സംസ്‌കൃത പണ്ഡിതനും അധ്യാപകനും എഴുത്തുകാരനുമായ ഡോ. ശ്യാം കുമാറിന് കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് നേരിടേണ്ടി വന്ന അപമാനം പൊതുസമൂഹത്തിന്റെ ബ്രാഹ്‌മണ്യതയാലുണ്ടായതാണെന്ന് ദളിത് ആക്ടിവിസ്റ്റും പ്രഭാഷകനുമായ ദിനു വെയിൽ പറഞ്ഞു.
”സാഹോദര്യമാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നാണ് അംബേദ്കർ പറയുന്നത്. എന്നാൽ യാതൊരു തരത്തിലുള്ള സാഹോദര്യബോധവും തങ്ങളുടെ സംസ്‌കാരത്തിലില്ല എന്ന് തന്നെയാണ് അവരുടെ പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും വെളിപ്പെടുത്തുന്നത്. ബ്രാഹ്മണ്യം ഒരു സമുദായത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല, പൊതുവായ സാമൂഹ്യബോധം കൂടിയാണെന്ന് തെളിയിക്കുകയാണ് ഇത്തരം സംഭവങ്ങൾ.” – ദിനു വെയിൽ പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്ര വിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടക്കുന്ന സെമിനാറിലേക്ക് പ്രബന്ധം അവതരിപ്പിക്കാനാണ് പ്രൊഫ. മുജീബ് റഹ്മാൻ തന്നെ ക്ഷണിച്ചതെന്ന് ശ്യാം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെബ്രുവരി മൂന്നാം തീയതി സെമിനാറിൻ്റെ നോട്ടീസ് വാട്‌സ് ആപ്പിൽ അയച്ചു. തുടർന്ന് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോഴാണ് യാത്രാവിവരങ്ങളെ കുറിച്ച് അന്വേഷിച്ചത് എന്നും അതിന് ‘വേണമെങ്കിൽ സെമിനാറിൽ പങ്കെടുക്കൂ’, ‘ഏതു കൊലകൊമ്പനായാലും ഇങ്ങനെ മാത്രമേ പെരുമാറുകയുള്ളുവെന്നും’ മുജീബ് റഹ്മാൻ പറഞ്ഞുവെന്നും ശ്യാം കുമാർ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
രാജൻ ഗുരുക്കളോടും രാഘവ വാരിയരോടും മനു എസ് പിള്ളയോടും ഇത്തരത്തിൽ പെരുമാറാൻ പ്രൊഫ. മുജീബ് റഹ്മാൻ ഒരിക്കലും ധൈര്യപ്പെടില്ലെന്നും, സെമിനാറിലേക്ക് എന്നെയും സണ്ണി എം. കപിക്കാടിനെയും ക്ഷണിച്ചത് തന്റെ ഔദാര്യമാണെന്ന നിലയ്ക്കാണ് എന്നോട് സംസാരിച്ചത് എന്നും ശ്യാം കുമാർ പറഞ്ഞു.
പൊതുവിൽ സാംസ്‌കാരിക പ്രവർത്തകരായ ആളുകൾ പോകുന്ന പരിപാടികളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെന്നും. ശ്യാം കുമാറിന്റെ വിഷയത്തിൽ അൽപം ജാതി കൂടി കലർന്നിട്ടുള്ളതായി തനിക്ക് തോന്നിയെന്നും ദിനു വ്യക്തമാക്കി.
”പ്രിവിലേജ്ഡ് ആയ ആളുകളോട് അവർ ഇത്തരത്തിൽ ഒരിക്കലും പെരുമാറുകയില്ല. സണ്ണി എം കപിക്കാടിനെ പോലെയൊരു ആളെ പോലും നിങ്ങളുടെ ആൾ എന്നാണ് സൂചിപ്പിക്കുന്നത്. തത്ത്വചിന്താപരമായി നമ്മൾ എത്രയൊക്കെ വളർന്നാലും നമ്മളെ ഒരു സമുദായത്തിൽ നിന്നുള്ള ആളായി മാത്രം കാണാനെ ഇവരെ പോലുള്ള ആളുകൾക്ക് സാധിക്കുന്നുള്ളു. ഞങ്ങൾ പരിപാടികൾ കിട്ടാത്ത ആളുകൾ ആണെന്നും, പരിപാടിക്ക് ചെല്ലേണ്ടത് ഞങ്ങളുടെ ആവിശ്യമാണെന്നുമാണ് ഇവർ കരുതുന്നത്. ശ്യാം കുമാറിനെ പോലെ അനുഭവ സമ്പത്തുള്ള കേരളത്തിലെ പ്രധാനപ്പെട്ട ഒരു പണ്ഡിതനോടാണ് ഇവർ ഇത്തരത്തിൽ സംസാരിക്കുന്നത്. അതും ഒരു സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി അത്തരത്തിൽ സംസാരിക്കണമെങ്കിൽ, എന്ത് തരം ചരിത്രബോധമാണ് ഇവർക്കുള്ളത്” ദിനു ചോദിച്ചു.
