക്ക് തിരിച്ചടി

നിഖില്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തത്തിന് ‘നീതിപീഠം നല്‍കുന്ന സ്ഥിരീകരണമാണെന്ന്’ പന്നൂന്‍ പറഞ്ഞു

അമേരിക്കന്‍ മണ്ണില്‍ സിഖ് വിഘടനവാദി നേതാവിനെ വധിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതി നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തി. മാന്‍ഹട്ടനിലെ യുഎസ് അറ്റോര്‍ണി ഓഫീസ് വക്താവാണ് വെള്ളിയാഴ്ച ഈ നിര്‍ണായക വിവരം പുറത്തുവിട്ടത്. അമേരിക്കന്‍ പൗരനും ‘സിഖ് ഫോര്‍ ജസ്റ്റിസ്’ നേതാവുമായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പ്രധാന ക്രിമിനല്‍ കുറ്റങ്ങളാണ് നിഖില്‍ ഗുപ്ത സമ്മതിച്ചിരിക്കുന്നത്. ഇതോടെ 54-കാരനായ ഗുപ്തയ്ക്ക് 40 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.

കൊലപാതകത്തിനായുള്ള വാടക ഗൂഢാലോചന, അതിനായുള്ള പണം കൈമാറ്റം, തുടങ്ങിയ കുറ്റങ്ങളാണ് ന്യൂയോര്‍ക്ക് കോടതിയില്‍ ഗുപ്ത സമ്മതിച്ചത്. പഞ്ചാബിനെ പ്രത്യേക സിഖ് രാജ്യമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്ന പന്നൂനെ വധിക്കാന്‍ ഒരു ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഏകോപനത്തോടെയാണ് ഗുപ്ത പ്രവര്‍ത്തിച്ചതെന്ന് എഫ്.ബി.ഐ അസിസ്റ്റന്റ് ഡയറക്ടര്‍ ജെയിംസ് ബാര്‍ണക്കിള്‍ വ്യക്തമാക്കി. അമേരിക്കന്‍ പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ ശ്രമിക്കുന്ന ഏതൊരു വിദേശ ശക്തിക്കും ഇതൊരു മുന്നറിയിപ്പാണെന്ന് യുഎസ് അറ്റോര്‍ണി ജയ് ക്ലേട്ടന്‍ പറഞ്ഞു. രാജ്യത്തിന് പുറത്തിരുന്ന് ശിക്ഷാനടപടികളില്ലാതെ അമേരിക്കന്‍ പൗരനെ വധിക്കാമെന്ന ഗുപ്തയുടെ കണക്കുകൂട്ടല്‍ തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കുറ്റസമ്മതം നരേന്ദ്ര മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിഖില്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള പങ്കാളിത്തത്തിന് ‘നീതിപീഠം നല്‍കുന്ന സ്ഥിരീകരണമാണെന്ന്’ പന്നൂന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിയോജിപ്പുള്ള രാഷ്ട്രീയ അഭിപ്രായങ്ങളെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അമേരിക്കയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു.

2023 ജൂണില്‍ കാനഡയില്‍ വെച്ച് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കേസിലും വഴിത്തിരിവുണ്ടാകുന്നത്. നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചപ്പോള്‍ ഇന്ത്യ അത് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, പന്നൂന്‍ വധശ്രമക്കേസില്‍ നിഖില്‍ ഗുപ്തയെ ചെക്ക് റിപ്പബ്ലിക്കില്‍ നിന്ന് അമേരിക്കയിലേക്ക് നാടുകടത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വികാഷ് യാദവ് എന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥനാണ് തനിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വികാഷ് യാദവിനെതിരെ നിലവില്‍ യുഎസ് വാറണ്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇപ്പോഴും ഒളിവിലാണ്.

കൊലപാതകം നടപ്പിലാക്കാന്‍ ഗുപ്ത ബന്ധപ്പെട്ടത് ഒരു അധോലോക സംഘത്തെയാണെന്ന് കരുതിയിരുന്നെങ്കിലും, അത് സത്യത്തില്‍ വേഷംമാറിയ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥനായിരുന്നു. വധഗൂഢാലോചനയില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഇത് ഒരു ‘രോഗ് ഏജന്റ്’ (നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യക്തി) ചെയ്തതാണെന്നുമാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍, കോടതിയിലെ തെളിവുകള്‍ക്ക് മുന്നില്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് പന്നൂന്‍ വാദിക്കുന്നു.

അതേസമയം, അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ ഈ കേസ് വലിയ വിള്ളലുകള്‍ ഉണ്ടാക്കിയിട്ടില്ലെന്നാണ് സൂചന. അടുത്തിടെ ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ നികുതിയിളവുകളെക്കുറിച്ചും റഷ്യന്‍ എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനെക്കുറിച്ചും ധാരണയായിരുന്നു. പ്രധാനമന്ത്രി മോദിക്ക് ഈ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിരുന്നതിന് തെളിവുകളില്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എങ്കിലും, ഒരു ഇന്ത്യന്‍ പൗരന്‍ അമേരിക്കന്‍ കോടതിയില്‍ ഇത്തരമൊരു ഗൂഢാലോചന സമ്മതിച്ചത് അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Content Summary; Gurpatwant Singh Pannun murder plot case indian man Nikhil Gupta has pleaded guilty, Nikhil Gupta faces a maximum 40 years in prison.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×