സമൂഹം ഒരു സ്ത്രീയെ വിലയിരുത്തുന്നത് അവളുടെ വസ്ത്രം നോക്കിയാണെന്ന ദുര്യോഗം ഈ മൂന്നാം സഹസ്രാബ്ദത്തിലുമുണ്ട്
ശരീരം മറയ്ക്കാനും കാലാവസ്ഥയെ അതിജീവിക്കുവാനുമാണ് വസ്ത്രം എന്നതാണ് സങ്കല്‍പ്പം. മനുഷ്യന്റെ സാമൂഹ്യ വളര്‍ച്ചയുടെ ഭാഗമായി കാണേണ്ട വസ്ത്രം, ആത്മവിശ്വാസം നല്‍കുന്ന ഘടകം. എന്നാല്‍ ഈ ഡിജിറ്റല്‍ യുഗത്തിലും വസ്ത്രം ഒരു സദാചാര പ്രശ്‌നമായി മാറുന്നത് മനുഷ്യ നിലാവാരത്തിന്റെ ശോഷണമാണ് കാണിക്കുന്നത്.
വസ്ത്രം ഏറ്റവും വലിയ വെല്ലുവിളിയാകുന്നത് സ്ത്രീകള്‍ക്കാണ്. അതിന് പ്രായ വ്യത്യാസമൊന്നുമില്ല. ആറ് വയസുകാരിക്കും അറുപതുകാരിക്കും ഒരേപോലെയാണ്. പെണ്ണ് അണിയുന്ന ഉടുപ്പുകളെക്കുറിച്ച് അവള്‍ക്കുള്ളതിനെക്കാള്‍ ബോധ്യം സമൂഹത്തിനാണെന്നു തോന്നും. അതൊരു തരം വേവലാതിയാണ്. പെണ്ണ് ഒരു പൊതു വസ്തുവാണെന്നും, അവള്‍ക്ക് തന്റെതായ വിചാരങ്ങള്‍ ഉണ്ടാകരുതെന്നുമുള്ള മിഥ്യാബോധ്യത്തിന്റെ സന്താനമായ വേവലാതി.
സമൂഹം ഒരു സ്ത്രീയെ വിലയിരുത്തുന്നത് അവളുടെ വസ്ത്രം നോക്കിയാണെന്ന ദുര്യോഗം ഈ മൂന്നാം സഹസ്രാബ്ദത്തിലുമുണ്ട്. ഇന്നതൊന്നും പെണ്ണ് ധരിക്കരുത്, ആണിനെപ്പോലെ വസ്ത്രം ധരിക്കരുത്, മറ്റുള്ളവരെക്കൊണ്ട് അയ്യേ എന്നു പറയിക്കരുത്, മാനം കളയരുത്…തുടങ്ങി നിരവധി നിബന്ധനകളും വിലക്കുകളും കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. കാലഘട്ടങ്ങള്‍ മാറുമ്പോഴും സ്ത്രീകള്‍ക്കുമേല്‍ കെട്ടിവച്ചിരിക്കുന്ന നിയമങ്ങള്‍ക്ക് ഇളക്കമില്ല.
എല്ലാ രംഗങ്ങളിലും ദിനം പ്രതി നേട്ടങ്ങളും വളര്‍ച്ചയുമായി മുന്നേറുന്ന രാജ്യമാണ് ഇന്ത്യ. പുതിയ തലമുറയുടെ കാലമാണിതെന്നാണ് പറയുന്നത്. പക്ഷേ സമൂഹത്തിന്റെ കാഴ്ച്ചപ്പാടിന് അത്ര വലിയ മാറ്റമൊന്നുമില്ല. കേരളത്തിലെ കാര്യവും സമാനം തന്നെ. പ്രബുദ്ധരെന്നാണ് നാം അവകാശപ്പെടുന്നത്. നവോഥാന കേരളമെന്നാണ് എവിടെയും എഴുതുന്നത്. വിദ്യകൊണ്ട് മുന്നേറിയവരെന്നാണ് സ്വയം വിശേഷണം. പക്ഷേ, നമ്മുടെ കണ്ണുകള്‍ക്ക് ഇപ്പോഴും പല കാഴ്ച്ചകളും ‘ അരുതാത്തതാണ്’.
ഒരു സ്ത്രീയെ അവള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ സമൂഹം സമ്മതിക്കാറില്ല. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവര്‍ മോശക്കാരാണെന്നും, സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ വസ്ത്രധാരണ രീതികൊണ്ടാണെന്നുമുള്ള പൊതുബോധം നിലനില്‍ക്കുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു ബിഷപ്പിനെതിരേ ഉയര്‍ന്ന ബലാത്സംഗ കേസിലെ പരാതിക്കാരി വെളിപ്പെടുത്തിയത് താന്‍ രണ്ടുവര്‍ഷത്തിനിടയില്‍ പതിനാലോ പതിനാറോ പ്രാവശ്യം പീഡിപ്പിക്കപ്പെട്ടു എന്നാണ്. അങ്ങനെയാണെങ്കില്‍ ആ സ്ത്രീ ധരിച്ച പ്രകോപനപരമായ വസ്ത്രമേതാണ്? നാലും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികള്‍ എന്തുകൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നത്?
