ചലച്ചിത്രകാരന്‍, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍, പ്രവാസി സംഘടനാ തലവന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ രാഷ്ട്രീയപ്രവേശനം രാജ്യം ഉറ്റുനോക്കിയ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെയായിരുന്നു. സംഭവബഹുലമായ ആ കഥ.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷം കേരളത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഗുരുവായൂരിലേത്. ഉപതെരഞ്ഞെടുപ്പ് നടക്കാനുണ്ടായ കാരണവും ബാബരി മസ്ജിദ് തകര്‍ത്തുമായി ബന്ധപ്പെട്ടതായിരുന്നു. 1994 ലെ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ് മാധ്യമങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്ത ഉപതെരഞ്ഞെടുപ്പുകളിലൊന്ന് കൂടിയായിരുന്നു. വര്‍ഷങ്ങളായി മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന ഗുരുവായൂരില്‍ അന്ന് യു.ഡി.എഫും എല്‍.ഡി.എഫും പോരാട്ടത്തിനിറങ്ങിയപ്പോള്‍ ഒരു വര്‍ഷം മുന്‍പു മാത്രം പിറന്ന പി.ഡി.പി. മൂന്നാം കക്ഷിയായി അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തില്‍ കളത്തിലിറങ്ങി.
1994 ല്‍ ഗുരുവായൂരിലെ നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ പി.ഡി.പി സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രസംഗിക്കാനെത്തിയ ആ കാലത്തെ പ്രതാപവാനായ പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനി പ്രചരണ യോഗത്തില്‍ കൊടുങ്കാറ്റടിച്ച പോലെ പ്രസംഗിച്ചു. ഈ തെരഞ്ഞെടുപ്പ് പി.ടി. കുഞ്ഞു മുഹമ്മദിന്റെ ‘മഗ്രിബ്’ ആയിരിക്കും. എന്നു വെച്ചാല്‍ അസ്തമയം ആയിരിക്കും എന്നര്‍ത്ഥം (ഇസ്ലാമിലെ അഞ്ചു നേരത്തെ നമസ്‌കാരങ്ങളില്‍ നാലാമത്തേതും സൂര്യാസ്തമയത്തിനു ശേഷം നിര്‍വഹിക്കുന്നതുമായ നമസ്‌കാരമാണ് മഗ്രിബ്). അറബി ഭാഷയില്‍ ‘സൂര്യാസ്തമയം’ ഇതിനൊരുര്‍ത്ഥമുണ്ട്.
ഈ പ്രസംഗവേദിയില്‍ മദനി ഇത് പറയാന്‍ കാരണം മൂന്ന് വര്‍ഷം മുന്‍പ് പുറത്ത് വന്ന മലയാള ചലചിത്രമാണ് മഗ്രിബ്. അതിന്റെ നിര്‍മാണവും സംവിധാനവും നിര്‍വ്വഹിച്ചത് ഗുരുവായൂരിലെ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ പി.ടി. കുഞ്ഞിമുഹമ്മദ് ആണ്. പിന്നീട് അതേ മണ്ഡലത്തില്‍ അതേ വേദിയില്‍ തന്നെ എല്‍.ഡി.എഫിന്റെ യോഗത്തില്‍ സ്ഥാനാര്‍ത്ഥി പി.ടി. കുഞ്ഞുമുഹമ്മദ് തിരിച്ചടിച്ചു. ‘മഗ്രിബിന് ‘ഉല്‍ഭവ സ്ഥാനം’ എന്ന അര്‍ത്ഥം കൂടിയുണ്ടെന്ന് മദനി മനസ്സിലാക്കുന്നത് നല്ലതാണ്’
