വെയിലത്തും മഴയിലും നടന്നും റോഡരികിലും മറ്റുമിരുന്നും ഭാഗ്യം മാത്രം മുറുകെ പിടിച്ചുകൊണ്ടാണ് ഓരോ ലോട്ടറി വിൽപ്പനക്കാരനും തന്റെ ഒരു ദിവസത്തിന്റെ ലാഭനഷ്ടങ്ങൾ കണക്കാക്കുന്നത്. മണിക്കൂറുകൾ മാത്രം ആയുസുള്ള ലോട്ടറി ടിക്കറ്റിൽ പലപ്പോഴും ലോട്ടറി വിൽപ്പനക്കാരന് ലാഭത്തിന്റെ ഭാഗ്യം തെളിയാറില്ല. ഈ ഓണക്കാലത്ത് ലോട്ടറി വ്യവസായത്തിന്റെ ഉയർച്ചയിൽ പ്രതീക്ഷ വെയ്ക്കുമ്പോഴും ജിഎസ്ടി വർദ്ധനവ് തിരിച്ചടിയാവുകയാണ്. രാജ്യത്ത് ലോട്ടറി ടിക്കറ്റുകളുടെ ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്ന് 40 ശതമാനമായി ഉയർത്താൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. തുടർന്ന് വിഷയത്തിൽ ചർച്ചകൾ വരുകയും കേരള ഭാഗ്യക്കുറി സംരക്ഷണ സമിതി ലോട്ടറിയുടെ മേലുള്ള ജിഎസ്ടി വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന തൊഴിലാളികളിൽ ഉൾപ്പെടുന്നവരാണ് ലോട്ടറി തൊഴിലാളികൾ. ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ പണിയെടുക്കുന്ന ഈ മേഖലയിലെ ഒരു ലോട്ടറി തൊഴിലാളിയാണ് വൈക്കം സ്വദേശിയായ സുമേഷ്. മെയ് മാസത്തിലെ ടിക്കറ്റ് വില വർദ്ധനവും മഴയും കാരണം ലോട്ടറി മേഖല പ്രതിസന്ധിയിലാണെന്നും ജിഎസ്ടി വർദ്ധനവ് നടപ്പാക്കിയാൽ ലോട്ടറി വിൽപ്പനക്കാർ വീണ്ടും പ്രതിസന്ധിയിലാകുമെന്നും സുമേഷ് അഴിമുഖത്തോട് പറഞ്ഞു.
‘മെയ് മാസത്തിലാണ് ബമ്പർ നറുക്കെടുപ്പ് ഒഴികെ എല്ലാ ലോട്ടറികളുടെയും വില 50 രൂപയാക്കി കൂട്ടിയത്. അതിന് മുൻപ് വരെ ആഴ്ചയിൽ ബുധനാഴ്ച മാത്രം 50 രൂപയും ബാക്കിയുള്ള ദിവസംങ്ങളിൽ 40 രൂപയുമായിരുന്നു. അന്ന് തുടർച്ചയായി രണ്ട് മാസം കച്ചവടം വളരെ മോശമായിരുന്നു. പൊതുവായി നടന്നിരുന്ന വിൽപ്പനയിൽ നിന്ന് നേർപകുതിയായി ഇടിഞ്ഞിരുന്നു. കൂടാതെ മൺസൂൺ കൂടി തുടങ്ങിയപ്പോൾ വിൽപ്പന വീണ്ടും കുറയാൻ കാരണമായി. അതിൽ നിന്നെല്ലാം അതിജീവിച്ച് വിൽപ്പന അൽപ്പമൊന്ന് മെച്ചപ്പെട്ട് വന്നപ്പോഴാണ് ജിഎസ്ടി നിരക്ക് ഉയർത്താൻ പോകുന്നുവെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഞങ്ങളുടെ പ്രതീക്ഷകൾ വീണ്ടും ഇല്ലാതാകുന്ന അവസ്ഥയിലേക്കാണ് അത് കൊണ്ടെത്തിച്ചത്.
