UPDATES

വരുന്നത് പെരുമഴക്കാലമോ !

മഴ മുന്നറിയിപ്പുകളിൽ ആശങ്കപ്പെടേണ്ടതുണ്ടോ ?

                       

മഴ നമുക്കെല്ലാം ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയായിരുന്നു. പക്ഷെ പ്രളയ കാലത്തിനു ശേഷം മലയാളിയുടെ മഴ ഓർമ്മകൾക്ക് മറ്റൊരു മുഖമാണ്. 2018 ലെ പ്രളയത്തിന് ശേഷം, മഹാമാരിയുടെയും കണ്ണീരിൻെറയും മുഖമാണ് പിന്നീടങ്ങോട്ട് മഴയോർമ്മകൾക്ക്. സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കെ ഇനി വരാൻ പോകുന്ന പോകുന്ന പെരുമഴ കാലം എങ്ങനെ ആയിരിക്കും എന്ന ആശങ്ക ഓരോ മലയാളിയുടെയും ഉള്ളിലുണ്ട്. kerala rain

മഴക്കാലം ഭീതിയോടെയാണോ കാണേണ്ടതെന്നും, പ്രളയസമാന സാഹചര്യം ഉടലെടുക്കുമോ എന്നും പറയുകയാണ് ദുരന്തനിവാരണ അതോറ്റിയിലെ കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളം.

വരും ദിവസങ്ങളിൽ തുടർച്ചയായ മഴ പെയ്യാൻ സാധ്യതയില്ല. കാലാവർഷത്തിൻെറതായ മഴയായിരിക്കും ലഭിക്കുക. നിലവിൽ മഴയുടെ തോത് കൂടുതലായതും ആശ്രയിച്ചിരിക്കുന്നത് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ന്യൂന മർദത്തെയാണ്. ഈ ന്യൂനമർദം, അതിതീവ്ര ന്യൂന മർദം ആകാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട് എന്നാണ് നിലവിലെ അനുമാനങ്ങൾ. പക്ഷെ ന്യൂന മർദത്തിന്റെ ട്രാക്ക് കൃത്യമായും പ്രവചിക്കാൻ സാധിച്ചിട്ടില്ല. ന്യൂനമർദ്ദത്തിന്റെ ഗതിക്കനുസരിച്ച് കേരളത്തിലെ മഴയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. ന്യൂന മർദ്ദം കഴിയുന്നതോടെ കാലവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തെക്കൻ കേരളത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം മഴ കൂടുതൽ ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നത്. നിലവിൽ തമിഴ് നാടിന്റെ ഭാഗത്ത് ചക്രവാത ചുഴി ഉണ്ടായിരുന്നു, അതിന്റെ പ്രഭാവത്താലാണ് മഴ ലഭിച്ചുകൊണ്ടിരുന്നത്. ചക്രവാത ചുഴിയുടെ സ്ഥാനം അനുകൂലമായിരുന്നത് തെക്കൻ ജില്ലകൾക്കായിരുന്നു. മെയ് മാസം പൊതുവെ ഒരു പരിവർത്തന കാലമാണ് ചൂടിൽ നിന്ന് മഴയിലേക്കുള്ള പരിവർത്തനമാണ് ഇക്കാലയളവിൽ സംഭവിക്കുക. അതുകൊണ്ട് തന്നെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അന്താരാഷ്ട്ര ഏജൻസികൾ ഇത്തവണ  കാലവർഷം  കൂടുതലായിരിക്കും എന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ചൂടിന് കാരണമായ എൽ നിനോ പ്രതിഭാസം സമഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. ജൂലൈ കഴിയുമ്പോൾ ലാ നിനോ യിലേക്ക് മാറും എന്നാണ് കരുതുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ കാര്യത്തിൽ, ഇന്ത്യൻ ഓഷ്യൻ ടൈഫൂണിന്റെ സാധ്യതയും നില നിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ നിലനിൽക്കുന്നതിനാൽ  ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷകൾ.

പ്രളയം, ആശങ്ക വേണോ ?

പ്രളയ സമാനമായ സാഹചര്യമാണോ വരാനിരിക്കുന്നതെന്ന്  ഈ അവസ്ഥയിൽ പറയാൻ സാധിക്കില്ല. പ്രളയം വരുമോ ഇല്ലയോ എന്ന് ഏകദേശം ഒരാഴ്ചയ്ക്ക് മുൻപ് മാത്രമേ പ്രവചിക്കാൻ സാധിക്കു. നിലവിലെ മുന്നറിയിപ്പുകൾ മുഖവിലക്കെടുത്ത് അതിനനുസരിച്ച് പ്രവർത്തിക്കാൻ മാത്രമേ ഇപ്പോൾ നമുക്ക് സാധിക്കു. കനത്ത മഴ എന്ന് പറയുമ്പോൾ അതികം ആശങ്കപ്പെടേണ്ട കാര്യമില്ല കാരണം, അടുത്ത നാലുമാസം എങ്ങനെ ആയിരിക്കും എന്നതിന്റെ സൂചനകളാണ് അവയെല്ലാം. കഴിഞ്ഞ വർഷങ്ങളിൽ കാലവർഷം കൂടുതൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടും അപ്രതീക്ഷിതമായെത്തിയ ബിപോർജോയ് ചുഴലിക്കാറ്റ് എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു. കാലാവസ്ഥ എപ്പോഴും പ്രവചനാതീതമാണ്.

മഴ ഇത്തവണ കടുക്കുമെങ്കിലും, കൃത്യമായ മുൻകരുതലുകൾ സ്വീകരിച്ചാൽ,  വലിയ ദുരന്തങ്ങൾ ഒഴിവാക്കാമെന്നും അനാവശ്യ ആശങ്ക വേണ്ടെന്നുമാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥനായ ഫഹദ് മർസൂഖ് പറയുന്നത്.

