ഇംഗ്ലണ്ട് പര്യടനത്തില്‍ നായകനോ ഉപനായകനോ ആയി ജസ്പ്രിത് ബുംറയെ പരിഗണിക്കില്ലെന്ന് വിവരം. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ക്കായാണ് ജൂണ്‍ അവസാനത്തോടെ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനം പോലെ തന്നെ ഇന്ത്യ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര. രോഹിത് ശര്‍മ തന്നെയായിരിക്കും നായകന്‍, ഉപ നായകനായി ശുഭ്മാന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരില്‍ ഒരാള്‍ വരുമെന്നാണ് സൂചന.
അഞ്ച് ടെസ്റ്റ് മത്സരങ്ങളും ബുംറ കളിക്കാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിന് നായക വേഷങ്ങളൊന്നും നല്‍കാത്തതിനു കാരണമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കുന്ന വിവരം. അമിതമായ ജോലിഭാരമാണ് ബുംറയെ ഏല്‍പ്പിക്കുന്നതെന്ന് വിമര്‍ശനമുണ്ട്. ബോര്‍ഡിന് മുന്നിലുള്ള വെല്ലുവിളിയും അതാണ്. ഇംഗ്ലണ്ടിനെതിരായ എല്ലാ ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നില്ല.
നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഉപനായകന്‍ ബുംറയാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഉപനായകനായിരുന്ന ബുംറ, രോഹിതിന്റെ അസാന്നിധ്യത്തില്‍ ടീമിനെ നയിക്കുകയും ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ രോഹിത് ഇല്ലാതെയായിരുന്നു ടീം ഇറങ്ങിയത്. ആ കളിയില്‍ ബുംറയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒസ്‌ട്രേലിയയെ തോല്‍പ്പിക്കുകയും ചെയ്തു. ക്യാപ്റ്റന്റെ മികവിലായിരുന്നു വിജയം. പര്യടനത്തില്‍ ആകെ ഫോം കണ്ടെത്താന്‍ വിഷമിച്ച രോഹിത്, സ്വയം ടീമില്‍ നിന്നൊഴിവായി നിന്നപ്പോഴും ബുംറയ്ക്കായിരുന്നു നായകന്റെ ചുമതല. എന്നാല്‍ അമിതമായ ജോലിഭാരം ബുംറയെ തളര്‍ത്തി. അവസാന ടെസ്റ്റില്‍ കളി പൂര്‍ത്തിയാക്കാന്‍ പോലുമാകാതെ പരിക്കേറ്റ് അദ്ദേഹം മടങ്ങി. പുറം ഭാഗത്തേറ്റ സാരമായ പരിക്ക് ബുംറയെ മാസങ്ങളോളം കളിക്കളത്തില്‍ നിന്നകറ്റി. ച്യാമ്പന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് ബുംറയുടെ സാന്നിധ്യം നഷ്ടമായി. ബുംറയെ അമിതമായി ഇന്ത്യ ആശ്രയിക്കുന്നുവെന്ന പരാതി മുന്‍താരങ്ങള്‍ അടക്കം പതിവായി ഉയര്‍ത്തുന്നതാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ഇത് ശക്തമായി.
അതേസമയം, രോഹിതിന്റെ മങ്ങിയ ഫോം ബുംറയുടെ ക്യാപ്റ്റന്‍ സ്ഥാനം ഉറപ്പിക്കുമെന്ന ധ്വനി ശക്തമാക്കിയിരുന്നു. ടീമിലെ എല്ലാവര്‍ക്കും സ്വീകാര്യനും, മികച്ച തന്ത്രങ്ങളുള്ള നായകനെന്ന ധാരണയും ബുംറയ്ക്ക് അനുകൂല ഘടകങ്ങളായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തില്‍ ബുംറ തന്നെ ടീമിനെ നയിക്കുമെന്നും പൊതുവില്‍ എല്ലാവരും കരുതി. എന്നാല്‍ കാര്യങ്ങള്‍ മറ്റൊരുതരത്തില്‍ മാറിയിരിക്കുന്നു. രോഹിതിനെ പോലൊരു അനുഭവജ്ഞന്‍ തന്നെയാകണം ഇംഗ്ലണ്ട് പര്യടനം പോലെ സുപ്രധാനമായൊരു ടൂര്‍ണമെന്റില്‍ ടീമിനെ നയിക്കേണ്ടതെന്ന തീരുമാനത്തിലാണ് ടീമെത്തി നില്‍ക്കുന്നത്.
