മക്ക തീർഥാടനത്തിനിടെ കടുത്ത ചൂടിൽ മരിച്ചവരിൽ 68 ഇന്ത്യക്കാരും. വാർത്താ ഏജൻസിയായ എഎഫ്‌പി പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഹജ്ജ് തീർത്ഥാടനത്തിനിടെ ചുരുങ്ങിയത് 550 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ്. 550 പേരിൽ 323 പേർ ഈജിപ്തിൽ നിന്നുള്ള തീർഥാടകരാണ്. ഇവരിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും കനത്ത ചൂടിനെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാലാണ് മരിച്ചതെന്ന് അറബ് അധികൃതർ വ്യക്തമാക്കി. 60 ജോർദ്ദാൻ സ്വദേശികളും തീർഥാടനത്തിനിടെ മരണപ്പെട്ടിട്ടുണ്ട്. Hajj pilgrimage
തിങ്കളാഴ്ച മക്കയിലെ ഗ്രാൻഡ് മോസ്‌കിലെ താപനില 51.8 ഡിഗ്രി സെൽഷ്യസായി ഉയർന്നതായി സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മരണ റിപ്പോർട്ടുകൾ പുറത്തുവരുന്നതിന് മുമ്പ്, ഉയർന്ന താപനിലയിൽ മുസ്ലീം തീർത്ഥാടകർക്കിടയിൽ അസാധാരണമായ മാറ്റങ്ങൾ ഒന്നും തന്നെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് സൗദി ആരോഗ്യ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.
സൗദി മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ജോർദാൻ, ടുണീഷ്യ എന്നിവയുൾപ്പെടെ മക്കയിലെ പുണ്യസ്ഥലങ്ങളിൽ കനത്ത ചൂടിൽ തങ്ങളുടെ തീർഥാടകരിൽ പലരും മരണപ്പെട്ടതായി പല രാജ്യങ്ങളും വ്യക്തമാക്കിയതായി എപി റിപ്പോർട്ടിൽ പറയുന്നുണ്ട്. പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്നതിനിടെ ചിലർ തളർന്നു വീഴുന്നത് പലരും കണ്ടിരുന്നു എന്നും എപി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജൂൺ 14 വെള്ളിയാഴ്ചയാണ് ഹജ്ജ് തീർത്ഥാടനം ആരംഭിച്ചത്. 14 നൂറ്റാണ്ടുകൾക്ക് മുമ്പ് മുഹമ്മദ് നബി തൻ്റെ അനുയായികളെ പഠിപ്പിച്ചതുപോലെ മതപരമായ ചടങ്ങുകൾ നടത്താൻ ദശലക്ഷക്കണക്കിന് മുസ്ലീങ്ങളാണ് ഓരോ വർഷവും മക്കയിലേക്കെത്തുന്നത്.
ഈ വർഷം, 22 രാജ്യങ്ങളിൽ നിന്നുള്ള 1.6 ദശലക്ഷത്തിലധികം തീർഥാടകരും ഏകദേശം 222,000 സൗദി പൗരന്മാരും ഉൾപ്പെടെ 1.83 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ ഹജ്ജ് നിർവഹിച്ചതായി സൗദി ഹജ്ജ് അധികൃതർ റിപ്പോർട്ട് ചെയ്തു. ചാന്ദ്ര കലണ്ടർ പിന്തുടരുന്നതിനാൽ, ഹജ്ജിൻ്റെ തീയതി ഓരോ വർഷവും ഏകദേശം 11 ദിവസം മുൻപാണ്. അടുത്ത വർഷത്തെ ഹജ്ജ് വേനൽക്കാലത്തെ അവസാന ഹജ്ജായിരിക്കുമെന്ന് സൗദി നാഷണൽ മെറ്റീരിയോളജിക്കൽ സെൻ്റർ (എൻഎംസി) വക്താവ് ഹുസൈൻ അൽ ഖഹ്താനി പറയുന്നത്. 2026 മുതൽ, അടുത്ത 17 വർഷത്തേക്ക് ഹജ്ജ് തണുപ്പുള്ള മാസങ്ങളിലായിരിക്കും ആരംഭിക്കുക എന്നും ഹുസൈൻ അൽ ഖഹ്താനി കൂട്ടിച്ചേർത്തു.
content summary ; 68 Indians among over 500 dead due to scorching heat during Hajj pilgrimage in Mecca