വയനാടിന്റെ ടൂറിസം മേഖലയിൽ സുപരിചിതനാണ് സാവിൽ സണ്ണി. ബെംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് തൻ്റെ പ്രവർത്തനമേഖല മാറ്റിയ, സാവിൽ, ജില്ലയിലെ പത്ത് മുതൽ പതിനഞ്ച് വരെ റിസോർട്ടുകളുടെ മേൽനോട്ടം വഹിക്കുന്ന ഒരു ടൂറിസം പ്രൊഫഷണലാണ്. എന്നാൽ, വയനാടിനെ പിടിച്ചുകുലുക്കിയ ദുരന്തനാളുകളിൽ, കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ തേടി ഉറ്റവർ നെട്ടോട്ടമോടിയപ്പോൾ, സോഷ്യൽ മീഡിയയെ ഒരു സഹായഹസ്തമാക്കി മാറ്റിയ വ്യക്തിത്വങ്ങളിലൊരാളാണ് സാവിൽ സണ്ണിയും അദ്ദേഹത്തിൻ്റെ സംഘവും.
ലെഷർ ലിറിക്സ് എന്ന ട്രാവൽ ടെക് കമ്പനിയുടെ ടൂറിസം പ്രൊഫഷണൽ എന്ന നിലയിൽ, അവിടുത്തെ സംഭവവികാസങ്ങളെക്കുറിച്ച് സാവിലിന് ഉടൻതന്നെ വിവരങ്ങൾ ലഭിക്കാറുണ്ട്. വയനാട് കേന്ദ്രീകരിച്ചുള്ള ചില സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ദുരന്തത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ സാവിലിലേക്കെത്തിയത്. ഒരു ടൂറിസം പ്രൊഫഷണലെന്ന നിലയിൽ, ഇത്തരം പ്രതിസന്ധികൾ ടൂറിസം മേഖലയെ എങ്ങനെ ബാധിക്കുമെന്നും സാവിലിന് വ്യക്തമായ ധാരണയുണ്ട്. “ഏത് ദുരന്തം വന്നാലും ആദ്യം ബാധിക്കുന്നത് ടൂറിസം മേഖലയെയാണ്,” സാവിൽ പറയുന്നു.
ഇന്നത്തെ തലമുറയിലെ പലരെയും പോലെ രാത്രി വൈകിയും ഉണർന്നിരിക്കുന്ന സ്വഭാവമുള്ള സാവിൽ സണ്ണിക്ക്, വയനാട്ടിലെ ആ ദുരന്തരാത്രി ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. ദുരന്തം നടന്ന അന്ന് രാത്രി താൻ കമ്പളക്കാട്ടെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. അർദ്ധരാത്രി രണ്ടരയോ മൂന്നോ മണിയോടെയാണ് വാട്‌സ്ആപ്പിലൂടെ മണ്ണിടിച്ചിലിന്റെ ആദ്യ വിവരം ലഭിക്കുന്നത്.
“സാധാരണഗതിയിൽ പാൽചുരം ഭാഗത്തൊക്കെ ചെറിയ മണ്ണിടിച്ചിലുണ്ടാകുമ്പോൾ ‘ഉരുൾപൊട്ടൽ’ എന്നാണ് പറയാറ്. അതുകൊണ്ട്, മുണ്ടക്കൈയിലെ കാര്യം കേട്ടപ്പോഴും അതൊരു ചെറിയ സംഭവമായിട്ടാണ് ആദ്യം കരുതിയത്,” സാവിൽ ഓർത്തെടുക്കുന്നു. രാത്രിയായതുകൊണ്ടും, അത്ര ഭീകരമായ സാഹചര്യമാണെന്ന് മനസ്സിലാകാത്തതുകൊണ്ടും ആരെയും ആ സമയത്ത് വിളിച്ച് ശല്യപ്പെടുത്താൻ തോന്നിയില്ല. പിന്നാലെ വാട്സ്ആപ്പിൽ വന്ന വീഡിയോകളും വാർത്തകളും കണ്ടു ഞെട്ടി, “പുലർച്ചെ ആറ് മണിയോടെയാണ് അവിടെ യഥാർത്ഥത്തിൽ എത്ര വലിയ ദുരന്തമാണ് സംഭവിച്ചതെന്ന് മനസ്സിലായത്. ഏകദേശം പത്തുമണിവരെ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് എനിക്ക് ഒരു രൂപവുമുണ്ടായിരുന്നില്ല,” സാവിൽ പറയുന്നു.
