സഡാക്കോയുടെ കൊക്കുകള്‍
യുദ്ധക്കൊതിയന്‍മാര്‍ക്കെതിരെ
പറന്നുയരുന്ന ദിവസങ്ങളാണിത്.
മനുഷ്യ മനസാക്ഷിയോട് യുദ്ധഭീകരതക്കെതിരെയും സാമ്രാജിത്വത്തിനെതിരെയും അണിനിരക്കണമെന്നാണ് ഹിരോഷിമാ, നാഗസാക്കി ദിനങ്ങള്‍ ആവശ്യപ്പെടുന്നത്. യുദ്ധഭീകരതയുടെ സൃഷ്ടിക്കുന്ന നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലോക സാഹചര്യത്തിലാണ് അണുബോംബ് വര്‍ഷിച്ചതിന്റെ ഓര്‍മ്മ ദിവസങ്ങള്‍ വീണ്ടും വന്നെത്തുന്നത്. ലോകത്തെമ്പാടും യുദ്ധവെറിയുടെ ഇരകളായത് കുട്ടികളാണ്. രണ്ടാം ലോകമഹായുദ്ധ കാലത്തെ നാസി കോണ്‍സെന്‍ട്രേഷന്‍ ഭീകരത ഏതൊരാള്‍ക്കും മനസ്സിലാക്കാനുള്ള മാര്‍ഗ്ഗമാണ് ‘ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍. ഹിരോഷിമാ ദുരന്തത്തില്‍ അണുവികരണം ഏറ്റു പത്തുവര്‍ഷം വേദനയില്‍ പുളഞ്ഞു മരണത്തിന് കീഴടങ്ങിയ പന്ത്രണ്ടുകാരി ‘സഡാക്കോ’ ജീവിക്കാനുള്ള കൊതിയുടെ എക്കാലത്തെയും അടയാളമാണ്. വിയറ്റ്‌നാമില്‍ അമേരിക്ക നടത്തിയ നാംപാം ബോംബെങ്ങില്‍ പരിക്കേറ്റ ഉടുതുണി കത്തി വീണു പൂര്‍ണ്ണ നഗ്‌നയായി മരണവെപ്രാളത്തോടെ ഓടുന്ന ഒമ്പതുകാരി ‘പാന്‍ തി കിം ഹുക്’ യുദ്ധമുഖത്തെ ഇന്ന് സഹായരായ മനുഷ്യരുടെയാകെ പ്രതീകമാണ്. സിറിയയില്‍ നിന്നും പലായനം ചെയ്യുന്നതിനിടയില്‍ ബോട്ട് തകര്‍ന്ന് കടല്‍ത്തീരത്ത് ഒരു പാവ കുഞ്ഞിനെ പോലെ മരിച്ചു കിടന്ന ഐലന്‍ കുര്ദി ലോക മനസാക്ഷിയെയാണ് മുറിവേല്‍പ്പിച്ചത്. യുദ്ധത്തിന്റെ ഭീകരത ഒന്നാകെ മുഖത്ത് പ്രതിഫലിപ്പിക്കും വിധം ക്യാമറയ്ക്ക് മുന്നില്‍ തോക്കാണെന്ന് ഭയന്ന് കൈകള്‍ ഉയര്‍ത്തി കീഴടങ്ങി നിന്ന ‘ഹുദിയ’ എന്ന പെണ്‍കുട്ടി യുദ്ധത്തിനിരയാകുന്ന നിഷ്‌കളങ്കരായ മനുഷ്യരുടെ പ്രതിനിധിയാണ്. പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച കുഞ്ഞു മാധ്യമപ്രവര്‍ത്തക ‘യാഖീന്‍ ഹമ്മദ്’ ഗാസയില്‍ പിടഞ്ഞുവീണ ആയിരക്കണക്കിന് കുട്ടികളില്‍ ഒരാളാണ്. യുദ്ധവിരുദ്ധ സ്വപ്നങ്ങള്‍ പങ്കുവെച്ചവരും, യുദ്ധഭീകരതയ്ക്ക് ഇരയാകേണ്ടി വന്നവരുമായ അനേകം കുട്ടികളില്‍ ചിലര്‍ മാത്രമാണിവര്‍. ആന്‍ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍ യുദ്ധം ജീവിതം നഷ്ടപ്പെടുത്തുന്നത് എങ്ങനെയാണെന്ന് ബോധ്യപ്പെടുത്തുകയും, യുദ്ധഭീകരതയും പലായനങ്ങളും സൃഷ്ടിച്ച രക്തസാക്ഷികളായ കുട്ടികളുടെ ചിത്രങ്ങള്‍ യുദ്ധവിരുദ്ധ മനസ്സുള്ള ഒരു തലമുറയെ രൂപപ്പെടുത്തുമെന്നുമാണ് നാം കരുതുക.

