June 03, 2026 |
Share on

എക്‌സിലും വാട്ട്‌സ്ആപ്പിലും ആയുധ സ്റ്റോറുകൾ! പിന്നിൽ ഹൂതികളുമായി ബന്ധമുള്ള ഡീലർമാർ

എക്‌സിനും വാട്ട്‌സ്ആപ്പിനും ആയുധ വിൽപ്പനയ്‌ക്കെതിരായ നയങ്ങളുണ്ട്

യുഎസ് നിർമ്മിത ആയുധ ഇടപാടിനായി യെമനിലെ ഹൂതി വിമതരുമായി ബന്ധമുള്ള ആയുധ വ്യാപാരികൾ, എക്സ്, മെറ്റാ തുടങ്ങിയ സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ നയങ്ങൾക്ക് വിരുദ്ധമാണിത്. വാഷിംഗ്ടൺ ഡിസി ആസ്ഥാനമായുള്ള ടെക് ട്രാൻസ്പരൻസി പ്രോജക്റ്റ് (ടിടിപി) പുറത്തു വിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.

നിയമവിരുദ്ധ ആയുധ കടത്ത് വർദ്ധിച്ചുവരുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് എക്സ്, മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ വാണിജ്യ ആയുധ സ്റ്റോറുകൾ പരസ്യമായി പ്രവർത്തിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുകളും വരുന്നത്. 2014 മുതൽ യെമന്റെ ചില ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഇറാൻ പിന്തുണയുള്ള ഹൂതികളെ അമേരിക്കയും കാനഡയും മറ്റ് രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആയുധ സ്റ്റോറുകൾ പ്രവർത്തിക്കുന്ന 130 എക്സ് അക്കൗണ്ടുകളും 67 വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളും ടിടിപി തിരിച്ചറിഞ്ഞിട്ടുണ്ട്. റൈഫിളുകൾ, ഗ്രനേഡ് ലോഞ്ചറുകൾ, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയാണ് ഈ അക്കൗണ്ടുകളിലൂടെ നടക്കുന്നത്. ഇതിൽ പല ആയുധങ്ങളും യുഎസ്, നാറ്റോ നിർമ്മിതമാണെന്ന് പറയുന്നു. ഉപഭോക്താക്കളെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. ഇടപാടുകാരിൽ പലരും എക്സ് പ്രീമിയം വരിക്കാരും, വാട്ട്സ്ആപ്പ് ബിസിനസ്സിന്റെ ഉപയോക്താക്കളുമാണ്. ഉയർന്ന വിലകൊടുത്ത് ഇവ വാങ്ങുന്നത് തീവ്രവാദ ഗ്രൂപ്പുകൾ ആണെന്നാണ് സൂചന.

“എക്‌സിനും വാട്ട്‌സ്ആപ്പിനും ആയുധ വിൽപ്പനയ്‌ക്കെതിരായ നയങ്ങളുണ്ട്, പക്ഷേ ഹൂതികളുമായി ബന്ധമുള്ള ആയുധ വ്യാപാരികളെ അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ആയുധങ്ങൾ വിൽക്കാൻ അവർ അനുവദിക്കുന്നു. യുഎസിന്റെ ദേശീയ സുരക്ഷയ്ക്ക് തന്നെ അപകടസാധ്യത സൃഷ്ടിക്കുന്ന, സ്വന്തം നയങ്ങളുടെ ലംഘനങ്ങളിൽ നിന്ന് അവർ ലാഭം കൊയ്യുന്നുണ്ടാകാം” എന്നാണ് ടിടിപി ഡയറക്ടർ കാറ്റി പോൾ അഭിപ്രായപ്പെട്ടത്.

പകുതിയിലധികം എക്‌സ് അക്കൗണ്ടുകളുടെയും ഉറവിടം ഹൂതി നിയന്ത്രണത്തിലുള്ള യെമന്റെ തലസ്ഥാനമായ സനയിലാണ്. ദൈവം വലിയവനാണ്, അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം, ജൂതന്മാർക്ക് ശാപം, ഇസ്ലാമിന് വിജയം എന്നിങ്ങനെയുള്ള ഹൂതി ലോഗോയിലാണ് ആയുധങ്ങളുടെ വിൽപ്പന നടന്നിരിക്കുന്നത്. എക്സ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്സിന്‌ വീഡിയോ പങ്കിടാനുള്ള ഓപ്ഷനും ഉണ്ട്. യുഎസ് സൈന്യം ഉപയോഗിക്കുന്ന മെഷീൻ ഗണ്ണായ M249 SAW യുടെ “അൺബോക്‌സിംഗ്” വീഡിയോ ഉൾപ്പെടെ ഇതിൽ പങ്കുവെച്ചിരുന്നതായി ടിടിപി പറയുന്നു.