മുണ്ടക്കൈക്ക് സമീപമുള്ള 900 കണ്ടിയിൽ എനിക്ക് സുഹൃത്തുക്കളുണ്ട്. ദുരന്തത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ അവിടത്തെ നാട്ടുകാരിൽ നിന്ന് ലഭിച്ചുതുടങ്ങിയപ്പോൾത്തന്നെ, ഞാൻ അവരുമായി നിരന്തരം ബന്ധപ്പെട്ടു. “നല്ല രീതിയിലുള്ള ദുരന്തമാണ്, ഒരുപാട് ആളുകളെ കാണാതായിട്ടുണ്ട്, ചിലർ മരണപ്പെട്ടു,” എന്നാണ് അവർ എന്നോട് പറഞ്ഞത്. അങ്ങനെയാണ് സംഭവത്തിന്റെ യഥാർത്ഥ വ്യാപ്തിയെക്കുറിച്ച് എനിക്ക് കൂടുതൽ വ്യക്തമായ ധാരണ ലഭിച്ചത്.
എന്റെ സുഹൃത്തുക്കൾക്ക് അവിടെ ക്യാമ്പ് സൈറ്റുകളും ജീപ്പുകളുമൊക്കെയുണ്ട്. അവരുടെ ജീപ്പുകൾ രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്തു. ദുരന്തവിവരമറിഞ്ഞ് ഒരുപാട് ആളുകൾ അവിടേക്ക് ഓടിക്കൂടിയത് രക്ഷാപ്രവർത്തനത്തിന് ഒരു പരിധി വരെ തടസ്സമായി. അതുകൊണ്ട്, എന്റെ സുഹൃത്തുക്കൾ എന്നോട് അങ്ങോട്ട് വരേണ്ടെന്ന് പറയുകയായിരുന്നു. നേരിട്ട് അങ്ങോട്ട് പോകാതെ എനിക്ക് എങ്ങനെ സഹായിക്കാൻ സാധിക്കുമെന്നതായിരുന്നു പിന്നീട് എന്റെ ചിന്ത.
ആശങ്കയുടെ നിമിഷങ്ങൾ
സാവിലിന്റെ ഭാര്യയുടെ വീട് മേപ്പാടിയാണ്, അവരുടെ വല്യമ്മ ദുരന്തബാധിത പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. പുഴയുടെ തീരത്തായതിനാൽ, അവരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയിലായിരുന്നു സാവിലിന്റെ കുടുംബം.
‘ദുരന്തം നടക്കുന്നതിന് ഏകദേശം രണ്ടു ദിവസം മുൻപാണ് ഞങ്ങൾ വല്യമ്മയുടെ വീട്ടിൽ പോയത്. അന്ന് മഴ പെയ്തു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. സാധാരണയായി ഞങ്ങൾ അങ്ങോട്ട് സന്ദർശനം നടത്താറില്ല. എന്റെ ഭാര്യയുടെ കസിനായ ആ വല്യമ്മ ഒരു സാധു സ്ത്രീയായിരുന്നു. മക്കളെ ഒരുപാട് കഷ്ടപ്പെട്ട് വളർത്തി സ്ത്രീ, എന്റെ ഭാര്യയുടെ അച്ഛനെയും നോക്കിയത് പുള്ളിക്കാരിയായിരുന്നു.
പണ്ട് അവിടെ മുഴുവൻ തോട്ടമായിരുന്നു, അവർ ഒരു തോട്ടം തൊഴിലാളിയുമായിരുന്നു. അവർക്ക് ലഭിച്ച ചെറിയൊരു സ്ഥലത്ത് രണ്ടു മാസം മുൻപാണ് വീട് വെച്ച് താമസിക്കാൻ തുടങ്ങിയത്. പാലുകാച്ചിന് ഞങ്ങൾക്ക് അന്ന് പോകാൻ കഴിഞ്ഞിരുന്നില്ല, അതുകൊണ്ടാണ് പിന്നീട് അവരെ കാണാനും സംസാരിക്കാനും വേണ്ടിയുള്ള ഒരു യാത്ര നടത്തിയത്.