നൂറ്റാണ്ടുകളായി മഴ മനുഷ്യന്റെ ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മഴയെ അനാവശ്യമായ ആശങ്കയോടെ സമീപിക്കേണ്ട ആവശ്യമില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും അതിതീവ്ര പ്രതിഭാസങ്ങൾ ഉണ്ടാകുന്നുണ്ട്. അത് മഴയുടെ കാര്യത്തിൽ മാത്രമല്ല ചൂട്, ഇടിമിന്നൽ, ചുഴലിക്കാറ്റ് തുടങ്ങിയവയും വർധിച്ചു വരുന്നുണ്ട്. നിർഭാഗ്യവശാൽ കേരളത്തിലും തുടർച്ചയായ അത്തരം പ്രതിഭാസങ്ങൾ അടിക്കടി ഉണ്ടാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഈ വർഷം കാലാവസ്ഥ വകുപ്പ് നൽകിയ നിർദേശങ്ങൾ അനുസരിച്ച് സാധാരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സൗത്ത് വെസ്റ്റ് മൺസൂണിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്. അതുകൊണ്ട് പക്ഷെ ആശങ്കപ്പെടേണ്ടതില്ല, പക്ഷെ ഇടിമിന്നൽ ചുഴലിക്കാറ്റ് തുടങ്ങിയ പ്രതിഭാസങ്ങൾ ഉടലെടുക്കുകയാണെങ്കിൽ കാര്യങ്ങൾ ഗുരുതരമാകും. അതോടപ്പം നാലോ അഞ്ചോ ദിവസങ്ങളിൽ ലഭിക്കേണ്ട മഴ ഒറ്റ ദിവസത്തിൽ പെയ്യുന്ന പ്രവണതയും 2018 മുതൽ കണ്ടു വരുന്നുണ്ട്. അതായത് മഴ ദിനങ്ങളുടെ എണ്ണം കുറയുകയും പെയ്യുന്ന ദിവസങ്ങളിൽ 200 മുതൽ 300 മില്ലിമീറ്റർ വരെ മഴ പെയ്യുന്ന സാഹചര്യമാണുണ്ടാവുക. പ്രളയം, മണ്ണിടിച്ചിൽ പോലുള്ള ചില പ്രതിസന്ധികൾ അഭിമുഖീകരിച്ചേക്കാം. പക്ഷെ 2018 ലേത് പോലെ ഒരു സാഹചര്യം വരും മാസങ്ങളിൽ ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാൻ സാധിക്കില്ല.

ഇത്തവണ വേനൽ മഴ വളരെ കുറവായിരുന്നു പക്ഷെ വരുന്ന ആഴ്ചകളിൽ മഴ ലഭിക്കുന്നതോടെ ആ കുറവ് നികത്തപ്പെടും. കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ 60 ശതമാനത്തിലും താഴെയായിരുന്നു കേരളത്തിലെ ജില്ലകളിൽ വേനൽ മഴയുടെ തോത്. എന്നാൽ, ഈ ആഴ്ചയിൽ കൂടി മഴ ലഭിക്കുന്നതോടെ സാധാരണ ലഭിക്കേണ്ട വേനൽ മഴയുടെ കണക്കിലേക്ക് എത്തും. ഉണക്ക് സമയമായതിനാലാണ് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്യാത്തത്. ശക്തമായ മഴ തുടർച്ചയായി ലഭിച്ചിരിക്കുന്ന സാഹചര്യത്തിൽ ജലാശയങ്ങളിൽ എല്ലാം വെള്ളമുണ്ടാകും, ആ സമയം വീണ്ടും കൂടുതൽ മഴ ലഭിച്ചാൽ ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം. ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടാകണം മുന്നൊരുക്കങ്ങളും മുൻ കരുതലുകളും സ്വീകരിക്കാൻ. കൂടാതെ മഴ സമയത്ത് എല്ലാ നദികളിലും ഒഴുക്ക് ശക്തമായിരിക്കും അതിനാൽ ജാഗ്രതയുണ്ടാകണം. നിലവിൽ നദികളൊന്നും കര കവിഞ്ഞൊഴുകാൻ സാധ്യതയില്ല എങ്കിലും ജാഗ്രതപാലിക്കേണ്ടത് അത്യാവശ്യമാണ്. 24 മണിക്കൂറിൽ 204 മില്ലി മീറ്ററിനുമുകളിൽ മഴ ലഭിക്കുമ്പോഴാണ് റെഡ് അലെർട് പ്രഖ്യാപിക്കുന്നത്.

പരിസ്ഥിതിലോല പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം

ശക്തമായ മഴ തുടച്ചയായി പെയ്താൽ പരിസ്ഥിതിലോല പ്രദേശങ്ങളിൽ വീണ്ടും പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാനുളള സാധ്യതയുണ്ട്. മുൻകരുതലുകളിലൂടെ മാത്രമേ തടയാൻ കഴിയുകയുള്ളു.  അവിടങ്ങളിൽ താമസിക്കുന്ന ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക എന്നതാണ് പ്രധാനം. അപകട സാധ്യതകളില്ലാത്ത പ്രദേശമാണെന്ന മുൻവിധി ദുരന്തങ്ങൾക്ക് വഴിവച്ചേക്കാം.
ജനങ്ങൾക്ക് മതിയായ ബോധവത്കരണം നൽകേണ്ടത് അത്യാവശ്യമാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം. സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

 

content summary : Should be concerned about rain alerts

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