‘ഭോപ്പാലിൽ ലൌജിഹാദിന്റെ കേരള മാതൃക’, ‘ലൌ ജിഹാദിൽ ചൂടിപിടിക്കുന്ന ഭോപ്പാൽ’. ഈ തലക്കെട്ടുകൾ വിദ്വേഷ പ്രചരണത്തിനായി കരുതിക്കൂട്ടിയുണ്ടാക്കിയ തിരക്കഥ പോലെ തോന്നിയേക്കാം. മധ്യപ്രദേശിലെ ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത സംഭവത്തെ ചില ഹിന്ദി ദിനപത്രങ്ങൾ സമീപിച്ച രീതിയാണിത്. ലെൈംഗികമായി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ പകർത്തുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അതിജീവിതരുടെ പരാതിയിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഭോപ്പാൽ പൊലീസ് കമ്മീഷണർ ഹരിനാരായണൻ ചാരി മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മതപരിവർത്തനത്തിന് ആവശ്യപ്പെട്ടുവെന്ന ആരോപണത്തിന് തെളിവായി വീഡിയോ ലഭിച്ചിട്ടുണ്ടെന്നും, പോക്സോ, ബലാത്സംഗ കുറ്റം, മതസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യൽ എന്നിവ മുൻനിർത്തിയാണ് നിലവിൽ 5 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിർബന്ധിത മതപരിവർത്തന ആരോപണങ്ങൾ അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു. എൻസിഡബ്ല്യു (ദേശീയ വനിതാ കമ്മീഷൻ) മൂന്നംഗ സംഘവും ഈ വിഷയം അന്വേഷിക്കുന്നുണ്ട്. മുസ്ലീം സമൂഹത്തെ ലക്ഷ്യം വച്ച് വിദ്വേഷ വാർത്തകൾ പ്രസിദ്ധീകരിച്ചതിന് ഭോപ്പാലിൽ നിന്നുള്ള ഒരാൾ ഹിന്ദി ദിനപത്രങ്ങളായ ദൈനിക് ഭാസ്‌കർ, നവ് ദുനിയ എന്നിവയ്‌ക്കെതിരെ രേഖാമൂലം പരാതി സമർപ്പിച്ചു. ഭോപ്പാലിലെ ഐഷ്ബാഗ് പോലീസ് സ്റ്റേഷനിൽ പരാതി ഔദ്യോഗികമായി സമർപ്പിക്കുകയും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, ദേശീയ ന്യൂനപക്ഷ കമ്മീഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന അധികാരികൾക്ക് അയയ്ക്കുകയും ചെയ്തു.
ഒരു സെൻസിറ്റീവ് ക്രിമിനൽ കേസിനെ മതപരമായ ഒരു കാഴ്ചപ്പാടിലൂടെയാണ് കാണുന്നതെന്നും, ഒരു സമൂഹത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. “ലവ് ജിഹാദ്”, “ജിഹാദി ജാൽ” തുടങ്ങിയ പദങ്ങൾ പത്രങ്ങൾ ആവർത്തിച്ച് ഉപയോഗിച്ചിട്ടുണ്ട്. അത്തരം പദങ്ങളുടെ ഉപയോഗം ഖുർആനിൽ പരാമർശിച്ചിരിക്കുന്ന ആശയങ്ങളുടെ അർത്ഥത്തെ വളച്ചൊടിക്കുന്നുവെന്നും, സമൂഹങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള സാധ്യത സൃഷ്ടിക്കുന്നുവെന്നും പരാതിയിൽ എടുത്തുകാണിക്കുന്നു. ശരിയായ അന്വേഷണമില്ലാതെ മതപരമായ സംഘർഷങ്ങൾ വർദ്ധിപ്പിക്കുകയല്ല, മറിച്ച് സത്യവും സാമൂഹിക സംവേദനക്ഷമതയും പൊതുജനങ്ങളെ അറിയിക്കുക എന്നതാണ് പത്രപ്രവർത്തനത്തിന്റെ ലക്ഷ്യം.