നല്ല മഴ പെയ്തു തുടങ്ങിയപ്പോൾ ഞങ്ങൾ അവരെ നിർബന്ധിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. പഞ്ചായത്തിന്റെ എന്തോ ആവശ്യമുണ്ടെന്ന് പറഞ്ഞ് അവർ വരാൻ കൂട്ടാക്കിയില്ല. പുതിയ വീട് വെച്ച് താമസിക്കാൻ തുടങ്ങിയിട്ട് അധികനാൾ പോലും ആ പാവത്തിന് അവിടെ കഴിയാൻ സാധിച്ചില്ല. അവരെ കണ്ട് തിരിച്ച് വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ ദുരന്ത വാർത്ത അറിയുന്നത്.
ദുരന്തത്തിൽ അകപ്പെട്ടവരെ തിരിച്ചറിയുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. ദൂരെയുള്ള ബന്ധുക്കളെ സംബന്ധിച്ചിടത്തോളം ഇത് കൂടുതൽ ബുദ്ധിമുട്ടാണ്, എന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. എന്റെ ഭാര്യയുടെ വല്യമ്മയുടെ വിവരം അറിയാൻ എനിക്കുണ്ടായ അതേ ആശങ്കതന്നെയായിരിക്കും മറ്റുള്ളവർക്കും അവരുടെ പ്രിയപ്പെട്ടവരെക്കുറിച്ച് ഉണ്ടായിരിക്കുക. ദുരന്തവിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ ഏകദേശം 10 മണിക്കൂറെടുത്തു. ഈ സമയമത്രയും എന്റെ ബന്ധുവായ സ്ത്രീക്ക് എന്തു സംഭവിച്ചുവെന്നറിയാതെ ഞാൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. മറ്റുള്ളവർക്കും ഇതേ അവസ്ഥയായിരിക്കുമെന്ന ചിന്തയാണ് എന്നെ ഈ പ്രവർത്തനങ്ങളിലേക്ക് നയിച്ചത്.
അപ്പോഴേക്കും, തിരിച്ചറിഞ്ഞവരുടെയും കാണാതായവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. എന്റെ അയൽവാസിയായ വിഷ്ണു എന്നൊരു പയ്യനെ ഞാൻ വിളിച്ചു സംസാരിച്ചു. അവനെ ഇതിനോടകം മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടിരുന്നതായി അവൻ എന്നോട് പറഞ്ഞു. അങ്ങനെയാണ്, ഈ ദുരന്തത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ നമുക്ക് എന്തുചെയ്യാൻ സാധിക്കുമെന്ന ചിന്ത മനസ്സിലേക്ക് വന്നത്.
സഹായഹസ്തവുമായി സാങ്കേതികവിദ്യ
സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ബന്ധുക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സാവിലിന് തോന്നി. സാവിൽ തന്നെയാണ് ശരിയായ വിവരങ്ങൾ ശേഖരിച്ച് മീഡിയ ഗ്രൂപ്പുകളിലേക്കും ബന്ധപ്പെട്ടവർക്കും അയച്ചുകൊടുത്തതും.
“എനിക്കൊരു ഡിജിറ്റൽ മാർക്കറ്റിംഗ് ടീം ഉണ്ട്. വയനാട് ഫ്ലഡിന്റെ സമയത്തും ഗ്രൂപ്പുകളൊക്കെ സജീവമായിരുന്നു. ഞാൻ അവരോട് പറഞ്ഞു ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ടെന്ന്. ഉടൻതന്നെ ഞാനൊരു ഗൂഗിൾ ഫോം ഉണ്ടാക്കി, അതിൽ കുറച്ച് വിവരങ്ങൾ നൽകി. പ്രധാനമായും കാണാതായ ആളുകളുടെ വിവരങ്ങളാണ് ഫോമിലൂടെ ശേഖരിച്ചത്.
