June 06, 2026 |
Share on

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ആഫ്രിക്കന്‍ നഗരം ഗോമയിലേക്ക് എബോള പടരുന്നു

ഞായറാഴ്ച പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഒരാളെ എബോള ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ആഫ്രിക്കന്‍ നഗരമായ ഗോമയിലേക്ക് എബോള പടരുന്നു. ദശലക്ഷക്കണക്കിന് ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലേക്കുള്ള വൈറസ് വ്യാപനം ലോകം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഞായറാഴ്ച പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെത്തിയ ഒരാളെ എബോള ചികിത്സാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയതായി കോംഗോ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രോഗം ബാധിച്ച പട്ടണങ്ങളിലൊന്നായ ബ്യൂട്ടെമ്പോയില്‍ നിന്ന് ഇയാള്‍ ഗോമയിലേക്ക് പോയ ബസ്സിലെ എല്ലാ യാത്രക്കാരെയും കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. ‘പെട്ടന്നുതന്നെ രോഗിയെ തിരിച്ചറിയുകയും ഐസൊലേറ്റ് ചെയ്യുകയും, ബ്യൂട്ടെമ്പോയില്‍ നിന്ന് വരുന്ന എല്ലാ ബസ് യാത്രികരേയും തിരിച്ചറിഞ്ഞതും ഗോമയുടെ കൂടുതല്‍ ഭാഗങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കോംഗോയില്‍ 1,600 ലധികം പേരും, അതിര്‍ത്തി കടന്ന് അയല്‍രാജ്യമായ ഉഗാണ്ടയിലേക്ക് മടങ്ങിയ മറ്റ് രണ്ട് പേരും ഈ വൈറസ് ബാധിച്ചു ഇതിനകം മരണപ്പെട്ടിട്ടുണ്ട്. റുവാണ്ടന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഗോമയിലേക്ക് വൈറസ് പടുരുമോയെന്ന് ആരോഗ്യ വിദഗ്ധര്‍ നേരത്തേ ഭയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ കോംഗോയിലെ അയല്‍രാജ്യങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങള്‍ മാസങ്ങള്‍ക്കുമുന്‍പേ രോഗത്തെ നെരോടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം ഇതിനകം തന്നെ പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ബ്യൂട്ടെംബോയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെയും തുടരുന്ന ആക്രമണങ്ങള്‍ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി സായുധ സംഘങ്ങളുടെ കേന്ദ്രമാണ് കിഴക്കന്‍ കോംഗോ. അക്രമാസക്തമായ പ്രദേശങ്ങളിലെ ജനങ്ങളില്‍ അണുബാധയേല്‍ക്കാതിരിക്കാനുള്ള കുത്തിവയ്പ് നല്‍കുന്നതിനും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യാനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ല.

തങ്ങളുടെ പ്രിയപ്പെട്ടവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാനോ എബോള പകരുന്നത് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്‌കരിക്കാനോ ആഗ്രഹിക്കാത്തവരും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നുണ്ട്. പരീക്ഷണാത്മക വാക്‌സിന്‍ എണ്ണമറ്റ ജീവന്‍ രക്ഷിച്ചുവെന്നാണ് കരുതുന്നത്. എന്നാല്‍ കോംഗോയിലെ ഭൂരിഭാഗം ജനങ്ങളും അത് വിശ്വസിക്കുന്നില്ല. വാക്‌സിനാണ് ആളുകളെ രോഗികളാക്കുന്നത് എന്ന് ചിന്തിക്കുന്നവര്‍പോലുമുണ്ട്.

Read More : നിപയെ തുരത്തിയ സംഘത്തിന് മറ്റൊരു പൊന്‍തൂവല്‍ കൂടി; നാഷണല്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സ് അനീഷയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

×