June 04, 2026 |
Share on

ഹിസ്ബുള്ളയെ ഒഴിവാക്കിയുള്ള ചര്‍ച്ച ലെബനന്‍-ഇസ്രയേല്‍ സമാധാനം സാധ്യമാക്കുമോ?

നിലവിലെ വെടിനിര്‍ത്തലിനോട് ഹിസ്ബുള്ള തണുത്ത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്

78 വര്‍ഷമായി സാങ്കേതികമായി യുദ്ധത്തില്‍ തുടരുന്ന അയല്‍രാജ്യങ്ങളാണ് ഇസ്രയേലും ലെബനനും. ഈ ശത്രുതയ്ക്ക് സമാധാനപരമായൊരു തീര്‍പ്പ് ഉണ്ടാക്കാനുള്ള വഴികളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്. ആഴ്ച്ചകളായി തുടരുന്ന ലെബനന്‍-ഇസ്രയേല്‍ ആക്രമണത്തിന് താത്കാലിക വിരാമമിട്ട് പത്തു ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ചയാണ് ചരിത്രപരമായ ഈ നീക്കം പ്രഖ്യാപിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ലെബനീസ് പ്രസിഡന്റ് ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

എങ്കിലും, എല്ലാം ശുഭമായി ഭവിക്കുന്ന എന്ന് കരുതാന്‍ വയ്യാ. ദശകങ്ങളായി ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ളയെ ചര്‍ച്ചകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഹിസ്ബുള്ളയെ ഒഴിവാക്കിയുള്ള ഒരു കരാര്‍ എത്രത്തോളം പ്രായോഗികമാകുമെന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. മുന്‍പ് 1983-ലും 1993-ലും നടന്ന സമാധാന ശ്രമങ്ങള്‍ ഹിസ്ബുള്ളയുടെയും സിറിയയുടെയും എതിര്‍പ്പ് മൂലം പരാജയപ്പെട്ടിരുന്നു. ഹിസ്ബുള്ളയെ നിരായുധരാക്കുക എന്ന ലക്ഷ്യത്തോടെ 2024 നവംബറില്‍ ഉണ്ടാക്കിയ കരാറും ഫലം കണ്ടിരുന്നില്ല.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരുന്നതിന് ലെബനനിലെ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നാണ് ടെഹ്റാന്റെ നിലപാട്. എന്നാല്‍ ലെബനനിലെ വെടിനിര്‍ത്തലിന് ഇറാന്‍ ചര്‍ച്ചകളുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, സമാധാന ചര്‍ച്ചകള്‍ ലെബനന്റെ ആഭ്യന്തര സുസ്ഥിരതയെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹിസ്ബുള്ളയെ സൈനികമായി നേരിടുകയോ അല്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര യുദ്ധത്തിന് വഴിയൊരുങ്ങുകയോ ചെയ്യുന്ന സാഹചര്യം ലെബനന്‍ ഭരണകൂടത്തിന് നേരിടേണ്ടി വന്നേക്കാം.

നിലവിലെ വെടിനിര്‍ത്തലിനോട് ഹിസ്ബുള്ള തണുത്ത പ്രതികരണമാണ് നല്‍കിയിരിക്കുന്നത്. ലെബനന്റെ മണ്ണില്‍ ഇസ്രയേല്‍ അധിനിവേശം തുടരുന്നിടത്തോളം കാലം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നാണ് ഹിസ്ബുള്ളയുടെ നിലപാട്. എന്നാല്‍ തെക്കന്‍ ലെബനനില്‍ ആറ് മൈല്‍ വീതിയുള്ള സുരക്ഷാ മേഖല നിലനിര്‍ത്തുമെന്ന് നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ലെബനനില്‍ രണ്ടായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും പത്തുലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍, ഈ വെടിനിര്‍ത്തല്‍ വലിയൊരു ആശ്വാസമായാണ് കണക്കാക്കപ്പെടുന്നത്.

ഹിസ്ബുള്ളയുടെയും ഇറാന്റെയും സ്വാധീനം മുന്‍പത്തേക്കാള്‍ കുറഞ്ഞതാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ക്ക് വഴിതുറന്നത്. ലെബനന്‍ ഭരണകൂടം ഹിസ്ബുള്ളയ്ക്കും ഇറാനുമെതിരെ ചില കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, ദുര്‍ബലമായ സമ്പദ്വ്യവസ്ഥയും സൈന്യവും കാരണം ഇവ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ട്. സമാധാന ചര്‍ച്ചകളെ ഇസ്രയേലിലെ ഒരു വിഭാഗം സ്വാഗതം ചെയ്യുമ്പോള്‍ തന്നെ, ഹിസ്ബുള്ളയെ പൂര്‍ണ്ണമായും നിരായുധരാക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെതിരെ വടക്കന്‍ ഇസ്രയേലിലെ ജനങ്ങളില്‍ നിന്ന് പ്രതിഷേധവും ഉയരുന്നുണ്ട്.

Content Summary: Historic Israel-Lebanon Peace Talks: Can a Deal Succeed Without Hezbollah?

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×