പിന്നെ ഞാനെന്റെ ടീമിന് ഈ വിവരങ്ങൾ കൈമാറി, വെരിഫൈ ചെയ്യാൻ പറഞ്ഞു. അവർ അതൊക്കെ പരിശോധിച്ച് ഒരു പി.ഡി.എഫ് തയ്യാറാക്കി. ആ പി.ഡി.എഫ് വെച്ച് മരിച്ചവരുടെയും കാണാതായവരുടെയും മൃതദേഹങ്ങൾ ലഭിച്ചവരുടെയും വിവരങ്ങൾ നമ്മൾ സർക്കുലേറ്റ് ചെയ്തു. സത്യം പറഞ്ഞാൽ, അതൊരുപാട് വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് തടയാൻ സഹായിച്ചു.
എനിക്ക് നേരിട്ട് അവിടെപ്പോയി സഹായിക്കാൻ കഴിഞ്ഞില്ല. കാരണം, അവിടെ ഒരുപാട് ആളുകളുണ്ട്, നമ്മളാണെങ്കിൽ ഒരു ടെക് ബാക്ക്ഗ്രൗണ്ടുള്ള ആൾക്കാരാണ്. ‘നമ്മളെക്കൊണ്ട് എന്ത് ചെയ്യാൻ പറ്റും’ എന്ന ചിന്തയാണ് ആദ്യം മനസ്സിൽ വന്നത്. സത്യം പറഞ്ഞാൽ, ഇതൊരു വിജയമാവുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ, എന്തോ ചെയ്യണമെന്ന് തോന്നി, അത് ചെയ്തു. ഇപ്പോൾ മനസ്സിലാക്കുന്നത്, നിരവധി ആളുകൾക്ക് അത് വലിയ ഗുണമായി എന്നാണ്.”ഗ്രൂപ്പിൽ ഡാറ്റകൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നതുകൊണ്ട്, എനിക്ക് വ്യക്തിപരമായ മെസ്സേജുകളും ധാരാളം ലഭിച്ചിരുന്നു. “എൻ്റെ കുടുംബത്തെ കാണാതായിട്ടുണ്ട്, എങ്ങനെയെങ്കിലും സഹായിക്കണം” എന്നൊക്കെ പറഞ്ഞ് ഒരുപാട് പേർ പുറത്തുനിന്ന് എന്നെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.
ഉള്ളുപൊള്ളിച്ച ആ ഫോൺ കോൾ…
വയനാട് ദുരന്തഭൂമിയിൽ നിന്ന് ലഭിച്ച ഒരോ വിളികളും ഓർത്തെടുക്കുമ്പോൾ സാവിൽ സണ്ണിയുടെ വാക്കുകളിൽ ഇപ്പോഴും ആ ഭീകരത നിഴലിക്കുന്നുണ്ട്. തമിഴ്നാട്ടിൽ നിന്ന് ഒരു കുടുംബം തങ്ങളുടെ പെൺകുട്ടിയെ കാണാതായ വിവരം പറഞ്ഞ് സാവിലിനെ നിരന്തരം ബന്ധപ്പെട്ടിരുന്നു. തോട്ടം തൊഴിലാളികളായ ആ പെൺകുട്ടി ജോലിയാവശ്യത്തിനോ മറ്റോ വയനാട്ടിലെ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു.
“തമിഴ്നാട്ടിൽ നിന്നുള്ള ഒരു പാവപ്പെട്ട കുടുംബമായിരുന്നു അത്. കൃത്യമായ രേഖകളോ ഫോട്ടോയോ ഒന്നും അവരുടെ പക്കൽ ഉണ്ടായിരുന്നില്ല,” സാവിൽ ഓർക്കുന്നു. അത് തനിക്ക് ആ കുട്ടിയെ കണ്ടെത്താനുള്ള സാധ്യതകൾ ഇല്ലാതാക്കി. ദുരന്തം നടന്ന് മൂന്ന് ദിവസങ്ങൾ കഴിഞ്ഞതോടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയായി. “ലഭിച്ച മൃതദേഹങ്ങളുടെ മുഖത്തൊക്കെ മുറിവുകളുണ്ടായിരുന്നു. ഫോട്ടോ ഉപയോഗിച്ച് കണ്ടുപിടിക്കുന്നതിൽ പരിമിതികളുണ്ടായിരുന്നു,” നിർഭാഗ്യവശാൽ, എനിക്ക് ഒരു രീതിയിലും അവരെ സഹായിക്കാൻ കഴിഞ്ഞില്ല. സാവിൽ നിസ്സഹായതയോടെ പറയുന്നു.