പി.ടി. കുഞ്ഞു മുഹമ്മദ് പറഞ്ഞത് പിന്നീട് ശരിയായി. ചാവക്കാട് പ്രദേശത്ത് സിപിഐഎമ്മിന് വിജയത്തിന്റെ ഒരു പുതിയ മുഖം ഉല്‍ഭവിച്ചത് ആ തെരഞ്ഞെടുപ്പിനുശേഷമാണ്. 1977- ലെ മണ്ഡല പുനര്‍വിഭജനത്തിനുശേഷം ഗുരുവായൂരില്‍നിന്ന് ഒരു ഇടതുപക്ഷക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. 1996 ല്‍ അത് പി.ടി. കുഞ്ഞുമുഹമ്മദിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ടു. 1991 ല്‍ ഗുരുവായൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ലീഗ് സ്ഥാനാര്‍ത്ഥി, പി.എം. അബൂബക്കര്‍ ബാബറി മസ്ജിദ് പൊളിച്ച ശേഷം നടന്ന ലീഗിന്റെ നിലപാടുകളോടും സംഭവ വികാസങ്ങളിലും പ്രതിഷേധിച്ച് എംഎല്‍എ സ്ഥാനം രാജിവെച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ടുവിന്റെ പാര്‍ട്ടിയിലേക്ക് പോയി. അതോടെയാണ് ഗുരുവായൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
പണിക്കവീട്ടില്‍ തിരുനെല്ലി കുഞ്ഞുമുഹമ്മദ് എന്ന പി.ടി കുഞ്ഞുമുഹമ്മദ് ചേറ്റുവയില്‍ നിന്ന് വന്ന് ഗുരുവായൂരില്‍ താമസമുറപ്പിച്ചതാണ്.
തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ പിന്നീട് പ്രശസ്ത സിനിമാക്കാരായ കെ.ആര്‍. മോഹനന്‍, നടന്‍ ദേവന്‍ എന്നിവരൊക്കെ കുഞ്ഞുമുഹമ്മദിന്റെ സഹപാഠികളായിരുന്നു. വി.കെ. ശ്രീരാമനും, സംവിധായകന്‍ പവിത്രന്‍, മാടമ്പു കുഞ്ഞികുട്ടനൊക്കെ പിന്നീട് കുഞ്ഞുമുഹമ്മദിന്റെ സുഹൃത്ത് വലയത്തിലായി. ഗള്‍ഫിലെ നല്ല വരുമാനമുള്ള ജോലി കളഞ്ഞാണ് പ്രവാസി ജീവിതം അവസാനിപ്പിച്ച് 1984 ല്‍ കുഞ്ഞുമുഹമ്മദ് നാട്ടില്‍ തിരികെയെത്തുന്നത്.
1979 ല്‍ മാടമ്പ് കുഞ്ഞിക്കുട്ടന്റെ ‘അശ്വത്ഥാമാവ്’ നോവല്‍ ചലച്ചിത്രമാക്കിയത് പി.ടി. കുഞ്ഞുമുഹമ്മദ് ആയിരുന്നു. കെ. ആര്‍ മോഹനന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കുഞ്ഞുമുഹമ്മദ് നാട്ടില്‍ അമല ആശുപത്രിക്ക് സമീപം ഒരു പ്രജാപതിയെന്ന ഹോട്ടല്‍ ആരംഭിച്ചു. ഏറെ താമസിയാതെ പിന്നീട് അത് സിനിമാക്കാരുടെ ഒരു താവളമായി. ടി വി ചന്ദ്രനും, അരവിന്ദനും, സണ്ണി ജോസഫ്, കെ.പി. കുമാരന്‍ എന്നിവരൊക്കെ ചേര്‍ന്ന് തിരുവനന്തപുരത്ത് ഫോറം ഫോര്‍ ബെറ്റര്‍ സിനിമ എന്ന സംഘടന രൂപീകരിച്ചപ്പോള്‍ കുഞ്ഞുമുഹമ്മദ് ആ കൂട്ടായ്മയില്‍ അംഗമായി. അതിനിടയ്ക്ക് പവിത്രന്റെ ഉപ്പ് എന്ന പടത്തില്‍ കുഞ്ഞുമുഹമ്മദ് ഒരു വേഷം അഭിനയിച്ചു. പിന്നീട് കെ. ആര്‍. മോഹനന്‍ സംവിധാനം ചെയ്ത സ്വരൂപം പുരുഷാര്‍ത്ഥം എന്നീ കലാമൂല്യമുള്ള സിനിമകളുടെ നിര്‍മ്മാണത്തില്‍ പങ്കാളിയായി.
