മലപ്പുറത്ത് വീട്ടിലെ പ്രസവം നടന്ന സംഭവത്തിൽ വ്യാപക പ്രതിഷേധങ്ങളുയരുന്നുണ്ട്. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മലപ്പുറത്തെ ഭർത്തൃവീട്ടിൽ വച്ച് അശാസ്ത്രീയമായ പ്രസവത്തെ തുടർന്ന് രക്തസ്രാവം മൂലം മരണപ്പെട്ടത്. പ്രസവത്തിന് ശേഷം രക്തസ്രാവമുണ്ടായിട്ടും അസ്മയെ ഭർത്താവ് ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചിരുന്നു. ആത്മീയ ചികിത്സകനെന്നും മതപ്രഭാഷകനെന്നും സ്വയം വിശേഷിപ്പിച്ചിരുന്ന സീറാജുദ്ദീന്റെ തെറ്റായ ഇടപെടൽ മൂലമാണ് അസ്മയ്ക്ക് ജീവൻ നഷ്ടമായത്. ഈ സംഭവത്തിന് പിന്നാലെ വിചിത്ര വാദങ്ങളുമായി നിരവധി പേരാണ് രംഗത്തു വന്നത്. സിസേറിയൻ ഡോക്ടർമാരുടെ തട്ടിപ്പാണെന്നും അമ്മയുടെ ഗർഭപാത്രത്തിൽ നാല് വർഷം വരെ കിടക്കുമെന്നും എസ് വൈ എസ് ജനറൽ സെക്രട്ടറി ഡോ.എ.പി അബ്ദുൽ ഹക്കീം അസ്ഹരി പൊതുവേദിയിൽ നടത്തിയ പരാമർശവും സോഷ്യൽ മീഡിയയിൽ ചർച്ചക്കിടയാക്കിയിരുന്നു. ഇത്തരം വിചിത്ര പരാമർശങ്ങൾക്കും ചർച്ചകൾക്കുമിടയിൽ വീട്ടിലെ പ്രസവത്തിന്റെ അപകട സാധ്യതകൾ ഇല്ലാതാക്കാൻ സ്വീകരിക്കേണ്ടുന്ന നടപടികളെക്കുറിച്ചും സാമൂഹ്യപ്രവർത്തകയും ഡോക്ടറുമായ എ കെ ജയശ്രീ അഴിമുഖത്തോട് സംസാരിക്കുന്നു.
വീട്ടിലെ പ്രസവവുമായി ബന്ധപ്പെട്ടുള്ള വിചിത്ര വാദങ്ങളോട് പ്രതികരിക്കാൻ താൻ താത്പര്യപ്പെടുന്നില്ലെന്നും. പ്രത്യേക ഉദ്ദേശങ്ങളോടെ നടത്തുന്ന പരാമർശങ്ങളാണ് ഇവയെല്ലാമെന്നും ഡോ എ കെ ജയശ്രീ അഴിമുഖത്തോട് പറഞ്ഞു. സാക്ഷരതയുടെ കാര്യത്തിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിൽ താമസിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ഇങ്ങനെ ഒരു പരാമർശമുണ്ടാവുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് കരുതുന്നില്ല. ഇത്തരം വിചിത്ര വിചാരങ്ങളുള്ള നിരവധിയാളുകൾ നമുക്ക് ചുറ്റുമുണ്ട്, ഇതൊരു മതത്തിനെയോ വിഭാഗത്തിനെയോ ചുറ്റിപറ്റി നിൽക്കുന്ന കാര്യമല്ലെന്നും ഡോ എ കെ ജയശ്രീ വ്യക്തമാക്കി.