‘സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണ്’. എം മുകുന്ദന്റ ദല്‍ഹി ഗാഥകളിലെ ഈ വാക്കുകള്‍ യുദ്ധക്കൊതിയന്മാരായി നാം മാറുന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ-പാക് യുദ്ധത്തിനായി കൊതിച്ച കൂട്ടരെയാണ് പക്ഷേ നാം കണ്ടത്. ഉക്രൈന്‍ – റഷ്യ യുദ്ധ സമയത്ത് നമ്മുടെ ന്യൂസ് ചാനലുകള്‍ പുറത്തു വിട്ട വീഡിയോ ഗെയിമുകളുടെ ദൃശ്യങ്ങള്‍ നാം മറന്നു കാണില്ല. യുദ്ധത്തിന്റേത് എന്നവകാശപ്പെട്ട് പ്രചരിപ്പിച്ച കാഴ്ച്ചകള്‍ കുട്ടികള്‍ക്കടക്കം നല്ല പരിചയമുള്ളതായിരുന്നു. മൊബൈല്‍ ഗെയിമുകളിലേതു പോലെ സമാനമാണ് യഥാര്‍ത്ഥ യുദ്ധമുഖങ്ങളും എന്ന നീരീക്ഷണമായിരിക്കാം മാധ്യമങ്ങളെ അതിനു പ്രേരിപ്പിച്ചത്. മൊബൈല്‍ ഗെയിമുകള്‍ സൃഷ്ടിക്കുന്ന കൃത്രിമ ശത്രുവിനെ ഇല്ലാതാക്കാനും കൊല്ലാനും താല്പര്യമുള്ളവരാണ് പുതിയ കാലത്തെ കുട്ടികള്‍. പബ്ജി, ഫ്രീ ഫയര്‍ തുടങ്ങിയ മൊബൈല്‍ ഗെയിമുകളില്‍ അത്യാധുനിക യുദ്ധോപകരണങ്ങളാണ് കുട്ടികള്‍ സ്‌ക്രീനില്‍ പ്രയോഗിക്കുന്നത്. ബോംബും, തോക്കും മാത്രമല്ല, കൂടുതല്‍ പ്രഹര ശേഷിയുള്ള യുദ്ധോപകരണങ്ങളെല്ലാം കളിപ്പാട്ടം പോലെ എടുത്ത് ഉപയോഗിക്കുന്നവര്‍ അതിര്‍ത്തികള്‍ നടക്കുന്ന യഥാര്‍ത്ഥ യുദ്ധങ്ങള്‍ കൗതുകത്തോടു കൂടിയാണ് നോക്കി കാണുന്നത്. ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തില്‍ പ്രയോഗിക്കപ്പെട്ട മിസൈലുകളെല്ലാം പൂരപ്പറമ്പിലെ വെടിക്കെട്ട് പോലെയാണ് പലരും കണ്ടത്. നമ്മുടെ കുട്ടികളെ യുദ്ധക്കൊതിയന്‍മാരായി മാറ്റാന്‍ ശേഷിളുള്ള ഗെയിം ട്രിക്കുകളെ കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കേണ്ട സമയം കൂടിയാണിത്. വെടിവെയ്ക്കാനും, കൊലപ്പെടുത്താനും യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കുന്ന മൊബൈല്‍ ഗെയിമുകള്‍ യുദ്ധാസക്തിയുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നു എന്നതിനാല്‍ ഇവയെല്ലാം അണുബോംബുകളേക്കാള്‍ അപകടകരമാണ്. ഡിജിറ്റല്‍ കണ്ടന്റുകളിലെ വയലന്‍സ് ഉള്ളടക്കം ആക്രമണോത്സുകതയുള്ള ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാന്‍ സഹായിക്കുന്നു എന്ന മനശാസ്ത്രപരമായ പഠനങ്ങള്‍ വരുമ്പോഴും യുദ്ധ സ്വഭാവമുള്ള മൊബൈല്‍ ഗെയിമുകള്‍ നിയന്ത്രിക്കപ്പെടുന്നതേയില്ല.
