ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി. സര്‍വകലാശാല കാമ്പസുകളില്‍ നടക്കുന്ന ജൂതവിരുദ്ധത പ്രതിഷേധങ്ങളില്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം അടുത്തിടെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയോട് ചിലകാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ നിരസിക്കുകയാണ് ചെയ്തത്. പൗരസ്വാതന്ത്ര്യം, ആവിഷ്‌കാര സ്വാതന്ത്ര്യം, സമ്മേളിക്കാനുള്ള അവകാശം തുടങ്ങി സര്‍വകലാശാലയുടെ ഒന്നാം ഭേദഗതി അവകാശങ്ങളും ഫെഡറല്‍ അധികാരവും മറികടക്കുന്ന കാര്യങ്ങളാണ് തങ്ങളോട് ചെയ്യാന്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നതെന്നായിരുന്നു ഗാര്‍ബര്‍ തിരിച്ചടിച്ചത്.
സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാല വിസമ്മതിച്ചത്, ഫെഡറല്‍ സര്‍ക്കാരും സര്‍വകലാശലയും തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമായി. ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങളെ ചെറുക്കുന്ന ആദ്യത്തെ അമേരിക്കന്‍ സര്‍വകലാശാലയാണ് ഹാര്‍വാര്‍ഡ്. തിങ്കളാഴ്ച്ച ഉച്ചയോടെയായിരുന്നു സര്‍വകലാശാല ഭരണകൂടത്തിന്റെ ആവശ്യങ്ങള്‍ തള്ളി പ്രതികരിച്ചത്. അന്നേ ദിവസം വൈകുന്നേരത്തോടെ സര്‍ക്കാരിന്റെ പ്രതികാരവും ഉണ്ടായി. 2.2 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ മള്‍ട്ടി ഇയര്‍ ഗ്രാന്റും, സര്‍വകലാശാലയുമായുള്ള 60 മില്യണിന്റെ ഒരു കരാറും റദ്ദാക്കിയതായി ഭരണകൂടം അറിയിച്ചു.
സര്‍വകലാശാലയുടെ നിലപാട് നിര്‍ണായകമായൊരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. മുമ്പ് ട്രംപ് ഭരണകൂടത്തോട് വിധേയത്വം പ്രകടിപ്പിച്ചതിന് വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് ഹാര്‍വാര്‍ഡ്. അവരിപ്പോള്‍ സര്‍ക്കാരിനെതിരേ ശബ്ദയമുയര്‍ത്തിയിരിക്കുകയാണ്. സര്‍വകലാശാലയുടെ സ്വാതന്ത്ര്യത്തിനും ഭരണഘടന അവകാശങ്ങള്‍ക്കും എതിരാകുന്നതാണ് സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ എന്ന ഉറച്ച നിലപാടിലാണ് ഹാര്‍വാര്‍ഡ് നില്‍ക്കുന്നത്.
വെള്ളിയാഴ്ച സര്‍ക്കാര്‍ ഹാര്‍വാര്‍ഡിലേക്ക് ഒരു കത്ത് അയച്ചിരുന്നു. ഈ കത്തിലായിരുന്നു സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നത്. സര്‍വകലാശാലയുടെ കാര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും ഫാക്കല്‍റ്റി അംഗങ്ങളുടെയും അധികാരം കുറയ്ക്കുക, പെരുമാറ്റ ലംഘനങ്ങള്‍ നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെക്കുറിച്ച് ഫെഡറല്‍ അധികാരികള്‍ക്ക് ഉടനടി റിപ്പോര്‍ട്ട് ചെയ്യുക, ഓരോ അക്കാദമിക് വകുപ്പും ‘വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുള്ളതാണെന്ന്’ ഉറപ്പാക്കാന്‍ ഒരു ബാഹ്യ കക്ഷിയെ നിയമിക്കുക; എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. വൈവിധ്യമാര്‍ന്ന കാഴ്ച്ചപ്പാടുകള്‍ സ്വീകരിക്കുക എന്നതിലൂടെ സര്‍ക്കാര്‍ അര്‍ത്ഥമാക്കുന്നത്, കാമ്പസില്‍ യാഥാസ്ഥിതിക ചിന്തകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അനുകൂല രാഷ്ട്രീയ വീക്ഷണങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നാണ് വിശകലന വിദഗ്ധര്‍ പറയുന്നത്.
ഏതുപാര്‍ട്ടിയുടെ സര്‍ക്കാരാണ് അധികാരത്തിലുള്ളതെങ്കിലും, അവരൊരിക്കലും ഒരു സ്വകാര്യ സര്‍വകലാശാല എന്ത് പഠിപ്പിക്കണം, ആരെ പ്രവേശിപ്പിക്കണം, നിയമിക്കണം, ഏതൊക്കെ പഠന, അന്വേഷണ മേഖലകള്‍ പിന്തുടരണം തുടങ്ങിയ കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പാടില്ല എന്നായിരുന്നു ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിലൂടെ ട്രംപ് ഭരണകൂടത്തിന് മറുപടി നല്‍കിയത്.
ജനുവരിയില്‍ അധികാരമേറ്റതിനു പിന്നാലെ, ട്രംപ് ഭരണകൂടം രാജ്യത്തെ സര്‍വ്വകലാശാലകളെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വഴങ്ങാത്തവര്‍ക്കെതിരേ പ്രതികാര നടപടികളെടുക്കും. കാമ്പസുകളിലെ വൈവിധ്യങ്ങള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതായത് സര്‍ക്കാരിന് അഹിതമായതൊന്നും കാമ്പസുകളില്‍ നിന്നുണ്ടാകരുത്. എല്ലാ കാമ്പസുകളിലും സര്‍ക്കാര്‍ ഇടപെടാന്‍ നോക്കുകയാണ്. കാമ്പസുകളില്‍ വ്യാപകമായ ജൂതവിരുദ്ധത നിലനില്‍ക്കുകയാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം. കൊളമ്പിയ സര്‍വകലാശാലയ്‌ക്കെതിരേ നടത്തുന്ന പ്രതികാര നടപടികളും, വിദേശ വിദ്യാര്‍ത്ഥികളെ പുറത്താക്കലുമൊക്കെ ഇത്തരം പ്രതികാര നടപടികളുടെ ഭാഗമാണ്. അതിനെതിരേയുള്ള ശക്തമായൊരു പ്രഹരമാണ് ഹാര്‍വാര്‍ഡില്‍ നിന്നും കിട്ടിയിരിക്കുന്നത്. Harvard University Faces Funding Freeze Over Refusal to Comply with Trump Administration Demands
Content Summary; Harvard University Faces Funding Freeze Over Refusal to Comply with Trump Administration Demands
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.