June 04, 2026 |
Share on

ഊണു കഴിക്കാന്‍ വരുന്നത് 12 പേര്‍; പക്ഷേ സംഗതി ‘ലാഭം’; ഒറ്റപ്പാലത്തെ ഒരു ഹോട്ടലിന്റെ വിജയരഹസ്യം

ലാഭക്കൊതിയിൽ നെട്ടോട്ടമോടുന്ന നമ്മളിൽ നിന്നും വിഭിന്നമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന പത്മനാഭേട്ടനും കമലാക്ഷിയമ്മയും

‘ചക്കര മാവിൻ കൊമ്പത്ത്‌’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ വേറിട്ട അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച് നടന്‍ ജോയ് മാത്യു.

ഇന്ന് ഒറ്റപ്പാലത്ത്‌ പനയൂർ എന്നിടത്ത്‌
“ചക്കര മാവിൻ കൊമ്പത്ത്‌”എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്‌ -അടുത്തുള്ള ചെറിയ ചായക്കട കണ്ടപ്പഴേ മനസ്സ്‌ പറഞ്ഞു- ഇവിടെ നല്ല നാടൻ ഊണു കിട്ടാൻ സാദ്ധ്യതയുണ്ട്‌-
സംഗതി ശരിയാണ്-നല്ല പുത്തരിയുടെ ചോർ,
നാടൻ കറികൾ,തോരൻ,അയല പൊരിച്ചത്‌, പപ്പടം , വീട്ടിലെ പശുവിന്റെ പാലിൽ നിന്നുണ്ടാക്കിയ നല്ല
നാടൻ മോരും പിന്നെ രസവും. കുടിക്കാനാണെങ്കിലോ സ്വന്തം വീട്ടിലുള്ള കിണറ്റിലെ പച്ചവെള്ളം- എല്ലാം പാകം ചെയ്യുന്നത്‌ പത്മനാഭേട്ടനും ഭാര്യ കമലാക്ഷി അമ്മയും.
കോഴിക്കോടൻ ഭാഷയിൽ പറഞ്ഞാൽ ഊൺ റാഹത്തായി. ആകെ അൻപത്‌ രൂപ-
പണം കൊടുക്കുമ്പോൾ ഞാൻ പത്മനാഭേട്ടനോട്‌ ചോദിച്ചു ആകെ എത്ര പേർ ഊണുകഴിക്കാൻ വരും?”
മൂപ്പർ പറഞ്ഞു “പത്ത്‌ പന്ത്രണ്ട്‌ പേരൊക്കയുണ്ടാകും”
ഞാൻ ഞെട്ടി.
മൂപ്പർ പറഞ്ഞു “ഞാനിത്‌ ലാഭത്തിനുവേണ്ടി നടത്തുന്നതല്ല. എനിക്ക്‌ എഴുപത്തിരണ്ടു വയസ്സായി
ഇനി ലാഭമുണ്ടാക്കി എങ്ങോട്ട്‌ കൊണ്ടുപോകാനാ? കുറച്ചാളുകൾക്ക്‌ ചോറു കൊടുക്കുമ്പോള്‍ ഒരു സുഖം,
അത്രതന്നെ”
“വീട്ടിൽ രണ്ടു പശു, രണ്ട്‌ പോത്ത്‌ പിന്നെ വറ്റാത്ത ഒരു കിണറും” പശു പാൽ തരും പക്ഷേ എന്തിനാ പോത്തുകൾ, കൃഷിപ്പണിയുണ്ടോ എന്ന എന്റെ ചോദ്യത്തിനു പത്മനാഭേട്ടന്റെ ഉത്തരം ഇങ്ങിനെയായിരുന്നു “പണ്ടുണ്ടായിരുന്നു ഇപ്പോൾ കൃഷിപ്പണിയില്ലല്ലൊ ഉണ്ടെങ്കിൽതന്നെ പോത്തുകളും മറ്റും വേണ്ടല്ലോ എന്നാലും നമ്മൾ കടയടച്ച്‌ വീട്ടിലേക്ക്‌ ചെല്ലുമ്പോള്‍ നമ്മുടെ വീട്ടുമൃഗങ്ങൾ നമ്മളെ തൊട്ടും തലോടിയും നമുക്ക്‌ വല്ലാത്തൊരു സ്നേഹം തരും-മൂന്ന് പെണ്മക്കൾ ഉണ്ടായിരുന്നവരെ വിവാഹം ചെയ്തയച്ചു -വീട്‌ ശൂന്യമായി അപ്പോൾ ഞങ്ങൾക്ക്‌ മിണ്ടിപ്പറയാൻ ഇവരൊക്കെയേയുള്ളൂ”
ചില മനുഷ്യർ അങ്ങിനെയാണു
ലാഭക്കൊതിയിൽ നെട്ടോട്ടമോടുന്ന നമ്മളിൽ നിന്നും വിഭിന്നമായി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവർ.
മനസ്സറിഞ്ഞ്‌ വിളമ്പുന്നവർ വിരളമാകുന്ന ഈ കാലത്ത്‌ പത്മനാഭേട്ടനും കമലാക്ഷിയമ്മയും
അന്നം വിളമ്പിത്തരുമ്പോള്‍ മനസ്സ്‌ കൊണ്ട്‌
ഞാൻ എന്റെ വീട്ടിലെത്തുന്നു;ഞാനെന്റെ അഛനമ്മമാരുടെ സാമീപ്യം അനുഭവിക്കുന്നു.
നന്ദി

Leave a Reply

Your email address will not be published. Required fields are marked *

×