സമാനമായ അവസ്ഥയിലൂടെയാണ് ഇക്കഴിഞ്ഞ ദിവസം താനും കടന്ന് പോയതെന്ന് ദിനു വെയിൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ദിനുവിനെ കോഴിക്കോട് എൻഐടിയുടെ രാഗം ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് സംഘാടകർ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് രാഗം ഫെസ്റ്റിൽ സംവരണം എന്ന വിഷയത്തിൽ സംസാരിക്കുന്നതിന് കോഴിക്കോടേക്ക് തിരിച്ചതായിരുന്നു ദിനു. എന്നാൽ വഴിയിൽ വച്ചാണ് പരിപാടി ക്യാൻസൽ ചെയ്തുവെന്ന് തനിക്ക് സന്ദേശം ലഭിച്ചതെന്ന് ദിനു പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും പരിപാടിക്ക് പോകാമെന്ന് കരുതിയത് സംവരണം സംബന്ധിച്ച ചർച്ച ആയിരുന്നതിനാലാണെന്നും ദിനു കൂട്ടിച്ചേർത്തു.
”വളരെ പെട്ടെന്ന് നടത്താനിരുന്ന ഒരു പരിപാടി നിർത്തലാക്കുന്നു എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഒരു സിനിമ താരമോ, മറ്റേതെങ്കിലും നിലയിൽ സെലിബ്രിറ്റികളാവുകയോ ചെയ്ത ആളുകളാണെങ്കിൽ അവർ ഇത്തരത്തിൽ പെരുമാറുകയില്ല.” രാഗം ഫെസ്റ്റിവലിന് സംസാരിക്കാൻ വിളിച്ച് അപമാനിച്ചതിനെക്കുറിച്ച് ദിനു വെയിൽ പറഞ്ഞു.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റ് കിട്ടിയത് തത്കാലിൽ ആണ് . രാജധാനിയിൽ മാത്രമേ ഒഴിവ് ഉണ്ടായിരുന്നുള്ളു .അതും തൃശൂർ വരെയേ ഒഴിവുണ്ടായിരുന്നുളൂ. 1594 രൂപ ചിലവാക്കിയാണ് ടിക്കറ്റ് എടുത്തത്. ടിടിയോട് സംസാരിച്ചു കോഴിക്കോടേക്ക് 840 രൂപ കൂടി കൊടുത്തു ടിക്കറ്റ് നീട്ടിപ്പിച്ചു ഈ രാത്രി യാത്ര ചെയ്യുകയായിരുന്നു. സംഘാടകർ ആകെ ചോദിച്ചിരുന്നത് റിക്വയർമെന്റ്സ് എന്തെങ്കിലും ഉണ്ടോ എന്ന് മാത്രമാണ്. റിക്വയർമെന്റസ് എന്നാൽ ബേസിക് ആയ യാത്രാ കൂലി എന്ന് ഞാൻ കരുതിയിട്ടില്ല. അതിന് അങ്ങനൊരു അർത്ഥവും ഇല്ല. എന്റെ പ്രോഗ്രാമിനായി പ്രത്യേക റിക്വയർമെന്റ്സ് ഇല്ലാത്തതിനാൽ കോഴിക്കോട് നിന്നും നാളെ സഹ പാനലിസ്റ്റ് ആയ മായ ചേച്ചിക്കൊപ്പം പിക്ക് ചെയ്യണമെന്ന് മാത്രം പറഞ്ഞു. വണ്ടിക്ക് ചിലവായ തുകയുടെ കാര്യം പറഞ്ഞ ഉടനെ ആ കാരണത്താൽ പരിപാടി ക്യാൻസൽ ചെയുന്നു എന്ന് പറഞ്ഞു കൊണ്ട് ഓർഗനൈസർ മെസ്സേജ് അയക്കുന്നു. ദിനു തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഇത് കേവലം പണത്തിന്റെ മാത്രം പ്രശ്നമല്ലെന്നും രാഗത്തിന്റെ ഓർഗനൈസർമാരിൽ നിന്ന് മിനിമം മര്യാദയെയെങ്കിലും പ്രതീക്ഷിച്ചിരുന്നു. മനുഷ്യരോട് അന്തസ്സോടെ പെരുമാറുക എന്നത്, അവരുടെ എഫർട്ടിനെ മാനിക്കുക എന്നത് അടിസ്ഥാനപരമായ കാര്യമാണെന്നും ദിനു പറയുന്നു.
”രാഗം എന്നത് രാജൻ എന്നയാളുടെ ഓർമയ്ക്കായി തുടങ്ങിയ ഒരു ഫെസ്റ്റിവൽ ആണ്. രാഷ്ട്രീയബോധമുള്ള ഒരുപറ്റം വിദ്യാർത്ഥികളെ ഉണ്ടാക്കിയെടുക്കുക എന്നതാണ് പരിപാടികൊണ്ട് ഉദ്ദേശിച്ചിരുന്നത്. എന്നാൽ രാഗത്തിൽ മറ്റു പരിപാടികൾ തുടങ്ങുന്നതിന് ലക്ഷങ്ങൾ ചിലവാക്കുകയും എന്ത് ഉദ്ദേശത്തോടെയാണോ രാഗം തുടങ്ങിയത് അത്തരം പരിപാടികൾ നടത്തുന്നതിന് വണ്ടിക്കൂലി പോലും നൽകാതിരിക്കുകയും ചെയ്യുന്നത് വലിയ പ്രശ്‌നമാണ്.” ദിനു വ്യക്തമാക്കി.
content summary; Dr. Shyam Kumar’s humiliation stemmed from the Brahminical mindset of the public