അഞ്ച് ടെസ്റ്റ് മത്സരങ്ങളിലും കളിക്കാന്‍ കഴിയുന്ന ഒരു കളിക്കാരനെയാണ് ഞങ്ങള്‍ക്ക് വേണ്ടത്, അങ്ങനെയുള്ള കളിക്കാരന് വൈസ് ക്യാപ്റ്റന്റെ റോള്‍ നല്‍കണം. ബുംറ അഞ്ച് മത്സരങ്ങളിലും കളിക്കില്ല, അതിനാല്‍ വ്യത്യസ്ത മത്സരങ്ങള്‍ക്ക് വ്യത്യസ്ത ഡെപ്യൂട്ടികളെ നിയമിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അഞ്ച് ടെസ്റ്റുകളും കളിക്കാന്‍ കഴിയുന്നതാണ് ഉചിതമെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ച ബോര്‍ഡ് പ്രതിനിധി പറഞ്ഞത്.
ഇംഗ്ലണ്ട് പര്യടനത്തില്‍ ഉപനായകനായി വരാന്‍ സാധ്യത കൂടുതലുള്ള രണ്ടു പേര്‍ ശുഭ്മാന്‍ ഗില്ലും ഋഷഭ് പന്തുമാണ്. ഭാവിയിലെ നായകനെ കൂടി ലക്ഷ്യമിട്ടാണ് ഉപനായകനെ തിരഞ്ഞെടുക്കാന്‍ ബോര്‍ഡ് ആഗ്രഹിക്കുന്നത്. നിലവിലെ ടീമില്‍ നിന്നും അതിനായി മുന്‍നിരയിലുള്ളവരാണ് ഗില്ലും പന്തും. പ്രായവും ഇരുവര്‍ക്കും അനുകൂലമാണ്. 25 കാരനാണ് ഗില്‍, പന്ത് 27 കാരനും. ടീമിലെ സ്ഥിരക്കാരായ കോഹ്‌ലി, ജഡേജ, കെ എല്‍ രാഹുല്‍ എന്നിവര്‍ 30 കഴിഞ്ഞവരാണ്. പിന്നെയൊരാള്‍ യശസ്വി ജയ്‌സ്വാള്‍ ആണ്. പക്ഷേ 23 കാരനായ ജയ്‌സ്വാള്‍ തീരെ പ്രായം കുറഞ്ഞതായിപ്പോയി.
ഓസ്‌ട്രേലിയയ്‌ക്കെതിരായ പുതുവത്സര ടെസ്റ്റിനിടയില്‍ പരിക്കേറ്റ് പുറത്തായ ബുംറ മൂന്നു മാസത്തെ ചികിത്സയും വിശ്രമത്തിനും ശേഷം ഐപിഎല്ലിന്റെ പകുതിയോടെയാണ് കളിക്കളത്തില്‍ മടങ്ങിയെത്തിയത്. പരിക്ക് വിടാതെ പിന്തുടരുന്നൊരു താരമാണ് ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും അപകടകാരിയായ ഈ ഫാസ്റ്റ് ബൗളര്‍. 2022 ല്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായി 11 മാസത്തോളമാണ് ബുംറയ്ക്ക് ഫീല്‍ഡില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത്. അതിനിടയില്‍ ഓസ്‌ട്രേലിയ ആതിഥ്യം വഹിച്ച ടി20 ലോകകപ്പും നഷ്ടമായി. ജൂണ്‍ 20 മുതല്‍ ജൂലൈ 31 വരെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നത്. Jasprit Bumrah will not be the captain or vice-captain in the England tour; Rishabh Pant or Shubman Gill will take over instead
Content Summary; Jasprit Bumrah will not be the captain or vice-captain in the England tour; Rishabh Pant or Shubman Gill will take over instead
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.