ഉത്തര്‍പ്രദേശിലെ പൂവാല വിരുദ്ധ സേനയ്‌ക്കെതിരെ ട്വീറ്റ് ചെയ്ത സുപ്രീം കോടതി അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണിന്റെ വീടിന് നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം. ഒരുസ്ത്രീയെ മാത്രം പ്രേമിച്ച റോമിയോയ്ക്ക് പകരം ഐതിഹ്യങ്ങളിലെ പൂവാലനായിരുന്ന കൃഷ്ണന്റെ പേര് പൂവാല വിരുദ്ധ സേനയ്ക്കിടാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ധൈര്യമുണ്ടോ എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ചോദ്യം.
ഇത് കൃഷ്ണനെ അവഹേളിക്കുന്നതാണ് എന്ന് ആരോപിച്ചാണ് സുദര്‍ശന വാണി എന്ന സംഘടന നോയ്ഡ സെക്ടര്‍ 14ല്‍ ഉള്ള അദ്ദേഹത്തിന്റെ വീടാക്രമിക്കുകയും ചായം പൂശുകയും ചെയ്തത്. ട്വീറ്റ് വിവാദമായപ്പോള്‍ ആരുടെയും മതവികാരം വൃണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ട്വീറ്റ് മതവികാരം വൃണപ്പെടുത്തുന്നതാണ് എന്ന് കാണിച്ച് ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ ബഗ്ഗയും യുപി കോണ്‍ഗ്രസ് വക്താവ് ശീഷന്‍ ഹൈദറും പ്രത്യേകം പ്രത്യേകം പരാതികള്‍ നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മതവികാരം വൃണപ്പെടുത്തിയതിനും വ്യത്യസ്ത സംഘങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ദ്ധിപ്പിക്കുന്നതിനും ശ്രമിച്ചു എന്ന പേരില്‍ പ്രശാന്ത് ഭൂഷണിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ലഖ്‌നൗ പോലീസിലെ സീനിയര്‍ സൂപ്രണ്ട് മാന്‍സില്‍ സെയ്‌നി അറിയിച്ചു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 153എ, 295എ വകുപ്പുകള്‍ പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
‘ഗോപികമാരെ കളിയാക്കുന്ന കൃഷ്ണന്റെ കഥകള്‍ കേട്ടാണ് നമ്മള്‍ വളര്‍ന്നത്. റോമിയോ സ്‌ക്വാഡിന്റെ യുക്തി ഇതിനെ ക്രിമിനല്‍വല്‍ക്കരിക്കുന്നു. ആരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല,’ എന്ന് ഭൂഷണ്‍ പിന്നീട് ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
പൂവാലന്മാരെ പിടിക്കാന്‍ എന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചിരിക്കുന്ന റോമിയോ വിരുദ്ധ സേന വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ബിജെപിയുടെ പോഷകസംഘടനകളിലെ പേശീബലമുള്ളവര്‍ക്ക് നിയമം കൈയിലെടുക്കാനുള്ള അവസരമാണ് സേനയുടെ രൂപീകരണത്തിലൂടെ സംജാതമായിരിക്കുന്നത് എന്ന ആരോപണം വ്യാപകമാണ്. പുരുഷ സുഹൃത്തുക്കളോടും സഹപ്രവര്‍ത്തരോടുമൊപ്പം സഞ്ചരിക്കുന്ന സ്ത്രീകളെ പോലും തടഞ്ഞുനിറുത്താനും അധിക്ഷേപിക്കാനും ഇത്തരം സംഘങ്ങള്‍ മടിക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. ഇതിനെതിരായാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റിലൂടെ പ്രതികരിച്ചത്. ഭൂഷണ് അനുകൂലമായും പ്രതികൂലമായും നിരവധി പേര്‍ പ്രതികരിച്ചിരുന്നു.
Leave a Comment