ഹൂതികളുമായി ബന്ധമുള്ള ചില ആയുധ വ്യാപാരികൾ X-ൽ മസ്‌കുമായും ബന്ധപ്പെട്ടിട്ടുണ്ട്. 2023 സെപ്റ്റംബറിൽ ബാരറ്റ് ഫയർആംസ് നിർമ്മിച്ച ഒരു 50 കാലിബർ സ്നിപ്പർ റൈഫിളിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ മസ്‌ക് പോസ്റ്റ് ചെയ്തിരുന്നു. രണ്ട് AR-15 തോക്കുകൾ ഉൾപ്പെടെയുള്ള സ്വന്തം തോക്കുകളുടെ പരസ്യം നൽകിയാണ് മൂന്ന് ആയുധ വ്യാപാരികൾ ഇതിന് മറുപടി നൽകിയത്. എന്നാൽ ഈ കാര്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എക്സ് വിസമ്മതിച്ചു. ആയുധങ്ങളുടെ കാറ്റലോഗ് പ്രദർശിപ്പിക്കുന്നതിന് ഉൽപ്പന്നങ്ങളുടെ സ്ലൈഡ്‌ഷോ പ്രദർശിപ്പിക്കാൻ അനുവദിക്കുന്ന “കാറ്റലോഗ്” സവിശേഷതയുള്ള വാട്ട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളും ഉപയോഗിക്കുന്നുണ്ട്.

ബിസിനസ് അക്കൗണ്ട് പ്രൊഫൈലുകൾ അവലോകനം ചെയ്യുകയും കാറ്റലോഗുകളിൽ ചേർക്കുന്നതിന് മുമ്പ് ചിത്രങ്ങൾ പരിശോധിക്കുകയും ചെയ്യാറുണ്ടെന്നാണ് വാട്ട്‌സ്ആപ്പ് നൽകുന്ന വിശദീകരണം. എന്നാൽ ആയുധ വ്യാപാരികളെയും, അവരുടെ പ്രവർത്തനങ്ങളെയും കൃത്യമായി സൂചിപ്പിക്കുന്ന ചിത്രങ്ങളും അക്കൗണ്ടുകളും എന്തുകൊണ്ട് അവലോകന പ്രക്രിയയിൽ നിന്ന് ഒഴിവാക്കി എന്ന് വ്യക്തമല്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ മെറ്റ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആയുധ വ്യാപാരികളുടെ എക്‌സിലെയും വാട്ട്‌സ്ആപ്പിലെയും അക്കൗണ്ടുകളിൽ ഭൂരിഭാഗവും പിരിച്ചുവിടലുകൾക്ക് ശേഷമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് ടിടിപി കണ്ടെത്തിയിട്ടുണ്ട്.

ഉള്ളടക്ക മോഡറേഷൻ പ്രശ്നങ്ങൾക്ക് പുറമേ, ആഗോള ആയുധ കള്ളക്കടത്തിനെക്കുറിച്ചുള്ള ചോദ്യങ്ങളും ഇത് ഉയർത്തുന്നുണ്ട്. യുഎസ് നിർമ്മിത ആയുധങ്ങൾ ഹൂതികളുടെ കൈവശമുള്ള പ്രദേശത്തേക്ക് എങ്ങനെ എത്തിയെന്ന് കൃത്യമായി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും ഇതിന് നിരവധി വിശദീകരണങ്ങളുണ്ടെന്നും കോൺഫ്ലിക്റ്റ് ആർമമെന്റ് റിസർച്ചിലെ ഗൾഫ് റീജിയണൽ ഓപ്പറേഷൻസ് മേധാവി തൈമൂർ ഖാൻ പറഞ്ഞു.

2014 ന് മുമ്പ് യെമൻ സർക്കാർ സേനയ്ക്ക് വിതരണം ചെയ്ത സ്റ്റോക്കുകളിൽ നിന്നായിരിക്കാം അമേരിക്കൻ എം4 റൈഫിളുകൾ ഹൂതികൾ പിടിച്ചെടുത്തത് എന്നാണ് അനുമാനം. അക്കൗണ്ടുകൾ വഴി വിൽക്കുന്ന മറ്റ് യുഎസ് ആയുധങ്ങൾ പകരം സിവിലിയൻ ഉപഭോക്താക്കൾക്കായി നിർമ്മിച്ചതാണെന്നും ഖാൻ പറയുന്നു. ആ ആയുധങ്ങൾ യുഎസിൽ നിന്ന് ഗൾഫ് വഴിയും മേഖലയിലെ മറ്റെവിടെയെങ്കിലും വഴിയോ യെമനിലേക്ക് കടത്തിയിരിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ ആയുധങ്ങൾക്ക് പുറമെയുള്ള ആയുധങ്ങളും മറ്റ് പ്രാദേശിക കടത്ത് മാർഗങ്ങളിലൂടെ യെമനിലേക്ക് കടത്തപ്പെടുന്നു. ഇറാൻ പോലുള്ള സഖ്യകക്ഷികൾ വഴി ഹൂതികൾക്ക് അവ നേരിട്ട് വിതരണം ചെയ്യപ്പെടുന്നു. ഇറാനിയൻ റെവല്യൂഷണറി ഗാർഡുകളുടെ സഹായത്തോടെ ദശലക്ഷക്കണക്കിന് ഡോളർ വിലമതിക്കുന്ന റഷ്യൻ ആയുധങ്ങൾ ശേഖരിച്ചതായി ആരോപിക്കപ്പെട്ട ഹൂതി ആയുധ കള്ളക്കടത്ത് ശൃംഖലയ്‌ക്കെതിരെ ഈ വർഷം ആദ്യം യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

content summary: Houthi-linked dealers sell arms on X and WhatsApp, report says

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×