ഹോട്ട് മില്‍ക്ക്; ബന്ധങ്ങളുടെ ഇരുണ്ട പുഴ

ഒരു സ്ത്രീപക്ഷ സിനിമയാണ്

പല അര്‍ത്ഥത്തിലും ‘ഹോട്ട് മില്‍ക്ക്’ (Hot Milk) ഒരു സ്ത്രീപക്ഷ സിനിമയാണ്. ഒരു അമ്മയും മകളും മാത്രമുള്ള ലോകത്തെ, അവരുടെ ബന്ധത്തിലെ സങ്കീര്‍ണതകളെയും വിള്ളലുകളെയും, സൈക്കോളജിക്കല്‍ ആയി അവതരിപ്പിക്കുന്ന സിനിമ. ഡയലോഗുകള്‍ ഒക്കെ ലളിതമാണ്. എന്നാല്‍ അതിലെ അടിയൊഴുക്കുകള്‍ വിചിത്രമാണ്. ശിഥിലമായ കുടുംബങ്ങളില്‍ നിന്ന് ഇറങ്ങിയോടുന്ന എല്ലാവരും സ്വതന്ത്രരാവുന്നില്ല. അവരുടെ വര്‍ത്തമാനത്തെയും ഭൂതം നയിക്കുന്നു.

ഹോട്ട് മില്‍ക്ക് ഗ്രീസിലാണ് യഥാര്‍ത്ഥത്തില്‍ ചിത്രീകരിച്ചത് എന്ന് പറയപ്പെടുന്നു. പ്രേക്ഷകര്‍ കാണുന്നത് ചികിത്സക്കായി ലണ്ടനില്‍ നിന്നും സ്‌പെയിനിലേക്ക് എത്തുന്ന സോഫിയയെയും അമ്മ റോസിനെയുമാണ്. അവിടെ ബീച്ചിനടുത്ത് താത്കാലികമായി താമസിക്കുന്നു. സൂര്യനും, ആകാശവും, കടലും ജ്വലിക്കുന്ന വേനല്‍. മനോഹരമായ ബീച്ച് ഫ്രെമുകള്‍. കുറച്ചു ഡാര്‍ക്ക് തീം ആണെങ്കിലും, കാമറ കൂടുതല്‍ വെളിച്ചത്തെയാണ് പ്രണയിക്കുന്നത്.

നാടകകൃത്തും, സിനിമ സംവിധായകയുമായ റബേക്ക ലെങ്കിവിച് (Rebecca Lenkiewicz) ആണ് ഹോട്ട് മില്‍ക്ക് സംവിധാനം ചെയ്തിട്ടുള്ളത്. ഡെബോറ ലിവി (Deborah levi) യുടെ അതേ പേരിലുള്ള നോവല്‍ അടിസ്ഥാനമാക്കി എടുത്ത സിനിമ. പോപ്പുലര്‍ ആയ ഒരു സൗത്ത് ആഫ്രിക്കന്‍ ഫെമിനിസ്റ്റ് റൈറ്റര്‍ ആണ് ഡെബോറ. അവരുടെ മൂന്ന് ഭാഗങ്ങള്‍ ആയി ഇറക്കിയ ആത്മകഥയില്‍ ‘Things I don’t want to know’ വായിച്ചിട്ടുണ്ട്. കൊള്ളാം.

ലണ്ടനിലെ ഡോക്ടര്‍ ഗോമസ് ഒരു ഷാമന്‍ ആണ്. വീല്‍ച്ചെയറില്‍ ജീവിതം കഴിച്ചു കൂട്ടുന്ന റോസിന്റെ പിടിവാശികള്‍ക്കും, മാനിപുലേഷന്‍കള്‍ക്കും ഇരയാവുന്ന മകള്‍ സോഫി ആകെ കൈവിട്ടു പോയ അവസ്ഥയിലാണെന്ന് ഡോക്ടര്‍ ആദ്യമേ തിരിച്ചറിയുന്നു. ഗോമസ് ആയി വരുന്ന വിന്‍സെന്റ് പെരെസ് (Vincent Presez} ഇഷ്ടപ്പെട്ട നടനാണ്. പറ്റിയ വേഷം. ചികിത്സയുടെ ഭാഗമായി, ഭൂതകാലത്തെ അഴിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഡോക്ടറെ റോസിന്റെ കൂര്‍മബുദ്ധി തടയുന്നുണ്ട്. സ്വന്തം കാലുകളെ റോസ് ചങ്ങലക്കിട്ടിരിക്കുകയാണോ അറിഞ്ഞു കൊണ്ട് എന്ന ചോദ്യം സോഫിയുടെ ഉള്ളിലുമുണ്ട്. അവളുടെ പഠനവും, ഇരുപതുകളും, ഇരുളടയുന്നതു റോസിന്റെ പ്രശ്‌നമായി വരുന്നില്ല. മറിച്ചു എല്ലാവരുടെ മുന്‍പിലും അവളെ ചെറുതാക്കുന്ന പ്രവണതയും ഉണ്ട്. ജീവിതത്തില്‍, എവിടെയോ അകപ്പെട്ടു പോയ, അതില്‍ നിന്നും പുറത്തു കടക്കാന്‍ ഒരു ഉദ്ദേശ്യവും ഇല്ലാത്ത, അത് വലിയ കംഫര്‍ട്ട് സോണ്‍ ആയി ഉപയോഗിക്കുന്ന Fiona Shaw യുടെ റോസ് ഹോട്ട് മില്‍ക്കിന്റെ ഒരു ഹൈലൈന്‍ ആണ്. അസ്വസ്ഥതയും സഹതാപവും ഒരു പോലെ ജനിപ്പിക്കുന്ന കഥാപാത്രം.