ജിഎസ്ടി കൂട്ടിയാൽ ടിക്കറ്റിന്റെ വിലയും കൂടുമെന്നതിൽ സംശയമില്ല. ദിവസവേതനക്കാരാണ് കൂടുതലും ലോട്ടറി എടുക്കുന്നത്. വില കൂടിയാൽ ടിക്കറ്റ് വാങ്ങുന്നതിൽ നിന്നും അവർ പിന്നോട്ട് വലിയും. അത് ഞങ്ങളെ പോലുള്ള വിൽപ്പനക്കാർക്ക് വലിയ തിരിച്ചടിയാകും. സീരിയൽ നമ്പർ നോക്കി 12 എണ്ണം എടുക്കുന്നവരൊക്കെയുണ്ട്. വില കൂടിയാൽ 12 എണ്ണം എടുക്കുന്നവർ നാലോ അഞ്ചോ എണ്ണത്തിലേക്ക് ടിക്കറ്റുകളുടെ എണ്ണം ചുരുക്കും.
തുടക്കത്തിൽ ഞാൻ 480 ടിക്കറ്റുകൾ ഒരു ദിവസം ലോട്ടറി ഏജന്റുമാരിൽ നിന്ന് എടുക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ 300 ൽ താഴെയാണ് എടുക്കുന്നത്. കാരണം വിൽപ്പന വളരെ കുറവാണ്. ഏകദേശം 180 ഓളം ടിക്കറ്റുകളുടെ എണ്ണം കുറയ്ക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. ജിഎസ്ടി നിരക്ക് കൂട്ടുന്നത് ഒരിക്കലും ഉചിതമായ തീരുമാനമായിരിക്കില്ല. ലോട്ടറി മേഖല അത് വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിടും. 40 രൂപയിൽ നിന്ന് 50 രൂപയാക്കിയാപ്പോൾ തന്നെ വാങ്ങുന്നവർക്ക് ബുദ്ധിമുട്ടായിരുന്നു.
ഞാൻ ലോട്ടറി വിൽപ്പനയിലേക്ക് മാറിയിട്ട് രണ്ടര വർഷമായിട്ടേയുള്ളൂ സിനിമാ മോഹവുമായി നടക്കുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. അത്ഭുത ദ്വീപ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥയും മറ്റും ചർച്ച ചെയ്യാനുള്ള അവസരവും സിനിമയിലെ കുറച്ച് സുഹൃത്തുക്കളും കൊച്ചിയിലുള്ളത് കൊണ്ട് കൂടിയാണ് കളമശ്ശേരിയിൽ ഒരു ലോട്ടറി കട തുടങ്ങിയത്. ലോട്ടറി എന്റെ പ്രധാന വരുമാന മാർഗമാണ്. ഇതിലേക്ക് വരുന്നതിന് മുൻപ് വൈക്കത്ത് ചെറിയ ജോലികൾ ചെയ്തിരുന്നു. അതെല്ലാം മാറ്റി വെച്ചിട്ടാണ് ലോട്ടറി വിൽപ്പനയിലേക്ക് വന്നത്. രണ്ടര വർഷമായി ലോട്ടറിയിൽ നിന്ന് ലഭിക്കുന്ന പണത്തെ ആശ്രയിച്ചാണ് എന്റെ കുടുംബം കഴിയുന്നത്.
ലോട്ടറി ഏജൻ്റുമാരിൽ നിന്നാണ് ടിക്കറ്റുകൾ ഞങ്ങൾ എടുക്കുന്നത്. 95 ശതമാനം ലോട്ടറി വിൽപ്പനക്കാരും നാളെ നറുക്കെടുക്കുന്ന ടിക്കറ്റ് ഇന്ന് വൈകിട്ടാണ് ഏജൻ്റുമാരിൽ നിന്ന് ശേഖരിക്കുന്നത്. അൽപം സാമ്പത്തികഭദ്രതയുള്ളവരാണെങ്കിൽ മാത്രമാണ് രണ്ട് ദിവസത്തേക്ക് ആവശ്യമായ ടിക്കറ്റുകളെടുത്ത് സൂക്ഷിക്കുന്നത്. വൈകിട്ട് മൂന്ന് മണിക്ക് നറുക്കെടുപ്പ് കഴിഞ്ഞാൽ നാല് മണി മുതൽ അടുത്ത ലോട്ടറിയുടെ കച്ചവടം തുടങ്ങും. വൈകിട്ട് നാല് മണി മുതൽ അടുത്ത ദിവസം രാവിലെ മൂന്ന് മണി വരെയാണ് ഒരു ലോട്ടറിയുടെ ആയുസ്. എടുത്ത ലോട്ടറികൾ മുഴുവൻ വിറ്റ് പോയില്ലെങ്കിൽ നമ്മുടെ പണം നഷ്ടമാകും.