എല്ലാവരും ആശുപത്രിയിൽ തന്നെ പ്രസവിക്കണമെന്ന് നമുക്ക് വാശിപിടിക്കാൻ സാധിക്കില്ല. വീട്ടിൽ പ്രസവിച്ചാലും ആവശ്യത്തിനുള്ള ആരോഗ്യ പരിരക്ഷ ലഭിക്കണെമെന്ന് മാത്രം. ശാസ്ത്രീയമായ രീതിയിൽ കൃത്യമായ പരിശീലനം ലഭിച്ച ആളുകളുടെ സഹായത്തോടെ വേണം വീട്ടിലെ പ്രസവം നടത്താനെന്നും എ കെ ജയശ്രീ പറഞ്ഞു. വികസ്വര രാജ്യങ്ങളിലെല്ലാം അനുവർത്തിക്കുന്ന രീതിയാണ് കൃത്യമായ സംവിധാനങ്ങളോടെയുള്ള വീട്ടിലെ പ്രസവം. അപകടമുണ്ടാവാതെ പ്രസവം നടത്താനുള്ള സംവിധാനങ്ങളാണ് നമുക്ക് ഉണ്ടാവേണ്ടത്. ഇതിനുള്ള സംവിധാനങ്ങളില്ലാത്ത ട്രൈബൽ ഏരിയ പോലെയുള്ളിടത്തെ ആളുകൾ എന്ത് ചെയ്യും. ഈ വിഷയത്തിൽ ഒരുപാട് ചർച്ചകൾ ആവശ്യമാണ്. പ്രസവമെടുക്കുന്ന സ്ത്രീകൾക്ക് കൃത്യമായ പരിശീലനം നൽകുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കപ്പെട്ടേക്കുമെന്നും ജയശ്രീ കൂട്ടിച്ചേർത്തു.
നിരവധി അന്ധവിശ്വാസങ്ങളാണ് ഈയൊരു കാര്യവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നത് അതിനെയെല്ലാം ഒരു ദിവസം കൊണ്ട് തുടച്ചു നീക്കാൻ സാധിക്കുന്നതല്ല. അപ്രിയമായ കാര്യങ്ങൾക്ക് പകരം കൃത്യമായ അറിവ് നൽകുക എന്നത് മാത്രമാണ് ഇക്കാര്യത്തിൽ ചെയ്യാൻ സാധിക്കുന്നത്. ആരോഗ്യമേഖലയിലുള്ള ആളുകൾക്കിടയിൽ പോലും ഇത്തരത്തിലുള്ള നിരവധി വിശ്വാസങ്ങളുണ്ട്. ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്തരം വിശ്വാസങ്ങൾ തീർച്ചയായും നമ്മളെ സ്വാധീനിക്കും. മറുവശത്ത് ശാസ്ത്രീയമായ അറിവ് കുറച്ചുകൂടി ഇഫക്ടീവായി നമ്മൾ കൊടുക്കുകയാണ് വേണ്ടത്. പരമാവധി അവബോധം ഈ വിഷയത്തിൽ സമൂഹത്തിന് നൽകാൻ സാധിക്കണമെന്ന് ജയശ്രീ പറഞ്ഞു.
ഗർഭധാരണത്തിന് ശേഷം ആവശ്യമായ ഘട്ടങ്ങളിൽ കൃത്യമായ മെഡിക്കൽ ചെക്കപ്പ് നടത്താത്തത് പല തരത്തിലുള്ള അപകടങ്ങൾക്കും കാരണമായേക്കാം. പ്രസവ സമയത്ത് ഏറ്റവും കൂടുതൽ അമ്മമാർ മരിക്കുന്നത് അമിത രക്തസ്രാവം മൂലമാണ്. രക്തസ്രാവമുണ്ടാവാനുള്ള പ്രധാന കാരണം അനീമിയ ആണ്. സ്കാനിംഗ് മുതലായ സംവിധാനങ്ങൾ ഓരോ ഘട്ടത്തിലും കൃത്യമായി നടപ്പാക്കിയിരിക്കണം ഇത് ഗർഭസ്ഥ ശിശുവിന്റെയും അമ്മയുടെയും ആരോഗ്യത്തെ സംബന്ധിച്ച് കൃത്യമായ ധാരണ നൽകും. സ്ത്രീകളുടെ ഇടുപ്പെല്ല് ശരിയ്ക്കും വികസിച്ചിട്ടില്ലെങ്കിൽ കുഞ്ഞ് പുറത്തേക്ക് വരുന്ന സമയത്ത് ഇടയ്ക്ക് വച്ച് സ്റ്റക്കായി പോകാനുള്ള സാധ്യതയുണ്ട്. മെമ്പറൈൻ പൊട്ടി പോവുകയും പ്രസവം കൃത്യമായി നടക്കാതിരിക്കുകയും ചെയ്യാം. സാധാരണയായി കുഞ്ഞിന്റെ തലയാണ് അടിഭാഗത്ത് വരുന്നത്, തിരിച്ചാവുന്ന സമയത്ത് കുഞ്ഞ് പുറത്തേക്ക് വരാൻ ബുദ്ധിമുട്ടുണ്ടായേക്കാം. ഇത്തരത്തിൽ ഒരുപാട് സങ്കീർണതകൾ വീട്ടിലെ പ്രവസത്തിലുണ്ടാവാം. ഇത്തരത്തിൽ അടിയന്തരമായ കാര്യങ്ങൾ ആദ്യഘട്ടത്തിൽ തന്നെ ആധുനിക ശാസ്ത്രം കണ്ടെത്തുന്നുണ്ട്. ഇതിനായി സംവിധാനങ്ങളെല്ലാം കൃത്യമായി പ്രയോജനപ്പെടുത്തണെന്നും ജയശ്രീ പറഞ്ഞു.