1993 ല്‍ മഗ്രിബ് എന്ന സിനിമ നിര്‍മ്മിച്ച് സംവിധാനം ചെയ്തു. അതിന് നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അങ്ങനെ സിനിമയും കലാ പ്രവര്‍ത്തനവും ചേര്‍ന്ന് അറിയപ്പെടുന്ന ഇടതു സാംസ്‌കാരിക പ്രവര്‍ത്തകനായി കുഞ്ഞുമുഹമ്മദ് കഴിയുമ്പോഴാണ് ഗുരുവായൂരില്‍ ഉപതെരഞ്ഞടുപ്പ് വരുന്നത്.
അപ്പോഴാണ് സിപിഎം ഗുരുവായൂരിലെ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായി കുഞ്ഞുമുഹമ്മദിനെ പരിഗണിച്ചത്. തൃശൂരിലെ പ്രമുഖ നേതാവായ
കെ.പി. അരവിന്ദാക്ഷനും പ്രമുഖ നേതാക്കളും കുഞ്ഞുമുഹമ്മദിന്റെ ഗുരുവായൂരിലെ വീട്ടില്‍ വന്നു.
‘ഞങ്ങള്‍ വന്നത് ഒരു പ്രധാന കാര്യം പറയാനാണ്. പി എം അബൂബക്കര്‍ രാജിവെച്ചത് പി.ടി ക്കറിയാമല്ലൊ. ഇവിടെ ഒരു ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. നമുക്കൊരു സ്ഥാനാര്‍ഥി വേണം. സ്വതന്ത്രനായി നിങ്ങളെ പരിഗണിക്കണം എന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. തീരുമാനിച്ചിട്ടില്ല. നിങ്ങളുടെ സമ്മതം ചോദിക്കാനാണ് വന്നത്.’ മുതിര്‍ന്ന സി.പി.എം നേതാവായ അരവിന്ദാക്ഷന്‍ മാഷ് പറഞ്ഞു
”എനിക്ക് രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഒരു പരിചയവുമില്ല. മാത്രമല്ല പൂര്‍ണമായും സിനിമയില്‍ പ്രവര്‍ത്തിക്കാനാണാഗ്രഹിക്കുന്നത്. എന്നെ ഒഴിവാക്കണം.” കുഞ്ഞുമുഹമ്മദ് ആത്മാര്‍ത്ഥമായി പറഞ്ഞു, ”സ്ഥാനാര്‍ഥിത്വം ഒഴിച്ച് എന്ത് സംഗതിയും നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ ചെയ്യാം. എന്നെ ഇതില്‍നിന്ന് ഒഴിവാക്കണം.”
പാര്‍ട്ടി ജില്ലാ സെക്രട്ടറി മാമക്കുട്ടിയും, കെ പി അരവിന്ദാക്ഷനുമെല്ലാം കുഞ്ഞുമുഹമ്മദിനെ സമ്മതിപ്പിക്കാനുള്ള ശ്രമം നടത്തി. അന്നത്തെ രാഷ്ട്രീയ സ്ഥിതിയില്‍ യുവ സാംസ്‌കാരിക പ്രവര്‍ത്തകനായ കുഞ്ഞുമുഹമ്മദ് സ്ഥാനാര്‍ത്ഥിയാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവര്‍ കാരണങ്ങള്‍ നിരത്തിയിട്ടും കുഞ്ഞുമുഹമ്മദ് ഒട്ടും അനുകൂല നിലപാട് എടുത്തില്ല. ഒടുവില്‍ പോകാന്‍ എഴുന്നേറ്റപ്പോള്‍ കെ പി അരവിന്ദാക്ഷന്‍ മാഷ് പറഞ്ഞു, ”താന്‍ ഒരു മര്യാദക്കാരനല്ല. നിങ്ങള്‍ ചെയ്തത് ഒട്ടും ഉചിതമായില്ല. ഞങ്ങളെപ്പോലുള്ള നാലാളുകള്‍ വന്ന് ഒരു കാര്യം പറഞ്ഞിട്ട് അത് 100 ശതമാനം നിരാകരിക്കുകയാണ് ചെയ്തത്. അന്തസ്സുള്ള പണിയായില്ല. ഒരു 10 ശതമാനമെങ്കിലും നിങ്ങള്‍ അതിനെ അനുകൂലിക്കേണ്ടിയിരുന്നു.”