കടപ്പുറത്തെ ഉച്ചവെയിലില്‍ കുതിരപ്പുറത്തു ഒരു സ്വപ്നത്തില്‍ എന്ന പോലെ അവതരിക്കുന്ന ഇന്‍ഗ്രിഡ് സോഫിയയുടെ ഏകാന്തതകളെ സുന്ദരമാക്കുന്നു. അവര്‍ വല്ലാതെ അടുക്കുന്നു. സ്വന്തം എന്ന് അവകാശപ്പെടാന്‍ ഒരാളായി ഇന്‍ഗ്രിഡിനെ കാണുന്ന സോഫിയ പലപ്പോഴും നിരാസം ഏറ്റുവാങ്ങുന്നു. പക്ഷേ ചുറ്റി ചുറ്റി അവളിലേക്ക് തന്നെ തിരിച്ചെത്തുന്നു. ഒരര്‍ത്ഥത്തില്‍, ഇന്‍ഗ്രിഡ് മറ്റൊരു പ്രതീകമാണ്. ജെല്ലിഫിഷിന്റെ സ്‌കാറുകള്‍ക്കായി സ്വയം കടലില്‍ ചാടുന്ന സോഫിയ, സങ്കല്പത്തിലോ യാഥാര്‍ഥ്യത്തിലോ ഉണ്ടാക്കുന്ന വൈകാരികമായ ലയനവും മുറിവുകളും. ഹോട്ട് മില്‍ക്കിലെ ഈ സീനുകള്‍ അത്ര ആകര്‍ഷിച്ചില്ല. പുതുമ തോന്നാത്ത അവതരണം. പക്ഷെ, അഭിനയം കൊള്ളാം. ഫ്രെമുകളും. ഇന്‍ഗ്രിഡ് ആയി Vicky Krieps കണ്‍വിന്‍സിങ് ആണ്.

Emma Mackey ആണ് സോഫിയയെ അവതരിപ്പിക്കുന്നത്. ഒരു പ്രത്യേക ലുക്കുള്ള നടിയാണ്. പുറമെ ശാന്തമെന്നു തോന്നുമ്പോഴും, ഉള്ളില്‍ പ്രക്ഷുബ്ധമായ അവസ്ഥ. മുഖവും, ശരീര ഭാഷയും, സംസാരവും, ഓരോ നിമിഷവും സോഫിയയുടെ ഭൂതവും ഭാവിയും നമ്മളിലേക്ക് എത്തിക്കുന്നുണ്ട് എമ്മ. ഒടുവില്‍ റോസിന്റെ മുഖംമൂടികളെല്ലാം അഴിഞ്ഞു വീഴുമ്പോള്‍, യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാന്‍ അവരെ തള്ളി വിടുകയല്ലാതെ മറ്റൊരു മാര്‍ഗവും അവശേഷിക്കുന്നില്ല സോഫിയക്ക്.

കഴിഞ്ഞ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ട Malu എന്ന സിനിമ എവിടെയൊക്കെയോ ഓര്‍മിപ്പിച്ചു ഈ ചിത്രം. പക്ഷെ, അതിന്റെ പിരിമുറുക്കം ഒന്നും കിട്ടിയില്ല. റബേക്ക ലെങ്കിവിചിന്റെ മികച്ച ഒരു സിനിമയല്ല ഹോട്ട് മില്‍ക്ക്. പേരിനെക്കുറിച്ചു ചോദിച്ചാല്‍, തീമുമായി നേരിട്ടു ബന്ധമില്ല. മെറ്റഫോര്‍ അത്രക്കങ്ങോട്ടു മനസിലായില്ല. നോവല്‍ വായിച്ചിട്ടും ഇല്ല. ഇഷ്ടപെട്ടത് സ്‌ക്രിപ്റ്റിലും അവതരണത്തിലും ഉള്ള ഒതുക്കം മാത്രം. മെലോഡ്രാമ കുറയുമ്പോള്‍, സിനിമയിലും, ജീവിതത്തിലും സീനുകള്‍ക്കു ക്ലാരിറ്റി കൂടുമെന്നു വിശ്വസിക്കുന്നു. Hot Milk; Mom and Daughter in Complexity

Content Summary: Hot Milk; Mom and Daughter in Complexity

സുമി ബാഹുലേയന്‍: സിനിമ നിരൂപക
Related Post
Leave a Comment