മൊബെല്‍ ഗെയിമുകള്‍ മിക്കവാറും ശത്രുവിനെ കീഴ്‌പ്പെടുത്താനും കൊല്ലാനും പ്രേരിപ്പിക്കുന്നതാണ്. നമ്മുടേതല്ലാത്ത ജാതി, മതത്തില്‍പ്പെട്ടവരെ ശത്രുവായി മാറ്റാനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്ന നവ ഫാസിസകാലത്ത് എനിമിയെ ഇല്ലാതാക്കാന്‍ പരിശീലിപ്പിക്കുന്ന ഇത്തരം മൊബൈല്‍ ഗെയിമുകള്‍ കൂടുതല്‍ അപകടകരമാണ്. ഇത്തരം ഗെയിമുകള്‍ യുദ്ധത്തെ ഒരു തരം കൈയ്‌സായി കാണുന്ന തലമുറയെ പാകപ്പെടുത്തുന്നതിന് സഹായകരമാവുകയും ശത്രുവിനെ നിലം പരിശാക്കാന്‍ മടിയേതുമില്ലാത്ത മാനസികാവസ്ഥ രൂപപ്പെടുത്തുകയും ചെയ്യും. അത്യാധുനിക ശേഷിയുള്ള യുദ്ധോപകരണങ്ങളെ പരിചയപ്പെടുത്തുന്നത് ഓണ്‍ലൈനിലാണെങ്കില്‍ പോലും പ്രയോഗിക്കാന്‍ പരിശീലിപ്പിക്കുന്നതു കൂടിയാണ് എന്നതാണ് പ്രശ്‌നം. മൊബൈല്‍ സ്‌ക്രീനില്‍ വന്നു വീഴുന്ന ബോംബുകളെല്ലാം കുട്ടികളുടെ മനസ്സിലെ മാനവികതയാണ് തകര്‍ക്കുന്നത് എന്ന് നാം തിരിച്ചറിയണം. യുദ്ധക്കച്ചവടക്കാര്‍ അതിര്‍ത്തികളില്‍ യുദ്ധം ഉണ്ടാക്കുന്നതിനു മാത്രമല്ല, യുദ്ധത്തിന് അനുകൂലമായ മനസ്സുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിന് ഒരു കൂടിയാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് കടക്കരുത് എന്ന് വിളിച്ചു പറഞ്ഞവരെ രാജ്യദ്രോഹികളായ ചിത്രീകരിക്കാനാണ് ഒരു വിഭാഗം ശ്രമിച്ചത്. യുദ്ധമുണ്ടായാല്‍ സംഭവിക്കാനിടയുള്ള നഷ്ടങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ യുദ്ധാസക്തിയുള്ള മനുഷ്യരായി പലരും മാറിയത് നമ്മുടെ വര്‍ത്തമാനകാല അനുഭവമാണ്. പട്ടിണി ബോംബിട്ട് ഗാസയിലെ കുഞ്ഞുങ്ങളെ അടക്കം കൊലപ്പെടുത്തുമ്പോള്‍ നിശബ്ദത പാലിക്കുന്ന മനുഷ്യ സമൂഹവും ഒരുതരത്തില്‍ യുദ്ധത്തെ അനുകൂലിക്കുകയാണ്.