പ്രസവാനന്തരം കുട്ടിയ്ക്കും അമ്മയ്ക്കും വലിയ തരത്തിലുള്ള ആഘാതങ്ങൾ വീട്ടിലെ പ്രസവം ഉണ്ടാക്കിയേക്കാം. അമ്മയോ കുഞ്ഞോ മരിച്ചു പോകുന്ന സാഹചര്യവും രണ്ടു പേരും മരിച്ചു പോവുന്ന സാഹചര്യവും ഉണ്ടാവാം. മാത്യമരണ നിരക്ക് ഇന്ത്യയിൽ വളരെ കൂടുതലായിരുന്നെങ്കിലും ഇപ്പോഴത്തെ കേരളത്തിലെ സാഹചര്യം ഇതിൽ നിന്ന് വിഭിന്നമാണ്. അതു കൊണ്ടാവാം ആളുകൾ പഴയരീതിയിലേക്ക് വീണ്ടും മടങ്ങി പോകുന്നത്. മാതൃ മരണനിരക്കും ശിശുമരണനിരക്കും കുറയ്ക്കാൻ കേരളത്തിന് സാധിച്ചത് കൃത്യമായ ആരോഗ്യ അവബോധമുള്ളത് കൊണ്ടാണ്. വാക്സിനെതിരെ പോലും പ്രതിഷേധിക്കുന്നവർ ഇപ്പോഴും കേരളത്തിലുണ്ട്. അത് ഒരു ജില്ലയുടെയോ ഒരു മതവിഭാഗത്തിന്റെയോ മാത്രം പ്രശ്നമായി കരുതുന്നില്ല. അശാസ്ത്രീയമായ തരത്തിലുള്ള ഇത്തരം പരാമർശങ്ങൾ എല്ലാ മതക്കാരുടെയും ഭാഗത്ത് നിന്നുണ്ടാവുന്നുണ്ടെന്ന് ജയശ്രീ വ്യക്തമാക്കി.
തങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു വിഷയത്തെക്കുറിച്ച് സ്ത്രീകൾക്ക് തന്നെ അവബോധമില്ല. സ്ത്രീസംഘടനകൾ എന്തുകൊണ്ട് മുന്നോട്ട് വരുന്നില്ല. തങ്ങളുടെ ജീവൻ അപകടത്തിലാവാതെ നോക്കാനുള്ള ഉത്തരവാദിത്തം എല്ലാ സ്ത്രീകൾക്കുമുണ്ടെന്ന് ജയശ്രീ പറയുന്നു. വിവാഹം കഴിക്കുന്നതിന് മുമ്പ് ഇതിനെക്കുറിച്ചെല്ലാമുള്ള അറിവ് ആർജ്ജിച്ചെടുക്കാൻ നമുക്ക് സാധിക്കണം. അവരവരുടെ ജീവന് പ്രശ്നമാവുന്ന സംഗതിയെക്കുറിച്ച് അറിയാനും പഠിക്കാനും സ്ത്രീകൾക്ക് സാധിക്കണം. ഒരു കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കൂവെന്നും ജയശ്രീ കൂട്ടിച്ചേർത്തു.
content summary: Home birth practices should be replaced; superstitions must be eradicated. What is truly needed is proper healthcare says A.K. Jayashree