ബാള്‍ട്ടിമോറിലെ ബംഗ്ലാവ് ജപ്തി ചെയ്തു
സെവനിലിലെ സീരിയല്‍ കില്ലര്‍ ജോണ്‍ ഡോ, എല്‍ എ കോണ്‍ഫിഡന്‍ഷ്യലിലെ ഡിക്റ്ററ്റീവ് സര്‍ജന്റ് ‘ഹോളിവുഡ് ജാക്ക്, യൂഷ്വല്‍ സസ്‌പെക്റ്റിലെ കള്ളന്‍ വെര്‍ബല്‍ തുടങ്ങി അവിസ്മരണീയമായ കഥാപാത്രങ്ങള്‍ സമ്മാനിച്ച വിഖ്യാത നടനാണ് കെവിന്‍ സ്‌പേസി. ഓസ്‌കര്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടി പ്രേക്ഷകരുടെയും നിരൂപകരുടെയും അംഗീകാരം ഒരുപോലെ നേടിയ നടന്‍. എന്നാല്‍ സ്‌പേസി ഇപ്പോള്‍ വാര്‍ത്തകളില്‍ വന്നിരിക്കുന്നത് വ്യക്തിപരമായി നേരിടുന്ന നഷ്ടങ്ങളുടെ പേരിലാണ്.
ബാള്‍ട്ടിമോറില്‍ 47 കോടിക്ക് അടുത്തു വില വരുന്ന കെവിന്റെ സ്വപ്‌നതുല്യമായ വസതി ലേലത്തില്‍ വിറ്റ് പോയിരിക്കുകയാണ്. വലിയ കടത്തിലാണ് എ ടൈം ടു കില്‍ താരം എന്നാണ് പുറത്തു വന്നിരിക്കുന്ന വിവരം. ലൈംഗിക കുറ്റാരോപണ കേസുകള്‍ പിന്തുടരുന്നതിനൊപ്പമാണ് സ്‌പേസി കടം കൊണ്ടു വീര്‍പ്പുമുട്ടുന്നത്. 20 വര്‍ഷം മുമ്പ് നടന്നതെന്നു പറയുന്നൊരു സംഭവത്തിന്റെ പേരില്‍ നാല് പുരുഷന്മാര്‍ നല്‍കിയ ലൈംഗികാരോപണ കേസില്‍ കഴിഞ്ഞ വര്‍ഷമാണ് ലണ്ടനിലെ ഒരു കോടതി കെവിന്‍ സ്‌പേസിയെ കുറ്റ വിമുക്തനാക്കിയത്. അതിനു മുമ്പ്, 2022ല്‍ സ്റ്റാര്‍ ട്രെക്: ഡിസ്‌കവറി സീരീസ് താരം ആന്തണി റാപ്പ് നല്‍കിയ 334 കോടിയുടെ മാനനഷ്ട കേസില്‍ നിന്ന് ന്യൂയോര്‍ക്ക് കോടതിയും സ്‌പേസിക്ക് ആശ്വാസം നല്‍കിയിരുന്നു.
കേസുകളില്‍ നിന്ന് രക്ഷപ്പെടുന്നുണ്ടെങ്കിലും സാമ്പത്തിക പരാധീനതയില്‍ നിന്നും തലയൂരാന്‍ നടനായില്ല. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിലെ പിയേഴ്‌സ് മോര്‍ഗനുമായി സംസാരിക്കവെ തന്റെ കടബാധ്യതകളെ കുറിച്ച് സ്‌പേസി തന്നെ തുറന്നു പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടം തനിക്കുണ്ടെന്നാണ് കഴിഞ്ഞ മാസം നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയത്. കേസ് നടത്തിപ്പിലൂടെയാണ് കെവിന്‍ സ്‌പേസിക്ക് ഇത്രയധികം സാമ്പത്തിക ബാധ്യത വന്നു പെട്ടതും. ഈ വകയില്‍ വലിയ തുകകള്‍ ഇപ്പോഴും കൊടുത്തു തീര്‍ക്കാനുണ്ടെന്നാണ് മോര്‍ഗനോട് നടന്‍ പറഞ്ഞത്. ബാള്‍ട്ടിമോറിലെ വസതി ജപ്തി ചെയ്യുന്നതിലേക്ക് എത്തിയതും ഇങ്ങനെയാണ്. രണ്ടു തവണ കോടതി തന്നെ പാപ്പരായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, പിന്നീട് തനിക്കതില്‍ നിന്നും കരകയറാന്‍ സാധിച്ചുവെന്നും മോര്‍ഗനോടായി സ്‌പേസി പറയുന്നുണ്ട്.
അമേരിക്കന്‍ പൊളിറ്റിക്കല്‍ ത്രില്ലര്‍ ടിവി പരമ്പര ഹൗസ് ഓഫ് കാര്‍ഡ്‌സിന്റെ ചിത്രീകരണത്തോടനുബന്ധിച്ച് 2012 ലാണ് ബാള്‍ട്ടിമോറിലേക്ക് കെവിന്‍ സ്‌പേസി താമസം മാറ്റുന്നത്.
ബാള്‍ട്ടിമോറിലെ ഇന്നര്‍ ബാര്‍ബറിലായി, നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ആഢംബര വസതിയാണ് സ്‌പേസിയുടെത്. 27 കോടിക്കാണ് ജപ്തി നടന്നത്. വെള്ളത്തിനു മുകളില്‍ നിര്‍മിച്ചിരിക്കുന്ന ഈ ആഢംബര വസതിയില്‍ ആറ് കിടപ്പു മുറികളും ഏഴ് ശുചി മുറികളുമുണ്ട്. മുകള്‍ നിലയിലേക്ക് പോകാന്‍ എലവേറ്റര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബാഷ്പസ്‌നാനത്തിലുള്ള സംവിധാനവുമുണ്ട്. കൂടാതെ ഹോം തിയേറ്റര്‍, റൂഫ്‌ടോപ് ടെറസ്, വിവിധ തരത്തിലുള്ള വരാന്തകള്‍ എന്നിവയും. ആറ് കാര്‍ ഗാരേജുകളും വീട്ടിലുണ്ടായിരുന്നു. ബാള്‍ട്ടിമോര്‍ സര്‍ക്യൂട്ട് കോടതിയില്‍ നടന്ന ലേലത്തില്‍ സ്‌പേസിയുടെ വസതി സ്വന്തമാക്കാന്‍ ഒന്നിലധികം പേര്‍ തയ്യാറായി വന്നിരുന്നു. പന്ത്രണ്ടര കോടി തൊട്ടാണ് ലേലം വിളി ആരംഭിച്ചതെന്ന് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒടുവില്‍ ലേലം പിടിച്ചത് ഒരു പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ബിനാമിയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഇവരുടെ വിശദാംശങ്ങള്‍ പുറത്തു വന്നിട്ടില്ല. kevin spacey’s baltimore home sold at auction amid financial struggles
Content Summary; kevin spacey’s baltimore home sold at auction amid financial struggles