ആശുപത്രിയിലെ അനുഭവം വിവരിക്കുമ്പോൾ സാവിലിന്റെ വാക്കുകളിൽ ആ ഭീകരത വ്യക്തമാണ്. “ഒരു 10-30 മൃതദേഹങ്ങളുടെ വ്യത്യസ്ത ശരീരഭാഗങ്ങൾ തിരിച്ചറിയേണ്ടി വന്നത് ഓർക്കാൻ പോലും കഴിയാത്ത അനുഭവമാണ്,” അദ്ദേഹം പറയുന്നു. ദുരന്തം നടന്ന് ഒരു മാസത്തിനുശേഷവും ആളുകൾ അദ്ദേഹത്തെ വിവരങ്ങൾക്കായി ബന്ധപ്പെട്ടിരുന്നു.
പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ വയനാട് വിറങ്ങലിച്ചുനിന്നപ്പോൾ, സുഹൈലിനെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനകൾക്കിടയിൽ, സാവിൽ സണ്ണി എന്ന യുവ ടൂറിസം പ്രൊഫഷണൽ വ്യത്യസ്തമായൊരു സഹായഹസ്തവുമായി രംഗത്തെത്തി. ദുരന്തത്തിനുശേഷം നിരവധി അനുമോദന പരിപാടികളുണ്ടായിരുന്നെങ്കിലും, സാവിൽ അതിലൊന്നും താൽപ്പര്യം കാണിച്ചില്ല. അദ്ദേഹത്തിന് വാക്കുകളിലെ പ്രശംസയായിരുന്നില്ല വേണ്ടത്, മറിച്ച് തന്നാലാവുന്ന ഒരു കൈത്താങ്ങായിരുന്നു. ഇത്തരം ദുരന്തങ്ങൾ വരുമ്പോൾ, സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്ന എന്നെപ്പോലുള്ളവരുടെ ഇടപെടലുകൾ കൂടുതൽ ആളുകൾക്ക് പ്രചോദനമായി മാറിയേക്കാമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
“ഇത്തരം സന്ദർഭങ്ങളിൽ നമ്മളെക്കൊണ്ട് എന്താണ് ചെയ്യാൻ സാധിക്കുക? നമ്മൾ അത് ചെയ്യുക.” ആ ദിവസങ്ങളിൽ സാവിലിന്റെ മനസ്സിൽ അലയടിച്ച ചിന്ത അത് മാത്രമായിരുന്നു – സഹായിക്കണം. അങ്ങേയറ്റം ദുരന്തം നിറഞ്ഞ ആ അവസ്ഥയിൽ ആളുകളുടെ വിവരങ്ങൾ ശേഖരിക്കുക എന്നത് നാളെ തനിക്കെതിരെ എപ്പോഴെങ്കിലും തിരിഞ്ഞടിച്ചേക്കാം എന്നൊരു ആശങ്ക ഉള്ളിലുണ്ടായെങ്കിലും, ഒരു നല്ല കാര്യത്തിനുവേണ്ടിയാണ് താനിത് ചെയ്യുന്നതെന്ന, ബോധ്യം സാവിലിനെ തന്റെ ലക്ഷ്യത്തിൽ ഉറപ്പിച്ച് നിർത്തി. കാരണം, ആ സമയത്ത് ചിലപ്പോൾ ഒരു വിവരമാകാം ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷ എന്ന് സാവിലിന് അറിയാമായിരുന്നു.
content summary: helping trace missing persons through social media in landslides hit wayanad
This post was last modified on July 30, 2025 7:03 pm
Leave a Comment