അത് പി.ടി. കുഞ്ഞുമുഹമ്മദിന് ശരിക്കും കൊണ്ടു.
”എന്നാല്‍ കെ പി. 10 ശതമാനം വെച്ചോ.” പി.ടി. കുഞ്ഞിമുഹമ്മദ് പറഞ്ഞു
പിന്നീട് കെ ആര്‍ മോഹനനും കുഞ്ഞുമുഹമ്മദിനെ നിര്‍ബന്ധിച്ചു. കുഞ്ഞുമുഹമ്മദാക്കെ ഏറെ ബഹുമാനിക്കുന്ന, ഗുരുതുല്യനായ ജ്യേഷ്ഠസഹോദരനാണ് കുന്ദംകുളത്ത് താമസിക്കുന്ന കഥാകാരന്‍ സി. വി. ശ്രീരാമന്‍. അദ്ദേഹം ഫോണ്‍ വിളിച്ച് കുഞ്ഞുമുഹമ്മദിനോട് പറഞ്ഞു. ”പാര്‍ടി അങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടാല്‍ കുഞ്ഞുമുഹമ്മദ് അത് ചെയ്യണം. ഒരു കാരണവശാലും പിന്മാറരുത്.’. അതോടെ കുഞ്ഞുമുഹമ്മദ് സ്ഥാനാര്‍ത്ഥിയാകാന്‍ സമ്മതിച്ചു.
തൃശൂരില്‍ പത്രസമ്മേളനത്തില്‍ വെച്ച് ഇ.കെ നായനാര്‍ ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് പിന്‍തുണയ്ക്കുന്ന സ്വതന്ത സ്ഥാനാര്‍ത്ഥിയായി പി.ടി. കുഞ്ഞുമുഹമ്മദിനെ പ്രഖ്യാപിച്ചു. പറയത്തക്ക രാഷ്ട്രീയ പാരമ്പര്യമൊന്നും പുതിയ സ്ഥാനാര്‍ത്ഥിക്ക് ഇല്ലായിരുന്നു. മാത്രമല്ല, പി.ടി. യുടെ കുടുംബക്കാര്‍ പരമ്പരാഗത കോണ്‍ഗ്രസുകാരോ ലീഗുകാരോ ആയിരുന്നു. പാര്‍ട്ടി നേതാക്കള്‍ ആ പോരായ്മ നികത്താന്‍ ഒരു വഴി കണ്ടുപിടിച്ചു.
പി.ടി കുഞ്ഞുമുഹമ്മദിന്റെ ഭാര്യാ പിതാവ് കുന്നമ്പത്ത് മാമുണ്ണി നായരങ്ങാടിയിലെ ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളാണ്. പ്രമുഖ നേതാവായ ഇമ്പിച്ചിബാവ, കൊളാടി ഗോവിന്ദന്‍കുട്ടി, കൊടമന നാരായണന്‍ നായര്‍ എന്നിവരൊക്കെ മാമുണ്ണിയുടെ വീട്ടിലെ കയ്യാലയില്‍ പാര്‍ട്ടി യോഗങ്ങള്‍ക്ക് സമ്മേളിച്ചിട്ടുണ്ട്. ചാവക്കാടെ ആദ്യകാല കമ്യൂണിസ്റ്റുകാരില്‍ ഒരാളായ കുന്നമ്പത്ത് മാമുണ്ണിയുടെ മകളുടെ ഭര്‍ത്താവാണ് കുഞ്ഞിമുഹമ്മദ് എന്ന് ഇ.കെ നായനാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചാവക്കാട് പാര്‍ട്ടി ഏരിയ സെക്രട്ടറിയും, മുതിര്‍ന്ന നേതാവുമായ ബേബിജോണ്‍ പറഞ്ഞു: ‘ആദ്യം പ്രചരണം തുടങ്ങുന്നത്. കടപ്പുറത്ത് നിന്നാകട്ടെ’ അവിടെ നിന്ന് ആരംഭിച്ച് ലീഗുകാരുടെ കോട്ടയായ അഞ്ചങ്ങാടിയാലെത്തി. പി സി ഷാഹു, സി എസ് ഷാഹുല്‍ ഹമീദ് എന്നിവരടക്കമുള്ള പ്രാദേശിക നേതാക്കളുടെ സഹായത്തോടെ അവിടെ ഉണ്ടായിരുന്ന കടകളിലെല്ലാം കയറി പി.ടി കുഞ്ഞുമുഹമ്മദ് വോട്ടഭ്യര്‍ഥിച്ചു.