യുദ്ധവിരുദ്ധ പരിപാടികളുടെ ലക്ഷ്യം സാമ്രാജത്വ വിരുദ്ധ മനോഭാവം ഉല്‍പ്പാദിപ്പിക്കലാണ്. സാമ്രാജിത്വവും, മുതലാളിത്തവും മനുഷ്യരുടെ കലഹത്തെ ലാഭക്കൊതിയിലൂടെ കാണുമ്പോഴാണ് യുദ്ധമുണ്ടാവുന്നത്. യുദ്ധം ഉണ്ടായില്ലെങ്കില്‍ അതുണ്ടാക്കാന്‍ തന്ത്രങ്ങള്‍ പലതായി പയറ്റും. ആയുധക്കച്ചവടക്കാര്‍ക്ക് യുദ്ധം ഒരു ബിസിനസ്സാണ്. കച്ചവടം നടക്കാന്‍ തമ്മിലടിക്കുന്നവര്‍ക്കിടയില്‍ തീ കോരിയിടുന്നവരില്‍ പ്രമുഖനാണ് അമേരിക്ക. അവര്‍ക്കിത് ദൈനംദിന കച്ചവടങ്ങള്‍ക്കു മാത്രമായുള്ള കളികളാണ്. മഴക്കാലത്ത് കുടയും, റെയിന്‍ കോട്ടും വിറ്റു പോകുന്നത് പോലെ യുദ്ധം ഉണ്ടായാല്‍ മാത്രമാണ് ഇവരുടെ ആയുധങ്ങള്‍ വിറ്റു പോവുക. കൃത്രിമമായി ഒരു യുദ്ധകാലത്തെ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ അതുകൊണ്ടുതന്നെ ഇവര്‍ നടത്തിക്കൊണ്ടിരിക്കും. ആയുധ കച്ചവടക്കാര്‍ നിരന്തരം സംഘര്‍ഷം ഉണ്ടാക്കുന്നത് രാജ്യാതിര്‍ത്തികളില്‍ മാത്രമല്ല, മനുഷ്യ മനസ്സുകളുടെ അതിര്‍വരമ്പുകളില്‍ കൂടിയാണെന്ന് തിരിച്ചറിയാന്‍ കൂടിയാണ് ഈ ഹിരോഷിമ നാഗസാക്കി ദിനങ്ങളില്‍ നമുക്ക് കഴിയേണ്ടത്. യുദ്ധത്തിന് അനുകൂലമായ മാനസികാവസ്ഥ രൂപപ്പെടുത്തുക എന്നതുകൂടി പുതിയ കാലത്ത് സാമ്രാജ്യത്വത്തിന്റേയും, യുദ്ധക്കച്ചവടക്കാരുടെയും ലക്ഷ്യമാണ്. നവ ഫാസിസത്തിന് ഇന്ത്യയില്‍ അതിനു ഫലപ്രദമായി കഴിയുന്നു എന്നതിന്റെ അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. അപരവിദ്വേഷത്തിനും, ശത്രുതാ നിര്‍മ്മാണത്തിനും കുട്ടികളില്‍ പോലും മനശാസ്ത്രപരമായി ഇടപെടാനും, യുദ്ധം ആഗ്രഹിക്കുന്ന മനസ്സുകള്‍ പാകപ്പെടുത്താനും കഴിയുന്ന മൊബൈല്‍ ഗെയിമുകള്‍ ധാരാളമായി നിര്‍മിക്കാന്‍ ഇക്കൂട്ടര്‍ക്കെല്ലാം കഴിയുന്നുമുണ്ട്.