ടിക്കറ്റിന് വില വർദ്ധിച്ചതോടെ മിക്ക ലോട്ടറി വിൽപ്പനക്കാരും കടക്കെണിയിലാണ്. ഏജന്റുമാരിൽ നിന്നെടുക്കുന്ന ടിക്കറ്റുകളുടെ എണ്ണം കുറച്ചിട്ടുണ്ടെങ്കിലും അതും വിറ്റ് പോകാത്ത സാഹചര്യമുണ്ടാകുമ്പോൾ സ്വാഭാവികമായും അവർക്ക് ബുദ്ധിമുട്ടുണ്ടാകും. അങ്ങനെയാണ് പലരും പണം കടം വാങ്ങുന്നത്.
നിലവിൽ ഓണം ബമ്പറിലാണ് ഞങ്ങളുടെ പ്രതീക്ഷ. ലോട്ടറി എടുക്കുന്നവർ ഓണത്തിന് സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ ഉറപ്പായും ഓണം ബംപറുമെടുക്കും. സ്ഥിരമായി ലോട്ടറി എടുക്കാത്തവരും ഓണം ബമ്പറെടുക്കാറുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം ലോട്ടറി എടുക്കുന്നവരും ഒരുപക്ഷേ തിരഞ്ഞെടുക്കുന്നത് ഓണം ബമ്പറാകും. അതിന്റെ വിൽപ്പന ഏകദേശം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാനമായിരിക്കും നറുക്കെടുപ്പ് വരുക. 60 ശതമാനം വിൽപ്പനയും നടക്കുന്നത് അവസാനത്തെ ആഴ്ചയിലായിരിക്കും. ഇത്തവണയും 25 ലക്ഷം തന്നെയാണ് സമ്മാനത്തുക. ഓണം ബംപർ നേരത്തെ തന്നെ പ്രിന്റ് ചെയ്തത് കൊണ്ട് ജിഎസ്ടി വർദ്ധിപ്പിച്ചാലും ഇപ്പോഴത്തെ കച്ചവടത്തെ ബാധിക്കില്ലെന്നാണ് കരുതുന്നത്.
ദിവസവും വിൽക്കുന്ന ടിക്കറ്റിനെയാണ് ജിഎസ്ടി ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജിഎസ്ടി വർദ്ധനവിനെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിതുടങ്ങിയിട്ടുണ്ട്. ജിഎസ്ടി വർദ്ധിപ്പിക്കുന്നുവെന്ന് സർക്കാർ ഉറപ്പ് പറഞ്ഞാൽ അത് തീർച്ചയായും ജനങ്ങളിലെത്തുകയും അവരിൽ ടിക്കറ്റെടുക്കുന്നതിനെക്കുറിച്ച് ഒരു സംശയം ഉണ്ടാവുകയും ചെയ്യും. നിലവിലുള്ള ജിഎസ്ടി കുറയ്ക്കുമോയെന്ന് എനിക്കുറപ്പില്ല. നിലവിലെ 28 ശതമാനം തന്നെ തുടർന്ന് പോവുകയാണെങ്കിൽ അത് ഞങ്ങളെ പോലുള്ള ലോട്ടറി വിൽപ്പനക്കാർക്ക് വലിയൊരു സഹായം തന്നെയാകും,’ സുമേഷ് അഴിമുഖത്തോട് പറഞ്ഞു.
ലോട്ടറി ജിഎസ്ടി 40 ശതമാനമായി ഉയർത്താനുള്ള നിർദ്ദേശം സെപ്തംബർ 3-4 തീയതികളിലാണ് ജിഎസ്ടി കൗൺസിൽ പരിഗണിക്കുന്നത്.
Content Summary: Hope in Onam Bumper; the hardships of Kerala lottery sellers
This post was last modified on February 9, 2026 7:00 pm
Leave a Comment