ആ പ്രദേശത്തെ പുരാതന കുടുംബാംഗവും പ്രമുഖനുമായ പി സി ഷാഹു, പി.ടി യോട് പറഞ്ഞു: കടപ്പുറത്തെ പ്രധാന കുടുംബമായ ഖുഖാറയെന്ന തങ്ങള്‍ തറവാട്ടിലെ ”ഹിബത്തുള്ള തങ്ങളെ കണ്ട് നമ്മള്‍ക്ക് അനുഗ്രഹം വാങ്ങണം’. അത് വളരെ അസാധാരണമായ ഒരു ശ്രമമായിരുന്നു. ആ ഭാഗത്തേക്കൊന്നും വോട്ട് ചോദിച്ച് ഒരാളും ചെല്ലാറില്ല. അവിടുത്തെ താമസക്കാരുടെ ഒട്ടും സുഖകരമല്ലാത്ത നോട്ടങ്ങള്‍ക്കിടയിലൂടെ പി.ടി. കുഞ്ഞുമുഹമ്മദും പ്രവര്‍ത്തകരും തങ്ങളുടെ മുറിയില്‍ എത്തി. പി.സി. ഷാഹു സ്ഥാനാര്‍ത്ഥിയെ വയോധികനായ തങ്ങളെ പരിചയപ്പെട്ടു ത്തി. തങ്ങള്‍ ചിരിച്ചു… ഭാഗവതല്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ മാതുലനെ തങ്ങള്‍ക്ക് അറിയാമായിരുന്നു. അദ്ദേഹം പി.ടി. കുഞ്ഞിമുഹമ്മദിനെ കയ്യ് ഉയര്‍ത്തി അനുഗ്രഹിച്ചു. വന്ന കാര്യം സാധിച്ച ആഹ്ലാദത്തോടെ സ്ഥാനാര്‍ത്ഥിയും പ്രവര്‍ത്തകരും സ്ഥലം വിട്ടു.
ഹിബ്ബത്തുള്ള തങ്ങള്‍ പി.ടി കുഞ്ഞുമുഹമ്മദിനെ അനുഗ്രഹിച്ചു എന്ന വാര്‍ത്ത തീര്‍ച്ചയായും ലീഗുകാരില്‍ വലിയ അമര്‍ഷമുണ്ടാക്കി. തങ്ങളുടെ കോട്ട പൊളിച്ച്,അവരുടെ കൂട്ടത്തിലെ പ്രധാന കുടുംബത്തില്‍ ചെന്ന്, പ്രധാന വ്യക്തിയില്‍നിന്ന് എതിര്‍ സ്ഥാനാര്‍ത്ഥി അനുഗ്രഹം വാങ്ങി എന്നുള്ളത് അവര്‍ക്ക് പൊറുക്കാനായില്ല. എതിര്‍സ്ഥാനാര്‍ഥിയായ അബ്ദസ്സമദ് സമദാനി ഹിബത്തുള്ള തങ്ങള്‍ അനുഗ്രഹിച്ച വിവരം അറിഞ്ഞപ്പോള്‍ ധാരാളമാളുകളോടുകൂടി എതിര്‍ സ്ഥാനാര്‍ത്ഥി അബ്ദുള്‍ സമദാനി അതിവേഗം തങ്ങളുടെ വീട്ടിലെത്തി അനുഗ്രഹം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ തങ്ങള്‍ കൂട്ടാക്കിയില്ല എന്നൊരു വാര്‍ത്ത പിന്നീട് പ്രചരിച്ചു.
