408 റണ്‍സിന്റെ അതി ‘ഗംഭീര’ തോല്‍വി; ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്ക

ടെസ്റ്റില്‍ ഇന്ത്യയുടെ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ മാര്‍ജിനിലാണ് തോറ്റിരിക്കുന്നത്‌

india vs South Africa test

ആദ്യം ന്യൂസിലാന്‍ഡ്, ഇപ്പോള്‍ ദക്ഷിണാഫ്രിക്ക. സ്വന്തം നാട്ടില്‍ ടീം ഇന്ത്യയെന്ന പുലിക്കുട്ടിയെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന അഹങ്കാരത്തിന് ഇനി അര്‍ത്ഥമില്ല. ഗുവാഹത്തിയില്‍ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യയെ തരിപ്പണമാക്കി ദക്ഷിണാഫ്രിക്ക പരമ്പര തൂത്തു വാരിയിരിക്കുന്നു. 408 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി. ടെസ്റ്റില്‍ അവരുടെ ഏറ്റവും വലിയ തോല്‍വി. തുടര്‍ച്ചയായി രണ്ട് ഹോം പരമ്പരകളാണ് ഇന്ത്യന്‍ ടീം പൂര്‍ണമായും അടിയറവയ്ക്കുന്നത്.

549 റണ്‍സ് എന്ന ലക്ഷ്യം അപ്രാപ്യമാണ് എന്നതില്‍ തര്‍ക്കമില്ലായിരുന്നുവെങ്കിലും ഒരു സമനിലയെങ്കിലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്ത സൈമണ്‍ ഹാര്‍മറിന് മുന്നില്‍ മുട്ടുവിറച്ച് കീഴടങ്ങി കളഞ്ഞു ഇന്ത്യന്‍ ബാറ്റര്‍മാര്‍.

ഒന്നാം ഇന്നിംഗ്‌സില്‍ 489 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്ക അടിച്ചെടുത്തത്. അതില്‍ എടുത്തു പറയേണ്ട കാര്യമുണ്ട്. അവരുടെ ബൗളര്‍മാരാണ് ഇന്ത്യയെ അടിച്ചു തകര്‍ത്തത്. സ്പിന്നര്‍ സെനുരാന്‍ മുത്തുസ്വാമി സെഞ്ച്വറി(109) നേടിയപ്പോള്‍ ഫാസ്റ്റ് ബൗളര്‍ മാര്‍ക്കോ യാസന്‍ 91 പന്തില്‍ 93 റണ്‍സ് നേടി ഇന്ത്യന്‍ ബൗളര്‍മാരെ തല്ലി തകര്‍ത്തു.

ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് പ്രകടനം കണ്ടവര്‍ വിചാരിച്ചത്, പിച്ച് ബാറ്റര്‍മാര്‍ക്ക് അനുകൂലമാണെന്നും ഇന്ത്യയും മികച്ച സ്‌കോര്‍ നേടുമെന്നുമാണ്. ടെസ്റ്റ് സമനിലയില്‍ അവസാനിക്കുമെന്നായിരുന്നു പൊതുവില്‍ വിചാരിച്ചത്.

എന്നാല്‍ നടന്നത് മറ്റൊന്നായിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ ജയ്‌സ്വാളിന്റെയും(58), വാലറ്റത്ത് പൊരുതിയ സുന്ദറിന്റെയും(48) പ്രകടനം മാത്രം പറയാനുണ്ടായിരുന്ന ഇന്നിംഗ്‌സില്‍ ഇന്ത്യ 201 ന് പുറത്ത്. ബാറ്റ് കൊണ്ട് ഇന്ത്യയെ മുറിവേല്‍പ്പിച്ച യാര്‍സന്‍ പന്ത് കൈയിലെടുത്തപ്പോള്‍ അതിലും ‘ ക്രൂരനായി’. 48 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍! മൂന്നു വിക്കറ്റുകളുമായി ഹാര്‍മര്‍ കൂടെ നിന്നു.

എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ തയ്യാറാകാതെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ബവുമ വീണ്ടും ബാറ്റിംഗിന് ഇറങ്ങി. ഇത്തവണ സ്റ്റബ്‌സും ടോണി ഡി സോര്‍സിയും തകര്‍ത്തടിച്ചു. ഇവരുവരും യഥാക്രമം 94, 49 റണ്‍സ് വീതം നേടിയ രണ്ടാം ഇന്നിംഗ്‌സില്‍ അതിഥികള്‍ അഞ്ച് വിക്കറ്റിന് 260 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

ഇന്ത്യക്ക് മുന്നില്‍ അവര്‍ വച്ചു നീട്ടിയത് 549 എന്ന ലക്ഷ്യം. ഒരു ദിവസം മാത്രം മുന്നില്‍ ഉള്ളപ്പോള്‍ ഒരു സമനില പിടിച്ച് മാനം രക്ഷിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ അവരുടെ ടീമില്‍ വിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍ നാലാം ദിവസം കളിയവസാനിപ്പിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക ലക്ഷ്യം വ്യക്തമാക്കിയിരുന്നു. എങ്കിലും അവസാന ദിവസം ഇന്ത്യയുടെ വീരോചിതമായ പ്രകടനം ആരാധകര്‍ പ്രതീക്ഷിച്ചു.

എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ യാര്‍സനായിരുന്നു ഇന്ത്യയുടെ അന്തകനെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഹാര്‍മര്‍ ദൗത്യം ഏറ്റെടുത്തു. ആറ് വിക്കറ്റുകള്‍ വീഴ്ത്തി അയാള്‍ തന്റെ ടീമിന് എന്നെന്നും ഓര്‍ത്തിരിക്കാന്‍ ഒരു പരമ്പര വിജയം സമ്മാനിച്ചു, ഇന്ത്യക്ക് കണ്ണീരും.

Content Summary: Guwahati Cricket Test; South Africa thrash India by 408 runs in second test. India’s biggest Test defeat in their history

This post was last modified on November 26, 2025 1:30 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment