June 04, 2026 |
Share on

‘അവനെ പഠിപ്പിക്കാന്‍ ഞാനെന്റെ കൃഷിയിടം വിറ്റു’; ജാര്‍ഖണ്ഡ് വിമാനാപകടത്തില്‍ നൊമ്പരമായി പിതാവിന്റെ വാക്കുകള്‍

ഒരു പിതാവിന്റെ കഠിനാധ്വാനമാണ് വനമധ്യത്തില്‍ ചിതറിത്തെറിച്ചത്

”എന്റെ മകന്‍ ഒരു ഡോക്ടറായിരുന്നു. രോഗിയുമായി ഡല്‍ഹിയിലേക്ക് പോകുകയാണെന്നാണ് അവന്‍ എന്നോട് അവസാനമായി പറഞ്ഞത്. പക്ഷേ പിന്നീട് കേള്‍ക്കുന്നത് വിമാനം തകര്‍ന്നു എന്ന വാര്‍ത്തയാണ്. അവനെ പഠിപ്പിക്കാന്‍ വേണ്ടി ഞാന്‍ എന്റെ മണ്ണ്‌ വിറ്റു…” ജാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്ന് മരണപ്പെട്ട യുവ ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്തയുടെ പിതാവിന്റെ വാക്കുകളാണിത്. തന്റെ മകനെ ഒരു ഡോക്ടറായി കാണാന്‍ സ്വന്തം കൃഷിഭൂമി വരെ വിറ്റ ഒരു പിതാവിന്റെ കഠിനാധ്വാനമാണ് ആ വനമധ്യത്തില്‍ ചിതറിത്തെറിച്ചത്.

ഒരു ജീവന്‍ രക്ഷിക്കാനുള്ള കുതിപ്പിനിടെയായിരുന്നു ദുരന്തം. അപകടത്തില്‍ വിധി തട്ടിയെടുത്തത് ഏഴ് ജീവനുകളാണ്. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയിലെ കറുത്ത രാത്രിയില്‍, വനമേഖലയില്‍ തകര്‍ന്നു വീണ എയര്‍ ആംബുലന്‍സ് ബാക്കിവെക്കുന്നത് തീരാനോവായി മാറിയ കുറേ മുഖങ്ങളാണ്. റാഞ്ചിയിലെ ബിര്‍സ മുണ്ട വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ബീച്ച്ക്രാഫ്റ്റ് സി90 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

ഡോ. വികാസ് ഗുപ്തയുടെ വിയോഗത്തില്‍ ദേവ്കമല്‍ ഹോസ്പിറ്റല്‍ സിഇഒ ഡോ. അനന്ത് സിന്‍ഹ ദുഃഖം രേഖപ്പെടുത്തി. വിമാനാപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചുവെന്നും തങ്ങളുടെ സഹപ്രവര്‍ത്തകന്‍ കൂടിയായ ഡോക്ടറെ നഷ്ടപ്പെട്ടത് നികത്താനാവാത്ത വേദനയാണെന്നും എഎന്‍ഐക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

ജോലിക്കിടെ ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം 60 ശതമാനം പൊള്ളലേറ്റ് റാഞ്ചിയിലെ ദേവ്കമല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഞ്ജയ് കുമാര്‍ എന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകവേയാണ് അപകടം. സഞ്ജയിനെ വിദഗ്ധ ചികിത്സയ്ക്കായി ഗംഗാറാം ആശുപത്രിയില്‍ എത്തിക്കാനാണ് കുടുംബം എയര്‍ ആംബുലന്‍സ് സൗകര്യം ഉപയോഗിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമായിട്ടും ബന്ധുക്കളില്‍ നിന്നും മറ്റും പണം കടം വാങ്ങിയാണ് ഇവര്‍ വിമാനം വാടകയ്ക്കെടുത്തത്.

തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലേക്ക് തിരിച്ച വിമാനത്തിന് കൊല്‍ക്കത്ത റഡാറുമായുള്ള ബന്ധം പെട്ടെന്ന് നഷ്ടമാവുകയായിരുന്നു. വാരണാസിയില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് ആശയവിനിമയം നിലച്ച വിമാനം സിമാരിയയിലെ കൊടുംവനത്തില്‍ തകര്‍ന്നു വീണു. പ്രതികൂല കാലാവസ്ഥയും കനത്ത ഇടിമിന്നലുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, ക്യാപ്റ്റന്‍ സവ്രാജ്ദീപ് സിംഗ് എന്നീ പൈലറ്റുമാരും സഞ്ജയ് കുമാര്‍ എന്ന രോഗിയും വിമാനത്തിലുണ്ടായിരുന്നു. ഇവര്‍ക്ക് പുറമെ ഡോക്ടര്‍ വികാഷ് കുമാര്‍ ഗുപ്ത, പാരാമെഡിക്കല്‍ സ്റ്റാഫ് സച്ചിന്‍ കുമാര്‍ മിശ്ര, അറ്റന്‍ഡര്‍മാരായ അര്‍ച്ചന ദേവി, ധുരു കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Summary: Heartbreaking words of the young doctor’s father following the Jharkhand plane crash

Leave a Reply

Your email address will not be published. Required fields are marked *

×