ഗാസയില്‍ സമാധാനക്കരാര്‍ നിലവില്‍ വന്നാല്‍ അടുത്ത 72 മണിക്കൂറിനുള്ളില്‍ ബന്ദികളെ മോചിപ്പിക്കുമെന്ന് ഹമാസ്. ഈ സമയത്തിനകം ഇസ്രയേല്‍ തടവില്‍ നിന്നും പലസ്താനീകളെ വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച്ച സമാധാന കരാര്‍ നിലവില്‍ വരുമെന്നാണ് വിവരം.
തങ്ങളുടെ തടവില്‍ ജീവനോടെയുള്ളവരില്‍ 20 ബന്ദികളെ ആദ്യഘട്ടത്തില്‍ വിട്ടയക്കുമെന്നാണ് ഹമാസ് പറയുന്നത്, ഇതിനു പകരമായി ഏകദേശം രണ്ടായിരം പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുമെന്നാണ് വിവരം. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 250 പേരെയും യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രയേല്‍ അറസ്റ്റ് ചെയ്ത 1,700 പേരെയും ഉള്‍പ്പെടെ വിട്ടയക്കുന്നതിനു പകരമായാണ് ബന്ദികളെ മോചിപ്പിക്കുന്നതെന്നാണ് ഹമാസ് പറയുന്നത്.
താന്‍ തയ്യാറാക്കിയ 20 ഇന സമാധാന പദ്ധതിയില്‍ ഹമാസും ഇസ്രയേലും ഒപ്പ് വച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണവും വരുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന കരാറില്‍ പറയുന്നൊരു പ്രധാന ആവശ്യം ഹമാസിന്റെ സമ്പൂര്‍ണ നിരായുധീകരണമാണ്. ഗാസയുടെ അധികാരത്തില്‍ നിന്നും ഹമാസ് പിന്‍വാങ്ങുക, ഗാസയുടെ പുനര്‍നിര്‍മാണം കഴിയും വരെ ഒരു അന്താരാഷ്ട്ര ഭരണസംവിധാനം നിലവില്‍ വരുത്തുക തുടങ്ങിയ കാര്യങ്ങളില്‍ ഇസ്രയേലും ഹമാസും തീരുമാനങ്ങൡ എത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല.
ഹമാസിന്റെ തടങ്കലിലുള്ള ബന്ദികളെല്ലാം ഉടന്‍ മോചിതരാകുമെന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പേജിലും പ്രതീക്ഷ പങ്കുവച്ചിരിക്കുന്നത്. ബന്ദി മോചനത്തിന്റെ ഭാഗമായി ഇസ്രയേല്‍ സൈന്യം ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് പിന്‍വാങ്ങും. എന്നാല്‍ അവര്‍ ഗാസ വിട്ടു പോകില്ല. ഗാസയില്‍ നിന്നും സൈന്യം പൂര്‍ണമായി ഒഴിഞ്ഞു പോകണമെന്നായിരുന്നു ഹമാസിന്റെ ആവശ്യം.
സമാധാന പദ്ധതിയില്‍ ഇരുഭാഗങ്ങളും ഒപ്പിട്ടതോടെ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. കരാര്‍ വ്യവസ്ഥകള്‍ക്ക് തുടക്കം കുറിക്കുന്നത് പലസ്തീനികളെയും ഇസ്രയേലികളെയും ഒരുപോലെ ആഹ്ലാദിപ്പിക്കുന്നുണ്ട്.
സ്വന്തം താമസസ്ഥലങ്ങള്‍ തകര്‍ക്കപ്പട്ടതോടെ അഭയാര്‍ത്ഥി ടെന്റകളില്‍ കഴിയേണ്ടി വരുന്ന പലസ്തീനികള്‍ വലിയ പ്രതീക്ഷകളാണ് പങ്കുവയ്ക്കുന്നത്. തിരികെ അവരുടെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി, തകര്‍ന്ന വീടുകള്‍ പുതുക്കി പണിത് വീണ്ടും അവിടെ ജീവിതം തുടരണമെന്നാണ് അവര്‍ സ്വപ്‌നം കാണുന്നത്.
ഹമാസ് തടവില്‍ നിന്നും തങ്ങളുടെ പ്രിയപ്പെട്ടവര്‍ തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ഇസ്രയേലിലുള്ളവര്‍. ചരിത്രപ്രസിദ്ധമായൊരു കരാര്‍ എന്നാണ് ട്രംപിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമാധാന കരാറിനെ അവര്‍ വിശേഷിപ്പിക്കുന്നത്.
ഇതൊരു മഹത്തായ ദിനമാണ്, വലിയ സന്തോഷത്തിന്റെ ദിനം; എന്നാണ് വടക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന പലസ്തീനികള്‍ ആഹ്ലാദത്തോടെ വിളിച്ചു പറയുന്നത്. പലരും കരച്ചിലോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുന്നത്. എല്ലാവരും വളരെ വൈകാരികമായ അവസ്ഥയിലാണ്. സമാധാന കരാര്‍ നിലവില്‍ വന്ന്, വെടിയൊച്ചകള്‍ അവസാനിക്കുന്ന സമയത്തിനായി അവരെല്ലാം അക്ഷമരായി കാത്തിരിക്കുകയാണ്. എല്ലാമൊന്ന് അടങ്ങിയാല്‍ തിരികെ വീടുകളിലേക്ക് പോണം, അവിടെയിപ്പോള്‍ വീടെന്നു പറയാന്‍ ഒന്നും തന്നെ കാണില്ലെന്ന് അവര്‍ക്കറിയാം, എന്നാലും എല്ലാം ഒന്നില്‍ നിന്നു തുടങ്ങിയിട്ടാണെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടാപോകാമെന്ന ആത്മവിശ്വാസം അവരിലുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി അവര്‍ സമാനതകളില്ലാത്ത ദുരിതത്തിലാണ്.
This post was last modified on October 9, 2025 12:42 pm
Leave a Comment