അതോടൊപ്പം പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നുണക്കഥകളും ആരോപണങ്ങളും പ്രചരിച്ചു. ‘പെയ്‌മെന്റ് സീറ്റാണ് കുഞ്ഞുമുഹമ്മദിന്റെത്’ എന്നായിരുന്നു ഒരു കഥ. കുഞ്ഞുമുഹമ്മദ് നല്ല കാശ് മുടക്കി വാങ്ങിയ സീറ്റാണ് ഗുരുവായുരിലെ എന്ന് കഥ പ്രചരിച്ചു.
കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് അതിശക്തമായ തെരഞ്ഞെടുപ്പു പ്രചാരവേലയാണഴിച്ചുവിട്ടത്. പി.ടി കുഞ്ഞുമുഹമ്മദിന്റെ മക്കളുടെ പേര് എടുത്ത് പറഞ്ഞ്, സ്ഥാനാര്‍ത്ഥി കാഫറാണെന്ന പ്രചാരവേല നടത്തി. കാഫര്‍ ജയിച്ചാല്‍ ഇടപ്പുള്ളി ജാറം പൊളിയിക്കുമെന്ന് ലീഗുകാരായ പിടിയുടെ ബന്ധുക്കള്‍ തന്നെ പ്രചരിപ്പിച്ചു. ഏറ്റവും വലിയ തമാശ സ്വന്തം ബന്ധുക്കള്‍ തന്നെയാണ് കുഞ്ഞുമുഹമ്മദിനെ എതിര്‍ക്കാന്‍ മുന്‍നിരയില്‍ ഉണ്ടായത് എന്നതാണ്.
ബാബറി മസ്ജിദ് സംഭവത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പായതിനാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരുന്നു ഇത്. കേരളം ഉറ്റുനോക്കിയ ഒരു ഉപതെരഞ്ഞെടുപ്പായി ഇത് മാറി. ഭരണ പ്രതിപക്ഷ കക്ഷികള്‍ കൈ മെയ് മറന്ന് പരിശ്രമിക്കുകയും മാധ്യമങ്ങളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്ത ഉപതെരഞ്ഞെടുപ്പുകളിലൊന്ന് കൂടിയായിരുന്നു ഗുരുവായൂര്‍ ഉപതെരഞ്ഞെടുപ്പ്. കാല്‍ നൂറ്റാണ്ടിലധികം മുസ്ലിം ലീഗിന്റെ കോട്ടയായിരുന്ന ഗുരുവായൂരില്‍ ലീഗിന്റെ വോട്ടുകള്‍ ആദ്യമായി ഭിന്നിക്കാന്‍ സാധ്യതയുയര്‍ന്നു.
1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്ത് കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളോ നിയമനടപടികളോ സ്വീകരിക്കാതെ, കര്‍സേവകര്‍ക്കും നേതൃത്വത്തിനും അനുകൂലമായ അന്തരീക്ഷമൊരുക്കിക്കൊടുത്ത അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ഉള്‍പ്പെടെയുള്ളവരുടെ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മുന്നണി വിടണമെന്ന് മുസ്ലിം ലീഗിനുള്ളില്‍ ആവശ്യമുയര്‍ന്നു. അതിന്റെ പ്രതിഫലനം ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പ് വേളയില്‍ പ്രകടമായി.
