H-1B വിസയില്‍ യുഎസ് ഇളവ്; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ആശ്വാസം

നിലവിലുള്ള H-1B വിസ ഉടമകള്‍ക്കും പുതിയ ഫീസ് ബാധികമല്ല

അമേരിക്കന്‍ ഐക്യനാടുകളിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വലിയ ആശ്വാസം നല്‍കിക്കൊണ്ട്, യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗം (USCIS) ഒരു പുതിയ വിശദീകരണം നല്‍കി. നിലവില്‍ യുഎസില്‍ താമസിക്കുന്ന അന്താരാഷ്ട്ര ബിരുദധാരികള്‍ക്ക് H-1B പദവിക്കായി അപേക്ഷ നല്‍കുമ്പോള്‍ പുതുക്കിയ ഫീസ് നല്‍കേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള H-1B വിസ ഉടമകള്‍ക്കും കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈ ഫീസ് ബാധകമായിരിക്കില്ലെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമകള്‍ക്ക് ഏകദേശം 90 ലക്ഷം രൂപയ്ക്ക് തുല്യമായ ഈ വാര്‍ഷിക ഫീസ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ആഴ്ചകളോളം നിലനിന്ന ആശയക്കുഴപ്പങ്ങള്‍ക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. പുതുക്കിയ ഫീസ് ഘടന 2025 സെപ്റ്റംബര്‍ 21 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്.

നിലവിലുള്ള വിസ ഉടമകള്‍ക്ക് ആശ്വാസം

യുഎസ് പൗരത്വ കുടിയേറ്റ സേവന വിഭാഗത്തിന്റെ (USCIS )ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളനുസരിച്ച്, നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ ഉള്ള ആര്‍ക്കും 100,000 ഡോളര്‍ ഫീസ് ബാധകമാകില്ല. F-1 വിസയിലുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ H-1B ജോലികളിലേക്ക് മാറുമ്പോള്‍ – പുതിയ ഫീസ് നല്‍കേണ്ടതില്ലെന്നും USCIS സ്ഥിരീകരിച്ചു. കൂടാതെ, 2025 സെപ്റ്റംബര്‍ 21-ന് പുലര്‍ച്ചെ 12:01 ക്ക് മുമ്പ് സമര്‍പ്പിച്ച H-1B അപേക്ഷകള്‍ക്കും ഈ ഫീസ് നല്‍കേണ്ടതില്ല. H-1B ഉടമകള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ യുഎസിലേക്ക് യാത്ര ചെയ്യാനും പുറത്തുപോകാനും സാധിക്കും. F-1 വിസയില്‍ നിന്ന് H-1B ജോലികളിലേക്ക് സ്റ്റാറ്റസ് മാറ്റത്തിനായി (change of status) അപേക്ഷിക്കുന്ന വിദേശികള്‍ക്ക് പുതിയ ഫീസ് നല്‍കേണ്ടതില്ല.

ഇന്ത്യക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ കാരണം

H-1B വിസ പ്രോഗ്രാമിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ക്ക് ഫീസ് ഒഴിവാക്കിയുള്ള പ്രഖ്യാപനം വലിയൊരനുഗ്രഹമാണ്. നിലവില്‍ ഏകദേശം 300,000 ഇന്ത്യന്‍ തൊഴിലാളികള്‍ H-1B വിസയില്‍ യുഎസിലുണ്ട്, അവരില്‍ ഭൂരിഭാഗവും സാങ്കേതിക, സേവന വ്യവസായങ്ങളില്‍ ജോലി ചെയ്യുന്നവരാണ്.

യുഎസ് ഭരണകൂടത്തിന്റെ കണക്കനുസരിച്ച്, പുതിയ H-1B വിസ അനുവദിക്കുന്നതില്‍ ഏകദേശം 70% വും ഇന്ത്യക്കാര്‍ക്കാണ്. 1112% വരുന്ന ചൈനീസ് പൗരന്മാരാണ് രണ്ടാം സ്ഥാനത്ത്. H-1B വിസ അതിവിദഗ്ധരായ തൊഴിലാളികള്‍ക്ക് മൂന്ന് വര്‍ഷം വരെ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ താമസിക്കാനും ജോലി ചെയ്യാനും അവസരം നല്‍കുന്നു, കൂടാതെ വീണ്ടും മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ സാധ്യതയുമുണ്ട്. ഓരോ വര്‍ഷവും ലോട്ടറി സമ്പ്രദായത്തിലൂടെ 85,000 പുതിയ വിസകള്‍ അനുവദിക്കുന്നത്.

Content Summary: H-1B Visa; relief for Indian students and professionals

This post was last modified on October 21, 2025 4:28 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment