അത്ര അമര്‍ഷത്തോടെയല്ല ‘മിസിസ്’ പാട്രിയാര്‍ക്കിയുടെ മുഖത്ത് ചെളിവെള്ളമൊഴിക്കുന്നത്‌

ഇറങ്ങിപ്പോക്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ 'പേരില്ലാത്ത ഭാര്യ' ഒരു കൊടുങ്കാറ്റ് ആണെങ്കില്‍ മിസിസ്- ലെ 'ബഹു റിച്ച' ഒരു മന്ദമാരുതന്‍ ആണ്

ജിയോ ബേബിയുടെ ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്ക് ആയ മിസിസ് (Mrs ) ല്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് നൂറ്റാണ്ടുകളുടെ അഴുക്കും വിഴുപ്പും പേറുന്ന ആ കറുത്ത അടുക്കള ആണ്. ആ ചോര്‍ന്നൊലിക്കുന്ന പൈപ്പും, അറയ്ക്കുന്ന കിച്ചന്‍ സിങ്കും കൂട്ടത്തില്‍ പെടും. ഹിന്ദിയില്‍ കുറച്ചു കൂടെ എലീറ്റ് കുടുംബമാണ്. റിച്ചയുടെ ഭര്‍ത്താവ് ദിനകര്‍ ഡോക്ടര്‍ ആണ്. അച്ഛനും നല്ല ജോലിയില്‍ ആയിരുന്നു എന്ന് മനസ്സിലാവും. അതോണ്ട് റിച്ചയ്ക്കു വൈകിട്ട് അവില്‍ ഒന്നും നനക്കണ്ടി വരുന്നില്ല. കൂടിയ പലഹാരങ്ങള്‍ ആണ് ഉണ്ടാക്കേണ്ടത്. പിന്നെ, മൂപ്പര്‍ക്ക് ചെരുപ്പ് സ്വയം എടുത്തു ഇടാനുള്ള മഹാമനസ്‌കത ഉണ്ട്. ചരിത്രപരമായ ഈ മാറ്റങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്.

മിസിസ് ഒടിടിയില്‍ വന്നതോടെ കാര്യങ്ങള്‍ അല്പം കൈവിട്ടു പോയിരിക്കയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുരുഷാവകാശ സംഘടന ആയ ‘സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍’ മിസിസ് ഒരു ഫെമിനിസ്റ്റ് പ്രചാരണ ഫിലിം ആണെന്ന് വിധിയെഴുതിയിട്ടുണ്ട്. ഒരു ധ്യാനം പോലെ സുന്ദരമായ പാചക കലയെ ഇങ്ങിനെ ചിത്രീകരിക്കുന്നത് മറ്റെന്താണെന്നാണ് ചോദ്യം.

കങ്കണ റണൗട് ആകട്ടെ ആകുല ഭാരത മാതയായി… പേര് പറഞ്ഞില്ലെന്നേ ഉള്ളു. ഇന്‍സ്റ്റ പോസ്റ്റില്‍ ഈ സിനിമക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ്. കുടുംബം എന്ന ആര്‍ഷ ഭാരത സങ്കലപ്പമാണ് ഇത്തരം സിനിമകള്‍ തകര്‍ക്കുന്നത്. കൂട്ടുകുടുംബം തകര്‍ത്തത് കൊണ്ടാണ് പുതിയ തലമുറയ്ക്ക് എപ്പോഴും കൗണ്‍സിലര്‍ ആവശ്യമായി വരുന്നത്. ഡിവോഴ്സുകള്‍ കൂടുന്നത്. തന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് പരമാധികാരം ഉണ്ടായിരുന്നു. പോഷകസമൃദ്ധമായ ആഹാരം കുട്ടികളുടെ അടക്കം അവകാശമാണ്. പ്രായമായവരെ നോക്കണം. അങ്ങിനെ ചുരുക്കി പറഞ്ഞാല്‍ അടുക്കള സ്ത്രീകളുടെ ധര്‍മം ആണ്.

മിസിസ്-ല്‍ സന്യ മല്‍ഹോത്ര

ഏതായാലും സംവിധായിക ആരതി കാദവ്, ജിയോ ബേബിയുടെ സെമി ഡോക്യുമെന്ററി സ്‌റ്റൈലില്‍ അല്ല മിസിസ് ഒരുക്കിയിരിക്കുന്നത്. ഫോര്‍മാറ്റില്‍ സിനിമയുണ്ട്. ഫെമിനിസത്തിലും, രാക്ഷ്ട്രീയത്തിലും മൃദു സമീപനം ആണ്. നിമിഷയെ അപേക്ഷിച്ചു സന്യ മല്‍ഹോത്രയും പരമാവധി അടക്കത്തിലും ഒതുക്കത്തിലും ആണ് മിസിസ്-ല്‍ പെരുമാറുന്നത്. അമ്മായിയമ്മ പോയത് മുതല്‍ റിച്ച അടുക്കളയില്‍ കിടന്നു പൊരിഞ്ഞു പണിയെടുക്കുന്നത് അല്പം കൂടെ സിനിമാറ്റിക് ആയിട്ടാണ് തോന്നിയത്. അമര്‍ഷം കത്തിയെരിയുന്ന മുഖമല്ല റിച്ചക്ക്. നവവധുവിന്റെ കൗതുകമുണ്ട്. പാട്ടു വെച്ചും, ഡാന്‍സ് ചെയ്തും, ശ്രദ്ധയോടെ കൈപ്പുണ്യം കൂട്ടാന്‍ ശ്രമിച്ചും, അമ്മായിയച്ഛന്റെ വായില്‍ നിന്ന് നല്ലൊരു വാക്ക് വീഴാന്‍ കാത്തു നില്‍ക്കുന്ന റിച്ച അതൊരു കടമ ആയി തന്നെയാണ് ആദ്യം കണക്കാക്കുന്നത്. കിടക്കയിലെ ‘ധര്‍മവും’ (ശയനേശു വേശ്യ – എന്തൊക്കെ) പരമാവധി സഹിച്ചിട്ടാണ് മര്യാദക്കു ഭര്‍ത്താവിനോട് കാര്യം പറയുന്നത്. പ്രകടമായ അസഹിഷ്ണുത ഉള്ളത് ആ സിങ്കിന്റെ കാര്യത്തിലാണ്. അത്യാവശ്യം വിനയമുണ്ട് അത് അവതരിപ്പിക്കുമ്പോഴും. അതിഥി ആയി വരുന്ന അമ്മായിയും ഇവിടെ അത്ര ഉശിരു കാണിക്കുന്നില്ല. സംസ്‌കാരപരമായ മാറ്റങ്ങളാണോ അതോ സ്‌ക്രിപ്റ്റ് മയപ്പെടുത്തിയതാണോ എന്നറിയില്ല. മിസിസ് അങ്ങിനെ, വളരെ പതിയെ പുകഞ്ഞു പുകഞ്ഞാണ് പാട്രിയാര്‍ക്കിയുടെ മുഖത്തേക്ക് ചെളിവെള്ളം കോരിയൊഴിക്കുന്നത്.

സാനിയ മല്‍ഹോത്രയുടെ അഭിനയം കൊള്ളാം. റിച്ചയെ സ്വന്തമായി ഒരു വ്യക്തിത്വത്തോടെ സ്‌ക്രീനില്‍ കൊണ്ട് വന്നിരിക്കുന്നു. sMr ല്‍ ഇഷ്ടപെട്ടത് ഈ കഥാപാത്രത്തിന്റെ പടിപടിയായുള്ള മാറ്റമാണ്. വിവാഹം കഴിഞ്ഞ് ആത്മവിശ്വാസത്തോടെ അടുക്കളയില്‍ കയറുന്ന റിച്ച, അദൃശ്യമായ യാഥാര്‍ഥ്യങ്ങളിലൂടെ പിച്ച വെച്ച് നടന്നു, പതുക്കെ വലുതായി വസ്ത്രധാരണത്തിലും, മുഖഭാവങ്ങളിലും വളരെ subtle ആയി നരക്കുന്നു. ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ ഇത് പെട്ടെന്ന് തന്നെ നമുക്കു കിട്ടും. മിസിസ്-ല്‍ പിരീഡ്‌സ് തൊട്ടുകൂടായ്മ എപ്പിസോഡ് അത്രക്ക് ഏശിയില്ല. അതെ സമയം ഈ വീട്ടില്‍ ജോലിക്കു വരുന്ന ഒരു പുരുഷകഥാപാത്രത്തെ നിശബ്ദമായി ഉപയോഗപ്പെടുത്തി. അയാളും റിച്ചക്കു മുകളില്‍ ആണ് ആ വീട്ടില്‍ എന്ന് തോന്നും. ദിനകര്‍ ആയി അഭിനയിച്ച നിഷാന്ത് ദഹിയ സുരാജിനെക്കാളും നിയന്ത്രണത്തിലാണ് ഈ റോളില്‍. പക്ഷെ, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ കപ്പിള്‍ വൈബ് ഇവിടെ തീരെ കുറവാണ്.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ നിമിഷ സജയന്‍

മിസിസ് തീരെ ദുര്‍ബലമാകുന്നത് അവസാനത്തെ സീനുകളില്‍ ആണ്. ജിയോ ബേബി കൊണ്ട് വന്ന ആ ഇഫെക്ട് ഒട്ടും കിട്ടിയില്ല. ഇറങ്ങിപ്പോക്കില്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലെ ‘പേരില്ലാത്ത ഭാര്യ’ ഒരു കൊടുങ്കാറ്റ് ആണെങ്കില്‍ മിസിസ്- ലെ ‘ബഹു റിച്ച’ ഒരു മന്ദമാരുതന്‍ ആണ്.

ഒരു രാജ്യത്തെ മിക്കവാറും വിവാഹിതരായ സ്ത്രീകളുടെ പൊതുവായ ഒരവസ്ഥ എന്ന നിലയില്‍ ശക്തമായ ഈ പ്രമേയം അവതരിപ്പിച്ചതില്‍ തമിഴ്, ഹിന്ദി റീമേക്കുകള്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ മലയാളം ഒറിജിനലിനെ മറികടന്നതായി തോന്നുന്നില്ല.  Hindi movie Mrs review 

Content Summary; Hindi movie Mrs review

This post was last modified on February 24, 2025 6:31 pm

സുമി ബാഹുലേയന്‍: സിനിമ നിരൂപക
Leave a Comment