ഈ റിപ്പോർട്ടർ നവ് ദുനിയയുടെ റീജിയണൽ എഡിറ്റർ സഞ്ജയ് മിശ്രയെ ഫോൺ കോളിൽ ബന്ധപ്പെട്ടപ്പോൾ സംസാരിക്കാൻ വിസമ്മതിച്ചതായി ദി വയർ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ മുസ്ലീം സമുദായം ഒരിക്കലും കുറ്റാരോപിതരെ പിന്തുണയ്ക്കില്ലെന്ന് അതിജീവിതർക്കൊപ്പമാണ് നിൽകകുന്നതെന്നും മുസ്ലീം സമുദായം വ്യക്തമാക്കിയിരുന്നു. ഇത്തരം വിഷയങ്ങളെ മാധ്യമങ്ങൾ സമീപിക്കുന്ന രീതി തെറ്റാണെന്നും കാര്യങ്ങളെ കൂടുതൽ പ്രശ്നവൽക്കരിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മുതിർന്ന മാധ്യമപ്രവർത്തകൻ അജിത്ത് സിംഗ് വ്യക്തമാക്കിയിരുന്നു. ലവ് ജിഹാദ് എന്ന പദം സംഘപരിവാർ നിർമ്മിതിയാണ് അതിന് നിയമപരമായോ ഭരണഘടനാപരമായോ യാതൊരു സ്ഥാനവുമില്ല. ആ പ്രചാരണങ്ങളെ മാധ്യമങ്ങളിൽ ഏറ്റെടുക്കുന്നതിനെയും അജിത് സിംഗ് വിമർശിച്ചു. മധ്യപ്രദേശിൽ മതസ്വാതന്ത്ര്യ നിയമം 2021 ജനുവരി 7നാണ് പ്രാബല്യത്തിൽ വരുന്നത്. വഞ്ചന, പ്രലോഭനം, ബലപ്രയോഗം എന്നിവയിലൂടെ മതപരിവർത്തനം നടത്തുന്നവർക്ക് 10 വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ചുമത്തുന്ന 1968ലെ നിയമത്തിന് പകരമായാണ് ഇത് നിലവിൽ വന്നത്. ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളിലെ ഒരു വിഭാഗവും വലതുപക്ഷ ഗ്രൂപ്പുകളും ലവ് ജിഹാദ് ഗൂഢാലോചന സിദ്ധാന്തം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും 2014 മുതൽ പാർലമെന്റിലും ഔദ്യോഗിക ആശയവിനിമയങ്ങളിലും ലവ് ജിഹാദിന് നിയമപരമായ നിർവചനം ഇല്ലെന്ന് മോദി സർക്കാർ ആവർത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്.
ലൗ ജിഹാദ് എന്ന വാക്കിന്റെ യഥാർത്ഥ അർത്ഥം വ്യക്തമാക്കാത്ത പക്ഷം ആ വാക്ക് റിപ്പോർട്ടിംഗിനായും എഫ്ഐആറിലും ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്ന ആരോപണങ്ങളുണ്ട്. ഇത്തരം വിഷയങ്ങളിൽ മാധ്യമങ്ങളുടെ ഇടപെടൽ കോടതിയെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും പറയുന്നു. 1971-ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷൻ 2(സി) പ്രകാരം കോടതിയെ അപകീർത്തിപ്പെടുത്തുന്നതോ, നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യൽ നടപടിക്രമങ്ങളെ മുൻവിധിയോടെ കാണുന്നതോ, നീതിന്യായ വ്യവസ്ഥയിൽ ഇടപെടുന്നതോ ആയ ഏതൊരു പ്രസിദ്ധീകരണവും ക്രിമിനൽ കോടതിയലക്ഷ്യം നടത്തിയതായി കണക്കാക്കും.
ഈ സംഭവത്തിൽ ലോക്സഭ എംപി അലോക് ശർമയുടെ പ്രസ്താവനയും ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. കേസിലെ പ്രതിയ്ക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്കേറ്റിരുന്നു ലൗ ജിഹാദികൾക്ക് ഈ നാട്ടിൽ ജീവിക്കാൻ അവകാശമില്ല അവരെ കൊന്നുകളയൂ എന്നാണ് ഈ സംഭവത്തിൽ അലോക് ശർമ പ്രതികരിച്ചത്. ഒരു ജനപ്രതിനിധി തന്നെ കലാപത്തിന് ആഹ്വാനം ചെയ്യുന്നത് ഈ സംഭവം വിവാദങ്ങൾക്ക് കാരണമായി.
കുറ്റകൃത്യം ചെയ്തയാൾ നിയമപ്രകാരം ശിക്ഷിക്കപ്പെടണം കുറ്റകൃത്യത്തെ മതവൽകരിക്കുന്നത് നീതിയിൽ നിന്ന് വർഗീയ വിദ്വേഷത്തിലേക്ക് ശ്രദ്ധ തിരിക്കുന്ന പ്രവണതയാണെന്ന ആരോപണങ്ങളുയരുന്നു. മെയ് 2ന് സംസ്ഥാന തലസ്ഥാനത്ത് നടന്ന ലവ് ജിഹാദ് സംഭവങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകൾ സംസ്ഥാനത്തിലുടനീളം 25 സ്ഥലങ്ങളിൽ ധർണകൾ സംഘടിപ്പിച്ചു. സകാൽ ഹിന്ദു സമാജിന്റെ ബാനറിൽ സ്ത്രീകളും പ്രകടനത്തിൽ പങ്കെടുത്തു. ഹിന്ദുത്വ അജണ്ടയും മാധ്യമ അജണ്ടയും കൃത്യമായി നിറവേറ്റപ്പെട്ടുവെന്നാണ് ഇതിനർത്ഥം.
content summary: Madhya Pradesh: How the Media Trial of a Rape Case in Bhopal Ignited Communal Tensions