ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് യു.എസ് തിരിച്ചടി. ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യു.എസ് വ്യോമാക്രമണം നടത്തി. വ്യാഴാഴ്ചയാണ് ഹോർമുസ് കടലിടുക്കിൽ വച്ച് സിംഗപ്പൂർ പതാകയുള്ള വാണിജ്യ ചരക്കുകപ്പലിനു നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയത്. ഇറാന്റെ നടപടി വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു അമേരിക്കൻ സൈന്യത്തിന്റെ ആക്രമണം.
ഇറാന്റെ മിസൈൽ, ഡ്രോൺ സംഭരണകേന്ദ്രങ്ങളിലും തീരദേശ റഡാർ സംവിധാനങ്ങളിലുമാണഅ വെള്ളിയാഴ്ച യു.എസ് സൈന്യം ആക്രമണം നടത്തിയതെന്ന് യു.എസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിന് സമീപത്തും ഖെഷെം ദ്വീപിലുമുള്ള കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. ചരക്കുകപ്പൽ ആക്രമിച്ച ഇറാനുള്ള ശക്തമായ മറുപടിയാണിതെന്ന് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

ഇറാന്റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപറ്റുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ചരക്കുകപ്പൽ ആക്രമിക്കപ്പെട്ടതോടെ ഹോർമുസിലെ കപ്പൽനീക്കം വീണ്ടും പ്രതിസന്ധിയിലായി. മേഖലയിൽ കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം നാവികരെ സുരക്ഷിതമായി മാറ്റുന്നതിനുള്ള നടപടികൾ തടസ്സപ്പെട്ടു.
അതേസമയം, ഇറാനുമായുള്ള വെടിനിർത്തൽ തുടരാനുള്ള ശ്രമം നടത്തുമെന്ന് യു.എസ് സൈന്യം അറിയിച്ചു. വെടിനിർത്തൽ കരാർ പൂർണമായും നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ യു.എസ് സൈന്യം ജാഗ്രത പാലിക്കുമെന്നും യു.എസ് സെൻട്രൽ കമാൻഡ് പറഞ്ഞു.
”ഇറാൻ വെടിനിർത്തൽ കരാർ ഒപ്പുവച്ചു. അതിനെ ഞങ്ങൾ ബഹുമാനിക്കുന്നു. കരാർ നടപ്പാക്കുന്നതിൽ വിയോജിപ്പുകളുണ്ടെങ്കിൽ അവർക്ക് അത് പറയാവുന്നതാണ്”- യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ആക്രമണത്തിനുശേഷം പങ്കുവച്ച സമൂഹമാധ്യമ കുറിപ്പിൽ പറഞ്ഞു. അക്രമത്തെ അക്രമം കൊണ്ടുതന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ് സൈനിക നടപടിക്ക് തൊട്ടുമുമ്പ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരെ കണ്ട പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഇറാന്റെ ആക്രമണത്തിന് മറുപടി നൽകുമോ എന്ന് ചോദിച്ചപ്പോൾ, അത് നിങ്ങൾ കാണാൻ പോവുകയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇറാന്റെ ആക്രമണം വെടിനിർത്തൽ കരാറിന്റെ ‘മണ്ടൻ ലംഘനമാണ്’ എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ കരാർ ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നൽകിയില്ല.
ഹോർമുസ് കടലിടുക്കിൽ നിയത്രണം പാലിക്കാതെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെയാണ് ഡ്രോണുകൾ വിക്ഷേപിച്ചതെന്ന് ഇറാനിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. നിയന്ത്രണം പാലിക്കത്ത കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.
ഇനിയും യു.എസ് ആക്രമണമുണ്ടാൽ പ്രതികരണം കടുത്തതായിരിക്കുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിനെ ഉദ്ധരിച്ച് ഇറാൻ മാധ്യമം റിപ്പോർട്ട് ചെയ്തു. ഹോർമുസിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം ഇറാന് നൽകുന്നതാണ് വെടിനിർത്തൽ കരാർ എന്നും റവല്യൂഷണറി ഗാർഡ് ചൂണ്ടിക്കാട്ടി.
Content Summary: The US military conducted airstrikes on Iranian missile, drone storage, and coastal radar facilities near the Strait of Hormuz and Qeshm Island in response to an Iranian drone attack on a Singapore-flagged commercial cargo vessel.