മുസ്ലിം ലീഗിന്റെ ദേശീയ പ്രസിഡന്റും ഉന്നത നേതാവുമായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടി വിട്ട് പുറത്തു പോവുകയും ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. അന്ന് ഗുരുവായൂര്‍ എം.എല്‍.എയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി.എം. അബൂബക്കര്‍ ഇബ്രാഹിം സുലൈമാന്‍ സേട്ടിനോടൊപ്പം മുസ്ലിം ലീഗ് വിട്ട് ഐ.എന്‍.എലിനൊപ്പം ചേരുകയും എം.എല്‍.എ സ്ഥാനം രാജിവെക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിന് പിന്തുണ ആവശ്യപ്പെട്ട് സുലൈമാന്‍ സേട്ടിന് നേരിട്ട് കത്തയക്കണം എന്ന ആവശ്യം അവരുന്നയിച്ചു. വോട്ടഭ്യര്‍ഥിക്കുന്ന കത്ത് വേണം എന്ന ആവശ്യം ഇടതുമുന്നണി കണ്‍വീനറായ എം എം ലോറന്‍സിന്റെ മുന്നിലെത്തി.. ലോറന്‍സ് പറഞ്ഞുകൊടുത്തത് പ്രകാരം ഒരു സാധാരണ വോട്ടഭ്യര്‍ഥന, ‘ഇത്തരത്തിലുള്ള സാഹചര്യത്തില്‍ കേരളത്തിന്റെ അല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രത്തിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനായി ഐ.എന്‍.എല്‍ പോലുള്ള പാര്‍ട്ടികളുടെയും സഹായം സ്ഥാനാര്‍ത്ഥിയായ പി.ടി. കുഞ്ഞുമുഹമ്മദ് അഭ്യര്‍ഥിക്കുന്നു’ എന്നെഴുതി. അത് രഹസ്യമായി സുലൈമാന്‍ സേട്ടിന് നേരിട്ട് എത്തിച്ചു. അതോടെ സേട്ടുവിന്റെ പുതിയ പാര്‍ട്ടി ഐ.എന്‍.എല്‍ ന്റെ പിന്‍തുണ പി.ടിക്ക് ഉറപ്പായി.
തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. പാലോളി മുഹമ്മദ്കുട്ടി, ടി കെ ഹംസ, വീരേന്ദ്രകുമാര്‍, വി എസ് അച്യുതാനന്ദന്‍, ഇകെ നായനാര്‍ എന്നിവര്‍ മണ്ഡലത്തില്‍ തങ്ങി പ്രചാരണം നടത്തി. സാംസ്‌കാരിക നായകന്മാരായ കടമ്മനിട്ട രാമകൃഷ്ണന്‍ മുതല്‍ ഒഎന്‍വി വരെ, പ്രസംഗിക്കാന്‍ എത്തി. കെ ആര്‍ മോഹനന്‍, പവിത്രന്‍ എന്നിവരും സിനിമാക്കാരും പ്രചരണത്തിനെത്തി.
ചെണ്ടയായിരുന്നു പി. ടി. കുഞ്ഞുമുഹമ്മദിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം. നാടകങ്ങള്‍, സാംസ്‌കാരിക സദസ്സുകള്‍, കലാപ്രകടനങ്ങള്‍ അങ്ങനെ മണ്ഡലം സജീവമായി. ലോഡ്ജുകളും ഹോട്ടലുകളും മുറികളില്‍ പ്രവര്‍ത്തകരുടെ താമസം കാരണം ഗുരുവായൂരും പരിസരങ്ങളിലും മുറിയില്ലാതായി. 3000 രൂപയുടെ കച്ചവടം നടക്കുന്നത്. ഇപ്പാള്‍ ഒരു ലക്ഷം രൂപ വരെയായി ഉയര്‍ന്നെന്ന് ഒരു ഹോട്ടലുടമ പി.ടി.യോട് നേരിട്ട് പറഞ്ഞു.
ധാരാളം മികച്ച പ്രാസംഗികര്‍ വന്നെങ്കിലും സ്ഥാര്‍ത്ഥിയായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രസംഗത്തില്‍ പിന്നിലായിരുന്നു.