സാമ്രാജ്യത്വം രണ്ടു രീതിയിലാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത്. മൊബൈല്‍ ഗെയിമുകള്‍ ഒരു ലോങ് ടേം ബിസിനസ്സ് കുതന്ത്രമാണ്. യുദ്ധത്തിന് തയ്യാറായ, യുദ്ധം കൊതിക്കുന്ന ഒരു തലമുറയെ ഉല്‍പ്പാദിപ്പിക്കാനുള്ള നിശബ്ദ തന്ത്രം. യുദ്ധാസക്തിയുടെ മാനസികാവസ്ഥയില്‍ നിന്നു തിരിച്ചു വരാന്‍, യുദ്ധസമാനമായ ഗെയിമുകള്‍ കളിക്കുന്നവര്‍ ആന്‍ഫ്രാങ്കിനെ വായിക്കുന്നത് മാത്രമായിരിക്കും പരിഹാരം. ‘അവനെ കൊല്ല്, കൊല്ല് .! വെടിവെക്ക്’ – എന്നൊക്കെ മൊബൈല്‍ സ്‌ക്രീനിലേക്ക് നോക്കി വിളിച്ചു പറയുന്ന കുട്ടികളെ കണ്ടിട്ടില്ലേ. യുദ്ധ കൊതിയന്മാരായി നമ്മുടെ കുട്ടികള്‍ മാറുന്നതിന്റെ ലക്ഷണമാണത്. ഇതിന്റെ ഭാഗമായി അബോധ മനസ്സിലും യുദ്ധത്തിന് അനുകൂലമായ സ്വഭാവം രൂപപ്പെടും. യുദ്ധം ജീവിതം നഷ്ടപ്പെടുത്തിയ അനേകം കുട്ടികള്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും ഉണ്ടെങ്കിലും, നമ്മുടെ കുട്ടികള്‍ക്ക് അവരെ കാണാനുള്ള അവസരങ്ങള്‍ പാഠപുസ്തകത്തില്‍ പോലും വളരെ കുറവാണ്. ‘ആന്‍ഫ്രാങ്കിന്റെ ഡയറി കുറിപ്പുകള്‍’ വായിക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായി അവസരങ്ങള്‍ സൃഷ്ടിക്കുകയും, യുദ്ധത്തിന്റെ ലാഭനഷ്ടത്തെ തിരിച്ചറിയാനുള്ള സാഹചര്യമൊരുക്കുകയുമാണ് യുദ്ധവിരുദ്ധ ദിനാചരണങ്ങളില്‍ ചെയ്യുകയാണ് ഇത് പരിഹരിക്കാന്‍ കഴിയുന്നതിനുള്ള ഒരു പഠന പ്രവര്‍ത്തനം. യുദ്ധം ആഗ്രഹിക്കുന്ന സമൂഹത്തെ പാകപ്പെടുത്തിയെടുക്കാനുള്ള കെണിയില്‍ വീണു പോകുന്നതിനെ മറികടക്കാനും യുദ്ധ സ്വഭാവമുള്ള ഗെയിമുകള്‍ക്ക് താല്‍പ്പര്യം കൂടുകയും അത്തരം കളികള്‍ വിവിധ വേര്‍ഷനുകളില്‍ കൂടുതലായി കടന്നു വരികയും ചെയ്യുന്ന വര്‍ത്തമാന കാലത്ത് ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളില്‍ ഈ പ്രശ്‌നത്തേയും അഭിമുഖീകരിക്കാന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് കഴിയണം. സാമ്രാജ്യത്വത്തിന്റെ യുദ്ധകൊതിയും, ആയുധ കച്ചവടവും നമ്മുടെ മൊബൈല്‍ സ്‌ക്രീനുകളിലും നടക്കുന്നുണ്ടെന്നും, മൊബൈല്‍ സ്‌ക്രീനില്‍ വന്നുവീഴുന്ന അണുബോംബുകള്‍ സൃഷ്ടിക്കാനിടയുള്ള ദൂരവ്യാപക അപകടത്തെ തിരിച്ചറിയാനും മനശാസ്ത്രപരമായി നേരിടാനും ഫലപ്രദമായി കഴിയണം. യുദ്ധത്തിന്റെ ഭീകര ശബ്ദങ്ങള്‍ മുഴങ്ങാതെ, പ്രതീക്ഷയുടെ സഡാക്കോ കൊക്കുകള്‍ ചിറകടിച്ചുയരുന്ന ഇടങ്ങളായി മൊബൈല്‍ സ്‌ക്രീനുകളും, മനുഷ്യമനസ്സുകളും മാറുന്ന നല്ല നാളുകള്‍ സൃഷ്ടിക്കുന്നതിനായി നമുക്ക് ഹിരോഷിമയും നാഗസാക്കിയും ഓര്‍ക്കാം. Hiroshima Day marks 80 years since the atomic bomb was dropped by America
Content Summary: Hiroshima Day marks 80 years since the atomic bomb was dropped by America
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.