വസ്ത്രം ഒരാളുടെ വൃക്തിപരമായ സ്വാതന്ത്ര്യമാണ്. താന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെ പറ്റി ഓരോരുത്തര്‍ക്കും ഓരോ കാഴ്ച്ചപ്പാടാണ്. ധരിക്കുന്ന വസ്ത്രം തരുന്നൊരു ആത്മവിശ്വാസമുണ്ട്. അത് കണക്കാക്കിയാണ് നമ്മളോരോരുത്തരും വസ്ത്രത്തിനുമേലുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത്. കൈയില്‍ കിട്ടുന്നതോ മറ്റുള്ളവര്‍ക്ക് ഇഷ്ടമാകുന്നതോ അല്ല, നമുക്ക് ഇഷ്ടപ്പെട്ടതും, നമ്മള്‍ തീരുമാനിച്ചതുമാകണം ധരിക്കേണ്ടത്.
സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ് സ്ത്രീകളുടെ വസ്ത്രധാരണം. അതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും നിറയെയുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചു വസ്ത്രധാരണം നടത്തുന്നതാണ് ശരിയായ രീതി. അങ്ങനെയല്ലാതെ വരുമ്പോഴാണ് അതൊരു ചര്‍ച്ച വിഷയം ആകുന്നത്. വസ്ത്രധാരണം ഒരാളുടെ സ്വകാര്യ അവകാശമാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് ശരിയായ കാര്യമല്ല. എല്ലാവര്‍ക്കും അവരുടേതായ നിലപാടും താത്പര്യങ്ങളും കാണും.
സെലിബ്രിറ്റികളുടെ വസ്ത്രധാരണം എല്ലാക്കാലത്തും സജീവ ചര്‍ച്ചാ വിഷയമാണ്. പുതിയ ചിത്രമായ ലെവല്‍ ക്രോസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പരിപാടിയില്‍ അഭിനേത്രി അമല പോള്‍ ധരിച്ച വസ്ത്രത്തെ പറ്റി സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. തന്റെ വസ്ത്രധാരണ രീതിയല്ല മോശമെന്നും അത് നോക്കികാണുന്നവരുടെ രീതിയാണ് തെറ്റെന്നുമാണ് അമല പറയുന്നത്. തനിക്ക് കംഫര്‍ട്ടബിള്‍ ആയ വസ്ത്രമാണ് ധരിച്ചതെന്നാണ് അമലയുടെ നിലപാട്. അമലയുടെ വസ്ത്രത്തേക്കാള്‍ ക്യാമറകള്‍ അവരുടെ ശരീരം ടാര്‍ഗറ്റ് ചെയ്യുകയായിരുന്നു. വാര്‍ത്താ ചൂടിന് വേണ്ടി പ്രചരിപ്പിച്ച വീഡിയോകളും ചിത്രങ്ങളും കണ്ടാണ് പലരും നെറ്റി ചുളിച്ചതും ആവേശം കൊണ്ടതും. ചടങ്ങിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഒരുവിഭാഗം അമലയെ വിമര്‍ശിച്ച് രംഗത്തു വന്നു. ഏത് വസ്ത്രമണിഞ്ഞാലും നിങ്ങള്‍ നിങ്ങളായിരിക്കുക എന്ന സന്ദേശം ആയിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള അമലയുടെ മറുപടി.
ഇന്ന് ലോകം മാറിയിരിക്കുന്നു, നന്നായി വികസികച്ചിരിക്കുന്നു. മറ്റുള്ളവര്‍ നമ്മളെ എങ്ങനെ നോക്കിക്കാണുന്നു എന്നതില്‍ നമ്മുടെ വസ്ത്രധാരണ തിരഞ്ഞെടുപ്പുകള്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു എന്നത് നിഷേധിക്കാനാവില്ല. എന്നിരുന്നാലും വസ്ത്രധാരണത്തിലെ തിരഞ്ഞെടുപ്പുകള്‍ ഓരോ മനുഷ്യരില്‍ ഒന്നില്‍ നിന്ന് വിഭിന്നമാണ്. നാം ധരിക്കുന്ന വസ്ത്രങ്ങള്‍ നമ്മളുടെ താല്‍പര്യങ്ങളാണ്. അതില്‍ മറ്റൊരാള്‍ക്കു കൈകടത്താനുള്ള അവകാശമില്ല. പെണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രങ്ങളേക്കാള്‍ അത് മറ്റു പല രീതിയിലും നോക്കിക്കാണുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടാണ് മാറേണ്ടത്. How should society view women’s dressing
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary ; How should society view women’s dressing