‘എന്നെ പ്രസംഗം പഠിപ്പിക്കാന്‍ പല ആളുകളും ശ്രമം നടത്തി അപ്പോഴേക്കും പഞ്ചായത്ത്, മുനിസിപ്പല്‍ കണ്‍വെന്‍ഷനുകള്‍ ആരംഭിച്ചിരുന്നു. ഞാന്‍ ചാവക്കാട് വെസ്റ്റ് ഭാഗത്തുള്ള ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോയി. തെരഞ്ഞെടുപ്പുകാലത്ത് സ്ഥാനാര്‍ഥി എത്തിയാല്‍ വേദിയില്‍ ഏതു പ്രസംഗകരാണെങ്കിലും പ്രസംഗം നിര്‍ത്തി ഉടന്‍ മൈക്ക് കൈമാറി സ്ഥാനാര്‍ഥിയെ വേഗം പോകാന്‍ അനുവദിക്കുക എന്നത് പതിവുരീതിയാണ്. ഏതുകാലത്തും നിലനില്‍ക്കുന്ന സാമ്പ്രദായിക രീതി. ഞാന്‍ ചെന്ന ഉടനെ മൈക്ക് എനിക്കു കൈമാറി. ഞാന്‍ പ്രസംഗം തുടങ്ങി രണ്ടോമൂന്നോ വാചകം കഴിഞ്ഞപ്പോള്‍ നിന്നു വിറയ്ക്കാന്‍ തുടങ്ങി. കണ്ടുനിന്ന എന്‍വി സോമന്‍ എന്ന പ്രമുഖ പ്രാദേശിക നേതാവ് പുറത്തുനിന്ന് ആരോടോ കയര്‍ക്കുന്നുണ്ടായിരുന്നു. ”എവിടുന്ന് കിട്ടി ഈ ഊശാന്‍ താടിക്കാരനെ! രണ്ടുവാചകം പോലും തികച്ചു പറയാന്‍ പറ്റുന്നില്ല. ബേബി ജോണ്‍ മാഷിന്റെ ഓരോ പ്രാന്ത് ! ഓരോന്നിനെ പിടിച്ചു കൊണ്ടുവരും മനുഷ്യനെ ചുറ്റിക്കാന്‍’ തന്റെ അവസ്ഥയെ കുറിച്ച് പി.ടി കുഞ്ഞുമുഹമ്മദ് അനുഭവകുറിപ്പുകളില്‍ എഴുതി.
തെരഞ്ഞെടുപ്പിന് നാല് നാള്‍ മുന്‍പ് 1993 ലെ സംസ്ഥാന ചലചിത്ര അവാര്‍ഡ് ചടങ്ങ് മൂവാറ്റുപുഴയില്‍ നടന്നു. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് മുഖ്യമന്ത്രി കെ. കരുണാകരന്റെ കയ്യില്‍ നിന്ന് സ്ഥാനാര്‍ത്ഥിയായ പി.ടി. കുഞ്ഞുമുഹമ്മദ് ഏറ്റുവാങ്ങി. തെരഞ്ഞെടുപ്പിന് മുന്‍പായതിനാല്‍ അവാര്‍ഡ് കൊടുക്കാമോ എന്നു ചോദിച്ചപ്പോള്‍ റീഡര്‍ പറഞ്ഞു ‘ എന്താ സംശയം? കലാകാരനാണ് അദ്ദേഹത്തിന് കൊടുക്കും’
ഒടുവില്‍ ഇലക്ഷന്‍ നടന്നു. ലോകമെമ്പാടുള്ള മലയാളികള്‍ ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് ഫലം വന്നു.
അവസാന നിമിഷം വരെ നാടകീയത നിറഞ്ഞതായിരുന്നു ഗുരുവായൂരിലെ വോട്ടെണ്ണല്‍. 17 വര്‍ഷത്തിന് ശേഷം ഗുരുവായൂരില്‍ മൂസ്ലിം ലീഗിന്റെ കോട്ട പൊളിച്ച് ഇടതുമുന്നണി വിജയിച്ചു. പി.ടി കുഞ്ഞുമഹമ്മദ് 32,560 വോട്ട് നേടിയപ്പോള്‍ സമദാനി 30,508 വോട്ടും പുതിയ പാര്‍ട്ടിയായ പി.ഡി.പി 14,384 വോട്ടും നേടി. ബി.ജെ.പി യെ പിന്നിലാക്കി. ബി.ജെ.പി.നേടിയത് 11,305 വോട്ടായിരുന്നു. 2,052 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നെങ്കിലും ഇടതുമുന്നണിയെ സംബന്ധിച്ച് അത് ചരിത്രവിജയമായി…
Content Summary: How P.T. Kunju Muhammed created history in the 1994 Guruvayur by-election
This post was last modified on April 9, 2026 2:40 pm
Leave a Comment